24 April Wednesday

തട്ടിപ്പുകാരും മലയാളി മധ്യവർഗ്ഗ ജീവിതത്തിന്റെ അന്തസ്സാരശൂന്യതയും

കെ ടി കുഞ്ഞിക്കണ്ണൻUpdated: Monday Oct 4, 2021

ഉപരിതലക്കാഴ്ചകൾക്കപ്പുറം മലയാളി മധ്യവർഗ്ഗ ജീവിതത്തിൻെറ അന്തസ്സാരശൂന്യതയും പരിഹാസ്യതയുമാണ് മോൺസൻ മാവുങ്കലുമാർക്ക് സർവ്വ തട്ടിപ്പുകളും നടത്താൻ പരിസരമൊരുക്കി കൊടുക്കുന്നതെന്ന് പറയാം.

നമ്മൾ അവകാശപ്പെടുന്ന യുക്തിബോധവും രാഷ്ട്രീയ ഉൽബുദ്ധതയുമൊക്കെ എത്ര ദുർബ്ബലവും ദീനവുമാണെന്നാണ് മോൺസൺ മാവുങ്കൽ  തൻെറ വിചിത്രവും കൗതുകകരവുമായ പറ്റിപ്പുകളിലൂടെ ഒരോ മലയാളിയെയും ഓർമ്മിപ്പിച്ചിരിക്കുന്നത് ...

മുതലാളിത്തത്തിൻെറ ചരക്കുകളെയെന്ന പോലെ സംസ്കാരത്തെയും വിമർശനരഹിതമായി സ്വീകരിക്കുന്ന നമ്മുടെ മധ്യവർഗ്ഗമിഥ്യാബോധങ്ങളിലാണ് മോൺസൽ മാവുങ്കലുമാർ ജനിച്ചു വീഴുന്നതും ജീവിച്ചു പോകുന്നതും. കമ്പോളമൂലധനം സൃഷ്ടിച്ച അധോലോക മാഫിയാബിസിനസ്സുകൾ തഴച്ചുവളരുന്ന ചൂതാട്ടമൂലധന പ്രവർത്തനങ്ങളുടെ കാലത്തെ ഫൈനാൻസ് രാജകുമാരന്മാരാണ് ഈ മാവുങ്കലുമാർ. പണമെറിഞ്ഞവർ ആരെയും കയ്യിലെടുക്കും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നിയമപാലകരുടെ സാന്നിധ്യം കൊണ്ട്  സ്വീകാര്യതയും അംഗീകാരവും ഉണ്ടാക്കും. രാഷ്ട്രീയ നേതാക്കളെയും ഉന്നതന്മാരെയും അവർ പണമെറിഞ്ഞു അടുത്തെത്തിച്ച് സാമൂഹ്യ അംഗീകാരം ഉറപ്പിച്ചെടുക്കും. !എന്നോടുള്ള സുധാകരൻെറയും മുരളിയുടെയൊക്കെ പ്രേമം എൻെറ പണം കിട്ടുന്നത് കൊണ്ടാണെന്ന മോൺസൻെറ ഓഡിയോക്ലിപ്പ് ഒരു മോണിട്ടറിസ്റ്റ്ക്രിമിനലിൻെറ സ്വയം സാക്ഷ്യപ്പെടുത്തലാണ്.

സമ്പന്ന, മധ്യവർഗ്ഗ മനുഷ്യരുടെ ഭൂതകാലമഹിമകളിലഭിരമിക്കുന്ന മിഥ്യാഭിമാനത്തെ മൂലധനമാക്കിയാണല്ലോ പുരാവസ്തു വ്യവസായവുംവ്യാപാരവും വളരുന്നത്. എവിടെ പണം മുടക്കണമെന്നറിയാത്ത നവജാത സമ്പന്ന വിഭാഗങ്ങളാണ് ഇവരുടെ കെണിയിൽ വീഴുന്നത്. നിയമവിധേയവും നിയമവിരുദ്ധവുമായ പണമൊഴുകിമറിയുന്ന ഊഹക്കച്ചവടമേഖലയാണ് പുരാവസ്തുവ്യാപാരമെന്നത്. കള്ളപ്പണമൊഴുക്കും കള്ളക്കടത്തും ചേർന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറകൂടിയാണ് പുരാവസ്തു ബിസിനസ്സ്.

