19 April Friday

ഡിജിറ്റൽ വിഭജനത്തിൽ നിന്ന് കേരള മാതൃക വ്യത്യസ്തമാകുന്നത്

കെ എം അഖിൽUpdated: Wednesday Jun 3, 2020

കേരളത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒക്കെ നടന്നുകൊണ്ടിരിക്കുന്ന,ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കുറവിൽ നിന്ന് പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം കുട്ടികളുടെ വർധനയിലേക്ക് എത്തിയ, ക്ലാസ്‌റൂമുകൾ ഹൈടെക് ആവുകയും പാഠപുസ്തകം സമയത്ത് കിട്ടുകയും ചെയ്ത ഒരു കാലയളവാണ് കടന്നുപോവുന്നത്.

ഓരോ പൊതുവിദ്യാലയവും സംരക്ഷിക്കപ്പെടണം എന്ന കാർക്കശ്യം ഈ സർക്കാരിന്റെ നിലപാടുകളിൽ മുഴുവൻ പ്രതിഫലിച്ചിട്ടുണ്ട്. എന്തുകൊണ്ട് പൊതുവിദ്യാലയങ്ങൾ..? സമൂഹത്തിലെ താഴെക്കിടയിൽ ഉള്ള ആളുകൾക്ക്,കർഷകന്റെ തൊഴിലാളിയുടെ മക്കൾക്ക്,പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെങ്കിൽ ഇവിടെ പൊതുവിദ്യാഭ്യാസ സംവിധാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നല്ല ബോധ്യം ഈ സർക്കാരിനുണ്ട് എന്നതുകൊണ്ടുതന്നെ.

മലപ്പുറത്ത് നിന്ന് വന്ന വാർത്ത,വിദ്യാർത്ഥിനിയുടെ ആത്മഹത്യ എന്നത് വളരെ നിർഭാഗ്യകരമായ കാര്യമാണ്, വേദനാജനകമാണ്. ഇങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ള അന്വേഷണങ്ങളും തിരുത്തലുകളും എല്ലാം ഉണ്ടാവേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടുപോവുന്ന ആളുകളെ കൂടെ ഉൾപ്പെടുത്തി വേണം ഒരു നയവും രൂപീകരിക്കേണ്ടത് എന്നുമാണ് ഇടതുപക്ഷ നിലപാടും.

എന്നാൽ കേരളത്തിൽ നിലവിൽ ടിവി, ഇന്റർനെറ്റ് ഒക്കെ ഉപയോഗിപ്പെടുത്തി സമാന്തര പഠനരീതി നിർദ്ദേശിക്കപ്പെട്ട സമയത്തു തന്നെ അതിൽ ഉണ്ടാവുന്ന പരിമിതികളെ പറ്റിയും ആലോചനകളും നടഞ്ഞിരുന്നു, അതിനെ പറ്റുന്നത്രയും പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏകദേശം 2.5 ലക്ഷം കുട്ടികൾക്ക് ഇത്തരം സംവിധാനങ്ങൾ ഇല്ല എന്ന് നിലവിൽ കണക്ക് എടുത്തിട്ടുണ്ട് എന്നും, അവരിലേക്ക് കൂടി എത്താൻ പൊതുജനപങ്കാളിത്തത്തോടെ പദ്ധതി രൂപീകരിക്കുകയാണ് എന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയതാണ്.

