02 July Wednesday

രാവിലെ പരാതി, വൈകുന്നേരം നടപടി ;വീണ്ടും ഞെട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കൊച്ചി> സോഷ്യൽമീഡിയകളിൽ വരുന്ന പരാതികളിൽ പോലും നേരിട്ട് ഇടപെട്ട് പരിഹാരം കാണുന്ന മന്ത്രി എന്ന പേര് തുടക്കകാലം മുതൽ തന്നെ മന്ത്രി റിയാസിനുണ്ട്. രണ്ടര വർഷം പൂർത്തിയാകുമ്പോഴും ഈ  പ്രവർത്തനത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം  നടന്ന സംഭവം .

വ്യവസായിയും കേരള ഹോം ഡിസൈൻ ഗ്രൂപ്പ് ഫൗണ്ടറുമായ ഫിറോസ് (ൻൽ്വഇ‘ ,ം’ആ+)തൻ്റെ  യാത്രകളിൽ  സ്ഥിരമായി ആശ്രയിക്കുന്നത് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളെയും സർക്കാർ ഗസ്റ്റ് ഹൗസുകളെയുമാണ്.

മന്ത്രി മുഹമ്മദ് റിയാസ് മന്ത്രിയായതിന് ശേഷം പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കുകയും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മുറി ബുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്തതോടെ ഫിറോസ് ഉൾപ്പെടെയുള്ളവർ റസ്റ്റ് ഹൗസുകളിൽ വന്ന മാറ്റത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം തിരുവല്ല റസ്റ്റ് ഹൗസിലെത്തിയ ഫിറോസിന് ഉണ്ടായത് വളരെ മോശമായ അനുഭവമായിരുന്നു.



റസ്റ്റ് ഹൗസിലെ ജീവനക്കാരുടെ പെരുമാറ്റം മുതൽ വൃത്തിഹീനമായ മുറി വരെ നൽകിയ മോശമായ അനുഭവം ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ചു. വൃത്തിഹീനമായ മുറി കാരണം ഉറക്കം നഷ്ടമായ ഫിറോസ് പുലർച്ചെ 3.39 നാണ് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. രാവിലെ തന്നെ പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി റിയാസ് അത് മുഴുവൻ വായിച്ച ശേഷം നടപടി ഉണ്ടാകും എന്ന ഉറപ്പ് കമന്റ് ബോക്‌സിൽ നൽകി. ഫിറോസിന്റെ നമ്പറും ചോദിച്ചു വാങ്ങി. റസ്റ്റ് ഹൗസിലെ വിവരങ്ങൾ തിരക്കി നടപടിയെടുത്തശേഷം അക്കാര്യങ്ങൾ വെെകിട്ട് ഫിറോസിനെ വിളിച്ചറിയിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകൾ നല്ല നിലയിലാക്കാനും കൂടുതൽ ജനകീയമാക്കാനും ഫിറോസിനെപോലുള്ളവർ ഒപ്പം നിൽക്കണമെന്നും മന്ത്രിപറഞ്ഞു.

ഒരു പരാതിയറിഞ്ഞയുടനെ അതിൽ നടപടിയെടുത്ത മന്ത്രി റിയാസിനെ പോലുള്ള ഭരണാധികാരികളാണ് നാടിനാവശ്യമെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്റെ പോസ്റ്റ് ചുവടെ

ഒരു ആമുഖം എഴുതാം അതിനു രാജമാണിക്യത്തിലെ വില്ലൻ മാനോജ്‌ K ജയനോട്‌ പറയുന്ന ഡയലോഗ് കടമെടുക്കുന്നുണ്ട്‌, മമ്മൂട്ടിയെ കുറിച്ച്‌ അന്വേഷിച്ച്‌ കിട്ടിയ വിവരങ്ങൾ പങ്കു വെക്കുന്ന ആ ഡയലോഗ്‌ നിങ്ങൾ ഓർക്കുന്നുണ്ടൊ ?
" ബെല്ലാരിയിൽ അവൻ ബെല്ലാരി രാജ വെറും പോത്ത്‌ കച്ചവടക്കാരൻ, സൗദ്യയിൽ അറബികൾക്ക്‌ അവൻ ഡയമണ്ട്‌ രാജ, പിന്നെ മുച്ചീട്ട്‌ രാജ, ബെൻസ്സ്‌ രാജ "

