സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറ്റിയാറാം വാര്‍ഷികത്തിലും അത് വിഭാവനംചെയ്ത തുല്യതയ്ക്കായി പോരാട്ടം തുടരേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്ത്രീകളുടെ മുന്നേറ്റം ഉറപ്പു വരുത്താതെ ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. അവകാശങ്ങള്‍ക്കായി പോരാടുന്ന ലോകത്തിലെമ്പാടുമുള്ള സഹോദരിമാര്‍ക്കും സഖാക്കള്‍ക്കും സാര്‍വദേശീയ വനിതാദിനത്തില്‍ പിണറായി അഭിവാദ്യമര്‍പ്പിച്ചു.
സ്ത്രീകള്‍ക്ക്, ചിലര്‍ക്ക് മാത്രമേ പേരുള്ളു. അവള്‍ അജ്ഞാതയാണ്. അവളുടെ പേര് ‘അമ്മ’ എന്നാണ്. നിശ്ശബ്ദതയില്‍ മൂടപ്പെട്ട അവള്‍‘ഭാര്യയാണ്. പിന്നീട് മുത്തശ്ശിയാണ്. സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്ക് മാത്രമേ സ്ത്രീയുടെ വിലയും നിലയും തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.”
വിപ്ളവ കവി പാബ്ളോ നെരുദയുടെ അര്‍ത്ഥവത്തായ ഈ വരികള്‍ ഈ സാര്‍വദേശീയ വനിതാ ദിനത്തിലും പ്രസക്തമാകുന്നുണ്ടെങ്കില്‍ അതിനു കാരണം ഇന്നും സമൂഹത്തില്‍ തുടരുന്ന സ്ത്രീകളോടുള്ള അവഗണനയാണ്. സ്വാതന്ത്യ്ര ബോധവും രാഷ്ട്രീയ ബോധവും ഉള്ള വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ആരംഭംകുറിച്ച സാര്‍വദേശീയ വനിതാ ദിനത്തിന് നൂറ്റിയാറു വയസ്സായി. എന്നാല്‍ 2016 ലെ മാര്‍ച്ച് 8 നും ലോകത്തെമ്പാടുമുള്ള തൊഴിലാളി സ്ത്രീകള്‍ക്ക് ഇതേ മുദ്രാവാക്യം അതിലേറെ ശക്തമായി ഉയര്‍ത്തേണ്ടി വരുന്നു. നമ്മുടെ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളി സ്ത്രീകള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഇപ്പോഴും നിഷേധിക്കപ്പെടുന്നു. ജന വിരുദ്ധ സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ജീവിതച്ചെലവ് വര്‍ധിക്കുന്നതും സ്ത്രീകളുടെ ജീവിതത്തെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ പേരില്‍ നിരവധി നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതൊന്നും അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാരുകള്‍ ഇച്ഛാശക്തി കാണിക്കുന്നില്ല. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കു കാണിക്കുന്നത് ഓരോ ദിവസവും ശരാശരി മൂന്ന് എന്ന നിലയില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നാണ്. ഇത് കേരളം പോലെ ആധുനികവും പ്രബുദ്ധവും എന്ന് നാം അഭിമാനിക്കുന്ന ഒരു സമൂഹത്തിനു ചേര്‍ന്നതല്ല. ഈ അവസ്ഥ മാറുക തന്നെ വേണം.
സ്ത്രീകളെ ‘പാതിയാകാശത്തിന്റെ ഉടമകള്‍’ എന്നാണു മാവോ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ തുല്യതയുടെ അധികാരവും അവകാശവും ജനസംഖ്യയില്‍ പാതിയിലേറെ വരുന്ന നമ്മുടെ സഹോദരിമാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭ്യമാക്കുക എന്നതാണ് മുഖ്യം. സ്ത്രീകളുടെ മുന്നേറ്റം ഉറപ്പു വരുത്താതെ ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ല. അവകാശങ്ങള്‍ക്കായി പോരാടുന്ന ലോകത്തിലെമ്പാടുമുള്ള സഹോദരിമാര്‍ക്കും സഖാക്കള്‍ക്കും സാര്‍വദേശീയ വനിതാദിനത്തിന്റെ അഭിവാദ്യങ്ങള്‍!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..