24 April Wednesday

അഭിമന്യു രക്‌തസാക്ഷികളുടെ രാജകുമാരൻ; നരാധമൻമാരെ അഴിഞ്ഞാടാൻ അനുവദിക്കരുത്‌ : കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

പരിചയപ്പെട്ടവർക്കെല്ലാം ചങ്ങാതി , സുഹൃത്തുക്കളുടെ ഇഷ്ട കൂട്ടുകാരൻ , ഇടതുപക്ഷ വിദ്യാർത്ഥി രാഷട്രീയത്തിന് മുതൽക്കൂട്ടാകുമെന്ന് ഏവരും കരുതിയ പ്രിയ സഖാവ് , അദ്ധ്യാപകരുടെ മനംകവർന്ന കുട്ടിനേതാവ് , അടുപ്പക്കാരുടെ പൊന്നോമന പുത്രൻ , കലാ സംസ്കാരിക പ്രവർത്തകർക്ക് നാടൻപാട്ടിന്റെ ആശാൻ , അച്ഛനമ്മമാരുടെ കണ്ണിലുണ്ണി , അങ്ങിനെ അങ്ങിനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു അഭിമന്യു . കളം നിറഞ്ഞാടിയ പുഞ്ചിരിക്കുന്ന ആ മുഖം മലയാളിയുടെ മനസ്സിൽ നിന്ന് സമീപകാലത്തൊന്നും മാഞ്ഞ് പോകില്ല . വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ  കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമൻമാർക്ക് സാത്താൻപോലും മാപ്പ് കൊടുക്കില്ലെന്ന്‌ മന്ത്രി കെ ടി ജലീൽ.

പോസ്‌റ്റ്‌ ചുവടെ

ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച് രസതന്ത്രത്തിന് പഠിക്കാനാണ് വട്ടവടയിൽ നിന്ന് ഓമനത്വം തുളുമ്പുന്ന മുഖവും , സ്നേഹം നിറഞ്ഞൊഴുകുന്ന മനസ്സും , വിശന്നൊട്ടിയ വയറുമായി , ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പർവ്വങ്ങൾ താണ്ടി , അഭിമന്യുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ മഹാരാജാസിന്റെ മാറിടം പൂകിയത് . അവിടുത്തെ ഓരോ മണൽതരിയും അവനെ നെഞ്ചോട് ചേർത്തുവെച്ചു . അവന്റെ ശബ്ദവീചികൾകൊണ്ട് കാമ്പസ് മുഖരിതമാകാൻ അധികസമയം വേണ്ടിവന്നില്ല . കഷ്ടപ്പാടുകളുടെ തോഴൻ ഉച്ഛത്തിൽ വിളിച്ച് കൊടുത്ത മുദ്രാവാക്യത്തിൽ കാമ്പസ് പ്രകമ്പനംകൊണ്ടു .

പരിചയപ്പെട്ടവർക്കെല്ലാം ചങ്ങാതി , സുഹൃത്തുക്കളുടെ ഇഷ്ട കൂട്ടുകാരൻ , ഇടതുപക്ഷ വിദ്യാർത്ഥി രാഷട്രീയത്തിന് മുതൽക്കൂട്ടാകുമെന്ന് ഏവരും കരുതിയ പ്രിയ സഖാവ് , അദ്ധ്യാപകരുടെ മനംകവർന്ന കുട്ടിനേതാവ് , അടുപ്പക്കാരുടെ പൊന്നോമന പുത്രൻ , കലാ -- സംസ്കാരിക പ്രവർത്തകർക്ക് നാടൻപാട്ടിന്റെ ആശാൻ , അച്ഛനമ്മമാരുടെ കണ്ണിലുണ്ണി , അങ്ങിനെ അങ്ങിനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു അഭിമന്യു . കളം നിറഞ്ഞാടിയ പുഞ്ചിരിക്കുന്ന ആ മുഖം മലയാളിയുടെ മനസ്സിൽ നിന്ന് സമീപകാലത്തൊന്നും മാഞ്ഞ് പോകില്ല . വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ  കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമൻമാർക്ക് സാത്താൻപോലും മാപ്പ് കൊടുക്കില്ല .

