26 April Friday

നിപാ ഭീതിയൊഴിയും മുൻപേ രാഷ്‌ട്രീയ മുതലെടുപ്പുമായി മനോരമ ന്യൂസ്‌; രൂക്ഷവിമർശനവുമായി ഡോ. ദീപു സദാശിവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 3, 2018

നിപാ വൈറസ്‌ ബാധക്ക്‌ കാരണം ആരോഗ്യ വകുപ്പിന്റെ വീഴ്‌ചയാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിച്ച മനോരമാ ന്യൂസ്‌ ചർച്ച ‘കൗണ്ടർ പോയിന്റി’ന്‌ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഇന്നലെ രാത്രി എട്ടു മണിക്ക്‌ നടന്ന ചർച്ചയിൽ അവതാരകയായ നിഷ പുരുഷോത്തമൻ ഏകപക്ഷീയമായി മുൻവിധിയോടെ വിഷയത്തെ സമീപിക്കുകയായിരുന്നു. കേരളം ഒറ്റക്കെട്ടായി ഈ മാരകരോഗത്തെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമ്പോഴാണ്‌ മനോരമയുടെ നിരുത്തരവാദപരമായ സമീപനം. നിപാ വൈറസ്‌ ഭീതിയൊഴിയും മുൻപേ വിഷയത്തെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു. പ്രതിഷേധമുയർത്തിയവരിൽ മാധ്യമ പ്രവർത്തകരും ഡോക്ടർമാരും ഉൾപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ ആരോഗ്യ വിഷയങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയനായ ഡോ. ദീപു സദാശിവൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌: 


മനോരമ കൌണ്ടര്‍ പോയിന്റ് കണ്ടു...
ഡോ. ജിനേഷ്‌ പി എസും ഡോ. അനൂപും കൃത്യമായി നല്ല ഭാഷയില്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. എങ്കിലും ചര്‍ച്ച നയിച്ച നിഷ തുടരെ തുടരെ 'മുന്‍വിധിയോടെ ഡോക്ടര്‍മാര്‍ സംസാരിക്കരുത്' എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു...
ചര്‍ച്ച കണ്ട ആര്‍ക്കും (റിക്കോർഡിങ്‌ കണ്ടാല്‍ ശ്രീമതി നിഷയ്ക്കുപോലും) പിടികിട്ടും മുൻവിധി എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ അത് ചര്‍ച്ച നയിച്ച ആള്‍ക്ക് മാത്രമായിരുന്നു എന്ന്. ആരോഗ്യവകുപ്പിന് പാളിച്ചകളുണ്ടായി എന്നും അതുകൊണ്ടാണ് രോഗം ഇവിടെ വന്നതും മരണം ഉണ്ടായതുമെന്നും സ്ഥാപിക്കാന്‍ ആര്‍ക്കായിരുന്നു വ്യഗ്രത/മുൻവിധി എന്നൊക്കെ കണ്ടവര്‍ക്ക് തീരുമാനിക്കാവുന്നതാണ്.

കേരളത്തിലെ ആരോഗ്യമേഖലയുടെ പരാജയംകൊണ്ടാണ് നിപ്പാ ഇവിടെ വന്നതും 17 മരണങ്ങള്‍ ഇവിടെ ഉണ്ടായതും എന്ന് സമ്മതിപ്പിച്ചിട്ടല്ലാതെ എഴുന്നേറ്റ്‌ പോകണ്ടെന്ന്‌ ഡോക്ടര്‍മാരോട് പറഞ്ഞു കളയുമോ എന്ന് വരെ ഒരു വേള ഞാന്‍ ചിന്തിച്ചു പോയി.

'അപൂര്‍വ്വ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെ ആയില്ലേ കേരളം ?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തകര്‍ത്തുകളഞ്ഞു...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉളുപ്പ്, ഔചിത്യം ഒന്നും വേണ്ടാന്നായി... ബ്ലെയിം ഗെയിം ഒക്കെ കളിക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൂടി അല്പം കൂടി വെയിറ്റ് ചെയ്തൂടെ?!! ഈ രോഗാണുവിനെ ആദ്യം ഒന്ന് ഒതുക്കിയിട്ട്‌ ആയിക്കൂടെ...??!!

ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍, ഇത്തരം ഒരു അപൂര്‍വ്വ രോഗം ഇത്ര വേഗം കണ്ടെത്തിയതും, ആയിരങ്ങളിലേക്ക് പടരാമായിരുന്നിട്ടും രോഗപ്പകര്‍ച്ച വലിയ അളവില്‍ തടഞ്ഞതും, വളരെ ഉയര്‍ന്ന മരണ നിരക്ക് ഉള്ളയിടത്തു ആകെ മരണ സംഖ്യ 17 ല്‍ ഒതുക്കി നിര്‍ത്താനാവുന്നതും നിസ്സാരമല്ലാത്ത കാര്യം തന്നെയാണ്...

