25 April Thursday

'നിലവാരരഹിത പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ തുടര്‍ന്നെങ്കിലും പരിശ്രമം നടത്തുക; ടി പി സെന്‍കുമാറിന് ഒരു തുറന്ന കത്ത്

കെ ജി സൂരജ്Updated: Tuesday Dec 3, 2019

ലൈംഗിക ബന്ധത്തിലൂടെ പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയുന്നതിനും ഗര്‍ഭനിരോധനത്തിനുമായി ഉപയോഗിയ്ക്കുന്ന പ്രതിരോധ മാര്‍ഗ്ഗമാണ് ഉറ (Condom). ഉറയുടെ ഉപയോഗം ആരോഗ്യകരമായ ജീവിത ശൈലിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. Condom എന്നു കേള്‍ക്കുമ്പോഴോ വായിയ്ക്കുമ്പോഴോ എഴുതുമ്പോഴോ ഒളിഞ്ഞു നോട്ടത്തിന്റെ ഞരമ്പു സുഖം തികട്ടി വരുന്നവര്‍ / Condom ത്തെ അരാജക ജീവിതവുമായി മാത്രം ബന്ധപ്പെടുത്തുന്നവര്‍ തുടങ്ങിയവരെല്ലാം ഒന്നാംതരം സാമൂഹികവിരുദ്ധരായ മാനസിക രോഗികളാണ്. അവര്‍ക്ക് അതിവിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ ഇടവേളകളില്ലാത്ത ചികിത്സ നിര്‍ബന്ധം ആവശ്യമുണ്ട്.

ഇന്ത്യന്‍ ധൈഷണികതയുടെ പ്രതിരൂപമായ ജവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയെ സംബന്ധിച്ച് മുന്‍ കേരള ഡി ജി പി ടി പി സെന്‍ കുമാര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ആ ക്യാമ്പസിന്റെ രാഷ്ട്രീയമോ സാമൂഹികമോ ആയ നിലപാടുകളോ വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം സംബന്ധിച്ചോ അല്ല. മറിച്ച് അദ്ദേഹത്തെ ആകുലപ്പെടുത്തുന്നത്, Condom ങ്ങളാണ്. യൂണിവേഴ്സി ക്യാംപസ് ഉറകളാല്‍ നിറഞ്ഞിരിയ്ക്കുന്നുവത്രേ. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് അദ്ദേഹം കാണുകയും ചെയ്തുവത്രേ.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നേടിയ അഭിമാനകരമായ വിജയമാകാം സംഘപരിവാറിസ്റ്റായ ടി പി സെന്‍ കുമാറിന് ഈ വിധം വെളിപാടു പകര്‍ന്നത്. സെന്‍ (കു) ബുദ്ധിയില്‍ തെളിഞ്ഞു വന്ന 'Condom തിയറിയ്ക്കപ്പുറം' എന്തുകൊണ്ടാണ് ആ തലച്ചോറില്‍ കുട്ടികളുടെ ആക്കാദമിക നിലവാരം സംവാദത്തിനു വിധേയമാകാത്തത്. ഗവേഷണ രംഗത്തെ ഇന്ത്യയിലെ മികവുറ്റ സര്‍വ്വകലാശാല എന്ന നിലയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക പ്രതിഭയെ സംബന്ധിച്ച് ചോദ്യങ്ങളൊന്നുമേ ഉയര്‍ന്നുവരാത്തത്. അതതു കാലഘട്ടങ്ങളിലെ മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്‌നങ്ങളോട് എങ്ങിനെയാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പ്രതികരിയ്ക്കുന്നതെന്ന് പറഞ്ഞുവെയ്ക്കാത്തത്.