ആദ്യത്തെ ഒരാഴ്ച ട്രയൽ കാലയളവ് ആയിരിക്കും എന്ന് കൃത്യമായി തന്നെ പറഞ്ഞിരുന്നു. ഈ ഒരാഴ്ച (അല്ലെങ്കിൽ രണ്ടാഴ്ച, ട്രയൽ നടക്കുന്ന കാലയളവ്) എടുക്കുന്ന പാഠഭാഗങ്ങളെല്ലാം, ട്രയൽ സമയത്തിന് ശേഷം ആദ്യം മുതലേ എടുത്തു തുടങ്ങും. അതുമാത്രമല്ല, ഓഫ് ലൈൻ ക്ളാസ് തുടങ്ങാൻ പറ്റുന്ന സമയത്ത്, ഈ പാഠഭാഗങ്ങൾ എല്ലാം ആദ്യം മുതൽ എടുക്കേണ്ടതുണ്ട് എങ്കിൽ അങ്ങനെയും ചെയ്യുന്നതിൽ തടസ്സമില്ല എന്നുകൂടി വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഇങ്ങനെ ട്രയൽ സമയം എന്നത് എന്തൊക്കെ കുറവുകൾ ഉണ്ട് എന്ന് മനസ്സിലാക്കാനുള്ള സമയം കൂടിയാണ്. ഈ സമയത്ത് ഇതിന്റെ ഭാഗമാവാതെ ഇരുന്നു എന്നത്‌കൊണ്ട് ഒരാൾക്കും ക്ലാസ് നഷ്ടപ്പെടില്ല.

ഇവിടെ എല്ലാവരുടെയും വീട്ടിൽ സംവിധാനം ഒരുക്കുക എന്ന ആലോചനയോട് സമാന്തരമായിതന്നെ ഏത്രത്തോളും വായനശാല,സാമൂഹിക മന്ദിരങ്ങൾ പോലെ ഉള്ള സംവിധാനം ഉപയോഗിക്കാൻ പറ്റുന്നു,അയല്പക്കത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റുന്നുണ്ടോ, മറ്റ് പ്രായോഗിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.ഇതിന് വേണ്ടി ട്രയൽ പിരീഡ് വിനിയോഗിക്കും.

ഇതിൽ പ്രധാനമായ കാര്യം, ഇത്തരം ഒരു പദ്ധതി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നു എന്നതാണ്. കേരളത്തിൽ ജനകീയാസൂത്രണവും സാക്ഷരത മിഷനും തുടങ്ങി ഇങ്ങനെ ക്രിയാത്മകമായ ഇടപെടൽ നടന്ന അവസരങ്ങൾ ഒട്ടനവധിയാണ്.



ഇവിടെ ഇത് നടപ്പിലാക്കാൻ KSFE വഴി, കുടുംബശ്രീ വഴിയും ഒക്കെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അയല്പക്കങ്ങളിൽ കാണാൻ ഉള്ള സംവിധാനങ്ങൾ ചെയ്ത സ്ഥലങ്ങളും ഉണ്ട്. വായനശാല ഒക്കെപ്പോലെ പോതുസംവിധനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്, പല സ്ഥലത്തും അത് തുടങ്ങിയിട്ടും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും മറ്റ് സ്ഥാപനങ്ങളുടെ സഹായവുമെല്ലാം തേടും. എങ്കിലും അവശേഷിക്കുന്ന സ്ഥലങ്ങൾ ഉണ്ടാവും അവിടെയും കാര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. ഈ പദ്ധതിയുടെ നടപ്പിലാക്കൽ ഈ രീതിയിലാണ്.ഒറ്റയടിക്ക് എല്ലാം ചെയ്തുപോകൽ അല്ല.
ഇനി ഇതിൽ പ്രശ്‌നങ്ങൾ ഉണ്ടാവില്ല എന്നല്ല, ഒരു പരീക്ഷണ സംവിധാനം ആണ്,ക്ലാസിന് പകരം ആവില്ല എന്നും വിദ്യാഭ്യാസ വകുപ്പ് തന്നെ പറയുന്നുണ്ട് ഒരുപാട് വെല്ലുവിളികളെ നേരിടാൻ ഉണ്ട് എന്നത് തീർച്ച.സ്‌കൂൾ തുറക്കുന്ന വരെയുള്ള ഒരു പകരം സംവിധാനം മാത്രമാണിത്.

ഇവിടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇത്തരം മുന്നോട്ട് പോക്ക് പല ഇടങ്ങളിലും എതിർക്കപ്പെടുന്ന Online പരീക്ഷ മോഡലിൽ നിന്നും, അത് സൃഷ്ടിക്കുന്ന Digital Divide ഇൽ നിന്നും വ്യത്യസ്തമാവുന്നത് എങ്ങനെയാണ്?

