30 March Thursday

മദ്യശാലകള്‍ പൂട്ടിയാല്‍ നമുക്കെന്ത്, അറിയുമോ ? - വരുമാനത്തില്‍ 5000 കോടി നഷ്ടം, ടൂറിസം, ആരോഗ്യ മേഖലകള്‍ക്ക് തിരിച്ചടി, പുതിയ ലഹരി വഴികള്‍ തേടും...

ഗോപകുമാര്‍ മുകുന്ദന്‍Updated: Monday Apr 3, 2017

തിരുവനന്തപുരം > രാജ്യത്ത് ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി കേരളത്തിന് നികത്താനാകാത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ടൂറിസം മേഖലയിലും പ്ളാന്റേഷന്‍ മേഖലയിലും പ്രവാസി മേഖലയിലും വന്‍ തിരിച്ചടികളുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റ്.

ഗോപകുമാര്‍ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

1. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറഞ്ഞത്
5000 കോടി രൂപയുടെയെങ്കിലും ഇടിവു വരും. 100200 കോടി നഷ്ടം വരുന്നതു പോലെയല്ല. ഇത് നികത്താനാവില്ല. ഇത് പോകട്ടെ എന്നാണ് നാം ഒരു സമൂഹമെന്ന നിലയില്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ നഷ്ടവും നാം സഹിക്കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ ചെലവില്‍ ആനുപാതികമായ കുറവു വരുത്തുകയല്ലാതെ മറ്റു മാര്‍ഗം ഉണ്ടാകില്ല എന്നു തോന്നുന്നു.

2. നഷ്ടം സഹിച്ച് മദ്യ ലഭ്യത ഈ നിലയ്ക്ക് താത്തിയാല്‍ ഇന്നലെ വരെ മദ്യപിച്ചിരുന്നവര്‍ ഇന്ന് കാലത്ത് മുതല്‍ ജീരകം വറുത്തു വെന്ത വെള്ളം കുടിച്ച് കഴിയുമെന്ന് കരുതരുത്. മദ്യലഭ്യതയ്ക്കായി സ്വന്തം വഴി നോക്കും. അതിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഒന്നും ഉറപ്പാക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതും ഓര്‍ക്കണം. കേരളം വിദ്യാഭ്യാസത്തിലും ഗതാഗതത്തിലും ആരോഗ്യത്തിലുമെല്ലാം സമീപകാലത്ത് സ്വീകരിച്ച രീതിയുണ്ട്. വ്യക്തികള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക. സാമൂഹൃ അജണ്ടയൊന്നുമുണ്ടാകില്ല. മുന്തിയ വ്യക്തി താല്പര്യങ്ങള്‍ക്കനുസരിച്ച് ചില സംവിധാനങ്ങള്‍ ഉരുത്തിരിഞ്ഞു വരും. ഒരു തരം മാര്‍ക്കറ്റ് മെക്കാനിസം. വ്യക്തി താല്പര്യങ്ങളുടെ സംഘാതമായിരിക്കില്ല ദീര്‍ഘകാല സാമൂഹൃ താല്പര്യം. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കും. ഒരു ബ്രേക്ക് ഡൗണിലേയ്ക്ക് കാര്യങ്ങള്‍ എത്തും. അപ്പോള്‍ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം. സ്വാശ്രയ കോളേജുകളിലും മറ്റുമെന്ന പോലെ. പക്ഷെ വില ജീവനായിരിക്കും എന്നോര്‍ക്കുന്നത് നമുക്ക് നന്ന്

3. നിയന്ത്രണങ്ങളുടെ കണ്ണുവെട്ടിച്ച് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടു കൂടുതലുള്ള ലഹരിയാണ് മദ്യം. അപ്പോള്‍ എളുപ്പമുള്ള വഴി മറ്റു ലഹരി വഴികള്‍ തേടുക എന്നതാകും. നമ്മുടെ മെഡിക്കല്‍ സ്റ്റോറുകളും മറ്റും ലഹരി ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന എളുപ്പ വഴികളായി തീരുകയാകും ഫലം.

