06 June Tuesday

എഴുതാനുള്ളത് അവനെക്കുറിച്ച് മാത്രമാണ്, അവന്റെ രൂപപ്പെടലിനെയും രാഷ്‌‌‌‌ട്രീയത്തെയും കുറിച്ച് തന്നെയാണ്

അശ്വതി അശോക്‌Updated: Thursday Jul 5, 2018

വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ ശരീരം കടത്താന്‍ പോലുമുള്ള വലിപ്പമില്ലാത്ത ആ ഒറ്റമുറി വീടിന്റെയത്ര വിശാലതയൊന്നും അവന്‍ കണ്ടതും കാണാത്തതുമായ മറ്റൊരിടത്തിനും ഉണ്ടാവാന്‍ വഴിയില്ല. 'അഞ്ച് പേര്‍ക്ക് ഒരുമിച്ച് നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമെന്ന്' എന്റെ വിദൂരചിന്തയില്‍പ്പോലും കടന്നുവരാത്ത ആ ചതുരക്കൂട്ടില്‍ അവര്‍ അഞ്ചു പേര് പങ്കുവെച്ച സ്‌നേഹം അത്ര ആഴത്തില്‍ത്തന്നെയാകും. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവര്‍ ഒന്നിച്ചു തന്നെ ആയിരുന്നിരിക്കുമല്ലോ.

ആ അഞ്ചിലൊന്നിനെയാണ് അറുത്തെടുത്തത്. അവന്റെ ഫോട്ടോയ്ക്കും, ഫോണിനും പുസ്തകത്തിനും മുന്നില്‍ ഒടുങ്ങാത്ത കണ്ണീരുമായി ഇരുന്ന ആ അമ്മയും നിര്‍വികാരരായി നിന്ന ആ അച്ഛനും ചേച്ചിയും ചേട്ടനും അര മണിക്കൂറില്‍ പഠിപ്പിച്ചത്ര സിദ്ധാന്തമൊന്നും 'പോപ്പുലര്‍ ഫ്രണ്ടിന്' അക്കാദമികമാനങ്ങള്‍ രചിക്കുന്ന ഒരു ബുദ്ധിജീവിക്കും ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും പഠിച്ചെടുക്കാനാവില്ല. ആ എഴുതിപ്പിടിപ്പിച്ചതൊക്കെയും എത്ര വിഷമാണെന്ന്, അശ്ലീലമാണെന്ന് ഇനിയും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യത്വത്തിന്റെ ഒരു തരി പോലും ഉള്ളില്‍ ബാക്കിയാവാത്തവരാണ് നിങ്ങള്‍. 'ബാലന്‍സിംഗിന്റെ' നേര്‍പ്പിച്ച ആശയങ്ങള്‍ പോലും നിങ്ങളില്‍ നിന്ന് പടരുന്നുണ്ടെങ്കില്‍ അറിയില്ല, എങ്ങനെ നിങ്ങളെ അഭിസംബോധന ചെയ്യണമെന്ന്.

33 രക്തസാക്ഷികളുടെ രക്തസാക്ഷിത്വങ്ങള്‍ ജീവന്‍ കൊടുക്കുന്ന ഒരു പ്രസ്ഥാനത്തെ നോക്കി ഇപ്പോഴും 'നിങ്ങള്‍ അക്രമികളായതുകൊണ്ടാണ്' എന്ന് വരികള്‍ക്കിടയിലൂടെ എഴുതിപിടിപ്പിക്കാന്‍ സാധിക്കുന്നവര്‍ക്ക് ആ കുഞ്ഞിന്റെ മുഖമോര്‍മിക്കാനുള്ള അര്‍ഹത പോലുമില്ലയെന്നു മാത്രം ഉറപ്പിച്ചു പറയാം.

