22 March Wednesday

ഒരിക്കൽക്കൂടി മുരളീധരൻ പരിഹാസ്യനാകുന്നു, വിശ്വാസികൾക്കെതിരാണെങ്കിൽ കേന്ദ്ര മാനദണ്ഡം തിരുത്തുകയല്ലേ വേണ്ടത്: എളമരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2020

കൊച്ചി > കേന്ദ്ര മാനദണ്ഡപ്രകാരം കേരളത്തിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വി മുരളീധരന് മറുപടിയുമായി എളമരം കരീം എംപി. കോവിഡ് കാലത്തുപോലും വിദ്വേഷപ്രചാരണത്തിനുള്ള സുവർണാവസരം കാത്തുകിടക്കുന്ന മനോഭാവമാണ് മുരളീധരന്റേതെന്ന് എളമരം പറഞ്ഞു. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും മാർഗ്ഗനിർദ്ദേശങ്ങളിലും തനിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അത് നടപ്പിലാക്കാൻ താനും ബാധ്യസ്ഥനാണെന്നും ആരാണ് അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുക?? ഇനി അവ വിശ്വാസസമൂഹത്തിന്റെ താല്പര്യങ്ങൽക്കെതിരായ ഒന്നാണെങ്കിൽ കേന്ദ്ര മാനദണ്ഡങ്ങൾ തിരുത്താനാവശ്യമായ ഇടപെടൽ നടത്തുകയല്ലേ ചെയ്യേണ്ടത്??- എളമരം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

എളമരം കരീമിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്- പൂർണരൂപം

കേരളീയനായ ഒരു മന്ത്രി കേന്ദ്രത്തിൽ നമുക്കുണ്ട്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനു കേരളത്തിൽ വലിയ സ്വീകാര്യതയില്ല എന്ന ഒരറ്റ കാരണം കൊണ്ട് ഈ നാടിന്റെയാകെ നാശമാണോ ബഹുമാന്യനായ മന്ത്രി കാംഷിക്കുന്നതെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റുപറയാനാവില്ല.

കേന്ദ്രത്തിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ അവിടെ എടുക്കുന്ന തീരുമാനങ്ങളെപ്പറ്റിയോ മാധ്യമങ്ങളിലൂടെ സാധാരണക്കാർക്ക് ലഭിക്കുന്നത്ര വിവരം പോലും ഇദ്ദേഹത്തിന് പലപ്പോഴും കിട്ടാറില്ലേയെന്ന് പല വിഷയങ്ങളിലുമുള്ള ഇദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്. കേരളസംസ്ഥാനത്തെയും അതിന്റെ സാമൂഹിക വികാസത്തെയും ഇകഴ്ത്തിക്കാണിക്കാനും സംസ്ഥാനസർക്കാരിനെ കുറ്റപ്പെടുത്താനുമല്ലാതെ എപ്പോഴെങ്കിലും ഇദ്ദേഹം വായ തുറന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഈ കോവിഡ് കാലത്തുപോലും സങ്കുചിതമായ രാഷ്ട്രീയ ചിന്താഗതിയോടെ വിദ്വെഷപ്രചാരണത്തിനുള്ള സുവർണാവസരം കാത്തുകിടക്കുന്ന ഈ മാന്യദേഹത്തിന്റെ മനോഭാവം എന്തായാലും നമ്മുടെ നാടിന് ഗുണകരമല്ല.

കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ പൊതുസമൂഹത്തിൽ ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾക്കനുസൃതമായി ആരാധനാലയങ്ങൾ തുറക്കാം എന്ന നിലപാടാണ് കേരളസർക്കാർ എടുത്തത്. പക്ഷെ ഈ വിഷയത്തിൽ ബഹുമാന്യനായ കേന്ദ്രമന്ത്രി നടത്തിയ പ്രതികരണം അദ്ദേഹം ഇപ്പോൾ വഹിക്കുന്ന പദവിക്ക് നിരക്കാത്ത തരത്തിലുള്ളതാണ്. ആരാധനാലയങ്ങൾ തുറക്കാൻ കേരളസർക്കാറിനും മുഖ്യമന്ത്രിക്കും എന്താണ് തിടുക്കം എന്നാണ് അദ്ദേഹം ഇന്നലെ ചോദിച്ചത്. വിശ്വാസികളാരും ആവശ്യപ്പെടാത്ത ഒരു കാര്യം ദൈവവിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകാർ നടത്താൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്‌പോലും. മാത്രമല്ല, വിശ്വാസികളുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേരളം ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് എന്നും ഇത് എത്രയും വേഗം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

കേന്ദ്ര മാനദണ്ഡങ്ങൾ പുറത്തിറങ്ങിയ ഉടനെത്തന്നെ മത മേലധ്യക്ഷന്മാരും ആരാധനാലയങ്ങളുടെ നടത്തിപ്പുകാരും വിശ്വാസസമൂഹത്തിന്റെ പ്രതിനിധികളും ഒന്നിച്ചു സർക്കാർ നടത്തിയ ചർച്ചയ്ക്കും കൂടിയാലോചനയ്ക്കും ശേഷമാണ് കേരളം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ?? കേന്ദ്രത്തിലെ കാര്യങ്ങൾ അറിയുന്നില്ലെങ്കിലും കേരളത്തെക്കുറിച്ചു കൃത്യമായി വാർത്തകൾ കൊടുക്കുന്ന മലയാളം മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹം ഇതൊന്നും മനസിലാക്കാതിരിക്കാൻ തരമില്ല. എങ്കിലും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഏതൊരു ബിജെപി നേതാവും സാധാരണ നടത്തുന്ന ശ്രമം അദ്ദേഹവും നടത്തിനോക്കിയെന്നേ ഉള്ളു. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും മാർഗ്ഗനിർദ്ദേശങ്ങളിലും തനിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അത് നടപ്പിലാക്കാൻ താനും ബാധ്യസ്ഥനാണെന്നും ആരാണ് അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുക?? ഇനി അവ വിശ്വാസസമൂഹത്തിന്റെ താല്പര്യങ്ങൽക്കെതിരായ ഒന്നാണെങ്കിൽ കേന്ദ്ര മാനദണ്ഡങ്ങൾ തിരുത്താനാവശ്യമായ ഇടപെടൽ നടത്തുകയല്ലേ ചെയ്യേണ്ടത്??

എനിക്കിതിലൊന്നും ഒരു പങ്കുമില്ലെന്നും ഞാൻ വിചാരിച്ചാൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിൽ ഒരു സ്വാധീനവും ചെലുത്താൻ പറ്റില്ലെന്നും വീണ്ടും വീണ്ടും തെളിയിക്കുന്ന നമ്മുടെ പ്രിയങ്കരനായ കേന്ദ്രമന്ത്രി ഒരിക്കൽക്കൂടി പൊതുസമൂഹത്തിനുമുന്നിൽ പരിഹാസ്യനാവുകയാണ്. ഇതെല്ലാം പോട്ടെ; കേരളസർക്കാരിന്റെ തീരുമാനത്തോടുള്ള എതിർപ്പിന്റെ അടിസ്ഥാനം നിർദ്ദോഷപരവും സമൂഹനന്മ മാത്രം കാംക്ഷിക്കുന്ന ഒന്നായിരുന്നുവെന്നു നമുക്ക് സങ്കല്പിക്കാം. അങ്ങനെയാണെങ്കിൽ പോലും കേരളം ഇത്തരത്തിലൊരു തീരുമാനമെടുത്ത ദിവസമോ അതിനു തൊട്ടടുത്ത ദിവസമോ അല്ലെ ഉത്തരവാദിത്വപ്പെട്ട ഒരാൾ പ്രതികരണം നടത്തുക?? കേന്ദ്ര മാനദണ്ഡം പുറത്തിറങ്ങി ഒരാഴ്ചയും കേരളത്തിൽ തീരുമാനം എടുത്തു മൂന്ന് ദിവസവും കഴിഞ്ഞശേഷമാണ് ഇദ്ദേഹത്തിന് വെളിപാടുണ്ടാവുന്നത്. അതായത് കേരളം ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനമെടുത്ത് അത് നടപ്പിൽ വരാൻ പോകുന്നതിന്റെ അന്നുവരെ ഉള്ളിലെ എല്ലാ അമർഷവും കടിച്ചമർത്തി വിശ്വാസസമൂഹത്തിന്റെ രക്ഷയ്ക്കായി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു നമ്മുടെ കേന്ദ്ര മന്ത്രി. മുരളീധരൻജി യുടെ ഈ നല്ല മനസ്സ് നമ്മളാരും കാണാതെ പോകരുത്.

