20 April Saturday

'ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പോയിട്ട് ഇതുവരെ വന്നില്ല'; സുമേഷ് കാവിപ്പടയുടെ വാട്‌സാപ്പ് ജീവിതം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ അക്രമസംഭവങ്ങളില്‍ അനേകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. അത്തരത്തില്‍ പിടിയിലാവരെ സോഷ്യല്‍ മീഡിയ ലോകം വിളിച്ചുവരുന്ന ട്രോള്‍ പേരാണ് 'സുമേഷ് കാവിപ്പട'. ശബരിലയിലെ സ്ത്രീപ്രവേശനവിധി വന്നതുമുതല്‍ ഇത്തരം സുമേഷ് കാവിപ്പടമാര്‍ വാട്സാപ്പില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് മിനേഷ് രാമനുണ്ണി എഴുതിയ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സുമേഷ് കാവിപ്പടയുടെ വാട്സപ്പ് ജീവിതം എന്ന പേരിലാണ് പോസ്റ്റ്. സുപ്രീംകോടതി വിധി വന്നതുമുതല്‍ സംഘപരിവാര്‍ സംഘടനകളും നേതാക്കളും എടുക്കുന്ന വ്യത്യസ്ത നിലപാടുകളും ഒടുവില്‍ അക്രമികളെ പൊലീസ് പിടികൂടിയപ്പോള്‍ കേണപേക്ഷിക്കുന്ന അവസ്ഥയും പോസ്റ്റില്‍ രസകരമായി സൂചിപ്പിക്കുന്നു.

പോസ്റ്റ് ചുവടെ 


സുമേഷ് കാവിപ്പടയുടെ വാട്‌സപ്പ് ജീവിതം


(മൈ ഫാമിലി ