24 April Wednesday

കോൺഗ്രസ്‌ ദുർബലമായതിൽ പ്രധാന പങ്ക്‌ കെ മുരളീധരനെന്ന്‌ കെപിസിസി ജനറല്‍ സെക്രട്ടറി എൻ സുബ്രഹ്മണ്യന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

കോണ്‍ഗ്രസ് ദുര്‍ബലമായെങ്കില്‍ അതിൽ  പ്രധാന പങ്ക് മുരളീധരനാണെന്നും കോണ്‍ഗ്രസ് വിട്ട് പോയപ്പോള്‍ നേതാക്കളെ കുറിച്ച് മുരളീധരന്‍ നടത്തിയ പ്രസ്താവനകള്‍ ആരും മറന്നിട്ടില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി  എൻ  സുബ്രഹ്മണ്യന്‍ .ഫേസ്‌ബുക്കിലാണ്‌ കെ മുരളീധരനെതിരെ കടുത്ത പ രാമർശങ്ങൾ സുബ്രഹ്മണ്യൻ നടത്തിയത്‌.  കെ മുരളീധരന്റെ  വാര്‍ഡില്‍ കോണ്‍ഗ്രസ് മൂന്നാം  സ്‌ഥാനത്താണെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

  പോസ്‌‌റ്റിന്റെ പൂര്‍ണരൂപം

എൻ സുബ്രഹ്‌മണ്യൻ

എൻ സുബ്രഹ്‌മണ്യൻ

കോൺഗ്രസിന്റെ അടിത്തറ തകർന്നു എന്ന മുറവിളി ചെങ്ങന്നൂർ പരാജയത്തിന്റെ പിറ്റേന്ന് മുതൽ പാർട്ടിയുടെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. . അടിത്തറ തകർക്കാൻ ഓരോ ഘട്ടത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ചവരും ഇപ്പോൾ അലമുറയിടുന്നുണ്ടെന്ന വസ്തുത കാണാതിരുന്നു കൂടാ. പാർട്ടിക്ക് ശോഷണം സംഭവിച്ചു , ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ വിലപിക്കുന്നവർ സ്വയം വിലയിരുത്തലും സ്വയം വിമർശനവും നടത്തണം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴേക്കും പാർട്ടിയെ കൊച്ചാക്കുകയും പൊതുജന മധ്യത്തിൽ തരം താഴ്ത്തുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവർ സ്വീകരിക്കരുത്.

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ രണ്ടു തവണ പിളർപ്പിന്റെ ദുര്യോഗം നേരിട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. 1978 ൽ എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു സി പി എം പക്ഷത്തേക്ക് പോയി. ഇടതുപക്ഷത്തോടൊപ്പം മത്സരിക്കുകയും സർക്കാരിൽ പങ്കാളിയാവുകയും ചെയ്‌തു. 1982 ൽ അവർ കോൺഗ്രസിൽ തിരിച്ചു വന്നപ്പോൾ കൂടെക്കൊണ്ടു പോയവരിൽ ഗണ്യമായ വിഭാഗത്തെ തിരികെ കൊണ്ടു വരാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് പാർട്ടിയുടെ താഴെക്കിടയിൽ പ്രവർത്തിക്കുന്നവരെ. അവരെ സി പി എമ്മിനു സംഭാവന ചെയ്താണ് അവർ തിരിച്ചു വന്നത്. കോൺഗ്രസിനു മേൽക്കൈ ഉണ്ടായിരുന്ന നിരവധി സഹകരണ സ്ഥാപനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സി പി എമ്മിന്റെ സ്വന്തമായി മാറിയതു അ ങ്ങനെയാണ്.

