24 April Wednesday

"നിങ്ങള്‍ സ്വച്ഛതയുടെ ജയ ജയ പാടി ഇരുന്നോളൂ..എങ്കിലും ഓര്‍ക്കുക, തെരുവുകളില്‍ ഒഴുകുന്നത് ചുകന്നചോരയാണ്"

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017

മിണ്ടാനും പറയാനും പറയാനും എഴുതാനും പാടാനുമാകാതെ തൊണ്ടയിലും പേനയിലും കടലാസിലും ഭീതിയുടെ പക പത്തി വിടര്‍തിയാടുമ്പോള്‍ നമുക്ക് വന്ദേ മാതരം പാടി ജയ ജയ വിളിക്കാം.നരേന്ദ്രനെന്ന ഭരണാധികാരി വന്നപ്പോള്‍ നാട്ടിലാകെ നരാധമന്മാരാണ്  തിമര്‍ത്താടുന്നതെന്നത് കാണാതെ നമുക്ക് അതിര്‍തികള്‍ക്കപ്പുറത്തെ രാജ്യദ്രോഹികളെ പേടിപ്പിക്കാന്‍ നെഞ്ചളവിന്റെ ഗരിമ പാടാം. ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍   വാക്കുകളാലും ആശയങ്ങളാലും എതിര്‍ക്കുന്നവരെ തോക്ക് കൊണ്ട് ഇല്ലായ്മചെയ്യുന്ന ഫാസിസം ഓരോരുത്തരുടേയും വാതിലിനപ്പുറമുണ്ടെന്നും ഓര്‍മിപ്പിക്കുകയാണ് ദേശാഭിമാനി ലേഖകന്‍കൂടിയായ പി വി ജീജോ

പോസ്റ്റിന്റെ പൂര്‍ണരൂപം

പി വി ജീജോ

പി വി ജീജോ

ആഭാസനും വഷളനുമായ ഒരാള്‍സ്വാമിക്കായി തെരുവുകള്‍ കത്തിക്കുന്നത് നമ്മള്‍ കണ്ടു. ശ്വാസം പോലും കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്പോള്‍ ഒരില നയക്കം പോലുമില്ലാത്ത സ്വച്ഛ ഭാരതം ... എഴുതിന്റെ നെഞ്ചില്‍ വെടിയുണ്ടകളാല്‍  ഗൌരി ലങ്കേഷും പന്‍സാരെയും ധാബോല്‍ക്കറും കല്‍ബുര്‍ഗിയും പിടഞ്ഞു വീഴുമ്പോഴും  ഫാസിസത്തിന്റെ സന്ദേഹ വ്യഥകളില്‍ തലപൂണ്ടിരിക്കുന്ന ഒട്ടകപക്ഷികളാകാം..

നിശബ്ദതയും മൌനവും ഐപിസിയിലെ കുറ്റം ചുമത്താത്ത വകുപ്പുകളായതിനാല്‍ നമുക്ക് സിനിമാശാലകളിലെ ദേശീയപാട്ട് കേട്ട് അനുസരണയുള്ള കുഞ്ഞാടുകളാകാം.' അയല്‍ക്കാരന്റെ തീന്‍ മുറിയിലേക്ക്  കിടപ്പറയിലേക്ക് ജീവിതാഘോഷങ്ങളിലേക്ക് അവര്‍ കടന്നു വരുമ്പോഴും എന്റെ ചങ്ങാതിമാരെ നമുക്ക് ജൈവകൃഷിയുടെയും പച്ചക്കറിയുടെയും മഹദ് പ്രബന്ധങ്ങള്‍ തയ്യാറാക്കാം.'' മിണ്ടാനും പറയാനും പറയാനും എഴുതാനും പാടാനുമാകാതെ തൊണ്ടയിലും പേനയിലും കടലാസിലും ഭീതിയുടെ പക പത്തി വിടര്‍തിയാടുമ്പോള്‍ നമുക്ക് വന്ദേമാതരം പാടി ജയ ജയ വിളിക്കാം.

