10 July Thursday

ഹര്‍ത്താല്‍ ദിനത്തില്‍ ഹൃദയാഘാതം വന്നയാളെ ആശുപത്രിയിലെത്തിച്ച് പൊലീസിന്റെ കരുതല്‍; അഭിനന്ദിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2017

തിരുവനന്തപുരം> തിരുവനന്തപുരത്ത് ബിജെപി നടത്തിയ ഹര്‍ത്താലിനിടെ ഹൃദയാഘാതം വന്ന യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസുകാരന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം.

'വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടടുത്ത് തിരുവനന്തപുരത്തെ ശ്രീവരാഹം ജംഗ്ഷനില്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനോട് നെഞ്ചുവേദന വന്ന ഒരു വ്യക്തി സഹായം ആവശ്യപ്പെട്ടു സമീപിച്ചു. ഹര്‍ത്താല്‍ മൂലം ഗതാഗത സൌകര്യങ്ങള്‍ തീരെക്കുറവായതിനാല്‍ വിജി എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഉടനെ തന്നെ അദ്ദേഹത്തെ ഗവണ്‍മെന്റ് ഫോര്‍ട് ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹത്തെ പരിശോധിച്ച ഡോക്റ്റര്‍മാര്‍ ഹൃദയാഘാതം സ്ഥിതീകരിക്കുകയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഫോര്‍ട് എസ്ഐ ഷാജിമോനെ അറിയിക്കുകയും പൊലീസ് വാഹനം അയച്ച് അസുഖബാധിതനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും വിദഗ്ദ്ധചികില്‍സ ലഭ്യമാക്കുകയും ചെയ്തു.'

'ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് അവരുടെ ഒപ്പം നില്‍ക്കുന്ന ഒരു ജനകീയ പൊലീസ് സംവിധാനം സജ്ജമാക്കുവാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങളുമായി ഇടപെടുമ്പോള്‍ മാതൃകയാക്കാവുന്ന ഒരു സംഭവം തലസ്ഥാനത്ത് ഹര്‍ത്താല്‍ദിനമായ ഇന്നുണ്ടായി' എന്ന് കോണ്‍സ്റ്റബിള്‍ വിജിയുടെയും ഫോര്‍ട് എസ്ഐഷാജിമോന്റെയും അവസരോചിത ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇരുവരുടെയും സമയോചിതമായ ഇടപെടല്‍ മൂലം ഒരു ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. എല്ലാ പൊതുസേവകര്‍ക്കും അനുകരിക്കാവുന്ന ഒരു മാതൃക സൃഷ്ടിച്ചതിന് ഇവരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top