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ പറ്റി ഒന്നും സംസാരിക്കാതെ ആണ് പലയിടത്തും ഓൺലൈനായി പരീക്ഷ നടത്താൻ ആലോചിക്കുന്നത്. പരീക്ഷ എഴുതാൻ സാഹചര്യം അനുവദിക്കാത്ത ആളുകൾ എന്ത് ചെയ്യും എന്ന് ഉത്തരമില്ല. പരീക്ഷ എഴുതാൻ കമ്പ്യൂട്ടർ തന്നെ ആവശ്യമുണ്ട് എന്ന സ്ഥിതി പോലും വരുന്നു. ഇങ്ങനെ ഒരുപാട് വിഷയങ്ങൾ അതുമായി ബന്ധപ്പെട്ട് നിൽനിൽക്കുന്നുണ്ട്.

എന്നാൽ നിലവിൽ ഇവിടെ ട്രയൽ ക്ലാസുകൾ തന്നെ ഒരു ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രമേ  സംപ്രേഷണം ചെയ്യുന്നുള്ളൂ. അതും TV എന്ന മാധ്യമം വ്യാപകമായി തന്നെ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ട്.
ഇതല്ല മറ്റ് സ്ഥലങ്ങളിൽ നടപ്പാക്കി വരുന്ന ഓൺലൈൻ പഠന രീതി എന്നും ഓർക്കണം.
ഓണ്‌ലൈനായി പരീക്ഷ നടത്തുന്നതാകട്ടെ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. കേരളത്തിൽ ഇപ്പൊ നടക്കുന്ന ക്ലാസും അതും ഒരേപോലെ താരതമ്യം ചെയ്യേണ്ടതല്ല.

Digital divide ഇനോട് എതിർപ്പ് പ്രകടിപ്പിചും, പ്രതിഷേധം ഉയർത്തിയും നിലപാട് സ്വീകരിച്ച പ്രസ്ഥാനങ്ങളാണ്, ഇവിടുത്തെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ. ഓണ്‌ലൈൻ പരീക്ഷ നിലവിൽ നടത്താൻ തീരുമാനിച്ച സർവകലാശാല തീരുമാനത്തിനെതിരെ ആ പ്രതിഷേധം തുടരുകയും ചെയ്യുന്നുണ്ട്.

സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തോട് ഇടതുപക്ഷം നിഷേധാത്മക സമീപനം അല്ല ഒരുകാലത്തും പുലർത്തുന്നത്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതും ആർക്ക് പ്രയോജനമായി വരുന്നു എന്നതുമാണ് പ്രധാനം. ഇവിടെ പൊതുവിദ്യാഭ്യാസ സമ്പ്രദായം ആകെതന്നെ ആധുനീകരണത്തിന്റെ പാതയിൽ ആണ്. ക്ലാസുകൾ പരമാവധി ആളുകളിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള പദ്ധതികൂടി ഉൾപ്പെട്ടതാണ് ഈ പുതിയ ചുവടുവയ്പ്പ്. ഇത്തരം യാതൊരു പരിഗണനയും Online പരീക്ഷ നടത്തിപ്പുമായി ബന്ധപെട്ട് ഉണ്ടായില്ല എന്ന് മാത്രമല്ല, അത് മറ്റ് അനേകം പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് അത് എതിർക്കപ്പെടുന്നത്.