നരേന്ദ്രനെന്ന ഭരണാധികാരി വന്നപ്പോള്‍ നാട്ടിലാകെ നരാധമന്മാരാണ്  തിമര്‍ത്താടുന്നതെന്നത് കാണാതെ നമുക്ക് അതിര്‍തികള്‍ക്കപ്പുറത്തെ രാജ്യദ്രോഹികളെ പേടിപ്പിക്കാന്‍ നെഞ്ചളവിന്റെ ഗരിമ പാടാം. വേലയുടെ കൂലിയായ സ്വന്തം പണമെടുക്കാന്‍ പോലും പിഴ ചുമതുമ്പോഴും നമുക്ക് രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ അഭിരമിക്കാം.' പെട്രോളിനും പാചകവാതകതിനും ദിനേന വില കൂട്ടുമ്പോഴും നമുക്ക് അസ്വസ്ഥരാകാതിരിക്കാം. ഞാനും  ഭാര്യയും തട്ടാനുമെന്നത് പഴമൊഴിയായതിനാല്‍ അതുംമറക്കാം. കണ്ണീരും കിനാവും സ്വാതന്ത്യ്രവും ജീവിതാഭിലാഷങ്ങളുംസകലമാനവും അടിയറ വെച്ചും സുരക്ഷിതമെന്നാശ്വസിച്ച് കോണ്‍ക്രീറ്റ് കൊത്തളങ്ങളില്‍ ആശ്വസിച്ച് അടയിരിക്കാം...

ആര്‍എസ്എസ് ആപത്,സംഘപരിവാര്‍ രാജ്യത്തിന്റെ ,ജനതയുടെ ,ചിന്തകളുടെ ആശയാവിഷ്കാര പ്രകടനങ്ങളുടെ ,എന്റെ ദേശത്തിന്റെ കടയ്ക്കലും  തലയ്ക്കലും കത്തി വെക്കുമ്പോള്‍ വടിവാളും ബോബും തീയുണ്ടയും വര്‍ഷിക്കുമ്പോഴും വെടിവെച്ചുകൊന്നെന്നല്ല വെടിയേറ്റ് മരിച്ചതാണെന്ന് പറയാം. പക്ഷെ സഖാക്കളെ സഹോദരങ്ങളെ ചരിത്രം നേര്‍രേഖയല്ലെന്നത് മറക്കാതിരിക്കുക.

തെരുവിലൊഴുകുന്നത് കാലവര്‍ഷമല്ല, തൂകുന്നത് കണ്ണീരല്ല ചോരയാണ്... ചുകന്ന ചോര.. സ്വച്ഛന്ദമായി സ്വതന്ത്രമെന്നാഹ്ളാദിച്ച് ജീവിതോഭാഗാസക്തികളില്‍ ഉല്ലസിച്ച് നിങ്ങള്‍ ജീവിച്ചോളൂ.. ഉണ്ടുറങ്ങിക്കോളൂ..പക്ഷെ നിങ്ങളുടെ ഡോര്‍ ബെല്‍ മുഴങ്ങുകയായി.. അവരുണര്‍ന്നിരിക്കയാണ്. മത വര്‍ഗീയ വംശീയ വിഭാഗീയതയുടെ കൊടുവാളും ബോംബും തോക്കും അതിലേറെ വിഷം തുപ്പുന്നക്ഷൌഹിണി മാധ്യമപ്പടയുമായി ...: ഈ അലസമായ അരാഷ്ട്രീയമായ ഉറക്കത്തിനിടയില്‍ ഒരു ഞെട്ടല്‍, മൂത്രശങ്കയെങ്കിലുമില്ലാതെ ഉറങ്ങിയാല്‍ ചരിത്രം ഭാവിതലമുറ നിങ്ങളെ എന്നെ നമ്മെ വിളിക്കാന്‍ ഏതു വാക്കേതു പദമേതു ശബ്ദതാരാവലി...
പി വി ജീജോ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top