മുസ്ലിം RSS എന്ന് പരിചയപ്പെടുത്തിയായിരുന്നു NDF ന്റെ പിറവി . ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവർ വാദിച്ചു . ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികൾ മുസ്ലിം യവ്വനത്തെ ക്ഷണിച്ച് കൊണ്ട്പോയി . വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിലെത്തിയവരുടെ മസ്തിഷ്കങ്ങളിലേക്കവർ അടിച്ചുകയറ്റി . മാനവികതയുടെ തരിമ്പെങ്കിലും മനസ്സിൽ അവശേഷിച്ചവർ , അസഹിഷ്ണുക്കളുടെ കെണിയിൽ പെടാതെ കലഹിച്ചുരക്ഷപ്പെട്ടു . പിന്നീട് ആ സംഘത്തിൽ അവശേഷിച്ചത് മനുഷ്യത്വത്തിന്റെ നേരിയ കണികപോലും ശരീരത്തിലെവിടെയും അവശേഷിക്കാത്ത ഹൃദയശൂന്യരായിരുന്നു . RSS അധികാര ശ്രേണിയിലെത്താൻ BJP യെ ചവിട്ടുപടിയാക്കിയത് കണ്ട് ഭ്രമിച്ച മുസ്ലിം തീവ്രവാദികൾ , പോപ്പുലർ ഫ്രണ്ടെന്ന മുഖാവരണമണിഞ്ഞ് അങ്കത്തിനിറങ്ങുന്നതായിരുന്നു ശേഷക്കാഴ്ച . മുസ്ലിം സമൂഹം അവരെ നിരാകരിച്ചു . 72% മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ SDPl എന്ന മൂന്നാം പേരിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വർഗ്ഗീയവാദികൾക്ക് മൂന്നോ നാലോ വാർഡുകളിലാണ് ജയിക്കാനായത് . മിക്കസ്ഥലത്തും ഇക്കൂട്ടർക്ക് പൊരുതേണ്ടിവന്നത് അസാധുവിനോടായിരുന്നു . പള്ളിക്കമ്മിറ്റികളിൽ നിന്നും മദ്രസ്സാ കമ്മിറ്റികളിൽ നിന്നും മുഖ്യധാരാ മുസ്ലിം സംഘടനാ കൂട്ടായ്മകളിൽനിന്നും NDF ആട്ടിയകറ്റപ്പെട്ടു . ആശയരംഗത്ത് "നിപ വൈറസിന്റെ" പ്രചാരകരായ പോപ്പുലർ ഫ്രണ്ടിന് കാലം കരുതിവെച്ചത് ഗതികിട്ടാപ്രേതമായി അലയാനുള്ള വിധിയായിരുന്നു .

ഒരദ്ധ്യാപകന്റെ കൈവെട്ടി ചുളുവിൽ "സ്വർഗ്ഗം" നേടിയ രക്തദാഹികൾ മഹാരാജാസിന്റെ പുണ്യഭൂമിയിൽ അഭിമന്യുവിന്റെ ജീവനെടുത്ത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ് . ഈ തെമ്മാടിക്കൂട്ടത്തെ ഇനി അഴിഞ്ഞാടാൻ അനുവദിച്ച്കൂട . കാമ്പസ് ഫ്രണ്ടും ABVP യും ഉൾപ്പടെയുള്ള മുഴുവൻ വർഗ്ഗീയപിന്തിരിപ്പൻമാരും  കലാലയങ്ങളുടെ തിരുമുറ്റങ്ങളിൽ നിന്ന് തൂത്തെറിയപ്പെടണം . കാമ്പസ് ഫ്രണ്ടിന്റെ ചോരക്കൊതിയുടെ രാഷ്ട്രീയത്തിനും പതാകക്കും എന്നന്നേക്കുമായി മഹാരാജാസ് "ഗുഡ്ബൈ" പറയണം . അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിൻമുറക്കാർ യാഥാർത്ഥ്യമാക്കും . അഭിമന്യു അമർ രഹേ ....... .......


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top