ഏറ്റവും മികച്ച കേന്ദ്ര സര്‍വ്വകലാശാല എന്ന നിലയിലെ 'Visitor's Award' നര്‍ഹമാകാന്‍ എങ്ങിനെയാണ് ജെ എന്‍ യു വിനു കഴിഞ്ഞതെന്ന് എന്തുകൊണ്ടാണ് സെന്‍ കുമാര്‍ ചോദിയ്ക്കാത്തത്. സിലബസ്, അധ്യാപനം, മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍, അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍, മികച്ച അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം ( 1:10), ക്യാംപസിന്റെ ഘടന, വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി, യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍, രാത്രികളെ പകലുകളാക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങള്‍, റസിഡന്‍ഷ്യല്‍ ക്യാംപസ് എന്ന നിലയില്‍ ഭക്ഷണം, പുസ്തകങ്ങള്‍ എന്നിവകളില്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലാകെ വിദ്യാര്‍ത്ഥികള്‍ക്കുള്ള തുല്യാവകാശങ്ങള്‍; എന്തുകൊണ്ടാണ് സെന്‍ജീ 'കോണ്ടം' സിദ്ധാന്തം വിശദീകരിയ്ക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും ഇതില്‍ ചിലതെങ്കിലും പറഞ്ഞുവെയ്ക്കാത്തത്.

രാജ്യമാസകലമുള്ള സര്‍വ്വകലാശാലകളില്‍ National Assessment and Accreditation Council (NAAC) നടത്തിയ മൂല്യ നിര്‍ണ്ണയത്തില്‍ 4 ല്‍ 3.91 പോയിന്റുകള്‍ നേടി ജെ എന്‍ യു ഇന്ത്യയില്‍ ഒന്നാമതാണെന്നതും National Institutional Ranking Framework 2016 ല്‍ നടത്തിയ നിര്‍ണ്ണയങ്ങളില്‍ സമാനമായ നിലയില്‍ മൂന്നാമതാണെന്നതും അത് 2017 ല്‍ രണ്ടാമതായിരുന്നുവെന്നതുംഅതേവര്‍ഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ Best University Award ജെ എന്‍ യു നേടിയിരുന്നുവെന്നതും എന്തുകൊണ്ടാണ് സെന്‍കുമാര്‍ ഓര്‍ക്കാതെ പോയത്.

നെഹ്രുവിയന്‍ ആശയസംഹിതകളുടെ അടിസ്ഥാനശിലകളായ ദേശീയോദ്ഗ്രഥനം (Pragya Singh Thakur മോഡല്‍ അല്ല), സാമൂഹികനീതി, മതനിരപേക്ഷത, ജനാധിപത്യരീതിയിലെ ജീവിതക്രമം, സാമൂഹിക പ്രശ്‌നങ്ങള്‍ പഠിയ്ക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനുമുള്ള അന്തരാഷ്ട്ര ധാരണ - ശാസ്ത്രീയ സമീപനം, അവനവനോടുതന്നെ ചോദ്യങ്ങള്‍ ഉന്നയിച്ച് വിമര്‍ശനപരവും സ്വയംവിമര്‍ശനപരവുമായ നിലയില്‍ ഉത്തരങ്ങളിലേക്കെത്തുന്ന രീതി തുടങ്ങിയവകളിലൂടെയെല്ലാമാണ്, ജെ എന്‍ യു വിദ്യാര്‍ത്ഥി സമൂഹം പൊതുധാരയില്‍ നിന്നും വിഭിന്നമാകുന്നത്.