എങ്കിൽ അതാണു ഇന്നത്തെ എന്റെ അവസ്ഥ, സത്യവും നീതിയും ആണെന്റെ ശരിയായ രാഷ്ട്രീയം. പക്ഷെ ചിലർക്ക്‌ ഞാൻ കമ്മിയാണു, മറ്റു ചിലർക്ക്‌ കോംഗിയും സുടാപ്പിയും പേരിൽ മുസ്ലീം ഉള്ളത്‌ കൊണ്ട്‌ ഇത്‌ വരെ ആരും സഘിയെന്ന് വിളിച്ചിട്ടില്ല , ഇനി ഈ പോസ്റ്റിന്റെ പേരിൽ എന്നെയൊരു കമ്മി PR വർക്കർ ആക്കരുത്‌.
ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ കോലാഹലങ്ങൾ ചില്ലറയൊന്നും അല്ല, സുഹ്യത്തുക്കൾ വിളിക്കുന്നു, അറിയാവുന്ന PwD rest house സ്റ്റാഫ്‌ വിളിക്കുന്നു ബഹുമാനപെട്ട മന്ത്രി റിയാസ്സ്‌, അദ്ദേഹത്തിന്റെ PA അഭിജിത്ത്‌ എന്നിവർ വിളിക്കുന്നു കൂടാതെ മീഡിയയും കൂടെ ചേർന്നപ്പോൾ സംഗതി ഉഷാറായി.

ഉറക്കത്തിന്റെ ചെറിയ ക്ഷീണത്തിൽ ആയിരുന്നു ഇന്നത്തെ ഡ്രൈവിഗ്‌ അതു കൊണ്ട്‌ വീട്ടിലെത്താൻ പതിവിലധികം സ്റ്റോപ്പുകൾ വേണ്ടി വന്നു.

മുൻപ്‌ ഒരുപാട്‌ തവണ ഞാൻ പല PwD Rest house കളെ കുറിച്ചും ഫോട്ടൊ സഹിതം എഴുതിയിട്ടുണ്ട്‌, മാവേലിക്കര, അങ്കമാലി, പത്തനംതിട്ട, ചെങ്ങന്നൂർ, കരുമാടി, മാനന്തവാടി എന്നിവ അതിൽ ചിലത്‌ മാത്രം.
നല്ലത്‌ എഴുതിയിരുന്ന എനിക്ക്‌ ഒരു ദുരനുഭവം വന്നപ്പോൾ മുൻപ്‌ നല്ലത്‌ പറഞ്ഞത്‌ കൊണ്ട്‌ ഇതെഴുതിയാൽ പലരും എന്നെ കളിയാക്കില്ലെ എന്ന ഭയം എന്നിലുണ്ടായിരുന്നു, പക്ഷെ പിന്നീട്‌ നടന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്തത്‌ ആയിരുന്നു, ശ്രീ മുഹമ്മദ്‌ റിയാസ്സ്‌ എന്റെ പോസ്റ്റിനു മറുപടി തന്നതിൽ നിന്നാണു കാര്യങ്ങൾ സീരിയസ്സായത്‌.

കമന്റിൽ എന്റെ നമ്പർ ചോദിച്ചു, ഞാൻ മറുപടിയായ്‌ നമ്പർ കൊടുത്തു കഴിഞ്ഞ്‌ അവരുടെ PA യുടെ നമ്പർ വഴി ആയിരുന്നു ആദ്യം കാര്യങ്ങൾ സംസാരിച്ചത്‌, ഞാൻ കരുതിയിരുന്നത്‌ അദ്ദേഹത്തിന്റെ പേജ്‌ അഡ്മിൻ ആയിരിക്കും ഈ മറുപടി തന്നതെന്നായിരുന്നു. ഫോൺ കട്ട്‌ ചെയ്തു കുറച്ച്‌ കഴിഞ്ഞ്‌  മിനിസ്റ്റ്രറുടെ ഈ മെയിൽ വരുന്നത്‌ " പരിശോധിച്ച് അപേക്ഷകന് / പരാതിക്കാരന് അടിയന്തിരമായി ഇമെയിൽ വഴി മറുപടി നൽകുക. (ഒരു കോപ്പി ഈ ഓഫീസിലേക്കും നൽകുക.) " ഇതായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം.
ബഹുമാനപെട്ട റിയാസ്സ്‌ എന്ത്‌ കൊണ്ട്‌ മറ്റുള്ള ജനപ്രതിനിധികളിൽ നിന്ന് കൊണ്ട്‌ വ്യത്യസ്ഥനാവുന്നു എന്നതിന്റെ ഉത്തരങ്ങളാണു ഇതെല്ലാം, ഇന്ന് നമ്മുടെ മന്ത്രിമാരിൽ എത്ര പേരുടെ പേരുകൾ നിങ്ങൾക്കറിയാം എനിക്കറിയുന്നവർ രാജീവ്‌, വീണ, ആന്റണി രാജു, രാധാക്യഷ്‌ണൻ പിന്നെ റിയാസ്സ്‌ എന്നിവരാണു.

