29 March Friday

"മഴ, കാർമേഘം, റഡാർ.. ആഹ് അന്തസ്സ്'; മോഡിയുടെ "മേഘ തിയറി'യിൽ രോമാഞ്ചംകൊള്ളുന്ന അണികൾ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

കൊച്ചി> പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ "മേഘ സിദ്ധാന്ത'ത്തിൽ നിറഞ്ഞ‌് സോഷ്യൽ മീഡിയ. ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻ മോഡി പറഞ്ഞ 'മേഘ തിയറി' യാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിനോടകം നിരവധി ട്രോളുകളാണ‌് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത‌്. ന്യൂസ് നേഷന്‍ എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മോഡി പറഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയാക്കുന്നത്.



ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻ മോഡി പറഞ്ഞ 'മേഘ തിയറി'യാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടർത്തുന്നത്‌.



'വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറഞ്ഞു.



എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു.  ഞാന്‍  ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. ഞാനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഈ ആശയത്തിൽ ആക്രമണം നടത്തുക തന്നെ ചെയ്തു'. ഈ സംഭവത്തെ ആസ്പദമാക്കി ദേശീയ മാധ്യമമായ ടെലഗ്രാഫിന്റെ ഒന്നാം പേജിലെ വാർത്തയും ചിത്രവും ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്.


പ്രധാനമന്ത്രിയുടെ ഈ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ വീഡിയോ അടക്കം വരികയും ചെയ്തു. എന്നാല്‍ ശാസ്ത്രരംഗത്തെ വിദഗ്ദ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെ ബിജെപി തങ്ങളുടെ പേജുകളില്‍ നിന്ന്‌ ട്വീറ്റ് പിന്‍വലിച്ചു. അപ്പോഴേക്കും എതിരാളികള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തിരുന്നു. റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് പോലും മോഡി മനസ്സിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top