28 March Thursday

മോൺസണും ഇരകളും പൈഡ് പൈപ്പർ മാരും; യുക്തിബോധം വറ്റിവരണ്ട ജനതയായി കേരളീയർ മാറിത്തീർന്നത് എന്നുമുതലാണ്?

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

യുക്തിബോധം ഇത്രക്ക് വറ്റിവരണ്ട ഒരു ജനതയായി കേരളീയർ മാറിത്തീർന്നത് എന്നു മുതലാണ്? അതിന് പാഞ്ഞാൾ അതിരാത്രത്തിലും പഴക്കമുണ്ട്. ഇടതുപക്ഷത്തിനു പറ്റിയ മണ്ണൊരുങ്ങിയത് നവോത്ഥാന മൂല്യങ്ങൾ നില നിന്നു പോയതു കൊണ്ടാണ്. അത് തകർത്താൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വേരുകൾ പിഴുതെടുക്കാനാവും എന്ന ചിന്തക്ക് പഴക്കമേറെയുണ്ട്. എ കെ രമേശ്‌ എഴുതുന്നു.

മോൺസണും ഇരകളും പൈഡ് പൈപ്പർ മാരും.
മോൺസണാണ് താരം. എത്ര റീൽ പേപ്പറും എത്ര ഗാലൻ അച്ചടിമഷിയുമാണ് അയാൾ ഒരാൾ കാരണം നമ്മുടെ മാധ്യമങ്ങൾ ഇത്രയും ചുരുങ്ങിയ കാലത്തിനകം ചെലവാക്കിയത് ! എത്ര മണിക്കൂർ നേരത്തെ ചാനൽ ചർച്ചകളാണ് ഓരോ ദിവസവും ഇതിനായി നീക്കിവെക്കപ്പെട്ടത്!. കഴിഞ്ഞ രണ്ടു മൂന്നാഴ്ച്ചക്കാലമായി മലയാളികളുടെ സൈബർ വ്യവഹാരങ്ങളിൽ ഏറിയപങ്കും ഇങ്ങനെയൊരുത്തനെപ്പറ്റിയുള്ള വർണ്ണനകൾക്കായാണ് നീക്കിവെക്കപ്പെട്ടത് . മഴ കഴിഞ്ഞിട്ടും മരങ്ങൾ ഇപ്പാേഴും പെയ്യുന്നുണ്ട്. ഇനിയും വാർത്തകൾ പെയ്തിറങ്ങാനുമുണ്ട്. കോടതി നടപടികൾ, സാക്ഷിമൊഴികൾ. കേസ് വിസ്‌താരങ്ങൾ, വിചാരണകൾ -എല്ലാത്തിനും കൂടി വിലയിട്ടാൽ (മോണിറ്റൈസ് ചെയ്യുക എന്ന നിർമലാ സീതാരാമന്റെ പ്രയോഗമാണ് ശരി ) അതെത്ര അക്കങ്ങളിലൊതുങ്ങും ?

പെട്ടെന്ന് പൊട്ടിമുളച്ച ഒരു തട്ടിപ്പുകാരൻ എന്ന നിലക്കാണ് വർണ്ണനകളിലേറെയും. ഏ ബോൺ ക്രിമിനൽ ഇൻ ഇറ്റ് സെൽഫ് ! മറ്റാർക്കും പങ്കില്ല , ഞങ്ങൾക്ക് വിശേഷിച്ചും എന്നാണ് മാധ്യമങ്ങളടെ നിലപാട്. പക്ഷേ ഒറ്റയടിക്ക് അതങ്ങ് സമ്മതിച്ചു കൊടുക്കാനാവുമോ?. യശോദയുടെ ഉറിയും യേശുവിന്റെ അംശവടിയും യൂദാസിന്റെ വെള്ളിക്കാശും എന്നൊക്കെ കേൾക്കുമ്പോൾ അതപ്പടി വിശ്വസിച്ച് അത് കൈക്കലാക്കാൻ പാട് പെട്ട മധ്യവർഗത്തിലും ഉപരിവർഗത്തിലും പെട്ട പൊട്ടന്മാർ അവരുടെ പൊട്ടത്തരം കൊണ്ട് മാത്രമാണോ ഇത്തരം തട്ടി പ്പുകൾക്ക് വിധേയരായത്? കേട്ടാൽ തോന്നും, ആണെന്ന്.