പിന്നെ 'കേരള മോഡല്‍ ആരോഗ്യമാതൃക' എന്നൊക്കെ പറയുന്നത് ചില സൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാം പെര്‍ഫെക്റ്റ് ആണെന്നൊന്നുമല്ല, അങ്ങനെ ആരും അവകാശപ്പെട്ടതായും അറിവില്ല(ഒത്തിരി മെച്ചപ്പെടാനും ഉണ്ട്). കേരള ആരോഗ്യവകുപ്പ് എന്ന് കേട്ടുപേടിച്ചു രോഗാണുക്കള്‍ വാളയാര്‍ ചുരം എത്തുമ്പോള്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടും എന്നും അര്‍ത്ഥമില്ല. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും നമ്മള്‍ കൊണ്ട് വരുന്ന നേട്ടങ്ങളും കാര്യപ്രാപ്തിയും ശ്ലാഘനീയം ആയിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്...

ഉദാ:വലിയ സാഹചര്യങ്ങളില്‍ പരിശീലിച്ചു വരുന്ന അത്ലറ്റിനോട് മത്സരിച്ചു പരിമിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന നമ്മുടെ കുട്ടികള്‍ വിജയികള്‍ ആവുന്ന സാഹചര്യത്തില്‍ തോന്നുന്ന ആശ്ചര്യം പോലെ ഒക്കെ ഉള്ള ഘടകങ്ങളും ഉണ്ട്...

പകര്‍ച്ച വ്യാധികള്‍ വരാന്‍ പാകത്തിന് മനുഷ്യര്‍, ജനസംഖ്യ, ജനസാന്ദ്രത, ചില രോഗാണുക്കള്‍ക്ക് വളരാന്‍ അനുഗുണമായ അന്തരീക്ഷ ഊഷ്മാവ്, ഇടയ്ക്കിടെ മഴ പെയ്യുന്നത് കൊണ്ട് രോഗപ്പകര്‍ച്ച സഹായികളായ കൊതുകുകള്‍ക്ക് പെരുകാനുള്ള സാഹചര്യം, പൊതുശുചിത്വത്തിന്റെ അഭാവം എന്ന് വേണ്ട പകര്‍ച്ചാ രോഗങ്ങള്‍ വരാനുള്ള അനേകം സാദ്ധ്യതകള്‍ ഇവിടെ നില നില്‍ക്കുന്നുണ്ട്!!

കൂനിന്മേല്‍ മുട്ടന്‍ കുരു ആയി വടക്കന്‍, മോഹനന്‍, വാട്സ് ആപ് സാഹിത്യം തുടങ്ങിയ ഘടകങ്ങള്‍ വേറെ...

ആയതിനാല്‍ രോഗങ്ങള്‍ വരുന്നത് പാടേ ഇല്ലാതാക്കാന്‍ മനുഷ്യനാല്‍ സാധ്യമാണ് എന്ന് തോന്നുന്നില്ല... അമരത്വത്തിനുള്ള മരുന്നും നിലവിലില്ല. സോ... പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ച പരമാവധി കുറയ്ക്കുക, വാക്സിന്‍ കൊണ്ട് തടയാവുന്നവ ഇല്ലാതാക്കാന്‍ ശ്രമിക്കുക, ശരിയായ ചികിത്സയിലൂടെ മരണവും രോഗാതുരതയും കുറയ്ക്കുക ‐ ഇത്രയൊക്കെയേ മനുഷ്യസഹജമായ സാദ്ധ്യതകള്‍ ഉള്ളൂ... നടന്ന 17 മരണം പോലുള്ളവ ഒഴിവാക്കാന്‍ വേറെ എന്തേലും മാര്‍ഗം ഉണ്ടേല്‍ ചാനല്‍ ചര്‍ച്ച നയിക്കുമ്പോള്‍ നിഷയെപ്പോലുള്ളവര്‍ അത് മുന്നോട്ടു വെക്കുമെന്ന് കരുതുന്നു...

(നിപ്പായെ കുറിച്ച് അപകടസാധ്യതകള്‍ ഇനിയും അകന്നിട്ടില്ല, ഇനിയും ഏറെ ജാഗ്രതയോടെ അനവധി പടവുകള്‍ കയറാനുണ്ട്‌.... ഇത്തരുണത്തില്‍ ഒരു അഭിപ്രായം പറയണം എന്ന് കരുതിയതല്ല...)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top