കേരളത്തിൽ CBSE സ്‌കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി സ്വന്തം ആപ്പുകളും പ്ലാറ്റ്‌ഫോമുകളും ഉണ്ടാക്കുകയും അത് വലിയ പ്രചാരണമായി വരിക കൂടെ ചെയ്യുന്ന സമയമാണ്. കേരളത്തിലെ സാധാരണകാരായ ആളുകളുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളിളും ഇത്തരം ആധുനിക സജ്ജീകരണങ്ങൾ വരേണ്ടതുണ്ട്.  ഇവിടെ പണമില്ലാത്തത്തിന്റെ പേരിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കാതെ പോകരുത് എന്ന നിലപാട് ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞത്തിൽ അടക്കം പ്രതിഫലിച്ചത്. ഇവിടെ സംസ്ഥാന സർക്കാർ സ്വകാര്യ മേഖലയിലെ ചില സ്ഥാപങ്ങൾ മാത്രം കുത്തകപോലെ വച്ചനുഭവിച്ച ഒരു ഇടത്തേക്ക് കൂടിയാണ് കടന്നുവരുന്നത്. ഒരു വിഭാഗം ആളുകൾക്ക് മാത്രം പ്രാപ്യമായിരുന്ന വിദഗ്ധരുടെയും, പ്രമുഖരായ അധ്യാപകരുടെയും ക്ലാസുകളിലെക്കുള്ള, അങ്ങനെ കെട്ടിയടയ്ക്കപ്പെട്ട ജ്ഞാനോൽപാദന ഇടങ്ങളിലേക്കുള്ള പ്രവേശന സാധ്യത വിവര സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഉണ്ടായിവന്നിട്ടുണ്ട്. അങ്ങനെ ഉള്ള സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംകൂടിയാണ്, IT @ സ്‌കൂൾ പ്രൊജക്ടിലേക്ക് അടക്കം നയിച്ചത്. ഈ പദ്ധതിയിലും അതേ സാധ്യതകൾ ഉണ്ട്. കേരളത്തിലെ സർക്കാർ സ്‌കൂൾ കുട്ടികളെ രണ്ടാം തരക്കാരായി കാണുന്ന പൊതുബോധത്തിന്റെ എതിർത്ത് തോല്പിക്കുകകൂടിയാണ് ഇത്തരം ഓരോ ഇടപെടലും. ലോകത്തിലെ തന്നെ മികച്ച അധ്യാപകരുടെ വിഷയങ്ങളിലെ വിദഗ്ധരുടെ, ക്ലാസുകൾ കേട്ടുപഠിക്കാൻ സൗകര്യമുള്ളവരായി നമ്മുടെ കുട്ടികൾ മാറണം.അതിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തണം .സാഹചര്യം മൂലം ഇത്തരം ഒരു സംവിധാനത്തിലേക്ക് മാറാൻ തങ്ങൾ നിർബന്ധിതരാവുകയാണ് എന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്ന സമയത്ത് തന്നെ,അതിനെ ഭാവിയിൽ ഇങ്ങനെ ഒരു സാധ്യതയായ്കൂടി പരിവർത്തനാപ്പെടുത്താൻ പറ്റേണ്ടതുണ്ട്.

ഇതുപോലെ ഒരു പുതിയ ചുവടുവയ്പ്പ് ഉണ്ടാവുന്ന സമയത്ത്, തെറ്റുകളും കുറവുകളും എന്തായാലും ഉണ്ടാവും.തിരുത്തലുകളും ഒരുപാട് വേണ്ടി വരും.ഇത് സാധാരണ ക്ലാസിന് പകരമാവില്ല എന്ന് പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുകയാണ്.ഈ പ്രതിസന്ധികളെ എല്ലാം പരിഹരിക്കാനും,മുന്നോട്ട് പോകുവാനും സർക്കാരിന് കഴിയേണ്ടതുണ്ട്, കഴിയും എന്ന വിശ്വാസവുമുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ മാത്രമല്ല വേണ്ടിവരിക, സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കുറവുകൾ എവിടെയാണ് എന്ന് പരിശോധിക്കുകയും,അത്തരം ആഴത്തിലുള്ള ഇടപെടകൾ ആവശ്യവുമാണ്. ഇതെല്ലാം ഇടതുപക്ഷ രാഷ്ട്രീയം തിരിച്ചറിയുകയും, അംഗീകരിക്കുകയും ചെയ്ത നിലപാടുകൾ തന്നെയാണ്.



ഇതൊക്കെ ഇങ്ങനെ ആയിരിക്കെത്തന്നെ, ഇന്നലെ വരെ ഇടതുപക്ഷം ട്രാക്ടർ വിരുദ്ധർ- കമ്പ്യൂട്ടർ വിരുദ്ധർ എന്നൊക്കെ പോസ്റ്റർ ഒട്ടിച്ച കുറെ കൊണ്ഗ്രസുകാരും ലീഗുകാരും(ഒപ്പം സംഘികളും UDF ഘടകകക്ഷി ജമാതും) ഈ സന്ദർഭത്തിൽ പൊടുന്നനെ 'ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെ' പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയത് വിരോധാഭാസമായിട്ടല്ലാതെ കാണാൻ വയ്യ.

