27 April Saturday

ആദ്യ സ്‌കൂള്‍ദിന ഓര്‍മ്മകള്‍ പങ്കുവെച്ച് സോഷ്യല്‍മീഡിയയും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2016

പ്രവേശനോത്സവത്തിന്റെ നിറവും മധുരവും നുണഞ്ഞ് കുരുന്നുകള്‍ എത്തിയതോടെ അവധി ആലസ്യംവിട്ടൊഴിഞ്ഞ് വിദ്യാലയങ്ങളും ആഘോഷത്തിലാണ്. വിദ്യാലയങ്ങളുടെ പടികളിറങ്ങിപ്പോയ പൂര്‍വ്വ വിദ്യാര്‍ഥികളും ഓര്‍മ്മകളുടെ മഴ നനയുകയാണ്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് തങ്ങളുടെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അവയില്‍ ചിലത് ഇവിടെ വായിക്കാം...

Ekbal Bappukunju

ചങ്ങനാശേരി ഗവര്‍മെന്റ് മുഹമ്മദന്‍സ് യു പി സ്കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. ഞാന്‍ ലോവര്‍ പ്രൈമറി ക്ലാസ്സില്‍ (1953 മുതല്‍ 58 വരെ) പഠിച്ചത് ഈ സ്കൂളിലായിരുന്നു. ശരിക്കും എന്റെ ആദ്യ മാതൃവിദ്യാലയം എന്ന് പറയാം. കക്ഷത്തില്‍ ചൂരലുമായി കൈകൊട്ടി കുട്ടികളൂടെ ശ്രദ്ധയാകര്‍ഷിച്ച് ക്ലാസിലേക്ക് കടന്നു വരുന്ന അന്നത്തെ ഹെഡ് മാസ്റ്റര്‍ നാരായണപണിക്കര്‍ സാറിന്റ് ചിത്രം ചുവരില്‍ കണ്ടു. കുട്ടികള്‍ കര്‍ശനമായ അച്ചടക്കം പാലിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു പണിക്കര്‍ സാര്‍. ഞാന്‍ പിന്നീട് എസ് ബി ഹൈസ്കൂളില്‍ 6 ക്ലാസില്‍ ചേര്‍ന്ന ശേഷം മുഹമ്മദന്‍സ് സ്കൂള്‍ യു പി യായി ഉയര്‍ത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി പ്രൊഫസറായി റിട്ടയര്‍ ചെയ്ത ഡോ എസ് അബ്ദുല്‍ഖാദര്‍ അടക്കം ഇവിടെ പഠിച്ച ഏതാനും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

സ്കൂള്‍ ലൈബ്രറിയിലേക്ക് നല്‍കാനായി ഞാന്‍ കൊണ്ടുവന്ന ഏതാനും ബാലസാഹിത്യകൃതികള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആമിനാ ഏറ്റുവാങ്ങി. 2001 ലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അണ്‍ എക്കോണമിക്ക് എന്ന പേരില്‍ ഈ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നതാണ്. അന്ന് ഞാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്നു. ഡോ അബ്ദുല്‍ ഖാദറും ഞാനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിക്ക് നിവേദനം നല്‍കിയതിനെതുടന്ന് സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് റദ്ദ് ചെയ്യുകയാണുണ്ടായത്. . എന്നാല്‍ ഇപ്പോഴും സ്കൂളിന്റെ ഭാവി ആശങ്കയിലാണ്. 7 ക്ലാസ്സുകളിലായി 55 കുട്ടികളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം കേവലം 33 കുട്ടികളാണുണ്ടായിരുന്നത്. 5 പേര്‍ ഒന്നാം ക്ലാസിലും 17 പേര്‍ മറ്റ് സ്കൂളുകളീല്‍ നിന്നും 2-5 ക്ലാസ്സുകളിലും ഇത്തവണ ചേര്‍ന്നിട്ടുണ്ട്. 5 അദ്ധ്യാപകരാണ് സ്കൂളിലുള്ളത്.

Suja Susan George

നാളെ സ്കൂളുകള്‍ തുറക്കുകയായി.പുതിയ കുരുന്നുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ കാണുമ്പോഴൊക്കെ എന്‍റെ ഒന്നാം ക്ളാസ്സിലെ അരക്ഷിതമായ ആദ്യദിവസത്തെക്കുറിച്ച് ഓര്‍ക്കും.

