29 March Friday

യൂപിയും ബീഹാറും ആവർത്തിക്കാതിരിക്കാൻ കേരളാ മോഡലാണ് പോംവഴി: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ആരോഗ്യ വിദഗ്ദ്ധർക്ക് തന്നെ ഏറ്റവും വെല്ലുവിളികൾ ഉയർത്തിയ നിപാ എന്ന ഭീതിതമായ വയറസ്സിനെ പിടിച്ചുകെട്ടിയ കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിനു തന്നെ മാതൃകയാണ്. ബീഹാറിലെയും ഉത്തർപ്രദേശിലെയും അനുഭവങ്ങളെ മുൻനിർത്തി നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് എഴുതുന്നു....

പൂർണരൂപം

“യൂപിയും ബീഹാറും ആവർത്തിക്കാതിരിക്കാൻ കേരളാ മോഡലാണ് പോംവഴി”

ബീഹാറിലെ മുസഫർപൂരിൽ നിന്നും വേദനിപ്പിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ ലഭ്യമായ കണക്കുകൾ വെച്ച് നൂറിലധികം കുട്ടികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി എൻസിഫിറ്റിസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ഖൊരക്ക്പുരിൽ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ച കുരുന്നുകളുടെ ഓർമകൾ മായുന്നതിനു മുൻപാണ് കരളലയിപ്പിക്കുന്ന ഈ വാർത്ത നമ്മിലേക്കെത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്താൽ എളുപ്പത്തിൽ ഭേദമാക്കാവുന്ന രോഗത്താൽ ഇത്രയധികം കുഞ്ഞുങ്ങൾ മരണപ്പെട്ടത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പിടിപ്പുകേടുകൊണ്ട് മാത്രമാണ്. ആശുപത്രികളിൽ വേണ്ടത്ര പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെ ഈ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്രിമിനൽ സ്വഭാവമുള്ള നിരുത്തരവാദിത്വത്തെ ഡിവൈഎഫ‌്ഐ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.

ഒരു കാലത്ത് മധ്യവർഗ്ഗ ലിബറൽ ബുദ്ധിജീവികളുടെ പ്രിയങ്കരനായിരുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് അത്യന്തം ഹീനമായ ഈ അവസ്ഥയ്ക്ക് ഉത്തരവാദി. മുസഫർപൂരിലെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമല്ല. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്‌. അപ്പോഴും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കാതെയും ബീഹാർ സർക്കാരും സർക്കാർ സംവിധാനങ്ങളും നിരുത്തരവാദപരമായ നിഷേധാത്മക സമീപനമാണ് തുടരുന്നത്.

ആരോഗ്യപരിപാലനം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ നിന്നും സർക്കാരുകൾ പിൻവാങ്ങുകയും ഫണ്ടുകൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന ലിബറൽ സാമ്പത്തിക നയങ്ങളുടെ സംഭാവനയാണ് ഇത്തരം ദുരന്തങ്ങൾ എന്നുകൂടെ ഓർക്കേണ്ടതുണ്ട്. 25 വർഷമായി തുടരുന്ന ഈ നയങ്ങൾ നമ്മുടെ ആരോഗ്യരംഗത്തെ തന്നെ ശിഥിലമാക്കിയിരിക്കുന്നു.

സ്ഥിതിഗതികൾ വിലയിരുത്താനുള്ള ഉന്നതാധികാര സമിതിയുടെ യോഗം പരിഹാസ്യമായി തീർന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന് ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ബീഹാർ ആരോഗ്യമന്ത്രി മംഗൾപാണ്ടെയാകട്ടെ ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ സ്കോർ അറിയുന്നതിനായിരുന്നു ഈ കുരുന്നുകളുടെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ താൽപര്യം. മീറ്റിങിനു ശേഷം നടന്ന പ്രസ് മീറ്റിൽ കേന്ദ്രമന്ത്രി ആഷിശ് കുമാർ ചുബെ കിടന്നുറങ്ങിയതും വിമർശനങ്ങൾ ഏറ്റുവാങ്ങി.

ആരോഗ്യ വിദഗ്ദ്ധർക്ക് തന്നെ ഏറ്റവും വെല്ലുവിളികൾ ഉയർത്തിയ നിപ്പ എന്ന ഭീതിതമായ വയറസ്സിനെ പിടിച്ചുകെട്ടിയ കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിനു തന്നെ മാതൃകയാണ്. ബീഹാറിലെയും ഉത്തർപ്രദേശിലെയും അനുഭവങ്ങളെ മുൻനിർത്തി നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

- പി എ മുഹമ്മദ് റിയാസ്-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top