കെ കരുണാകരനും കെ മുരളീധരനും ചേർന്നു കോൺഗ്രസ് പിളർത്തി ഡി ഐ സി ഉണ്ടാക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിട്ട് ഏറെക്കാലം ആയിട്ടില്ല. കെ പി സി സി പ്രസിഡന്റ് പദത്തിലിരുന്നു കൊണ്ടാണ് മുരളീധരൻ ഡി ഐ സിക്കു വിത്തു വിതച്ചത്. കോൺഗ്രസിനും യു ഡി എഫിനും വലിയ ആഘാതമാണ് ഈ പിളർപ്പ് മൂലം സംഭവിച്ചത്. അതിൽ നിന്നു പാർട്ടിക്കു ഉയർത്തെഴുന്നേൽക്കാൻ ഏറെ സമയം വേണ്ടി വന്നു. സി പി എമ്മിലെ വിഭാഗീയത മൂലം ഇടതുപക്ഷത്തു ഇടം കിട്ടാത്തതു കൊണ്ടു മാത്രമാണ് അവർ തിരിച്ചു വന്നത്. ഡി ഐ സി പിരിച്ചു വിട്ട ശേഷം പിന്നീട് എൻ സി പിയിലേക്ക് പോയി അതുവഴിയാണ് കോൺഗ്രസിലെത്തിയത്. ഈ യാത്രക്കിടയിൽ പഴയ കാല കോൺഗ്രസുകാരായ കുറേപേർ വഴിയിൽ തങ്ങി . ഡി ഐ സി വിട്ടു എൻ സി പിയിൽ പോകാൻ മടിയുള്ളവർ സി പി എമ്മിലേക്ക് മാറി. എൻ സി പി വിട്ടു കോൺഗ്രസിൽ വന്നപ്പോൾ കുറേപേർ എൻ സി പിയിൽ തന്നെ നിലകൊണ്ടു. കോൺഗ്രസിനു മേധാവിത്തം ഉണ്ടായിരുന്ന എത്രയോ സഹകരണ സംഘങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതിനിടയിൽ സി പി എമ്മിന്റെ കയ്യിലായി.

പാർട്ടിയുടെ അടിത്തറ തകർന്നു എന്നു വിലപിക്കുന്നവർ ഈ രണ്ടു സംഭവങ്ങളെയും വസ്തുതാപരമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിനെ കുറിച്ച് പരസ്യമായി വിലപിക്കുന്നവർ കഴിഞ്ഞ ലോക് സഭാ – നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതു പരിശോധിക്കണം. കെ മുരളീധരൻറ്‍റെ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാർഡിൽ നിന്നു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി ജെ പിയാണ്. ലോക് സഭാ തെരഞ്ഞെടുപ്പിൽ എം കെ രാഘവനും ഈ ബൂത്തിൽ പിന്നിലാണ്. ഇതിന്റെ പേരിൽ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല.

കോൺഗ്രസിൽ നിന്നു പിളർന്നു പോയ ശേഷം പാർട്ടി നേതാക്കളെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്തത് സാമാന്യ മര്യാദ പോലും കാണിക്കാതെയായിരുന്നു. അലൂമിനിയം പട്ടേലെന്നും ഉമ്മൻകോൺഗ്രസെന്നും മദാമ്മ കോൺഗ്രസെന്നുമുള്ള വിളികൾ കോൺഗ്രസ് പ്രവർത്തകർ മറന്നിട്ടില്ല. സോണിയാ ഗാന്ധിയെ മദാമ്മ എന്നു വിളിച്ചത് അവരുടെ ഇറ്റാലിയൻ പൗരത്വം ഓർമ്മിപ്പിക്കാനായിരുന്നു. കേരളത്തിലെ കോൺഗ്രസിനെ ഉമ്മൻ കോൺഗ്രസെന്ന് വിളിച്ചതു ക്രിസ്ത്യൻ കോൺഗ്രസ് എന്നു ആക്ഷേപിക്കാനായിരുന്നു . ഇതൊക്കെ ചെയ്തവർ ഇന്നു പാർട്ടിയെ വിമർശിക്കുമ്പോൾ അതിനു അർഹത ഉണ്ടോ എന്നു സ്വയം പരിശോധിക്കണം. തിരിച്ചു വന്നപ്പോൾ രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സി പി എം ചെയ്യുന്നതു പോലെ ബ്രാഞ്ചിൽ ഇരുത്തുകയല്ല ചെയ്തത്. വെറുതെ മലർന്നു കിടന്നു മേല്പോട്ടു തുപ്പരുത് എന്നു വിനയപുരസ്സരം ഓർമ്മിപ്പിക്കുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top