തെരുവില്‍ സ്കൂളെന്നാണ് തുമ്പമണ്‍ MSC L.P സ്കൂളിനെ ഞങ്ങള്‍ വിളിച്ചിരുന്നത്.എന്‍റെ അച്ചാച്ചന്‍(പിതാവ്) അധ്യാപകനായിരിക്കുന്ന എംജിഹൈസ്കൂളിന്‍റെ ഗ്രൗണ്ട് കഴിഞ്ഞാല്‍ തെരുവില്‍ സ്കൂളായി.തെരുവിലെ തങ്കമ്മസാറും മേരിക്കുട്ടിസാറും ഏലിയാമ്മ സാറും വടക്കേക്കരയില്‍ നിന്നാണ് വരുന്നത്.അമ്പലക്കടവീന്ന് കടത്തുവള്ളം കയറി എന്‍റെ വീട്ടു പടിക്കലൂടെയാണ് എന്നും അവരുടെ പോക്കുവരവ്.

ജൂണ്‍ ഒന്നാംതീയതി പള്ളിക്കുടം തുറന്നതും മഴയും വന്നു..മൂത്തവളായതു കാരണം എന്നില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധമുണ്ടാക്കാന്‍ അമ്മ നടത്തിക്കൊണ്ടിരുന്ന നിരന്തര ശ്രമം എന്നിലൊരന്യതാ ബോധം ഉണ്ടാക്കിയിരുന്നില്ലേന്നൊരു സംശയം.! ഒന്നിലാകും മുമ്പേ ജോലിക്കാരുടെയും അച്ചാച്ചന്‍റെയും ഒപ്പം കടേലും ചന്തേലും ഒക്കെ പോകുന്ന ജോലി എന്നില്‍ നിക്ഷിപ്തമായിരുന്നു.ചിലപ്പോള്‍ തനിച്ചും.
ഇളയവനെ നേഴ്സറിയിലാക്കുക,വിളിച്ചോണ്ടുവരിക ..പിന്നെ അതിലും ഇളയവളെ...അഞ്ചാം ക്ളാസ്സാകും വരെ നടന്ന് നടന്നെത്ര ഞാന്‍ കുഴഞ്ഞിട്ടുണ്ട്.

സ്കൂള്‍ തുറന്ന ദിവസമെങ്കിലും അച്ചാച്ചന്‍ എന്നെ കൊണ്ടാക്കുമെന്ന് മോഹിച്ചു.പുതിയ ഉടുപ്പാണ്.അമ്മ പൂക്കള്‍ തുന്നിയിട്ടുണ്ട്.സാമാന്യം വലിയൊരു അലൂമിനിയം പുസ്തകപ്പെട്ടി വല്യപ്പച്ചന്‍ കോട്ടയത്തു നിന്ന് വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്.പച്ച പൂക്കളുള്ള തടി പിടിയുള്ള പ്ളാസ്റ്റിക്ക് കുടയും ! നേരത്തെ ഒരുങ്ങിയിരിപ്പാണ്.അച്ചാച്ചന്‍റെ ചുവന്നമഷി പേനാകൊണ്ട് ഒരു പൊട്ടും അമ്മ തൊട്ടു തന്നു.സമയം വൈകുന്നു. ഇനി എന്നെ കൊണ്ടാക്കീട്ടു പോകാനൊന്നും സമയമുണ്ടാകില്ല അല്ലെങ്കില്‍ അത്തരം പുന്നാരമൊന്നും വേണ്ടാന്നും വെച്ചു കാണും .

അക്കരേന്നുള്ള ഹൈസ്കൂള്‍ കുട്ടികള്‍ ,പച്ചയും വെള്ളയും യൂണിഫോം അണിഞ്ഞവര്‍ കൂട്ടം കൂട്ടമായി വഴീക്കൂടി പോകുന്നുണ്ട്. അച്ചാച്ചന്‍ എന്‍റെ കൈപിടിച്ച് റോഡിലിറക്കി അപ്പോള്‍ അതു വഴി വന്ന കുട്ടികളോട് പിള്ളാരേ ഇവളെയൊന്ന് തെരുവിലാക്കിയേരെന്ന് പറഞ്ഞു. ആദ്യമായി കാണുകയാണ് ഞാനവരെ.വിങ്ങി വരുന്ന കരച്ചിലടക്കി അവരോടൊപ്പം നടന്നു.
ഒന്നാം ക്ളാസ്സിന്‍റെ വാതുക്കല്‍ വരെ കൊണ്ടാക്കീട്ട് അവരു പോയി..എന്‍റെ നേഴ്സറിക്കൂട്ടുകാരൊക്കെയുണ്ടവിടെ.സുജ കെ,അനി,സീന,ജോളി..എല്ലാവരുടെയും അമ്മമാരുമുണ്ട്.അമ്മമാരെല്ലാം എന്‍റെ അച്ചാച്ചന്റെ സഹപ്രവര്‍ത്തകര്‍.എന്‍റെ സങ്കടം ഇരട്ടിച്ചു.ഒരനാഥത്വം എന്നെ ശക്തമായി പിടികൂടി.അവരൊക്കെ മക്കളെ സാറുമ്മാരെ പറഞ്ഞേല്‍പ്പിക്കുകയാണ്.മണി കിലുങ്ങി.ഹെഡ്മിസ്ട്രസ് പെണ്ണമ്മ സാറ് വന്നു.സാറിന്‍റെ മോന്‍ മനുവുമുണ്ട് ഒന്നാം ക്ളാസ്സിലേക്ക്.അമ്മമാരൊക്കെ പോകുവാണ്.എന്‍റെ കൂട്ടുകാരികള്‍ വലിയ വായിലെ നിലവിളിയാണ്.എനിക്കും കരയണമെന്നുണ്ടായിരുന്നു.പക്ഷേ ആരെ വിളിച്ച് കരയും.അതുകൊണ്ട് മിണ്ടാതെ ഒന്നാം ബെഞ്ചില്‍ തന്നെ ഇരുപ്പുറപ്പിച്ചു.