പലരും കമന്റ്‌ ചെയ്ത പോലെ കാലത്തെ ജഗപൊക എല്ലാം കഴിഞ്ഞു, ഇനിയൊന്നും നടക്കാൻ പോകില്ലാന്ന് വിശ്വസിച്ചിടത്താണു ശ്രീ റിയാസ്സ്‌ വീണ്ടും വ്യത്യസ്ഥനാവുന്നത്‌ വൈകീട്ട്‌ ക്യത്യം 5.30 നു സ്വന്തം നമ്പറിൽ നിന്ന് വിളിക്കുന്നു, ഇത്‌ ഞാൻ മുഹമ്മദ്‌ റിയാസാണെന്ന് പറഞ്ഞപ്പോൾ, എന്നെ കൊണ്ട്‌ നിങ്ങൾക്ക്‌ ബുദ്ധിമുട്ടായ്‌ അല്ലെ എന്നായിരുന്നു എന്റെ മറുപടി, സംസാരത്തിനിടയിൽ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യണൊ എന്ന എന്റെ ചോദ്യത്തിനു അതു വേണ്ടാ എന്നാണു പറഞ്ഞത്‌, നിങ്ങൾ എഴുതിയത്‌ സത്യങ്ങൾ ആണു അത്‌ ഇനിയും തുടരുക നല്ലതും ചീത്തയും അതേ രീതിയിൽ എഴുതുക, നിങ്ങളുടെ സപ്പോർട്ടും കൂടെ ഉണ്ടായാലെ ഈ റസ്റ്റ്‌ ഹൗസുകൾ നമുക്ക്‌ ശരിയാക്കി എടുക്കാൻ കഴിയൂ, ഫിറോസ്‌ ഞാൻ ഇപ്പോൾ വിളിച്ചത്‌ ഇത്‌ സംബന്ധിച്ച നടപടികൾ അറിയിക്കാനാണു , അതിൽ ഒരാളെ സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്‌ രണ്ട്‌ പേർക്ക്‌ പനിഷ്‌മന്റ്‌ ട്രാൻസ്ഫർ നൽകിയിട്ടുണ്ട്‌, അവർ തന്ന റിപ്പോർട്ട്‌ ഞാൻ അംഗീകരിച്ചിട്ടില്ല സത്യ സന്ധമായ റിപ്പോർട്ട്‌ വന്നാൽ ഞാൻ ഫിറോസിനെ അറിയിക്കാം, എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള ഡോക്ടർ ലൈസിനെ കുറിച്ചു പറഞ്ഞപ്പോൾ ലൈസിനോട്‌ അന്വേഷണം അറിയിക്കാൻ പറഞ്ഞു, ലൈസ്‌ ഡോക്ടർ ശ്രീ റിയാസിന്റെ ബന്ധുവാണെന്ന് എനിക്കറിയാമായിരുന്നു അത്‌ കൊണ്ടാണു അവരുടെ പേരു ഞാൻ പറഞ്ഞത്‌.

ഒരു ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പരാതി അല്ലങ്കിൽ ഞാൻ നേരിട്ട വിഷമം പറഞ്ഞതിനു ഇത്ര പെട്ടെന്ന് പരിഹാരം കണ്ടെത്തിയ ശ്രീ റിയാസിനോട്‌ ഒരുപാട്‌ നന്ദിയുണ്ട്‌, ഇതു പോലുള്ള ജന പ്രതിനിധികളെയാണു നമ്മുടെ നാടിന്റെ ആവിശ്യം , ഫോൺ കട്ട്‌ ചെയ്യുമ്പോൾ പിന്നീട്‌ വിളിക്കാം എന്ന് പറഞ്ഞത്‌ ഒരു വെറും വാക്കല്ല എന്നെനിക്കുറപ്പുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top