04 June Sunday

"ഇവിടെയിപ്പം പാകിസ്ഥാനെയോര്‍ത്ത് ആരും തലപുണ്ണാക്കുന്നില്ല. ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്"

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

 കെ ജെ ജേക്കബ്

കെ ജെ ജേക്കബ്

കേരളം അങ്ങിനെയാണ് ഇങ്ങിനെയാണ് അവിടെ ആകെ പ്രശ്നമാണ് എന്നെല്ലാം വ്യാജചിത്രങ്ങള്‍ സഹിതം കണ്ണുമടച്ച് തളളിവിടുന്നവര്‍ കഴപ്പത്തിലാക്കുന്നത് മറുനാടന്‍ മലയാളികളെയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ്. കെ സുരേന്ദ്രനെപോലുള്ളവര്‍ കേരളത്തിനുള്ളിലിരുന്ന് എവിടേയോ നടന്ന പശുക്കൊലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ബുദ്ധിമുട്ടാകുന്നത് പുറത്തുള്ളവര്‍ക്കാണ്. കേരളത്തിന് പുറത്ത് ഈ നുണപ്രചരണം തുടരുമ്പോള്‍ അതെത്തിചേരുന്നത് അരക്കഴഞ്ച് വിവരമില്ലാത്തവന്റെയടുത്താണ്. അവിടെ നിങ്ങള്‍ വിളിച്ച കീ ജെയ്കള്‍ക്കൊന്നും ഒരു രക്ഷയും തരാനാകില്ല. അമ്മേ എന്ന ഒറ്റവിളിയില്‍ പണിതീരും. അതുകൊണ്ട് ബിജെപിക്കാരെ ഇവിടെ നിങ്ങള്‍ക്ക് കേരളത്തിലെ രാഷ്ട്രീയം പറയാം..ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ചുവടെ


കഴിഞ്ഞയാഴ്ച ഒരു ടി വി ചര്‍ച്ചയില്‍ ഞാന്‍ ശ്രീ കെ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചത് ഇതാണ്: എവിടെന്നൊകിട്ടിയ പശുക്കൊലയുടെ ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ ഇടുകയും നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അപകടത്തിലാക്കുന്നത് കേരളത്തിന് പുറത്തുള്ള മലയാളികളെയാണ്.

‘കൊലപാതകത്തിന് ശേഷം കണ്ണൂര്‍ കമ്യൂണിസ്റ്റുകള്‍ ആഘോഷിക്കുന്നു’ എന്ന് പറഞ്ഞു ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ പിള്ളേര് ചെണ്ടകൊട്ടുന്ന വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്പോള്‍ മാനം പോകുന്നത് കേരളത്തിന് പുറത്തുള്ള മലയാളിയുടെയാണ്.

അമിത് ഷാ കണ്ണുരുട്ടിക്കാണിക്കുന്നുണ്ട്, വോട്ടിന്റെ എണ്ണം കാണിച്ച് ഞെളിയേണ്ട, സീറ്റെവിടെ എന്ന് അദ്ദേഹം ചോദിക്കും. നിങ്ങള്‍ക്ക് ഫലം കാണിച്ചേ പറ്റൂ. നിങ്ങള്‍ അതിന്റെ പരിശ്രമത്തിലാണ്. നിങ്ങള്‍ക്ക് പറയാന്‍ ഒരു രാഷ്ട്രീയം കേരളത്തില്‍ ഉണ്ട്; പക്ഷെ അത് നിങ്ങള്‍ക്ക് വേണ്ട. പകരം പരിവാരം ഉത്തരേന്ത്യയില്‍ പയറ്റിയ അതെ അടവുകള്‍ പയറ്റുന്നു. ആവട്ടെ. അതങ്ങിനെ നടക്കട്ടെ.

പക്ഷെ എനിക്ക് പറയാനുള്ളത് ഈ പ്രചാരണത്തിന്റെ ‘ഭാഗമായി കൂടിയിരിക്കുന്ന മറ്റുള്ളവരോടാണ്: കേരളത്തിലുള്ള നിങ്ങള്‍ നുണ പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ പേരില്‍ നിങ്ങള്‍ക്കിവിടെ പ്രശ്നമുണ്ടാവാന്‍ വഴിയില്ല. നിങ്ങള്‍ സുരക്ഷിതരായിരിയ്ക്കും എങ്കിലും നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പുറത്തുണ്ടെന്നു കരുതുന്നത് അവര്‍ക്കു ഗുണം ചെയ്യും.

കേരളത്തിന് പുറത്തിരുന്നു ഈ നുണപ്രചാരണം റിലേ ചെയ്യുന്ന മലയാളികള്‍ ഒന്നോര്‍ക്കുന്നത് അവര്‍ക്കു ഗുണകരമായിരിക്കും: അരക്കഴഞ്ച് വിവരമില്ലാത്തവന്റെയടുത്താണ് ഇതൊക്കെ ചെന്നെത്തുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിങ്ങള്‍വിളിച്ച ‘കീ ജയ്’ ഒന്നും നോക്കിയിട്ടായിരിക്കില്ല പ്രയോഗം; അറിയാതെ പൊങ്ങുന്ന ‘അമ്മേ’ എന്ന ഒറ്റ വിളിയില്‍ തീരും നിങ്ങളുടെ പണി. അതുകൊണ്ടു നിങ്ങള്‍ ഒരു മയത്തിലായാല്‍, നാട്ടിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒന്ന് മയത്തിലാക്കാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗുണകരമായേക്കും.

ഇവിടെയിപ്പം ‘പാകിസ്ഥാനെയോര്‍ത്തു ആരും തലപുണ്ണാക്കുന്നില്ല. ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

ഇങ്ങിനെയൊക്കെ ആയിരിക്കുകയും ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top