ഒരൽപ്പം പിറകോട്ട് പോയാലോ? കാനാടി ചാത്തന്മാർ എണ്ണത്തിൽ പെരുകിയപ്പോഴാണ് സാക്ഷാൽ കാനാടിച്ചാത്തൻതാനാണെന്നറിയിച്ചു കൊണ്ട് വൻ പരസ്യങ്ങൾ പത്രങ്ങളിൽ നിറഞ്ഞത്. പണ്ടത് കാളനും സാക്ഷാൽ കാളനും തമ്മിലുള്ള തർക്കമായിരുന്നു. മെച്ചപ്പെട്ട ചികിത്സ  ആരുടെതാണെന്ന കാര്യത്തിൽ രണ്ട് കാളന്മാർ തമ്മിൽ നടന്ന നിരുപദ്രവകരമായ പരസ്യമത്സര ങ്ങളായി രുന്നു അത്. പക്ഷേ  ചാത്തന്മാരുടെ കാര്യമതല്ല. ആഭിചാരക്രിയകളും ശത്രുസംഹാര നടപടികളും ആർക്കാണ് നന്നായി നടത്താനാവുക എന്ന തർക്കം  അത്ര നിരുപദ്രവകരമായ കാര്യമായിരുന്നില്ല. പക്ഷേ അന്ന്  ആരുമത് അത്രക്ക് വക വെച്ചില്ല. പരസ്യങ്ങൾ കൊഴുക്കുകയും മുഖ്യധാരാ പത്രങ്ങൾ തന്നെ അതിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. വന്ന് വന്ന്,. ഡയലക്ടിക്കൽ മെറ്റീരിയസത്തിൽ ക്ലാസ്സെടുക്കാൻ പോവുന്നവർക്ക് ആ  ക്ലാസ് നന്നാവും എന്നുറപ്പാക്കാൻ പറ്റിയ തരത്തിലുള്ള പൂജകൾ തങ്ങളുടെ കൈവശമുണ്ട് എന്ന്  വരെ ചാത്തന്മാർക്ക് പറയാനാവുന്നൊരു കാലമായി മാറി ഇതിനകം നാട്.  ദിവ്യ ഏലസ്സുകളും മഹാ യന്ത്രങ്ങളും യഥേഷ്ടം വിറ്റുപോവുന്ന മണ്ണായിത്തീർന്നു പിന്നെ കേരളം. അതിന്റെ തുടർച്ചയായി മാത്രമാണ് പറ്റിക്കപ്പെടാവുന്ന ഒരു മണ്ടൻജനതയായി നാം മാറിത്തീർന്നത്.

യുക്തിബോധം ഇത്രക്ക് വറ്റിവരണ്ട ഒരു ജനതയായി കേരളീയർ മാറിത്തീർന്നത് എന്നു മുതലാണ്? അതിന് പാഞ്ഞാൾ അതിരാത്രത്തിലും പഴക്കമുണ്ട്. ഇടതുപക്ഷത്തിനു പറ്റിയ മണ്ണൊരുങ്ങിയത് നവോത്ഥാന മൂല്യങ്ങൾ നില നിന്നു പോയതു കൊണ്ടാണ്. അത് തകർത്താൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വേരുകൾ പിഴുതെടുക്കാനാവും എന്ന ചിന്തക്ക് പഴക്കമേറെയുണ്ട്. അതുകൊണ്ടു തന്നെയാണ് പള്ളികളെയും പട്ടക്കാരെയും അണിനിരത്തിക്കൊണ്ട് വിമോചനസമരം  നടത്തിപ്പിക്കാനായി കണക്കിന് ഡോളറുകൾ ഇങ്ങോട്ടെത്തിച്ചത് എന്ന കാര്യം പാട്രിക് മൊയ്നി ഹാൻ സമതിച്ചതാണല്ലോ. എല്ലാ ജാതിമത സംഘടനകളെയും ഒറ്റച്ചരടിൽ കോർക്കാനായത് ഈ അമേരിക്കൻ ഡോളറിന്റെ കിലുകിലുക്കം കേൾപ്പിച്ചാണ്. മോറൽ റീ ആർമമെന്റ് എന്ന  രാഷ്ട്രാന്തരീയ സംഘടനക്ക് കേരളത്തിൽ വേരുകൾ ആഴ്ത്താനായത് ഇതിന്റെ ഭാഗമായാണ്. അതിന്റെ തോണിയിൽ കയറി സിംഗപ്പൂരേക്ക് പോയ ഒരു സമുദായനേതാവ് അവിടെ നിന്ന് നേരെയെത്തിയത് അമേരിക്കയിലാണ്. വിമോചന സമരം നടത്തിത്തീർത്തതിന്റെ  പ്രത്യുപകാരമായി മാത്രം നോക്കിക്കണ്ടാൽ മതിയാവില്ല അത്തരം നീക്കങ്ങളെ . മോറൽ റീ ആർമമെന്റ് വഴിയും അതു പോലുള്ള ശാസ്ത്ര വിരുദ്ധ യുക്തിവിരുദ്ധസ്ഥാപനങ്ങൾ വഴിയും കേരളത്തിലെക്ക് ഒളിച്ചു കടത്തിയത് അന്ധവിശ്വാസങ്ങളുടെയും പുനരുദ്ധാന വാദത്തിന്റെയും അളിഞ്ഞ യുക്തികളാണ്.

കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണം കാരണം "പീഡിത"രായിത്തീർന്ന ജന്മിമാർക്കിടയിൽ നല്ല വേരോട്ടമുണ്ടാക്കാൻ പണ്ടേ ആർഎസ്എസ്സ് ശ്രമിച്ചു പോന്നിരുന്നു. 59 ലെ വിമോചന സമരക്കാർ വിതച്ച  കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ഇത്തരക്കാർക്കിടയിൽ പടർന്നു പെരുകുന്നുണ്ടായിരുന്നു. എഴുപതുകളിൽ കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ നടന്ന കുടികിടപ്പ് സമരങ്ങളുടെ നടുക്ക് ജന്മിമാരെ സഹായിക്കാനായാണ് ഓ രാജഗോപാൽ കോടതിയിൽ പ്രാക്‌ടീസ് തുടങ്ങിയത്. തകർന്ന ഇല്ലങ്ങളിൽ പാട്ടം കിട്ടാതെ നഷ്‌ട സൗഭാഗ്യങ്ങളെയോർത്ത് വിലപിക്കുന്നവരും, ഭൂമി നഷ്‌ടപ്പെട്ട ജന്മിമാരും സ്വാഭാവികമായും കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുകയും ശാസ്ത്രീയ ചിന്തകളെ തകർക്കാൻ ശമിക്കുന്നവർക്ക് കൂട്ടുനിൽക്കുകയും ചെയ്‌തു. യാഗങ്ങളും ഹോമങ്ങളും നിത്യജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരമായി അവതരിപ്പിക്കപ്പെട്ടു.

1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ ക്ഷേത്രകേന്ദ്രീകൃതമായി  നടത്തിപ്പോന്ന ആർ.എസ്.എസ്സിന്റെ ഒളിപ്രവർത്തനാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്  ക്ഷേത്ര സംരക്ഷണമെന്നതിന്റെ മറവിൽ യുക്തിനിരാസത്തിന്റെ തത്വശാസ്ത്രത്തിന് വ്യാപകമായ പ്രചാരം കിട്ടുന്നത്. കാവുകൾ ക്ഷേത്രങ്ങളായി മാറ്റിത്തീർക്കുന്നതും പഴയ ജന്മിമാർക്ക് പുതിയ പൂണൂലുകൾ പതിച്ചു കിട്ടുന്നതും ഇക്കാലത്താണ്. പ്രതിഷ്ഠാ കർമങ്ങൾ, പുന:പ്രതിഷ്ഠാ യജ്ഞങ്ങൾ , പ്രതിഷ്ഠാ വാർഷികങ്ങൾ ഇവയൊന്നും പോരാഞ്ഞ് താംബൂലം മുതൽ സ്വർണ്ണം വരെയുള്ള ദേവപ്രശ്നങ്ങൾ ! ജോത്സ്യന്മാരും തന്ത്രികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ! അതങ്ങനെ പെരുകിവരുന്നതിനിടക്കാണ് യാദൃശ്ചികമെന്നോണം ഏകാത്മകതായാത്രകൾ. ഗംഗാജല വില്ലനകൾ. അന്നൊരു ഉത്തരേന്ത്യൻ സ്വാമി കേരളത്തിൽ വന്ന് പ്രഖ്യാപിച്ചത് ഇത് തുടക്കം മാത്രമാണെന്നാണ്. തങ്ങളിനിയും വരും, ഒടുക്കം കേരളം ഹോമധൂപങ്ങളാൽ മുഖരിതമാവും എന്നാണ്!.