നിലനില്‍ക്കുന്ന മാമൂല്‍ വിദ്യാഭ്യാസ രീതികളില്‍ നിന്നും വിഭിന്നമായി വിദ്യാഭ്യാസ ദര്‍ശനത്തില്‍ യാഥാസ്ഥിക വിരുദ്ധമായ ഘടനയിലൂടെ ജെ എന്‍ യു വിദ്യാഭ്യാസ ക്രമത്തിന്റെ ഊടും പാവും മാറ്റി എഴുതി. അത് അറിവ് കൂട്ടായ നിലകളിലെ കണ്ടെത്തലുകളില്‍ കേന്ദ്രീകരിയ്ക്കപ്പെട്ടു. നമ്മുടെ സര്‍വ്വകലാശാലകളിലെ പരമ്പരാഗത ഡിപ്പാര്‍ട്ട്‌മെന്റ് ഘടനകള്‍ക്കപ്പുറം അനുബന്ധ വൈജ്ഞാനികതകളെയാകെ വിശാലവും സമഗ്രവുമായ നിലകളില്‍ വിഭാവനം ചെയ്യുന്ന 'സ്‌ക്കൂള്‍' , 'സെന്റര്‍' കാഴ്ച്ചപ്പാട് അറിവിന്റെ ജനാധിപത്യപരമായ പങ്കിടലുകളെയല്ലാതെ മറ്റെന്തിനെയാണ് സൂചിപ്പിയ്ക്കുക. ഇതിനോടൊപ്പം പ്രവര്‍ത്തിയ്ക്കുന്ന ഗവേഷണ ക്ലസ്റ്ററുകള്‍ ജെ എന്‍ യു വിന്റെ മാത്രം പ്രത്യേകതയാണ്. നിലവില്‍ പത്ത് 'സ്‌കൂളുകളും' നാല് പ്രത്യേക 'സെന്ററുകളുമാണ്' ജെ എന്‍ യു വിലുള്ളത്.

സെന്‍ജിയ്ക്ക് അറിയുമോ, ജെ എന്‍ യു വാണ് രാജ്യത്താദ്യമായി വിദേശ ഭാഷകള്‍ അഞ്ചുകൊല്ലക്കാലയളവില്‍ പൂര്‍ത്തീകരിയ്ക്കാനാകുന്ന എം എ സംയോജിത കോഴ്സുകളുള്ളത്.
ഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓവര്‍ലാപ്പ് ചെയ്യുന്നതോ ബോര്‍ഡര്‍ ലൈനുകള്‍ അതിലംഘിയ്ക്കുംവിധമോ ഉള്ള വിഷയങ്ങള്‍ ലഭ്യമാക്കുന്നതില്‍ ജെ എന്‍ യു അശേഷം മടികാട്ടുന്നില്ല. Environment and Literary studies, Economics and Science, Sociology and Aesthetics, or Linguistics and Biology തുടങ്ങിയവയൊന്നും പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അപരിചിതമാകുന്നതേയില്ല. നേട്ടങ്ങളുടെ ആകെ തുക വര്‍ഷാന്ത്യ പരീക്ഷകളിലെ മാര്‍ക്ക് മാത്രമാകുന്ന അക്കാദമിക സമ്പ്രദായങ്ങളെ ആദ്യമായി പൊളിച്ചെഴുതിയത് ജെ എന്‍ യു അല്ലാതെ മറ്റൊരു സ്ഥാപനമല്ല. സെമസ്റ്റര്‍ കാലയളവിലാകെ അക്കാദമിക ഗുണനിലവാര പരിശോധന ഉറപ്പാക്കപ്പെടുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും മാനദണ്ഡമാകുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കടക്കം സ്വതന്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കാന്‍ ജെ എന്‍ യു വില്‍ സാഹചര്യങ്ങളുണ്ട്.

പഠനപ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവത്ക്കരണത്തിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തിയ്ക്കുന്ന രാജീവ് ഗാന്ധി ചെയര്‍, അപ്പാദൊരൈചെയര്‍, നെല്‍സണ്‍ മണ്ടേല ചെയര്‍, ഡോ. അംബേദ്ക്കര്‍ ചെയര്‍, ആര്‍ ബി ഐചെയര്‍ , എസ് ബി ഐചെയര്‍, സുഖോമയ് ചക്രവര്‍ത്തിചെയര്‍, എന്‍വയര്‍മെന്റല്‍ ലോചെയര്‍ , ഗ്രീക്ക് ചെയര്‍, തമിഴ്‌ചെയര്‍, കന്നഡചെയര്‍ അടക്കമുള്ള ചെയറുകള്‍ ജെ എന്‍ യു വിന്റെ സവിശേഷതകളാണ്. ഭിന്ന കാലയളവുകളില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളായിരുന്നവര്‍ അക്കാദമികവും ഭരണപരവുമായ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വൈജ്ഞാനിക സമ്പത്തിന്റെ കരുത്താണ്.

