29 March Friday

പ്രതിയെ കണ്ടെത്തിയത് പൊലീസ്; ഒരു സ്‌ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത് : വീണ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2016

തനിക്കുനേരെ ഒരു ആക്രമണമുണ്ടായപ്പോള്‍ അതേ കുറിച്ച് പരാതികൊടുക്കുയാണ് ചെയ്‌തത്.ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന ചിന്തയിലാണ് കേസ് കൊടുത്തത്. കേസ് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. എന്നിട്ടും ആക്രമിക്കപ്പെട്ട എന്തിന് മാപ്പ് പറയണമെന്നും വീണ ജോര്‍ജ് ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു.


ഫേസ്‌‌ബുക്ക് പോസ്റ്‌റിന്റെ പൂര്‍ണരൂപം ചുവടെ

ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത

കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങുമ്പോള്‍ ഞങ്ങളുടെ വാടകവീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയും ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അജ്ഞാതനായ അക്രമിയെ കണ്ടുപിടിച്ച് നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണം എന്ന് ഞാന്‍ പരാതി കൊടുത്തു. സംഭവം നടന്നിട്ട് അഞ്ചു മാസമാകുന്നു. ബഹളം കേട്ട് ആളുകള്‍ ഓടി വന്നപ്പോഴാണ് അക്രമി ബൈക്കില്‍ രക്ഷപെട്ടത്. അന്ന് ആളുകള്‍ ഓടി വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു സൌമ്യ കൂടി ഉണ്ടാകുമായിരുന്നു. അവിടെ ആളുകള്‍ ഉണ്ടാകുമെന്ന് പ്രതി കരുതിയില്ല. വളരെ ആസൂത്രിതമായി നിര്‍വ്വഹിക്കാന്‍ ശ്രമിച്ച കുറ്റകൃത്യത്തിലെ പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പോലീസാണ്. ഞാനല്ല. എനിക്ക് അയാളെ അതിന് മുന്‍പ് അറിയുകയുമില്ല. പിടിക്കപ്പെട്ടാല്‍ രക്ഷപെടാന്‍ പ്രതി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നുള്ളത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു.

അഞ്ചു മാസം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ കോടതിക്ക് മുന്നിലാണ്. ഇക്കാലയളവില്‍ ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. ഇരയാക്കപ്പെട്ട ആള്‍ മാപ്പ് പറയണം എന്നത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. തെളിവുകളും സാക്ഷികളും ഉള്ള കേസില്‍ നുണപ്രചരണം വിലപ്പോവില്ല. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളക്കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള അസത്യപ്രചരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ത്രീകള്‍ സുരക്ഷിതരെന്ന് കരുതുന്ന ഇവിടെ ഇതിന് മുന്‍പും പിന്‍പും ഈ ദുരനുഭവം എത്രയോ സ്ത്രീകള്‍ക്ക് ഉണ്ടായി കാണും. തിരഞ്ഞെടുപ്പ് രംഗത്ത് നുണപ്രചരണം നടത്തിയാല്‍ ഞാന്‍ ഭയന്നോടും എന്ന് ചിലര്‍ സ്വപ്നം കണ്ടുകാണും. ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം കേരളീയസമൂഹത്തില്‍ വിലപ്പോവില്ല.

ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്. ഇനി ഒരിയ്ക്കലും ഈ ദുരനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. സ്വന്തം അമ്മയും സഹോദരിയും ഭാര്യയുമാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെങ്കില്‍ അവരെക്കൊണ്ട് പ്രതിയോട് മാപ്പ് പറയിക്കുമോ. നീതി ലഭിക്കാന്‍ എന്റെ അവസാന നിമിഷം വരെ ഞാന്‍ പോരാടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top