01 October Sunday

അന്ന് നാഗ്പൂര്‍ വികാസ് അഘാഡി, ഇന്ന് മഹാ വികാസ് അഘാഡി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

കേരളത്തിൽ മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കാമെങ്കിൽ മഹാരാഷ്‌ട്രയിൽ ശിവസേനയുമായി ആകാമെന്നാണ്‌ അവിടത്തെ കോൺഗ്രസ്‌ പറയുന്നത്‌. മുസ്ലിം ലീഗിനാകട്ടെ നാഗ്‌പൂരിൽ ശിവസേനയുമായി സഖ്യമുണ്ടാക്കിയ ചരിത്രവുമുണ്ട്‌. ജിതിൻ ഗോപാലകൃഷ്‌ണൻ എഴുതുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനക്കൊപ്പം ചേരുന്നതിന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ന്യായീകരണം കണ്ടിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സിന് മുസ്ലിം ലീഗുമായി ചേരാമെങ്കില്‍ മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം പോകുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് അവരന്ന് ചോദിച്ചത്. രഹസ്യമായും പരസ്യമായും മുസ്ലിം ലീഗിനെ വര്‍ഗ്ഗീയപാര്‍ടിയായി വിശേഷിപ്പിക്കുന്ന ഹിന്ദുകോണ്‍ഗ്രസ്സുകാരുടെ പതിവ് ചിന്തയില്‍ നിന്നുമാണ് ഈയൊരു വാദം വന്നതെങ്കിലും 'മഹാ വികാസ് അഘാഡി'ക്ക് വഴികാട്ടിയായത് മഹാരാഷ്ട്രയിലെ മുസ്ലിം ലീഗാണെന്നത് വസ്തുതയാണ്.

ബിജെപിയോടോ ശിവസേനയോടോ സഖ്യകക്ഷിയായി ചേര്‍ന്നുനില്‍ക്കാന്‍ പറയത്തക്ക പ്രത്യയശാസ്ത്ര ന്യായീകരണങ്ങളൊന്നും വേണ്ടതില്ലെന്ന് കോണ്‍ഗ്രസ്സിന് കാണിച്ചുകൊടുത്തത് നാഗ്പൂരിലെ മുസ്ലിം ലീഗാണ്.

2012 ല്‍ സംഘപരിവാരത്തിന്റെ ആസ്ഥാന നഗരിയായ നാഗ്പൂരില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ബിജെപിക്ക് നിര്‍ണ്ണായക പിന്തുണനല്‍കിയത് മുസ്ലിം ലീഗായിരുന്നു. നിതിന്‍ ഗഡ്കരിയായിരുന്നു അന്ന് മുസ്ലിം ലീഗ്-ബിജെപി ബാന്ധവത്തിന് ചുക്കാന്‍ പിടിച്ചത്. ലീഗിന്റെ കോര്‍പ്പറേറ്റേഴ്സായിരുന്ന ഇഷ്രത് അന്‍സാരിയുടെയും അസ്ലം ഖാന്റെയും പിന്തുണയിലാണ് പിന്നീടുള്ള അഞ്ചുകൊല്ലം ബിജെപി കോര്‍പ്പറേഷന്‍ ഭരിച്ചത്. മുസ്ലിം ലീഗിനെയും ചേര്‍ത്ത് 'നാഗ്പൂര്‍ വികാസ് അഘാഡി' എന്നപേരില്‍ എന്‍ഡിഎ വികസിപ്പിച്ചുകൊണ്ടാണ് നാഗ്പൂര്‍ നഗരഭരണം ബിജെപിയുടെ കയ്യില്‍ നിലനിര്‍ത്താനുള്ള കളി അന്നത്തെ ചാണക്യനായ ഗഡ്കരി പയറ്റിയത്.

ഹെഡ്‌ഗേവാറിന്റെ നാഗ്പൂരിലെ തെരഞ്ഞെടുപ്പ് വിജയം ബിജെപിക്കും ആര്‍എസ്എസിനും അവരുടെ പ്രസ്റ്റീജ് ഇഷ്യുവായിരുന്നു. കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് നേരിട്ട മുസ്ലിം ലീഗ്, തെരഞ്ഞെടുപ്പിനുശേഷം മറുകണ്ടം ചാടിയതുകൊണ്ടുമാത്രമാണ് സംഘപരിവാറിനന്ന് തങ്ങളുടെ ആസ്ഥാനനഗരിയില്‍ മുഖം രക്ഷിക്കാനായത്.

നാഗ്പൂര്‍ വികാസ് അഘാഡിയും മഹാരാഷ്ട്രാ വികാസ് അഘാഡിയും രാജ്യത്ത് കോണ്‍ഗ്രസ്സും ലീഗുമൊക്കെ പ്രതിനിധാനം ചെയ്യുന്നെന്നുപറയപ്പെടുന്ന രാഷ്ട്രീയത്തിന്റെ ഗതികെട്ട അവസ്ഥയെയാണ് കാട്ടുന്നത്.

കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷനേതാവായി നാലരക്കൊല്ലം പ്രവര്‍ത്തിച്ച രാധാകൃഷ്ണ വിഖേ പാട്ടീല്‍ കഴിഞ്ഞ അഞ്ചാറുമാസം ഫഡ്നാവിസ് മന്ത്രിസഭയില്‍ അംഗമായിരുന്നു. സര്‍ക്കാറിനെതിരെ പത്രസമ്മേളനം വിളിച്ചതിന്റെ പിറ്റേന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷ നേതാവ്. ആഹാ അന്തസ്സ്. വിളിച്ചാല്‍ ആ നിമിഷം ചാടിപ്പോരുന്ന കോണ്‍ഗ്രസ്സ് എംഎല്‍എമാരെ നോട്ടമിടാതെ പവാര്‍ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ പോയ ചാണക്യന്‍ സ്വല്‍പ്പം ഓവറാക്കിയതുകൊണ്ടാണ് മഹാ വികാസ് അഖാഡിയുടെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാവാന്‍ പോകുന്നതുതന്നെ.

കോണ്‍ഗ്രസ്സ് -ശിവസേന സര്‍ക്കാരിന് സിപിഐഎം പിന്തുണയില്ല. ഫഡ്നാവിസ്-അജിത് പവാര്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച വിശ്വാസപ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും ഭാവിയില്‍ കോണ്‍ഗ്രസ്സ് -സേന സര്‍ക്കാരിനെതിരെ ബിജെപി കൊണ്ടുവന്നേക്കാന്‍ സാധ്യതയുള്ള അവിശ്വാസ പ്രമേയങ്ങള്‍ക്ക് പിന്തുണയില്ലെന്നുമുള്ള സിപിഐഎം എംഎല്‍എയുടെ നിലപാടാണ് കൃത്യം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top