രാജ്യം മുഴുവൻ മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം എന്ന കേന്ദ്ര നിർദ്ദേശവും അതിനുള്ള മാർഗ്ഗരേഖകളും കേന്ദ്രമന്ത്രിയൊന്നുമല്ലെങ്കിലും രാജ്യത്തെ ഏതൊരു സാധാരണക്കാരനും മനസിലാക്കിയിട്ടുണ്ട്. ആ പൗരന്മാർക്ക് മുന്നിലാണ് താങ്കളേപ്പൊലുള്ളവർ ഇത്തരം പ്രതികരണം നടത്തുന്നത് എന്ന് ഓർത്താൽ നന്ന്. എപ്പോഴുമെന്നതുപോലെ സമൂഹത്തിൽ വർഗ്ഗീയമായ ചേരിതിരിവുണ്ടാക്കാൻ അസത്യപ്രചാരണം നടത്തുകയെന്ന ബിജെപി തന്ത്രം ഈ കാര്യത്തിൽ ചെലവാവാതെ പോയി. ഇനിയഥവാ കേന്ദ്ര നിർദ്ദേശങ്ങൾ മറികടന്ന്, 'ആരാധനാലങ്ങൾ തുറക്കേണ്ട' എന്നായിരുന്നു കേരള സർക്കാരിന്റെ തീരുമാനമെങ്കിൽ വിശ്വാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതികരിച്ചുകൊണ്ടായിരിക്കും മുരളീധരൻജി രംഗപ്രവേശം ചെയ്യുക. അങ്ങനെയെങ്കിൽ ഈ കോവിഡ് കാലത്തും വിശ്വാസസംരക്ഷണത്തിനെന്ന വ്യാജേന സമര പരമ്പരകൾ നാം കണ്ടേനെ.

കോവിഡ് പ്രതിരോധത്തിൽ ആഗോള ശ്രദ്ധ നേടിയ കേരളാ മോഡൽ ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ലോകം മുഴുവൻ കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡൽ എന്ന ചീട്ടുകൊട്ടാരം തകർന്നുവീണതും നരേന്ദ്രമോദിയെന്ന നേതാവിന്റെ പ്രതിച്ഛായ ദിനംപ്രതി മങ്ങുന്നതും അദ്ദേഹത്തിന്റെ നടപടികൾ വിമർശിക്കപ്പെടുന്നതും ബിജെപി ക്യാമ്പിനെ വല്ലാതെ ആവലാതിയിലാക്കുന്നു. അതിനാലാണ് ഏതൊരവസരത്തിലും കേരളത്തെ കടന്നാക്രമിക്കാൻ ഇക്കൂട്ടർ അവതരിക്കുന്നത്. ഈ ദോഷൈകദൃക്കുകളെ നാട് തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യും എന്നത് തീർച്ചയാണ്.

തീരുമാനങ്ങെളെടുക്കാനും ആവശ്യമെങ്കിൽ അതിൽ ഉചിതമായ സമയത്ത് മാറ്റങ്ങൾ വരുത്താനും കെൽപ്പുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ളവയായിരിക്കും ആ തീരുമാനങ്ങളെല്ലാം എന്നും ബഹുമാന്യനായ കേന്ദ്രമന്ത്രി മനസിലാക്കിയാൽ നന്ന്. കേരളത്തിൽ കാര്യങ്ങൾ നന്നായി നടക്കുന്നത് നിങ്ങൾക്കാർക്കും ഇഷ്ടപ്പെടുന്നില്ല എന്ന് മലയാളികൾക്കെല്ലാം മനസ്സിലാകുന്നുണ്ട്. എങ്കിലും ഈ രീതിയിലുള്ള പരിഹാസ്യപരാമർശങ്ങളുമായി പൊതുസമൂഹത്തിനുമുന്നിൽ വരാതിരിക്കാൻ ശ്രമിക്കുക. കോവിഡിനോടൊപ്പം അസൂയയ്ക്കും മരുന്ന് കണ്ടുപിടിക്കുകയാണെങ്കിൽ തീർച്ചയായും ഇത്തരക്കാരുടെ രോഗത്തെയും അതിന്റെ സാമൂഹ്യ വ്യാപനത്തെയും നമുക്ക് തടയാൻ സാധിക്കും എന്ന് പ്രത്യാശിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top