26 April Friday
എല്ലാത്തരം വര്‍ഗീയതേയും തുറന്ന് എതിര്‍ക്കും

'ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം' തൃപ്പൂണിത്തുറ യോഗാകേന്ദ്രവുമായി ബന്ധപ്പെട്ടവ്യാജ വാര്‍ത്ത തെളിയിക്കാന്‍ തേജസ് ദിനപത്രത്തിന് എം സ്വരാജിന്റെ വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

കൊച്ചി > വിവാദമായ തൃപ്പൂണ്ണിത്തുറയിലെ യോഗകേന്ദ്രത്തിനെ കുറിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയ തേജസ് പത്രം വാര്‍ത്ത തെളിയിക്കണം എന്ന് ആവശ്യപ്പെട്ട് എം സ്വരാജ് എംഎല്‍എ.

തൃപ്പൂണിത്തുറ ധ്യാനകേന്ദ്രം പൂട്ടേണ്ടതില്ല എന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞതായി കാണിച്ചാണ് തേജസ് പത്രം വാര്‍ത്ത നല്‍കിയത്. എന്നാല്‍ എറണാകുളം പ്രസ്ക്ളബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് തേജസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതെന്ന് എം സ്വരാജ് എംഎല്‍എ വ്യക്തമാക്കി. വാര്‍ത്താസമ്മേളനം  ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആദ്യാവസാനം  പകര്‍ത്തിയിട്ടുണ്ട്.

തേജസ് പത്രത്തെ ഞാന്‍ വിനയത്തോടെ വെല്ലുവിളിക്കുന്നു നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ “ തൃപ്പൂണിത്തുറ യോഗ കേന്ദ്രം പൂട്ടേണ്ടതില്ല എന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദയവായി  തെളിയിക്കൂ. അന്തസിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ വാര്‍ത്ത സത്യമാണെന്ന് തെളിയിക്കാനും എം സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം സ്വരാജിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ചോദിക്കാത്ത ചോദ്യത്തിന്
പറയാത്ത ഉത്തരം .
അഥവാ
നുണയന്റെ 'തേജസ് ' .

എം.സ്വരാജ് .

ഡി വൈ എഫ് ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനമൊട്ടുക്ക് സംഘടിപ്പിക്കുന്ന നേത്രദാന കാമ്പയിനെക്കുറിച്ച് വിശദീകരിക്കാനാണ് ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയത്.

ഒരു ലക്ഷം പേരുടെ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങുന്ന കാമ്പയിന് ഈ കാലത്തുള്ള സവിശേഷ പ്രാധാന്യം പറയേണ്ടതില്ലല്ലോ .
വീടുകളിലെത്തി കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നും മുഖ്യമന്ത്രിയുടെ തല വെട്ടിയെടുത്താൽ ഒരു കോടി ഇനാം നൽകുമെന്നും പറയുന്ന സംഘ പരിവാരം ഇന്ത്യയെ മത റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുമ്പോഴാണ് ജാതിമത ചിന്തകൾക്കതീതമായി മനുഷ്യ സ്നേഹത്തിന്റെ മഹാ സന്ദേശമുയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ നേത്ര ദാന കാമ്പയിൻ ഏറ്റെടുക്കുന്നത്.

ഉടനേ 'തേജസ്' പത്രത്തിന്റെ ലേഖകൻ വിവാദമായ യോഗ സെന്ററിനേക്കുറിച്ച് ചോദ്യമാരംഭിച്ചു. ഒരു മഹത്തായ കാമ്പയിനെക്കുറിച്ച് വിശദീകരിച്ച ശേഷം അക്കാര്യത്തെപ്പറ്റി ഒന്നും പറയാതെ മറ്റൊരു വിഷയം ധൃതിപ്പെട്ട് എടുത്തിട്ടതിനാൽ ഞാനദ്ദേഹത്തോട് ചോദിച്ചു

'കണ്ണുകൾ ദാനം ചെയ്യുന്ന കാമ്പയിനെ 'ക്കുറിച്ച് എന്താണഭിപ്രായം?'

വളരെ നല്ല അഭിപ്രായമാണെന്ന് ഉടനേ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ എനിക്കറിയേണ്ടിയിരുന്നത് 'തേജസ്‌' പത്രത്തിന്റെ നിലപാടാണ്. ചോദ്യം കൃത്യമായി പത്രത്തിന്റെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ആവർത്തിച്ചപ്പോൾ ലേഖകൻ

'പത്രം .... അത് .... മനേജ്മെന്റ് ....നിലപാട് .... ഞാൻ ......' എന്നൊക്കെ ബ....ബ്ബ ബ.... പറഞ്ഞ് ജാള്യതയോടെ സൈക്കിളിൽ നിന്ന് വീണ ചിരിയുമായി ദയനീയമായി നോക്കുന്നു. പിന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണമെന്ന് തോന്നിയില്ല.