ഒരു കുടുസ്സുമുറിയുടെ മുന്നില്‍ മരവിച്ചു നിന്ന ഞങ്ങളോട് 'ഇതു തന്നെയാണ് അവന്‍ ജനിച്ചുവളര്‍ന്ന വീട്. ഇവിടെയാണ് ഇന്നലെ വരെ അഞ്ചു പേര്‍ ജീവിച്ചത്. ഇപ്പോള്‍ നാലു പേരേ ഉള്ളൂ.' എന്ന് ആ നാട്ടുകാര്‍ പറഞ്ഞതിലുണ്ട് എല്ലാം. ജീവിതത്തില്‍ നിന്നു അവന്‍ പഠിച്ചെടുത്ത വര്‍ഗരാഷ്ട്രീയമൊന്നും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലിരുന്ന് പ്രബന്ധങ്ങളെഴുതിയുണ്ടാക്കി, നല്ല കമ്യൂണിസ്റ്റുകളെ ആഴത്തിലവലോകനം ചെയ്ത് മാര്‍ക്കിടുന്നവരൊന്നും വായിച്ചുതീര്‍ത്തിട്ടുണ്ടാകില്ല.

അടിച്ചമര്‍ത്തവര്‍ക്കൊപ്പമെന്ന് പോപ്പുലര്‍ ഫ്രണ്ടിനെ വാഴ്ത്തുന്നവരൊക്കെ വന്നുനോക്കണം. ഏതൊക്കെ വിധത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവനെയാണ് ആ ഭ്രാന്തന്‍ കൂട്ടം കുത്തിവീഴ്ത്തിയതെന്ന്. അവന്റെ ഫേസ്ബുക്കിലെ എഴുത്തുകളിലൂടൊന്ന് കണ്ണോടിക്കണം. 'ആട്ടിയിറക്കപ്പെട്ടവരുടെയും അടിച്ചിറക്കപ്പെട്ടവരുടെയും കാലം വരുമെന്ന' അവന്റെ പ്രതീക്ഷ സഫലമാക്കാന്‍ അവന്‍ ചേര്‍ന്നു നിന്ന രാഷ്ട്രീയത്തെ കാണാം. അവന്റെ വാളില്‍ നിറയെ SFIയും, DYFIയും, CPI(M)ഉം മഹാരാജാസും, വട്ടവടയുമായിരുന്നു. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഉത്തമബോധ്യങ്ങളായിരുന്നു.

രക്തസാക്ഷിത്വങ്ങളില്‍ നിന്നവനുള്‍ക്കൊണ്ട ഊര്‍ജമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ അവന്‍ ശീലിച്ച പ്രതിരോധങ്ങളായിരുന്നു. ഈ ഇരുപതു വയസിനുള്ളില്‍ ഒറ്റയ്ക്കിരുന്ന് കരയാനോ, സ്വപ്നം കാണാനോ പോലുമിടമില്ലാത്ത ഒറ്റമുറിയില്‍ നിന്ന് അവന്‍ നേടിയെടുത്ത രാഷ്ട്രീയത്തെളിമ എത്ര മൂര്‍ച്ചയുള്ളതായിരുന്നുവെന്ന് കാണാം. ലിംഗനീതിയേക്കുറിച്ചും, ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തേക്കുറിച്ചും, കപടസദാചാരബോധത്തെക്കുറിച്ചുമുള്ള അവന്റെ ഏറ്റവും വ്യക്തവും പുരോഗമനപരമമായ നിലപാടുകള്‍ നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ, തന്റെ പ്രസ്ഥാനത്തിലൂടെ, പഠനങ്ങളിലൂടെ അവന്‍ സ്വന്തമായി നേടിയെടുത്തത് തന്നെയാകും.