ഈ Inclusiveness ഇൽ ഒക്കെ എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കില് ഈ പറയുന്ന ആളുകൾക്ക്, ഇടയ്ക്ക് ലീഗും കോണ്ഗ്രസും ഒക്കെ വിറ്റുതുലയ്ക്കാൻ ശ്രമിച്ച വിദ്യാഭ്യാസ മേഖലയെ പറ്റി കൂടി ചർച്ച ചെയ്യാവുന്നതാണ്. രജനി എസ് ആനന്ദും,ജിഷ്ണു പ്രണോയിയെ ഒക്കെകൂടി  ഓർക്കാവുന്നതാണ്.
ഈ തെരുവിൽ പൊതുവിദ്യാഭ്യാസം പ്രതിരോധിക്കാൻ അടിയേറ്റുവീണ ആളുകളുണ്ട്, രക്തംകൊണ്ട് ചുവന്ന നിരന്തര പ്രതിഷേധങ്ങളുടെ ഒരു സമരകാലം തന്നെയുണ്ട്.അന്നൊന്നും ഈ ആളുകളെയോ അവരുടെ കൊടിയോ അവിടെയെങ്ങും കണ്ടിട്ടില്ല.എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെയും പൊതുജീവിതത്തെയും എല്ലാം വിപ്ലവകാരമായി മാറ്റിമറിക്കാൻ നിലപാടെടുത്ത ഒരു സർക്കാരിനെതിരെ വിമോചനസമരം നയിക്കാൻ ഈ ആളുകൾ ഉണ്ടായിരുന്നു.

നിങ്ങളുടെ സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടും അഴിമതികൊണ്ടും പൂട്ടിപോയ സ്‌കൂളുകളും, കുത്തഴിഞ്ഞുപോയ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അവസ്ഥയെ കുറിച്ചും എല്ലാം അതിനോടൊപ്പം ഇവിടെ ചർച്ച ചെയ്യാം. അതിന് കാരണമായ നയങ്ങൾ ഒക്കേ രൂപീകരിച്ച കാര്യങ്ങൾ ഒക്കെ പറയാം.കേരളത്തിലെ മണ്ണിൽ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന് അനുമതിപത്രമെഴുതിയവർ, പഠിക്കാനും പണിയെടുക്കാനും പാവപ്പെട്ടവന് താങ്ങാകുമായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ കുത്തകൾക്ക് തുറന്നുകൊടുത്തവർ, മുതലാളിത അനുകൂല സാമ്പത്തിക നയങ്ങൾകൊണ്ട് ഇവിടെ കർഷകനെയും,തൊഴിലാളിയെയും എല്ലാം അഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയവർ,അതിനെല്ലാം ഒത്താശപാടിയവർ. അങ്ങനെ ഇന്നലെ വരെ ഇന്നലെ വരെ നിങ്ങൾ ചെയ്തതും പറഞ്ഞതും,അതിനെ എതിർത്തവരെ ചീത്തവിളിച്ചതും എല്ലാം ഓർത്തിട്ടുകൂടിമതി ഇന്ന് പൊടുന്നനെ ഉള്ള ഈ വാചോടാപങ്ങളൊക്കെ എന്ന്കൂടി ഈ അവസരത്തിൽ നിങ്ങളോട് പറയേണ്ടതായി വരും!

ഇവിടെ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്,അതിന് വേണ്ടിയുള്ള സമരങ്ങൾക്ക് മുന്നിൽ ഇവിടുത്തെ ഇടതുപക്ഷമുണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകതന്നെ ചെയ്യും,നിങ്ങൾ കഴിഞ്ഞ കാലത്ത് ചെയ്ത് വച്ച ഈ ഒറ്റുകൊടുക്കലിന്റെ ചരിത്രമൊന്നും ഇങ്ങനെ വേട്ടയാടാൻ ഉണ്ടാവില്ല എന്ന ഉത്തമബോധ്യത്തോടെതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top