തുടർന്ന് വിവാദ യോഗകേന്ദ്രത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകി. അതെക്കുറിച്ച് ഒടുവിലായി വന്ന ചോദ്യം ഇത്തരമൊരു സ്ഥാപനത്തിനെതിരെ ഒരു ജനകീയ പ്രതിഷേധ മുന്നേറ്റം അവിടെ ഉയർന്നു വരാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു.
'പരാതി ഉയർന്ന ഘട്ടത്തിൽ അന്വേഷണവും കോടതി ഇടപെടലുമുണ്ടായി സ്ഥാപനം പൂട്ടുകയും ചെയ്തു. അതുകൊണ്ടാവാം കൂടുതൽ പ്രതിഷേധം ഉണ്ടാകാതിരുന്നത് .പരാതി ഉയർന്നിട്ടും സ്ഥാപനം അവിടെ പ്രവർത്തനങ്ങൾ തുടരുന്ന സ്ഥിതിയുണ്ടായാൽ സ്വാഭാവികമായും ജനകീയ പ്രതിഷേധങ്ങൾ വരുമായിരുന്നു'' എന്ന മറുപടിയാണ് നൽകിയത്.

എന്നാൽ ഇന്നത്തെ 'തേജസ് ' പത്രത്തിൽ ഞാൻ പറഞ്ഞതായി വന്ന വാർത്ത ഇങ്ങനെയായിരുന്നു. ' തൃപ്പൂണിത്തുറ യോഗകേന്ദ്രം പൂട്ടേണ്ടതില്ല എം .സ്വരാജ്'' എനിക്ക് അദ്ഭുതം അടക്കാനായില്ല . ഇങ്ങനെ പെരുംനുണ പറയാൻ മടിയില്ലാത്ത ആനക്കള്ളനായിരുന്നോ ഇന്നലെ പ്രസ് ക്ലബ്ബിൽ ഉത്തരം മുട്ടിയപ്പോൾജാള്യതയോടെ ദയനീയമായി തല കുനിച്ചിരുന്ന ആ മനുഷ്യൻ ?

ഇതെന്തൊരു മാധ്യമ പ്രവർത്തനമാണ്? ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത മറുപടി . അടച്ചു പൂട്ടിക്കഴിഞ്ഞ വിവാദ കേന്ദ്രം പൂട്ടേണ്ടെന്ന് ഞാൻ പറഞ്ഞത്രെ ...!
മറ്റൊരു പത്രവും ഇങ്ങനെയൊരു നുണ പറഞ്ഞിട്ടില്ല .ഇന്നലെ പ്രസ് ക്ലബ്ബിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരൊക്കെ എല്ലാത്തിനും സാക്ഷികളാണ്. ഇങ്ങനെ കളവു പറഞ്ഞ ആ പെരും നുണയൻ ഇനിയെങ്ങനെയാണ് തന്റെ സഹപ്രവർത്തകരുടെ മുഖത്തു നോക്കുക ?

ഇന്നലെ അവിടെയുള്ള ചാനൽ റിപ്പോർട്ടർമാർ ആദ്യാവസാനം വാർത്താ സമ്മേളനം പകർത്തിയിട്ടുണ്ട്. തേജസ് പത്രത്തെ ഞാൻ വിനയത്തോടെ വെല്ലുവിളിക്കുന്നു നിങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ ' തൃപ്പൂണിത്തുറ യോഗ കേന്ദ്രം പൂട്ടേണ്ടതില്ല ' എന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞതായി ദയവായി നിങ്ങൾ തെളിയിക്കൂ.. അന്തസിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ തെളിയിക്ക്.

നുണയുടെ മറവിലിരുന്ന് കല്ലെറിയുന്ന,
തെറി പറയുന്ന ,
അവരവരുടെ നിലവാരത്തിനനുസരിച്ച ഭാഷ കൊണ്ട് എന്നെ അഭിസംബോധന ചെയ്യുന്ന വർഗീയപേയിളകിയ മനോരോഗികൾ മറുപടി അർഹിക്കുന്നില്ല. സഹതാപം അർഹിക്കുന്നു.
അവരോട് സഹതാപം പ്രകടിപ്പിക്കുന്നു.
വേഗം സുഖമാവട്ടെ എന്നാശംസിക്കുന്നു.

