25 April Thursday

ആനക്കുട്ടന് സ്റ്റാറ്റസിനൊത്ത പേര് ആവശ്യപ്പെട്ട് കൊച്ചി മെട്രോ ; 'കുമ്മനാന' എന്ന് നല്‍കി സോഷ്യല്‍മീഡിയ, ഇതിലും മികച്ച പേര് സ്വപ്നങ്ങളില്‍ എന്ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

കൊച്ചി > വ്യാഴാഴ്ചയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഔദ്യോഗിക ഫേ‌സ്ബുക്ക് പേജിലൂടെ മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് ഇടാന്‍ ആവശ്യപ്പെട്ടത്.  പേര് നിര്‍ദ്ദേശിക്കൂ.. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ എന്നായിരുന്നു പരസ്യം. 

അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട അതൊന്നും സ്റ്റാറ്റസിന് ചേരില്ല എന്നും ആനക്കുട്ടന്‍ പറയുന്നതായും പരസ്യത്തിലുണ്ട്. നല്ല കൂള്‍ ആയൊരു പേര്, ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കും. നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് സമ്മാനവും ലഭിക്കും.  ആവേശകരമായാണ് പോസ്റ്റിനോട് ഫേസ്ബുക്ക് പ്രതികരിച്ചത്.

രസകരവും ആകര്‍ഷകവുമായ പേരുമായി പലരും എത്തി . കൊച്ചാന, കോമെറ്റ്, ശ്രീ തുടങ്ങി വായില്‍ കൊള്ളാത്ത പേര് വരെ നിരന്നു. എന്നാല്‍ ട്വിസ്റ്റ് അവിടെയായിരുന്നില്ല. മെട്രോയുമായി ഏറ്റവും ബന്ധമുള്ള പേര് ഏതോ സഹൃദയന്‍ നല്‍കിയ പേരായിരുന്നു പിന്നീട് ചിത്രത്തില്‍. 'കുമ്മനാന' എന്നായിരുന്നു അത്. ഇതോടെ പേരിന് കമന്റിന് ലൈക്കുകളുടെ പൂരമായി. ഇതിനകം 1600 ലൈക്കുകള്‍ കുമ്മനാനയ്ക്ക് കിട്ടിക്കഴിഞ്ഞു. മെട്രോ വാക്കുപാലിക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യം.വെളുക്കാന്‍ തേച്ചത് പാണ്ട് എന്നനിലയിലായി മെട്രാ അധികൃതരുടെ അവസ്ഥ.

ഇതിലും നല്ല പേരുകള്‍ ഇനി സ്വപ്നങ്ങളില്‍ മാത്രമാണെന്ന് ട്രോളി പേരിനെ പിന്തുണച്ച് നിരവധി പേരാണ് ഇപ്പോളും മെട്രോ പോസ്റ്റിലേക്ക് എത്തുന്നത്. മെട്രോ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വലിഞ്ഞുകയറിയതും വാര്‍ത്തയായിരുന്നു. കുമ്മനത്തിന്റെ ഈ നടപടിയോടെ ടിക്കറ്റ് എടുക്കാതെയും ക്ഷണിക്കാതെയും വലിഞ്ഞുകയറി ചെല്ലുന്ന രീതിയ്ക്ക് 'കുമ്മനടി' എന്ന പുതിയ വാക്കും സോഷ്യല്‍ മീഡിയ സംഭാവന ചെയ്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top