19 April Friday

അര്‍ണാബിന്റെ റിപ്പബ്ളിക്കിനെ മലയാളികള്‍ 'റേറ്റ്' ചെയ്തു; ചാനല്‍ ഫേസ്‌ബുക്കിലെ റിവ്യു ഓപ്‌ഷന്‍ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

കൊച്ചി > സംഘപരിവാര്‍ പ്രചാരണ തന്ത്രങ്ങളുടേയും ബിജെപി അനുകൂല നിലപാടുകളുടേയും ‘ഭാഗമായി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ റേറ്റിങ്ങില്‍ വന്‍ ഇടിവ്.

  കേരളത്തിനെതിരെ സംഘപരിവാറും ആര്‍എസ്എസും നടത്തുന്ന വ്യാജപ്രചാരണത്തിന് കൂട്ട് നിന്നതിലുള്ള മലയാളികളുടെ രോഷപ്രകടനമാണ് അര്‍ണാബിന് വിനയായത്. 4.7 ല്‍ നിന്നാണ് ചാനല്‍ റേറ്റിങ്ങ് 2 പോയിന്റിലേക്ക് മലയാളികള്‍ എത്തിച്ചത്. വലിയ തോതില്‍ നെഗറ്റീവ് റിവ്യുകളുമായി മലയാളികള്‍ നടത്തിയ കൂട്ട പ്രതികരണത്തിന്റെ ഫലമായിരുന്നു ഇത്.

ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ സഹായിക്കാനായി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് മലയാളികള്‍ ഇംഗ്ളീഷിലും മലയാളത്തിലും റിപ്പബ്ളിക്കിന്റെ പേജില്‍ പൊങ്കാലയിട്ടത്. വലിയരീതിയില്‍ നെഗറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ റിപ്പബ്ളിക് ടിവിയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന റിവ്യു ഓപ്ഷന്‍ എടുത്തുകളയുകയായിരുന്നു.

അഞ്ച് സ്റ്റാറുകളില്‍ ഒരെണ്ണമെങ്കിലും മാര്‍ക്ക് ചെയ്താലേ ചാനലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയൂ. ഒരു സ്റ്റാര്‍ പോലും നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന് റിപ്പബ്ളിക്കിനേയും അര്‍ണാബ് ഗോസ്വാമിയേയും അഭിസംബോധന ചെയ്ത് പറയുന്ന മലയാളികള്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഒട്ടും മയമില്ലാതെ മുന്നോട്ട് വയ്ക്കുന്നത്.

റിപ്പബ്ളിക്കിന്റെ പേജില്‍ റിവ്യു രേഖപ്പെടുത്തുക എന്നത് വലിയൊരു പ്രതിഷേധ ക്യാമ്പെയ്നായും മാറിയിരുന്നു. അതിനിടെ കേരളത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയായി കേരളം ഇന്ത്യയില്‍  ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം എന്ന ടാഗോടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അപ്ഡേറ്റ് ചെയ്യുന്നതും വ്യാപകമായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top