വിവാദ യോഗകേന്ദ്രമായാലും സമാന സ്വാഭാവമുള്ള ഏത് കേന്ദ്രമായാലും ഞങ്ങളുടെ നിലപാട് ഒന്നു തന്നെയാണ്. വിവാദ യോഗകേന്ദ്രം നമ്മുടെ നാടിനു തന്നെ അപമാനവും മുമ്പേ പൂട്ടേണ്ടതുമാണ്. ഗൗരവമായി അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കേണ്ടതുമാണ്. അക്കാര്യത്തിൽ ആർക്കാണ് അവ്യക്തതയുള്ളത് ?
നിലപാടുകൾ പറയേണ്ട സന്ദർഭങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്.

എല്ലാത്തരം വർഗീയതയെയും തുറന്ന് എതിർക്കും. സംഘ പരിവാരത്തിന് ഭരണാധികാരം ഉള്ളതിനാൽ ആ അപകടത്തെ ശക്തിയായി തുറന്നുകാട്ടും. അതിനർത്ഥം മറ്റേതെങ്കിലും വർഗീയതയോട് അയവ് കാണിക്കുമെന്നല്ല. ഫലത്തിൽ സംഘപരിവാർ പാളയത്തിലേക്ക് ആളെ കൂട്ടിക്കൊടുക്കുന്ന ജോലിയാണ് 'തേജസി ത്ഥ ന്റെ വർഗീയതയും ചെയ്യുന്നത്. ഇതും എതിർക്കപ്പെടുക തന്നെ ചെയ്യും. മതമൗലികവാദവും അസഹിഷ്ണുതയും മനുഷ്യരാശിയെ അപകടത്തിലേക്കാണ് നയിക്കുക .ജീവനുള്ള നാൾ വരെ എല്ലാ വർഗീയതയെയും ഞങ്ങൾ തുറന്നെതിർക്കും.

വിവിധ വിഷയങ്ങളിൽ വർഗീയ വാദികൾ തയ്യാറാക്കുന്ന പ്രബന്ധത്തിൽ അടിയൊപ്പ് ചാർത്തി നൽകിയില്ലെങ്കിൽ തരാതരം പോലെ വിവിധ നിറത്തിലുള്ള വർഗീയതയുടെ ആവരണം പുതപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ് വർഗീയ സഹകരണ സംഘങ്ങൾ. ഇത്തവണ എന്നെ പുതപ്പിക്കാൻ കാവിത്തുണിയുമായി ഇറങ്ങിയിരിക്കുകയാണ് 'തേജസും' സംഘവും . സുഹൃത്തുക്കളെ ആ തുണി ഞങ്ങൾക്ക് ചേരില്ല . ബേപ്പൂരും വടകരയുമൊക്കെ പോയി നോക്ക് . സ്വന്തം തറവാട്ടിൽ ഇത്തിരി മൂപ്പുള്ള മൊതലുകൾ അവിടെയൊക്കെ ഇപ്പഴും കാണും അങ്ങോട്ട് പുതപ്പിച്ചേക്ക്.

ഇത്രയും കാലം ഞങ്ങളീ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത് ഒരു വർഗീയ വാദിയുടെയും സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല. പച്ചക്കള്ളം പറഞ്ഞ ശേഷം ആ പെരും നുണ ഉയർത്തിപ്പിടിച്ച് തെറി വിളിയും കൊലവിളിയും നടത്തുന്ന സ്നേഹിതന്മാരെ ഒന്നോർക്കുക ...
നിങ്ങളേക്കാൾ സംസ്കാര ശൂന്യമായി തെറിവിളിയും ഭീഷണിയും അക്രമവും നീണ്ട കാലം നടത്തിയ സംഘപരിവാരത്തിന് ഞങ്ങളുടെയൊന്നും രാഷ്ട്രീയ ധീരതയെ പോറലേൽപിക്കാൻ പോലും കഴിഞ്ഞിട്ടില്ല .
ഇനി 'തേജസും' കൂട്ടരും തുടർ ജോലി ഏറ്റെടുത്താലും കഥ അതു തന്നെയായിരിക്കും. നടക്കുന്നതിനിടയിൽ ചവുട്ടിയരച്ചുകളയുന്ന പുല്ലുപോലെ നുണപ്രചരണങ്ങളെ മറികടന്നു ഞങ്ങൾ മുന്നോട്ടു പോവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top