യുക്തിബോധത്തെയും ശാസ്ത്ര ചിന്തയെയും വെല്ലുവിളിച്ചുകൊണ്ടു നടന്ന ആ ജൈത്രയാത്രക്ക് അതിനകം മധ്യവർഗത്തിലെക്കുയർന്ന ഒരു വലിയ വിഭാഗത്തിന്റെ കൂടി പിന്തുണ നേടാനായി. ആട് തേക്ക് മാഞ്ചിയം പോലുള്ള എളുപ്പവഴിയിൽ ധനികരാവാൻ ശ്രമിച്ചവർ പിന്നീടാണ് മനസ്സിലാക്കിയത്, തങ്ങളെ അതിലേക്കാകർഷിക്കാനുള്ള ആശയ പരിസരം  ഒരുക്കിയവർ തന്നെയാണ്  തങ്ങളെ കുത്തിച്ചോർത്തിയതും എന്ന്! ദിവ്യ ഏലസ്സുകളും " യന്ത്ര" ങ്ങളും വഴി ഇഷ്ടകാര്യ ലബ്ധി നടക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു പോന്നവർക്ക് എളുപ്പം എത്തിപ്പിടിക്കാവുന്ന ഒന്നായിത്തീരുന്നുണ്ട് അതിനകം നമ്മുടെ ഓഹരിച്ചന്തകളും മണി ച്ചെയിൻ ശൃംഖലകളും.

90 കളിലെ നവ ഉദാരവൽക്കരണ നയങ്ങളുടെ ദംഷ്ട്രകൾ മറച്ച് വെച്ച വതരിപ്പിക്കാനും അതുവഴി ഏറെ വ്യാമോഹങ്ങൾ പടർത്താനും നമ്മുടെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ പരസ്പരം മത്സരിക്കുകയായിരുന്നല്ലോ. സോവിയറ്റ് യൂനിയന്റെ പതനം കൂടി ഒത്തുചേർന്നപ്പോൾ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും സ്വതന്ത്ര കമ്പോളത്തിന്റെ വക്താക്കളായി മാറുകയാണ്. എളുപ്പം കാശുണ്ടാക്കുന്ന വഴികളന്വേഷിക്കാൻ അത് മനുഷ്യരെയാകെ പ്രേരിപ്പിക്കുകയാണ്. നവ ഉദാരവൽക്കരണ കാലത്തിന്റെ പ്രത്യേകത അത് മനുഷ്യർ തമ്മിലുള്ള ബന്ധത്തെ ഉറുപ്പികയുടെ തുലാസ്സിലാണ് തൂക്കുക എന്നതാണ്.  കമ്പോളത്തിൽ പൗരന് സ്ഥാനമില്ല. കീശയിൽ കാശുള്ള ഉപഭോക്താവിനേ പ്രവേശനമുള്ളൂ.അവിടേക്ക് കടക്കണമെങ്കിൽ കാശ് വേണം. കാശ് എങ്ങനെയുമുണ്ടാക്കണം, എത്രയും പെട്ടെന്നുണ്ടാക്കണം. അതിനുള്ള പ്രതിവിധിയാണ് മെഡോഫുമാരും മോൺസൺ മാരും കാട്ടി ക്കൊടുത്തത്. പൈഡ് പൈപ്പർ കാട്ടിയ വഴിയേ എലിക്കുഞ്ഞുങ്ങൾ പാഞ്ഞു പോയത് നേരാണ്. കടലിൽ മുങ്ങിച്ചാവുന്നതിനിടയിലാണ് അവരിൽ പലരിലും യുക്തിബോധം മെല്ലെ തെളിഞ്ഞു വന്നത്. അപ്പോഴെക്കും കടൽത്തിരകൾ അവരെ വിഴുങ്ങിക്കളയുകയാണ്. ഗുണപാഠം : ഏത് കമ്യൂണിസ്റ്റ് വിരുദ്ധനും സ്വൽപം യുക്തിബോധവും ശാസ്ത്ര ചിന്തയും നല്ലതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top