30 November Thursday

മോഡി മാജിക്കില്ല; പ്രതിഫലിച്ചത് സംസ്ഥാന ഭരണത്തിനെതിരായ വികാരം: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2017
ഭരണത്തിനെതിരെയുള്ള വികാരം ശക്തമായി പ്രതിഫലിച്ചു എന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മോഡി മാജിക്കോ, നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം ഉയര്‍ത്തുന്നത് തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബിജെപി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു. പഞ്ചാബിലെ അകാലി-ബിജെപി സര്‍ക്കാരും ഗോവയിലെ ബിജെപി സര്‍ക്കാരും അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെട്ടു.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ദാരിദ്രവും തൊഴിലില്ലായ്മയും മറ്റും ചര്‍ച്ചാ വിഷയമാകുന്നതിനു പകരം ശ്മശാനവും കബറിസ്ഥാനുമൊക്കെ തിരഞ്ഞെടുപ്പ് അജണ്ടകളായ അതി ഭീതിതമായ അവസ്ഥയാണ് ഉണ്ടായത്. മതേതരത്വം കാത്തു സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ എല്ലാ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉള്ള ഉത്തരവാദിത്വം വര്‍ദ്ധിച്ച സാഹചര്യമാണ് ഉണായതതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

'മോഡി മാജിക്കോ', നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബി.ജെ.പി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു..

ഇന്ത്യയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ എടുത്ത്‌ (9 ഘട്ടങ്ങളിലായി,5ആഴ്ച്ച) നടന്ന പൊതു തിരഞ്ഞെടുപ്പാണ് യു .പി, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലായി നടന്നത്. എല്ലായിടത്തും നിലനിന്നിരുന്ന സംസ്‌ഥാന ഭരണത്തിനെതിരെയുള്ള വികാരം പ്രകടമാക്കി കൊണ്ടുള്ള ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും പഞ്ചാബിലെ അകാലിബി.ജെ.പി സര്‍ക്കാരും ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഗോവയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ , ഇന്ത്യയിലെ ഏറ്റവും വലിയതും ജനസംഖ്യയേറിയതുമായ സംസ്ഥാനമായ യു.പിയില്‍ ഭരണകക്ഷിയായിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യം, അവരുടെ പരമ്പരാഗത വോട്ടു ബാങ്കുകളായ ന്യൂനപക്ഷങ്ങള്‍ പോലും അംഗീകരിച്ചതായി തോന്നുന്നില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍, കോണ്‍ഗ്രസിന്റെ യുപിയിലെ അവസാന മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാല്‍ പോലും ഇന്ന് ബി.ജെ.പി ലോകസഭാംഗമായിരിക്കുന്ന കാഴ്ച്ച, മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മയെ ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നതാണ്. ഉത്തരാഖണ്ഡിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയത്, വെളിവാക്കുന്നതും മറ്റൊന്നല്ല. കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങളെ തള്ളിയിട്ട ദുരിതകയങ്ങളാണ്, 2014 പൊതുതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചത്.

ഫെഡറല്‍ സംവിധാത്തിന്റെ പരിമിതിക്കകത്തും ബദല്‍ നയം ഉയര്‍ത്താതെ നവ ലിബറല്‍ നയങ്ങള്‍ പിന്തുടര്‍ന്ന സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം ഏറ്റുവാങ്ങിയ കാഴ്ച്ചയാണ് ഈ തിരെഞ്ഞടുപ്പ് നല്‍കുന്നത്.

മോഡി മാജിക്കോ, നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബി.ജെ.പി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ദാരിദ്രവും,തൊഴിലില്ലായ്മയും മറ്റും ചര്‍ച്ചാ വിഷയമാകുന്നതിനു പകരം ശ്‌മശാനവും കബറിസ്ഥാനുമൊക്കെ തിരഞ്ഞെടുപ്പ് അജണ്ടകളുടെ മുഖ്യസ്ഥാനത്തു വരുന്ന അതി ഭീതിതമായ അവസ്ഥ ഒഴിവാക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മതേതരത്വം കാത്തു സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയത്തിന്നെ രാജ്യത്തിന്റെ ഭാവിയെ സുരക്ഷിതമാക്കാന്‍ സാധിക്കുകയുള്ളു. അത്തരമൊരു വിശ്വസിനീയമായ ബദലിന്റെ അഭാവം യു.പിയിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി ചൂണ്ടി കാണിക്കുന്നുണ്ട്.

പുരോഗമന ജനാധിപത്യ ബദലുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയല്ല മറിച്ച് അവയുടെ ശാക്തീകരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നതാണ് ഈ ഫലങ്ങളെ ആദ്യ നോട്ടത്തിലൂടെ വിലയിരുത്താനാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top