Saradakutty Bharathikutty

"ഒത്തു പിടിച്ചാലൊരുമലയിരുമല അറിവിന്‍പൂമല കയറാം..
കണ്ടു നടന്ന കിനാവുകളെല്ലാം കൈകള്‍ കൊണ്ട് വരക്കാം.."

രാവിലെ മുതല്‍ ഈ വരികളാണ് ചുണ്ടുകളില്‍. ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം കേട്ടാല്‍ ആരും കൂടെ പാടിപ്പോകും. വലിയ ആശയത്തെ ലളിതമായി പറയുവാനാണ് സിദ്ധി വേണ്ടത്.ശിവദാസ്‌ പുറമേരിയുടെ ലളിതവും അര്‍ഥവത്തുമായ വരികള്‍.ഇത് കുട്ടികള്‍ക്കല്ല മുതിര്‍ന്നവര്‍ക്കും പ്രചോദനമേകും. ഇത് ഔദ്യോഗികമായി എല്ലാക്കാലത്തേക്കും വിദ്യാഭ്യാസമേഖല അംഗീകരിക്കേണ്ട ശീര്‍ഷകഗാനം.മണക്കാല ഗോപാലകൃഷ്ണന്‍ നല്‍കിയ സംഗീതത്തില്‍ പി ജയചന്ദ്രന്‍ അതീവഹൃദ്യമായി പാടിയിരിക്കുന്നു.

Pushpavathy Poypadathu

സ്കൂളില്‍ പോകാന്‍ മടിച്ച് മന്പാതയിലെ ചെളിയില്‍ മനപൂര്‍വ്വം തെന്നി വീണ് കരഞ്ഞുകൊണ്ട്‌ തിരികെ വീട്ടിലേക് പോയ ഒരു കാലം എനിക്കും ഉണ്ടായിരുന്നു .

മൂന്നര വയസ്സില്‍ ഒന്നാം ക്ലാസില്‍ ഇരുന്നത് പഠിക്കാന്‍ ഉള്ള പ്രായം ആയിട്ടല്ല വീട്ടില്‍ നോക്കാന്‍ ആളില്ലാഞ്ഞിട്ടായിരുന്നു .RMLP സ്കൂളില്‍ ഹെഡ് മിസ്ട്രെസ്സിന്റെ(സരോജിനി ടീച്ചര് ) പ്രത്യേക അനുമതിയോടെ ചേച്ചിമാരുടെ കൂടെ പോകുകയായിരുന്നു .മൂത്ത ചേച്ചി അന്ന് 4-)0ക്ക്ലാസിലും രണ്ടാമത്തെ ചേച്ചി 3-)0 ക്ലാസിലും അതെ സ്കൂളില്‍ പഠിച്ചിരുന്നു .പടിക്കാതത്തിനു ഒരിക്കല്‍ 4 വയസ്സ് കാരിയും 2-)0 ക്ലാസുകാരിയുമായ എന്നെ പ്രാന്ജീഷ്‌മാഷ്‌ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഫ്രാന്‍സീസ് മാസ്റ്റര്‍ തുടയില്‍ നുള്ളിയപ്പോള്‍ മുള്ളിപോയി ..പിറ്റേ ദിവസം എന്റെ അമ്മ സ്കൂളില്‍ വന്നു പരാതിപെട്ടു ,എന്റെ കുട്ടിയെ പ്രാന്ജീഷ്‌ മാഷ്‌ പഠിപ്പിക്കണ്ട എന്ന് പറഞ്ഞു ക്ലാസ് മാറ്റി ഇരുത്തി .

