26 April Friday
ആശുപത്രിയിലെ മാലിന്യ പ്രശ്നം

വിദ്യാർഥിനിയുടെ ഫേസ് ബുക്ക് പോസ്റ്റ്; ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

അടൂർ> അടൂർ ജനറൽ ആശുപത്രിയിലെ മാലിന്യ പ്രശ്നം ഉന്നയിച്ച‌് വിദ്യാർഥിനിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അടിയന്തര ഇടപെടൽ. ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകന്റെ ബന്ധുവിനെ സന്ദർശിക്കാനെത്തിയ ആലുവ സ്വദേശിനിയും സിവിൽ സർവീസ് വിദ്യാർഥിനിയുമായ ഫർസാന പർവിനാണ‌് ആശുപത്രിയിലെ ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത‌്.  പേ വാർഡ് മുറിയിൽ  അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ട‌്  ജന്നൽ പാളി തുറന്നപ്പോഴാണ്  മലിനജലം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിവരം അപ്പോൾതന്നെ ആശുപത്രി  അധികൃതരുടെ  ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. 

ഇതെല്ലാം വീഡിയോയിൽ പകർത്തി ഫേസ് ബുക്കിലിട്ട പോസ്റ്റ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടലാണ് മന്ത്രി നടത്തിയത്.
 
‘ജനറൽ ആശുപത്രിയിൽ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്‌നത്തിന് താൽക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാൽ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സ്ഥിരമായ പരിഹാരം കാണാനാണ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചത്. അതിനായി 91 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ ടെൻഡർ പ്രവർത്തനങ്ങൾ ആരംഭിക്കും’.
 
പുതിയ ബ്ലോക്ക് നിർമിച്ചത‌് മുതലാണ് പ്രശ്‌നമുണ്ടായതെന്നാണ് ഡിഎംഒ വ്യക്തമാക്കിയത്. സ്വീവേജ് സംവിധാനം പൂർത്തിയാക്കാത്തതു കൊണ്ടാണ് ഈ കെട്ടിടം കൈമാറാത്തത്. നിലവിലെ ഡ്രൈയിനേജ് സംവിധാനം നേരത്തേയും കവിഞ്ഞൊഴുകിയിരുന്നു. അന്ന് മുനിസിപ്പാലിറ്റിയുമായി ചേർന്ന് ചെറിയൊരു പ്ലാന്റ് നിർമിച്ചിരുന്നു. എന്നാൽ ചതുപ്പ് പ്രദേശമായതിനാൽ അത് നിറഞ്ഞ് വീണ്ടും കവിഞ്ഞൊഴുകുകയായിരുന്നു. മാലിന്യങ്ങൾ ഉടൻ പമ്പ് ചെയ്ത് നീക്കുമെന്നും ഡിഎംഒ അറിയിച്ചു.
 
മന്ത്രിയുടെ ഇടപെടൽ ഉണ്ടായ ഉടൻ കെട്ടിക്കിടന്ന മാലിനജലം നീക്കി, ദുർഗന്ധം ഒഴിവാക്കാൻ ക്ലോറിനേഷനും നടത്തി. എന്നാൽ മോർച്ചറിക്ക് പുറകുവശത്തായുള്ള  മാലിന്യങ്ങൾ നീക്കിയിട്ടില്ല. ഇവിടെയാണ് മലിനജലം കെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധം ഉണ്ടാക്കിയത്.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top