4. സ്റ്റാറില്‍ ബാറില്ലാതായാല്‍ കുറച്ച് മാന്യന്മാരുടെ കുടി മുട്ടുമെന്നല്ലേയുള്ളൂ.. ആര്‍ക്കു ചേതം? അത്ര ലളിതമല്ല ബാര്‍/ ബിയര്‍ പാര്‍ലര്‍ പ്രശ്നം. ലേ മെറിഡിയനില്‍ പ്രൊഫഷണല്‍ കോണ്‍ഫ്രന്‍സ് നടക്കുന്ന ദിവസം ഒന്നു വീക്ഷിക്കുക. എത്ര ടൂറിസ്റ്റ് ടാക്സികളാണ് ഓടുക? നൂറുകണക്കിന് എണ്ണം. നെടുമ്പാശ്ശേരിയുടെ വളര്‍ച്ചയില്‍ പോലും ഈ കോണ്‍ഫറന്‍സ് ടൂറിസത്തിന് ഗണ്യമായ റോളുണ്ട്. പ്രൊഫഷണല്‍ കോണ്‍ഫറന്‍സുകള്‍ക്ക് വരുന്നവര്‍ മദ്യപിക്കാനാണോ വരുന്നതെന്ന ചോദ്യം ഒരു തരം മുട്ടാതര്‍ക്കം മാത്രമാണ്. അതിനുള്ള സൗകര്യം ഒരു ആവശ്യമാണ്. അത് കൂടി ലഭ്യമായ മറ്റ് സ്ഥലങ്ങള്‍ തേടും അത്ര തന്നെ.

5. പ്ലാന്റേഷന്‍ മേഖലയുടെ ഗതിയെന്താകും എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും പിടിയുണ്ടോ? പ്രവാസത്തൊഴിലിന്റെ കാര്യമോ? പോട്ടെ പരമ്പരാഗത മേഖലയില്‍, പഠിച്ച പുതു തലമുറയ്ക്ക് പണിയെടുക്കാന്‍ വിടുക നടക്കുമോ? പിന്നെന്തു ചെയ്യും? നമ്മുടെ ഇക്കോണമി യുടെ 1013 ശതമാനമുള്ള ഒരു പുതു തലമുറ തൊഴില്‍ തുറയാണ് ടൂറിസം. അതിനെ സ്ഥായിയായി വികസിപ്പിക്കാന്‍ വഴിയുമുണ്ട്. അപ്പോഴും മുട്ടാതര്‍ക്കം ഉന്നയിക്കാം. കുടിക്കാനാണോ കേരളത്തില്‍ വരുന്നത്? അത് ഒരു, ഒരു ചെറിയ ,ഘടകമാണെന്നെങ്കിലും അംഗീകരിക്കുമോ? എങ്കില്‍ അതിനും കൂടി സൗകര്യമുള്ള കേരളത്തിന് സമാനമായ മറ്റ് സ്ഥലങ്ങളുണ്ട്. യാത്രികര്‍ അത് തേടിപ്പോകും. അതില്‍ വിലപിച്ചിട്ട് കാര്യമില്ല.
6. ധനപരവും സാമ്പത്തികവും സാമൂഹികവും സുരക്ഷാ ബന്ധിതവു മൊക്കെയായ വിപുല മാനങ്ങളുള്ള ഒരു വിഷയത്തെ കേവലം സദാചാര നിലപാടുകള്‍ക്കകത്ത് നിര്‍ത്തി പരിശോധിക്കുന്ന ദുര്യോഗമാണ് നാം നേരിടുന്നത്. മതത്തിനും പൗരോഹിത്യത്തിനുമൊക്കെ അതിനപ്പുറം കാഴ്ച പോകേണ്ടതില്ല. രാഷ്ട്രീയത്തിന് അതു പോര. എത്ര വേഗം നമുക്ക് അത് തിരിയുന്നുവോ അത്രയും നന്ന്. അല്ലെങ്കില്‍ നമുക്ക് ഒരു ബ്രേക്ക് ഡൗണിനായി കാത്തിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top