19 April Friday

'നമ്മളെല്ലാം ഇല്ലാതായാലും മരണമില്ലാത്തവരായി അവര്‍ ഇവിടെയുണ്ടാകും'; രക്തസാക്ഷിയുടെ മകന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായി കണ്ണൂര്‍ കണ്ട്യന്റവിട കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷിയായിട്ട് 20 വര്‍ഷം തികഞ്ഞു. 1990 ഡിസംബര്‍ മൂന്നിന് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കുഞ്ഞിക്കണ്ണനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികത്തില്‍ തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുഞ്ഞിക്കണ്ണന്റെ മകന്‍ ലെനിന്‍ പാനൂര്‍. അച്ഛന്റെ വെട്ടിനുറുക്കപ്പെട്ട മുഖം ലെനിന് ഓര്‍മയില്ല. ഓരോ വര്‍ഷവും വീട്ടിലെ രക്തസാക്ഷി കുടീരത്തിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി സഖാക്കളെത്തും. രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ പോരാട്ടം കൂടുതല്‍ കരുത്തോടെ തുടരുക എന്നതാണ് അവര്‍ക്കായി ചെയ്യാനാകുന്നതെന്ന് ലെനിന്‍ പറയുന്നു.

ലെനിന്‍ പാനൂരിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് ചുവടെ

രക്തസാക്ഷിത്വത്തിന്റെ രണ്ടു പതിറ്റാണ്ട്..

കമ്മ്യുണിസ്റ്റ്കാരനായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അച്ഛന്‍ RSS നരഭോജികളുടെ കൊലക്കത്തിക്ക് ഇരയായിട്ട് 20 വര്‍ഷങ്ങള്‍ തികയുന്നു.

കുറച്ചു ദിവസം മുന്നേ ആണ് പ്രിയപ്പെട്ട കുഞ്ഞനന്തേട്ടനെ കാണാന്‍ പോയത്. വാര്‍ധക്യസഹജമായ അസുഖങ്ങളാലും മറ്റു പ്രശ്‌നങ്ങളാലും വയ്യായ്മയിലാണ്...

എന്നിരുന്നാലും അച്ഛനെ കുറിച്ച് എന്തോ പറയുമ്പോള്‍ അല്പം ദേഷ്യത്തോടെ എന്നോട് പറഞ്ഞു..

ഓന് ഭീഷണി ഉണ്ടെന്നും നാട്ടിന് മാറിനിക്കണമെന്നും ഓനോട് മര്യാദക്ക് ഞാന്‍ പറഞ്ഞതാ..
കേട്ടില്ല ഓന്‍.....

നാട്ടിലെ RSSകാരടക്കം എല്ലാ പാര്‍ട്ടിക്കാരും ഓന്റെ അടുത്ത ചങ്ങായിമാര്‍ ആണത്രേ...

പിന്നെ ഞാനെന്തിനാ പേടിക്കുന്നത്, ഓര് എന്ന ഒന്നും ചെയ്യൂല്ലപ്പാ എന്നാണത്രെ അച്ഛന്‍ മറുപടി പറഞ്ഞത്..

ആ വിശ്വാസത്തിന്റെ പുറത്താണ് നാട്ടില്‍ RSS ക്രിമിനലുകള്‍ അഴിഞ്ഞാട്ടം നടത്തുമ്പോഴും വീടില്‍ നിന്നും 50 മീറ്റര്‍ പോലും അകലെയല്ലാതെ ബന്ധുവീട്ടില്‍ പോയത്...

എങ്ങനെയോ അവിടെയുണ്ടെന്ന് മനസ്സിലാക്കിയ ക്രിമിനലുകള്‍ വീട് വളഞ്ഞശേഷം അടുക്കളയില്‍ വെച്ച് വീട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടികൊന്നതാണ്.

ഭീഷണി ഉണ്ടായിരുന്നപ്പോഴും കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്നേ നാട്ടില്‍ അക്രമം നടക്കുന്നു എന്ന് മനസിലാക്കിയ ഉടനെ തന്നെ എന്നെയും ചേച്ചിയെയും അമ്മയെയും അമ്മയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. അച്ഛന്‍ എങ്ങോട്ടും മാറിയതുമില്ല..

ഡിസംബര്‍ 4 നു രാവിലെ അമ്മയുടെ കരച്ചില്‍ കേട്ടാണ് ഉണരുന്നത്. പോലീസ് ജീപ്പില്‍ വീട്ടിലേക്കുള്ള യാത്ര ഓര്‍മയില്‍ എവിടെയോ ഉണ്ട്. വെട്ടിനുറുക്കപെട്ട ആ മുഖം ഇപ്പോഴും ഓര്‍മ്മയില്ല. അതെന്തായാലും നന്നായെന്നെ ഉളളൂ.

പിന്നീട് ഓരോ വര്‍ഷവും ഈ ദിവസമെത്തുമ്പോള്‍ സഖാക്കള്‍ രക്തസാക്ഷി കുടീരം ഞെട്ടിയുണരുമുറക്കെ മുദ്രാവാക്യം വിളികളുമായി വീട്ടിലെത്തും..

അത് ഒന്നായി രണ്ടായി പത്തായി.. പിന്നെ ഇന്ന് ദാ ഇരുപതില്‍ എത്തി നില്‍ക്കുന്നു...
നാളെ അത് നൂറും ഇരുനൂറുമൊക്കെയാകും...

കുറച്ചുദിവസം മുന്നേ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ സഖാവ് എം.വി ജയരാജേട്ടന്‍ പറഞ്ഞത് പോലെ അച്ഛന്റെ കാലത്ത് ജീവിച്ചതും ഇന്ന് ജീവിക്കുന്നതുമായ സഖാക്കളെല്ലാം ഈ മണ്ണോടു വിടപറഞ്ഞാലും നമ്മളെല്ലാം ഇല്ലാതായാലും മരണമില്ലാത്തവരായി രക്തസാക്ഷികള്‍ ഇവിടെയുണ്ടാകും..

അത് കൂത്തുപറമ്പ് രക്തസാക്ഷികളായാലും ബാബുവേട്ടനായാലും ധന്‍രാജേട്ടനായാലും ഫാസിലായാലും ഷിബിനായാലും അഭിമന്യുയായാലും അച്ഛനായാലും കനകരാജേട്ടനായാലും അശോകേട്ടനായാലും സുന്ദരന്‍ മാസ്റ്ററായാലും സ്വന്തം രക്തം നല്‍കി നമ്മുടെ സഖാക്കളീ മണ്ണിനെ ചുവപ്പിച്ച നാളെത്തുമ്പോള്‍ അന്നെന്റെ സഖാക്കള്‍ വന്നു ഓരോ രക്തസാക്ഷി കൂടിരങ്ങളെയും നോക്കി മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് മുഴക്കും...

അവരെ എന്നും മരണമില്ലാത്തവരായി കാത്തുസൂക്ഷിക്കുക, അവരുടെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ പോരാട്ടം കൂടുതല്‍ കരുത്തോടെ ധീരതയോടെ തുടരുക എന്നല്ലാതെ അതിലേറെയെന്താണ് നമുക്കവര്‍ക്കായി ചെയ്യാനാകുക...

രക്തസാക്ഷികള്‍ സിന്ദാബാദ്...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top