ഇതിനെല്ലാമപ്പുറം ചരിത്രം, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഭാഷ - സാഹിത്യം - സംസ്‌കാരം, ഹിസ്പ്പാനിക്ക് ഹൊറൈസണ്‍സ് അടക്കമുള്ള അന്താരാഷ്ട്ര തലത്തില്‍ വായിയ്ക്കപ്പെടുന്ന നാല് ജേര്‍ണലുകളാണ് ജെ എന്‍ യു പ്രസിദ്ധപ്പെടുത്തുന്നത്. ലോകമാകെയുള്ള സര്‍വ്വകലാശാലകളുമായി ഗവേഷണ പദ്ധതികളില്‍ ജെ എന്‍ യു സജീവ പങ്കാളിത്തം വഹിയ്ക്കുകയും സാര്‍വ്വദേശീയവും ദേശീയവുമായ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

University Grants Commission (UGC), ജെ എന്‍ യു വിനെ 'Centres of Excellence' ആയി തിരഞ്ഞെടുത്തിട്ടുണ്ട്. Centre for Historical Studies, the Centre for the Study of Social Systems, the Centre for Political Studies, the Centre for Economic Studies and Planning, the Centre for the Study of Regional Development, and Zakir Husain Centre for Educational Studies തുടങ്ങിയവയാണവ. ഇവയ്ക്കുപുറമേ School of Physical Sciences, School of Life Sciences and School of Environmental Sciences ഉം 'Centres of Excellence' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. Centre for English Studies, School of Language, Literature & Culture Studies എന്നിവകളെ Departmental Research Support ആയി UGC തിരഞ്ഞെടുത്തിട്ടുണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സന്ധിബന്ധങ്ങളില്‍ വിദ്യാര്‍ത്ഥിഹിതത്തിന്റെ ചുറ്റികപ്രഹരങ്ങലേല്‍പ്പിയ്ക്കുന്ന ജെ എന്‍ യു വിനെതിരായ കല്‍പ്പിത കഥാ - കിംവദന്തി - നുണപ്രചാര വേലകളുടെ മൊത്ത ക്വൊട്ടേഷന്‍ ഏറ്റെടുത്തിരിയ്ക്കുന്ന താങ്കളോട് ഒന്നുമാത്രമേ പറയുവാനുള്ളൂ. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ എന്നിവകളെല്ലാം പിന്‍വലിയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സൂചിപ്പിച്ചതുപോലെ പഠന നിലവാരത്തില്‍ മാത്രമല്ല അവകാശ ബോധത്തിലും രാഷ്ട്രീയ നിലപാടുകളിലും ഉറച്ച വ്യക്തതയും നിലപാടുകളുമുള്ളവരാണ് ജെ എന്‍ യു വിലെ വിദ്യാര്‍ത്ഥികള്‍.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അനൈതികതയില്‍ അഭിരമിയ്ക്കുന്ന താങ്കളില്‍ നിന്നും നീതിബോധം പ്രതീക്ഷിയ്ക്കുന്നില്ലെങ്കിലും ഈ നിലയിലെ നിലവാര രഹിത പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ തുടര്‍ന്നെങ്കിലും നല്ല പരിശ്രമം നടത്തേണ്ടതുണ്ട്. സംഘിയാണെങ്കിലും താങ്കള്‍ മലയാളിയുമാണല്ലോ. അരാഷ്ട്രീയമായ ഇത്തരം അപഹാസങ്ങള്‍ മലയാളത്തിലാണല്ലോ. മലയാളത്തെ അപമാനിയ്ക്കരുതല്ലോ. കേരളത്തെ ലജ്ജിപ്പിയ്ക്കരുതല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top