യാത്രാ സൗകര്യം പോലുമില്ലാത്ത ഒരു ഊരില്‍ നിന്ന് ചരക്കുവണ്ടിയില്‍ മലയിറങ്ങി വന്ന, ആദ്യ തലമുറ പഠിതാവായ, ദളിതായ അവന്‍ അപകര്‍ഷതാബോധത്തിന്റെ ഒരു തുള്ളി പോലുമില്ലാതെ ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ടിരുന്നു. കൂട്ടുകാരോടൊപ്പം പാട്ടുകള്‍ പാടി നൃത്തം ചെയ്തു നടന്നു. നിലയ്ക്കാത്ത പുഞ്ചിരിയും പതറാത്ത നിലപാടുകളുമായി ജീവിച്ച അവന്‍ എന്തൊരു പോരാട്ടമായിരിക്കും നടത്തിയിട്ടുണ്ടാവുക. വയറു നിറയാത്തപ്പോഴും ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ച അഭിമന്യുവും, അവനെ ഏറെ സ്‌നേഹിച്ച ആ നാടും കോറിയിടുന്നത് നേടിയെടുക്കലിന്റെ അധ്യായങ്ങളാണ്. 2018 പിറന്നതിനു ശേഷം മാത്രം അവന്‍ നേടിയതെന്തൊക്കെയാണ്. അവന്റെ FB wall നിറയെ സുഹൃത്തുക്കളുടെ അഭിവാദ്യങ്ങളാണ്. മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന്, മഹാരാജാസ് NSS യൂണിറ്റിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന്, SFI വട്ടവട ലോക്കല്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന്, SFI ഇടുക്കി ജില്ലാകമ്മിറ്റയംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്. കണ്ണുകൊണ്ടളക്കാവുന്നതിനുമപ്പുറമുള്ള ദൂരവ്യത്യാസമുള്ള, രണ്ട് ജില്ലകളിലായി വേര്‍പെട്ടു കിടക്കുന്ന രണ്ടിടങ്ങളില്‍ അവന്‍ നിരന്തരം രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടിരുന്നു. അവന്‍ മുഴുവനായി രാഷ്ട്രീയമായിരുന്നു.

ഇനിയും സംവരണവിരുദ്ധര്‍ അഴിഞ്ഞാടണം. സമൂഹത്തിന്റെ ഏറ്റവും താഴെയുള്ള അടരുകളില്‍ നില്‍ക്കുന്നവര്‍ നിങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുത്തില്ലായിരുന്നെങ്കില്‍ നിങ്ങളൊക്കെ മലമറിക്കുമായിരുന്നെന്ന് പ്രഖ്യാപിക്കണം. പഠിക്കാനും, പഠിപ്പിക്കാനും, കരിയര്‍ ഗൈഡന്‍സ് നല്‍കാനും, കോച്ചിംഗ് ക്ലാസിലേക്ക് വരിവരിയായി നീങ്ങാനും, ട്യൂഷന്‍ ക്ലാസില്‍ നിന്ന് ട്യൂഷന്‍ ക്ലാസിലേക്കോടാനും കെല്‍പുള്ളവര്‍, കൂടെയുള്ളവനെ ഒരുത്തരം പഠിപ്പിച്ചാല്‍ തന്റെ റാങ്കു കുറഞ്ഞുപോകുമോയെന്നാശങ്കപ്പെടുന്നവര്‍; പുസ്തകം നിവര്‍ത്തി വെക്കാന്‍ പോലുമിടമില്ലാത്ത ഒരു വീട്ടില്‍ നിന്ന് മലയിറങ്ങി വരുന്ന അവനെപ്പോലുള്ളവരെ ഒരേ അളവുകോലില്‍ത്തന്നെ അളക്കണം. പൊരുതി നേടിയതാണവന്‍. ആരും ആറ്റിക്കുറുക്കി മുന്നില്‍ വെച്ചുകൊടുത്തതല്ല. മത്സര പരീക്ഷകളില്‍ നിങ്ങള്‍ അവനേക്കാള്‍ റാങ്കു നേടുമായിരിക്കും. പക്ഷേ 'മെറിറ്റി'ന്റെ മാനദണ്ഡത്തില്‍ ഞാനും നിങ്ങളുമൊക്കെ അവനേക്കാള്‍ കാതങ്ങള്‍ പിന്നിലാണ്. ഈ ജീവിതകാലം മുഴുവന്‍ നടന്നാലും ആ ദൂരം നമുക്ക് താണ്ടാനാവില്ല.

