29 March Friday

കോൺഗ്രസുകാരുടെ ആദർശം സമയവും സന്ദർഭവും നോക്കിയുള്ള ഒരേർപ്പാട്‌: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

കൊച്ചി>അധികാരത്തർക്കവും ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘട്ടനവുമൊന്നും കോൺഗ്രസ്സിൽ പുതുമയുമയല്ലെന്നും മരണം വരെ ചില സ്‌ഥാനമാനങ്ങൾ റിസർവ്‌ ചെയ്‌ത്‌ വെച്ചിരിക്കുന്നവർക്കെതിരെ നടക്കുന്നതും അത്തരത്തിലൊന്നാണെന്നും  എം വി ജയരാജൻ. എന്നാൽ പി ജെ കുര്യനെ എതിർക്കുന്നവർ എ കെ ആന്റണിയെ എതിർക്കാൻ മടിക്കുകയാണ്‌. കോൺഗ്രസ്സുകാർക്ക് ആദർശമെന്നത് സമയവും സാഹചര്യവും നോക്കിയുള്ള ഏർപ്പാടാണെന്നും എം വി ജയരാജൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

കോൺഗ്രസിൽ യുവജന കലാപമോ വൃദ്ധജന സംഹാരമോ

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ കലാപമാണ്. നേതൃമാറ്റം തന്നെയാണ് പ്രശ്‍നം. ജനാധിപത്യമൊക്കെ നൂറാവർത്തി പറയുമെങ്കിലും കോൺഗ്രസ്സിൽ തീരുമാനം എന്നത് ഉയർന്ന ആജ്ഞ (High Command)  യാണ്.

അതുകൊണ്ടുതന്നെ നിശ്ചിത ഇടവേളകളിൽ സമ്മേളനം നടത്തി, പ്രവർത്തനങ്ങൾ വിലയിരുത്തി, പുതുതായി ആര് നയിക്കണമെന്ന് അവിടെതീരുമാനിക്കുന്ന ജനാധിപത്യ രീതിയൊന്നും കോൺഗ്രസ്സിലില്ല. അങ്ങനെ നിശ്ചിതകാലയളവൊന്നും കോൺഗ്രസ്സുകാർക്ക് പ്രശ്നവുമില്ല.

അധികാരത്തർക്കവും ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘട്ടനവുമൊന്നും കോൺഗ്രസ്സിൽ പുതുമയുമല്ല. ഇപ്പൊ ഇതാ ചെങ്ങന്നൂരിലെ കനത്ത പരാജയം അധികാരം കിട്ടാത്തോർ കച്ചിത്തുരുമ്പാക്കി പോരാട്ടവും ആരംഭിച്ചിരിക്കുന്നു.

മരണംവരെ സ്ഥാനമാനങ്ങൾ ചിലർക്കായി റിസർവ് ചെയ്തിരിക്കുന്നു എന്നാണ് ചെറുപ്പക്കാരായ കോൺഗ്രസ്സുകാരുടെ ആക്ഷേപം. അതുകൊണ്ടുതന്നെ പി.ജെ കുര്യനെ ഇനിയും രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും ഇവർ വാദിക്കുന്നു.

അങ്ങനെയെങ്കിൽ എ.കെ ആന്റണിയോ..? അധികാര സ്ഥാനങ്ങൾ വേണ്ടെന്ന് പറയുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫ്‌ളൈറ്റ്‌ ചാർട്ട് ചെയ്ത എത്തിയയാളാണ്. ഇന്നും രാജ്യസഭാ എം.പി. വിമർശിക്കാൻ ഉശിരുണ്ടാകുമോ വി.ടി ബൽറാം മാർക്ക്..!?

കോൺഗ്രസ്സുകാർക്ക് ആദർശമെന്നത് സമയവും സാഹചര്യവും നോക്കിയാണ്. ജനസേവനവും അങ്ങനെത്തന്നെ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ‘ആം ആദ്മി കേലിയെ’ (ഞങ്ങൾ സാധാരണക്കാർക്ക് വേണ്ടി) എന്നതായിരുന്നു കോൺഗ്രസ്സ് മുദ്രാവാക്യം.

എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനദ്രോഹം വ്യാപകമാക്കുകയും കോർപ്പറേറ്റ് സേവ നയമാക്കുകയും ചെയ്തത് ഇന്ത്യ കണ്ടതാണ്.

കോൺഗ്രസ്സിന്റെ ഈ സ്വഭാവമാണ്‌, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പിക്ക് അധികാരത്തിലേറാൻ വഴിയൊരുക്കിയത്. ഇന്നിപ്പോൾ കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രം ഭരിക്കുകയും ജനങ്ങളോട് ശത്രുക്കളോടെന്നപോലെ പെരുമാറുകയും ചെയ്യുന്ന കേന്ദ്ര ബി.ജെ.പി സർക്കാരിനെ താഴെയിറക്കേണ്ടത് നാടിന്റെ ആവശ്യകതയായിരിക്കുന്നു.

തെരഞ്ഞെടുപ്പ് അടുത്തവർഷം വരാനിരിക്കെ ഒന്നിച്ചുനിൽക്കുന്നതിന് പകരം കോൺഗ്രസ്സിൽ കലാപമാണ്. പോരാത്തതിന് നയം മാറ്റാൻ കോൺഗ്രസ്സ് തയ്യാറായിട്ടും ഇല്ല.

ഇപ്പോഴാവട്ടെ, കോൺഗ്രസ്സ്‌ നേതാക്കളെല്ലാം ഡൽഹിയിലേക്കുള്ള നെട്ടോട്ടത്തിലാണ്‌. കെ.പി.സി.സി പ്രസിഡന്റ്‌, യു.ഡി.എഫ്‌ കൺവീനർ, രാജ്യസഭാ സീറ്റ്‌ സ്ഥാനങ്ങൾ ഉറപ്പിക്കാനാണീ നെട്ടോട്ടം എന്നത്‌ നാട്ടിൽ പാട്ടാണ്‌. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനാണ്‌ വിളിപ്പിച്ചത്‌ എന്നാണ്‌ ചില കോൺഗ്രസ്സ്‌ നേതാക്കൾ വ്യക്തമാക്കിയത്‌.

ചെന്നിത്തലയുടെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും കോൺഗ്രസ്സിന്‌ കനത്ത വോട്ടിടിവ്‌ വന്നത്‌ പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതായതുകൊണ്ടല്ല എന്നുറപ്പ്‌. അപ്പോൾ ഉയർന്നുവരുന്ന ചോദ്യം – ആരാണ്‌ അടുത്ത പ്രതിപക്ഷ നേതാവ്‌ എന്നതാണ്‌. എന്തായാലും ഒരുകാര്യം എല്ലാവർക്കും വ്യക്തമായിരിക്കുന്നു – കോൺഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം നയത്തിനല്ല; സ്ഥാനമാനങ്ങൾക്കാണ്‌പ്രാധാന്യം എന്നതാണത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top