പണമെറിഞ്ഞ് എങ്ങനെയും പണമുണ്ടാക്കാമെന്നു ചിന്തിക്കുന്ന മോണിട്ടറിസ്റ്റ് സാമാന്യബോധമാണ് മോൻസൻ മാവുങ്കലുമാർക്ക് മണ്ണൊരുക്കി കൊടുക്കുന്നത്. ചാരിറ്റിപ്രവർത്തനങ്ങളുടെ മറപിടിച്ച് എത് കുറ്റകരമായ പ്രവർത്തനത്തിനും ന്യായവും സ്വീകാര്യതയും നിർമ്മിച്ചെടുക്കുന്നു..  
ജിജി തോംസണെ പോലെ ചീഫ് സെക്രട്ടറി പദവിയിലിരുന്ന ഒരു ഉന്നതൻ മാവുങ്കലിൻ്റ ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് പോലും ആ ക്രിമിനലിൻെറ വീട്ടിലെ സന്ദർശകനായതെന്ന ന്യായം പറയുന്നത് നാം കേട്ടതാണല്ലോ.

'ഡിജിപി യും ചീഫ് സെക്രട്ടറിയും മോഹൻലാലും പോകുന്ന മാവുങ്കലിൻെറ വീട്ടിൽ ഞാൻ പോകുന്നതിലെന്ത് തെറ്റാണു'ള്ളതെന്ന സാമാന്യയുക്തിയുടെ പരിചയെടുത്താണ് സുധാകരൻ സ്വയം രക്ഷാകവചം തീർക്കുന്നത്.

ഈയൊരു സാമാന്യബോധത്തിൻെറ അശ്ലീലകരമായ ന്യായീകരണയുക്തിയാണ് കെ സുധാകരൻെറ ചാവേറുകളായി ചാനൽ ചർച്ചകളിൽ വന്നിരിക്കുന്ന രാഹുൽമാക്കൂട്ടം, റിജിൽ മാക്കുറ്റി തുടങ്ങിയവർ തട്ടിവിടുന്നത്.

മോശയുടെ അംശവടിയെയും അലക്സാണ്ടറുടെ വാളിനെയും ടിപ്പുവിൻെറ സിംഹാസനത്തെയും കുറിച്ചു മാത്രമല്ല റസൂലിൻെറ സ്വന്തം കൈ കൊണ്ട് മണലിൽ കുഴച്ചുണ്ടാക്കിയ ഒലീവ് റാന്തലിനെയും കുറിച്ച് ഒരു ഗജഫ്രോഡ് നൽകുന്ന ഡമോൺസ്ട്രേഷനുകൾക്ക് മുമ്പിൽ ഐ പി എസ് - ഐഎ എസ് മേധാവികളും നമ്മുടെ കെപിസിസി അധ്യക്ഷനും വിസ്മയഭരിതരായി ഫോട്ടോകൾക്ക് പോസ് ചെയ്യുന്നത് അവരെല്ലാം ചേർന്നു നിർമ്മിച്ചെടുത്ത സാമാന്യബോധത്തിലും യുക്തിയിലും ഒരു ജനതയുടെ വിമർശനബുദ്ധിയെയും ശാസ്ത്ര ബോധത്തെയും മുക്കിക്കളയാമെന്ന അധികാരത്തിൻെറ അഹന്ത കൊണ്ടാണെന്ന് പറയേണ്ടി വരും.

പുരാതന സംസ്കാരത്തോടും അതിൻെറ അടയാളങ്ങളോടും ഒരു ജനത സൂക്ഷിക്കേണ്ട ചരിത്രാഭിമുഖ്യമായിട്ടൊന്നും പുരാവസ്തു ബിസിനസ്സിനെയും അതിൻെറ പേരിലുള്ള തട്ടിപ്പുകളെയും കാണാനാവുകയില്ല. നിയോലിബറലിസം രൂക്ഷമാക്കിയ പണാർത്തിയും ഭൂതകാലമഹിമകളിലഭിരമിക്കുന്ന മധ്യവർഗ്ഗമിഥ്യാവബോധവും ചേർന്നു സൃഷ്ടിക്കുന്ന മോൺസൻ മാവുങ്കലു മാരുടെ സൂതികർമ്മിണി പണി ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഉദ്യോഗസ്ഥപ്രമാണികളും ആരൊക്കെയാണെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ടു്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top