28 September Thursday

ശരിയായ മൃഗം

എൻ പ്രഭാകരൻUpdated: Thursday Apr 29, 2021

കുനിയൻകുന്ന് കാവിലെ ഉത്സവത്തിന് പോകുംവഴിക്കാണ് ആ മാന്യദേഹത്തെ ഞാൻ പരിചയപ്പെട്ടത്. ഉത്സപ്പറമ്പിലെത്തുമ്പോഴേക്കുതന്നെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളെപ്പോലെയായി. ‘നമ്മള് തമ്മിൽ നേരത്തേ കണ്ടുമുട്ടേണ്ടതായിരുന്നു. ഒരേ വേവ് ലങ്ത് ഉള്ള ഒരാളെ കണ്ടുകിട്ടുകാന്ന് പറഞ്ഞാ ഇക്കാലത്ത് ഒരു ഭാഗ്യംതന്നെയാ'

അദ്ദേഹം പറഞ്ഞു.

‘അതെ, ഞാനും എപ്പോഴും അതാലോചിക്കാറുണ്ട്'
‘നമ്മള നാടിന്റെ അവസ്ഥ, പ്രത്യേകിച്ചും രാഷ്ട്രീയം മഹാമോശമായിപ്പോയി അല്ലേ?'
‘പറയാനുണ്ടോ മഹാമോശമായിപ്പോയി'
ഞങ്ങൾ ഒരേ വേവ്‌ലങ്ത്തുമായി സംഭാഷണം തുടർന്നു.

‘എന്താ നമ്മള രാഷ്ട്രീയക്കാറ്‌ടെ ബോധം. ഒരു പകർച്ചവ്യാധി വന്നാ ആളുകള് മരിക്കും. മരിക്കുന്നവരുടെ എണ്ണം കൂട്യാ ശ്മശാനത്തില് തെരക്കാവും. അതൊക്കെ സ്വാഭാവികം അല്ലേ. അയിലെന്താ ഇത്ര ബഹളം വെക്കാന്ള്ളത്'
‘ഞാനും അത് തന്നെ പറയ്ന്ന്‌. എന്തിനാ ഇത്ര ബഹളം വെക്ക്ന്ന്'

‘വാക്‌സിൻ കണ്ടുപിടിക്കാനും ഉണ്ടാക്കാനും ഒക്കെ ചെലവ്ണ്ട്. കമ്പനിക്കാറ് അയിന്റെ പൈസ ഈടാക്കും. അത് ന്യായം അല്ലേ’

‘പറയാന്‌ണ്ടോ, അത് ന്യായം അല്ലേ'

‘രാജ്യത്തുള്ള ആൾക്കാർക്ക് മുഴുവൻ വാക്‌സിൻ ഫ്രീയായി കൊടുക്കാൻ പറ്റ്വോ, നാട് മുടിഞ്ഞു പോവൂല്ലേ'
‘പിന്നേ, മുടിഞ്ഞു പോവൂല്ലേ'

‘കുത്തകകളിൽനിന്നുള്ള കിട്ടാക്കടത്തിന്റെ നൂറിലൊന്നുണ്ടെങ്കിൽ എല്ലാർക്കും വാക്‌സിൻ കൊടുക്കാന്നാ ചെലര് പറയ്ന്ന്. എന്തൊരു മണ്ടത്തരാ അത്. കുത്തകകൾക്ക് കടം കൊടുക്കാണ്ട് എന്തെങ്കിലും നടക്ക്വോ. അവരല്ലേ ഈട്‌ത്തെ സകല വികസനപ്രവർത്തനോം നടത്ത്ന്ന്. കടം കൊടുത്താ കൊറച്ച് മടക്കിക്കിട്ടാണ്ടാവും. അതല്ലെ നാട്ടുനടപ്പ്. അയിലെന്തിനാ ഇവരിങ്ങനെ ചൂടാവ്ന്ന്'

‘എനക്കും അത് തന്ന്യാ ചോയിക്കാന്ള്ളത്. എന്തിനാ ഇവരിങ്ങനെ ചൂടാവ്ന്ന്'

ഉത്സവപ്പറമ്പിലേക്ക് കയറുന്ന വഴിയിൽ ഞങ്ങളുടെ കണ്ണ് ആദ്യം ചെന്നുതൊട്ടത് തമിഴൻ വേലായുധനെയാണ്.
വേലായുധൻ ശരിയായ തമിഴനല്ല, തലശേരിക്കാരൻ മലയാളിയാണ്, വെറും നടിപ്പ് തമിഴനാണ് എന്നെല്ലാം ആളുകൾ പറയാറുണ്ട്. അതൊക്കെ എന്തോ ആവട്ടെ. വേലായുധന്റെ തത്ത നല്ല ബുദ്ധിയുള്ള തത്തയാണ്. അത് എടുക്കുന്ന ശീട്ട് കറക്റ്റായിരിക്കും.