കലാലയ രാഷ്ട്രീയമാണ് ഇതിനൊക്കെ കാരണമെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കുന്ന മധ്യവര്‍ഗപൊതുബോധത്തോട്. കേന്ദ്രം ഭരിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയുടെ അഴിഞ്ഞാട്ടം ഒരിഞ്ചു മുന്നേറാന്‍ അനുവദിക്കാതെ ജീവന്‍ വരെ കൊടുത്തു സഖാക്കള്‍ സുരക്ഷിതകവചം ഒരുക്കിയ ഒരു സംസ്ഥാനത്തിരുന്നു മാത്രമേ നിങ്ങള്‍ക്കിതൊക്കെ കൊട്ടിഘോഷിക്കാന്‍ സാധിക്കൂ. അവരുടെയൊക്കെ ജീവന്റെ പ്രതിഫലം തന്നെയാണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍. അതു തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയില്ലായിരിക്കാം. പക്ഷേ അതിന് അഭിമന്യുവിനെ കൂട്ടുപിടിക്കരുത്. മരണത്തിലും അവനോട് നിങ്ങള്‍ പുലര്‍ത്തുന്ന അനീതിയാകുമത്. 'ഒരു കോടതിക്കും നിഷേധിക്കാനാവില്ല കലാലയ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ' എന്നുറക്കെ പ്രഖ്യാപിച്ചവനാണവന്‍. ഇടതു രാഷ്ട്രീയത്തിന്റെ പ്രതിരോധങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ ഇടിമുറികള്‍ പടരുമെന്ന് തിരിച്ചറിഞ്ഞവനാണവന്‍. മതഭ്രാന്ത് നമ്മുടെ കുട്ടികളെ കാര്‍ന്നുതിന്നുമെന്ന് മനസിലാക്കിയതാണവന്‍. നിങ്ങള്‍ക്ക് കേള്‍ക്കാനാകുന്ന ദൂരത്തിലായിരുന്നെങ്കില്‍ അവന്‍ നിങ്ങളോട് സംവദിച്ചേനേ. സര്‍ഗാത്മകതയും രാഷ്ട്രീയവും നിറഞ്ഞ ഒരു കലാലയത്തിന്റെ മിടിപ്പുകളാണ് അവന്‍ ആഗ്രഹിച്ചതെന്ന്. വര്‍ഗീയതക്ക് അരിച്ചിറങ്ങാന്‍ പഴുതില്ലാത്ത ക്യാമ്പസുകളാണ് അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞിരുന്നതെന്ന്.

'വര്‍ഗീയത തുലയട്ടെ' എന്നെഴുതിയതിനാണ് അവരവനെ കുത്തിവീഴ്ത്തിയത്. മതത്തിന്റെ രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കിയ പ്രസ്ഥാനങ്ങളെ അവന്‍ എന്തു പേരിട്ടായിരുന്നു വിളിക്കേണ്ടിയിരുന്നത്? പോപ്പുലര്‍ ഫ്രണ്ടായാലും, ആര്‍.എസ്.എസായാലും അതങ്ങനെ തന്നെ പറയണമെന്ന് അവന്‍ തിരിച്ചറിഞ്ഞ ആ രാഷ്ട്രീയബോധമുള്‍ക്കൊള്ളാന്‍ ഇനിയും സമൂഹം ഒരുപാടു ദൂരം സഞ്ചരിക്കേണ്ടി വരും. അരാഷ്ട്രീയതയെ അലങ്കാരമാക്കി വെച്ച് നിങ്ങള്‍ അവനോടു കാണിക്കുന്ന സഹതാപം അവനെ ചുട്ടുപൊള്ളിക്കുകയേയുള്ളൂ. ICU വില്‍ കണ്ണു തുറന്നപ്പോള്‍ 'എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട് അമ്മേ' എന്ന് ചോദിച്ച് 'അഭിമന്യു അപ്പുറത്തുണ്ട് മോനേ' എന്ന അമ്മയുടെ നുണയില്‍ ആശ്വാസം കൊണ്ട് കിടക്കുന്ന അവന്റെ അര്‍ജുന്റെ കരുതലിലും, അവന് വിടനല്‍കിക്കൊണ്ട് ഉള്ളുനീറി അവന്റെ സഖാക്കള്‍ വിളിച്ച മുദ്രാവാക്യങ്ങളിലും മാത്രമേ അഭിമന്യുവിന് കുളുര്‍മ കിട്ടുകയുള്ളൂ.

