30 November Thursday

ഗെയ്ല്‍ കുഴിയെടുപ്പിനൊപ്പം ഫോസില്‍ പഠനവും; നിര്‍ദ്ദേശത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2017

തിരുവനന്തപുരം > ഗെയ്ല്‍ പൈപ്പ്‌ലൈനായി ചാലെടുക്കുന്നതിനൊപ്പം അര്‍ദ്ധഫോസില്‍ മരത്തടികളെ കുറിച്ചുള്ള  ഫോസില്‍ പഠനത്തിന് വന്‍ സാധ്യത ഉണ്ടെന്ന ഗള്‍ഫ് മലയാളിയുടെ  ആശയത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും.

  കേരളത്തിലെ പ്രാചീന കാലാവസ്ഥാവ്യതിയതാനങ്ങളെക്കുറിച്ചും തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ വ്യാപകമായി കാണപ്പെടുന്ന അര്‍ദ്ധഫോസില്‍ മരത്തടികളെ കുറിച്ചും പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഗെയ്ല്‍ പൈപ്പ്ലൈന്‍ കുഴിയെടുക്കുന്നതിന് ഒപ്പം നടന്നാല്‍ വളരെ എളുപ്പമായിരിക്കുമെന്നുള്ള കിരണ്‍ കണ്ണന്റെ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തത്. കിരണ്‍ കണ്ണന്‍ ആശയത്തെ കുറിച്ച് തന്റെ ഫേസ്ബുക്കിലിട്ട് പോസ്റ്റ് ഷെയര്‍ ചെയ്താണ് മുഖ്യമന്ത്രി കിരണിന്റെ ആശയത്തെ പിന്തുണച്ചത്.

വിദ്യാര്‍ഥികള്‍ക്കും, ഭൌമ ശാസ്ത്രജ്ഞര്‍ക്കും, പുരാവസ്തു വിദ്ഗദ്ധര്‍ക്കും ആശയം വളരെ ഗുണം ചെയ്യുമെന്ന് കുറിച്ചാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കിരണിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. കിരണിന്റെ ആശയത്തെ പിന്തുണച്ച് നിരവധി പേര്‍ കിരണിന്റെ പോസ്റ്റില്‍ എത്തിയിരുന്നു.കിരണിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ പ്രാചീന കാലാവസ്ഥാവ്യതിയതാനങ്ങളെക്കുറിച്ചും തൃശൂർ മുതൽ ആലപ്പുഴ വരെ വ്യാപകമായി കാണപ്പെടുന്ന അർദ്ധഫോസിൽ മരത്തടികളെ കുറിച്ചും പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഗെയ്ൽ പൈപ്പ്ലൈൻ ചാലെടുക്കുന്നതിന് ഒപ്പം നടന്നാൽ വളരെ എളുപ്പമായിരിക്കും . ഉപരിതലത്തിൽ നിന്നും ഒന്നര മുതൽ മൂന്ന് മീറ്റർ ആഴത്തിലാണ് കുഴിയെടുപ്പ് നടക്കുന്നത് .. തൃശൂർ ജില്ലയിലെ പുഞ്ച നിലങ്ങളിലൊക്കെ കാര്ബണേറ്റഡ് മരത്തടികളുടെ വലിയ ശേഖരമുണ്ട് .. വലിയ വേരുകൾ , തടികൾ , പലപ്പോഴും ആകൃതിനഷ്ടപ്പെടാത്ത ഇലകൾ പോലും ലഭ്യമാണ് . സ്വതന്ത്രമായി ഇങ്ങനെ ഒരു പഠനം നടക്കണമെങ്കിൽ ഫോസിൽ ഖനനത്തിനും അനുമതികൾക്കുമൊക്കെയായി ധാരാളം സമയവും പണവും ആവശ്യമായി വരും .. 15000 വർഷങ്ങൾ മുന്പവരെ കൊടും വനമായിരുന്നു കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളൊക്കെയും . അതിനുശേഷം വന്ന പ്രളയകാലത്ത് നിലവിൽ കരയായികിടക്കുന്ന കേരളത്തിന്റെ 30 ശതമാനം ഭൂവിഭാഗവും വെള്ളത്തിനടിയിലായിപോയി .. കാലാവസ്ഥാവ്യത്യാനങ്ങളുടെ കയ്യൊപ്പുകൾ ഈ പ്രദേശത്തെ മണ്ണിനടിയിൽ പല പല അടുക്കുകളിലായി കക്കകളും ശംഖുകളും അനേകം സബ് ഫോസിലൈസ്ഡ് മരത്തടികളായും കാണാവുന്നതാണ് . ... സ്കോളാർ ഗൂഗിൾ പരിശോധിച്ചാൽ ഈ വിഷയങ്ങളിൽ ഇതിനു മുൻപ് നടന്ന ചില പഠനങ്ങളുടെ പിയർ റിവ്യൂ കഴിഞ്ഞ റിസർച്ച് പേപ്പറുകൾ ലഭ്യമാണ് . പ്രാദേശികമായി സ്‌കൂളുകൾക്കും കോളേജുകൾക്കും എളുപ്പത്തിൽ ഫോസിൽ ശേഖരണത്തിന് ഗെയിൽ വാതക പൈപ്പ് ലൈനിന് ചാല് കീറുന്നിടത്ത് പോയാൽ മതിയാകും .. പുതിയ പാഠ്യപദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്ക് പ്രോജക്ട് ചെയ്യാവുന്നതാണ് ... ( കോളേജുകളിലെയും സ്കൂളുകളിലെയും ശാസ്ത്ര ആധ്യാപകരെ ഈ പോസ്റ്റിൽ ടാഗ് ചെയ്ത് ശ്രദ്ധ ക്ഷണിക്കണം എന്ന് അപേക്ഷ )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top