ഞങ്ങൾ വേലായുധന്റെ മുന്നിൽ ചെന്നുനിന്നു.
‘ബാക്ക്യം പാക്കണമാ?' വേലായുധൻ ചോദിച്ചു
‘വേണം' അദ്ദേഹം പറഞ്ഞു.
‘ഒരാൾക്ക് പാക്കണമാ. ഇരണ്ട് പേർക്കാഹെ പാക്കണമാ?'
‘രണ്ടുപേർക്കുമായി നോക്കണം'
‘ആനാ പതിനൈന്ത് രൂപായ്. ഒരാൾക്ക് പത്ത് രൂപായ്. ഇരണ്ടാൾക്ക് പതിനൈന്ത് രൂപായ്. ലാബം, ലാബം' വേലായുധൻ ചിരിച്ചു.

ഞാൻ പതിനഞ്ച് രൂപ കൊടുത്തു. വേലായുധൻ രൂപ വാങ്ങി. ‘ആണ്ടവനേ, മുരുഹാ' എന്നു പറഞ്ഞ് നെറ്റിയിൽ ചേർത്തുപിടിച്ചശേഷം അത് പോക്കറ്റിലിട്ട് തത്തയുടെ കൂട് തുറന്ന് ചീട്ടുകൾ നിരത്തിയിട്ടു.

തത്ത ഗമയിൽ കൂട്ടിൽനിന്ന് പുറത്തേക്കിറങ്ങി ഞങ്ങളെ നോക്കി. അത് കനത്തിൽ ഒന്നു മൂളിയോ എന്നുപോലും എനിക്ക് സംശയം തോന്നി. ചീട്ടുകൾക്കു മേൽ അത് ഒരു നടത്തം നടന്ന് അല്പംനേരം ആലോചനാമഗ്നയായെന്നപോലെനിന്ന് പെട്ടെന്ന് ഒരു ചീട്ടുകൊത്തി വേലായുധന്റെ കൈയിൽ കൊടുത്ത് കൂട്ടിലേക്ക് കയറിപ്പോയി.

വേലായുധൻ കൂടിന്റെ കുഞ്ഞുവാതിൽ താഴ്ത്തി ചീട്ട് കവറിൽനിന്ന് പുറത്തെടുത്തു. മൂപ്പരുടെ മുഖം പെട്ടെന്നൊന്ന് ചുളിഞ്ഞു. ഒരു കാട്ടുപന്നിയുടെ രൂപം അച്ചടിച്ചുവച്ചിരുന്ന ചീട്ട് അയാൾ ഞങ്ങളെ ഞൊടിയിടകൊണ്ട് കാണിച്ചെന്നു വരുത്തി മടക്കി പോക്കറ്റിലിട്ടു.

‘മന്നിച്ചിടുങ്കോ' അല്പം ജാള്യതയോടെ വേലായുധൻ പറഞ്ഞു.

അയാൾ പറഞ്ഞത് എനിക്ക് പിടികിട്ടിയില്ല.

‘പുരിഞ്ചതില്ല അല്ലവാ. നാൻ മലയാളത്തിലേ ചൊല്ലുവേൻ. മലയാളം അരുമയാന ബാഷൈ. തങ്കത്തമിളിൻ മഹൾ. സകോദരിയല്ല മഹൾ. നാൻ മലയാളത്തിലേ ചൊല്ലുവേൻ

നീങ്ക ഇരണ്ടാൾകളും പോന ജമ്മത്തില്, അതാവത് കളിഞ്ച ജമ്മത്തില് മനിതർകളല്ല വിലങ്ക്, അതാവത് മിരുകം, പുരിഞ്ചതില്ലവാ, മനിതർകളല്ല മിരുകം. ശരിയാന മിരുകം'

‘ശരിയായ മൃഗം' അടുത്തുനിന്നിരുന്ന ഒരു പയ്യൻ വേലായുധൻ പറഞ്ഞത് പരിഭാഷപ്പെടുത്തി.

(ഫെയ്സ് ബുക്ക് പോസ്റ്റിൽനിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top