'മനുഷ്യര്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്ന്' അദ്ഭുതം കൂറുന്ന ഇടത്തുനിന്നും സ്വപ്നങ്ങളിലേക്ക് ഓടിയെത്തിയവനാണ്. അവന്‍ പതിച്ചതു തന്നെയാകണം, SFI പോസ്റ്ററുകള്‍ ആ ഊരിലെ ചുവരുകളിലൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. അവയ്ക്കു തൊട്ടപ്പുറം അവന്റെ തന്നെ പുഞ്ചിരിക്കുന്ന മുഖങ്ങളും. പഠിക്കുക, പോരാടുക എന്ന എസ്.എഫ്.ഐ.യുടെ മുദ്രാവാക്യത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തിയവനാണ്. പഠിക്കാന്‍ വേണ്ടി പോരാടുകയും, പഠനത്തിനൊപ്പം പോരാടുകയും ചെയ്തവനാണ്. ഒരു ഊരിലെ കുഞ്ഞുങ്ങളെയാകെ പ്രചോദിപ്പിച്ചിരുന്നതവനാണത്രേ. 'നാട്ടിലെത്തുമ്പോഴൊക്കെ ഓരോ മുറിയിലും കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കണമെന്നവന്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നെ'ന്ന് പറഞ്ഞത് അവിടുത്തെ നാട്ടുകാരാണ്. അത്രയ്ക്ക് വില പിടിപ്പുള്ളതായിരുന്നു അവന്റെ ജീവിതം.

എന്തു ചെയ്താലാണ് അവനോട് നീതി പുലര്‍ത്താനാവുക. നിങ്ങള്‍ അരിഞ്ഞു വീഴ്ത്തിയത് അവനെ മാത്രമല്ല. ഒരു കടുംബത്തെപ്പോലുമല്ല. ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന ഒരു കമ്യൂണിറ്റിയെ ഒന്നാകെയാണ്. അവിടെ വളര്‍ന്നുവരുന്ന തലമുറയുടെ സ്വപ്നങ്ങളാണ്. മനുഷ്യന്റെ ഏറ്റവും ചെറിയ വിഷമങ്ങളെ വരെ തിരിച്ചറിയാന്‍ അനുഭവസമ്പത്ത് നേടിയ ഒരു ശാസ്ത്രജ്ഞനെയാണ്. രോഹിത് വെമുലയെപ്പോലെ അവനും സ്വപ്നം കണ്ടിരുന്നത്രേ. ഒരു ശാസ്ത്രജ്ഞനാകാന്‍. എന്നിട്ടും ഇനിയും പറയണം അവനെ കുത്തിമലര്‍ത്തിയവരൊക്കെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പമാണെന്ന്.

നഷ്‌ടപ്പെടാന്‍ സുരക്ഷിതത്വങ്ങളൊന്നുമില്ലാത്തവന്, വെട്ടിപ്പിടിക്കാന്‍ ഒരു ലോകം തന്നെ മുന്നിലുയര്‍ന്നു നില്‍ക്കുന്നവന് ആരെ ഭയപ്പെടാനാണ്? ഏതു മാരകായുധങ്ങള്‍ക്കാകും അവനെ തടഞ്ഞുനിര്‍ത്താനാകുക. ആ ധീരത തന്നെയാണ്, വട്ടവടയിലെ DYFI സമ്മേളനം കഴിഞ്ഞ് പച്ചക്കറി വണ്ടിയില്‍ കയറി, തന്റെ ക്യാമ്പസിലേക്ക് കടന്നുവരുന്ന പുതിയ സുഹൃത്തുക്കളെ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീയാക്കാനായി രാത്രി ഏറെ വൈകിയും അവനെ എറണാകുളത്തെത്തിച്ചത്. തന്റെ സഖാക്കള്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ലാഭ-നഷ്ടക്കണക്കുകളുടെ ഭാണ്ഡം തുറന്നു നോക്കാതെ കത്തിമുനയിലേക്ക് അവനെയെത്തിച്ചത്.

കരച്ചിലടക്കാനാകാതെ തമിഴ് കലര്‍ത്തി ആ അമ്മ പറഞ്ഞതു മുഴുവനും മനസിലാക്കാനുള്ള മെറിറ്റൊന്നും ഊറ്റം കൊള്ളുന്ന എന്റെ ഡിഗ്രികള്‍ തന്നില്ലെന്നിടത്തു തന്നെയാണ് ഞാനൊക്കെ അവന്റെ മുന്നില്‍ തീരെച്ചെറുതാകുന്നത്.
അഭിമന്യു മരണമില്ലാതെ ഉയരത്തിലുയരത്തിലേക്ക് നടന്നുകയറുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top