Abijith Ka

ചിതറികിടക്കുന്ന പുസ്തക താളുകള്‍ പോലെയായിരുന്നു, എന്റെ ആദ്യത്തെ സ്ക്കൂള്‍ ജീവിതത്തിന്റെ ഓര്‍മകള്‍.

ഞാനാദ്യമായി സ്ക്കൂളെന്ന് കേള്‍ക്കുന്നതും, അന്ന് ആദ്യമായി സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു.
അതുകൊണ്ടുതന്നെ അതെന്താണെന്നുള്ള ഉത്സാഹത്തില്‍ അന്നവിടെയെത്തി.
പക്ഷെ കുറേപേര്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
അതിരില്ലാതെ അണപൊട്ടി.

അന്ന് എനിക്കുമാത്രം കരച്ചില് വന്നില്ല.
അമ്മ അടുത്തുള്ളതുകൊണ്ടാവാം,
അന്നില്‍ നിന്ന് ചിന്തിക്കുമ്പോള്‍ പക്ഷെ ഞാന്‍ ഇത്രയും ക്ലാസ്സുകള്‍ കടക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു.
എന്നും എനിക്ക് സ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്നും ചിന്തിച്ചിട്ടില്ല...
അന്ന് ചിന്തയൊക്കെ ഈ സ്ക്കൂളെന്ന് സംഭവം എന്തായിരുന്നു എന്നായിരുന്നു.
ചിലപ്പോള്‍ എല്ലാവര്‍ക്കും സ്ക്കൂളൊരു ഭീകര ജീവിയായി തോന്നിയിരിക്കാം.
കണ്ട കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടു,
കൂട്ടബെല്ലടിക്കും നേരം അന്നത്തെ കളിയെക്കുറിച്ച് ചര്‍ച്ചയായി.
പിന്നെ നേരെ വീട്.
സ്ക്കൂളിനും, വീടിനും തമ്മില്‍ വ്യത്യാസങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.
വീടും അന്ന് സ്ക്കൂളായിരുന്നു.
പിന്നെ, പിന്നെ ക്ലാസ്സുകള്‍ കേറുന്തോറും വീട്ടില്‍ നിന്ന് സ്ക്കൂള്‍ ഒരുപാടകല്‍ച്ചയിലായി.
ദൂരംകൊണ്ടല്ല, ഹൃദയംകൊണ്ട്.
സ്ക്കൂള്‍ ദിനത്തിന്റെ ആദ്യ പടിയില്‍ നിന്ന് ഇന്നുവരെ ആ ഓരോ ദിനവും വേറിട്ടതായിരുന്നു.
സമയങ്ങള്‍ കഴിയുന്തോറും, നിറമടിക്കാനുള്ള പുസ്തകത്തില്‍ നിന്ന് നിറമടിച്ച പുസ്തകമായി,
അതില്‍ നിന്നും മെല്ലെമല്ലെ ചായമില്ലാത്തവയായി അവ മാറി.
സ്ലെയിറ്റും പെന്‍സിലും, പുസ്തകവും മരപെന്‍സിലുമായി,
പിന്നീട് പേനവന്നുകേറി.
അതിനുശേഷം മരസ്ലെയിറ്റിനെ എങ്ങും കാണാന്‍ കഴിഞ്ഞില്ല.
കാലംമാറി,
കഥകള്‍ മാഞ്ഞ,
ആ ആദ്യ സ്ക്കൂള്‍ ദിനം എന്നുമോര്‍മ്മയിലുണ്ട്.
താഴേ വീണുണടഞ്ഞ മരസ്ലെയിറ്റിന്‍ കഷ്ണങ്ങള്‍ പോലെ,
ദുഃഖത്തിന്റെ ചിഹ്നമായല്ല,
സന്തോഷത്തിന്റെ ഇലപോലെ.
അന്ന് സമ്പാദിച്ചതെല്ലാം ഇന്നുണ്ട്,
പക്ഷെ ഇനി സമ്പാദിക്കുന്നതെല്ലാം കൂടെയുണ്ടാകുമോ എന്നറിയില്ല.
എന്തായാലും, പുതിയ ബാഗും, സ്ലെയിറ്റും തൂക്കി,
എന്തൊക്കെയോ പ്രതീക്ഷയായി,
വീടെന്ന പാഠത്തില്‍ നിന്ന്, സ്ക്കൂളെന്ന ഗ്രന്ഥത്തിലേക്ക് പോകുന്ന
എല്ലാ കുഞ്ഞനിയനനിയത്തിമാര്‍ക്കും ഹൃദയത്തിന്റെ വലിയ ഒരു പൊന്നുമ്മ...........


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top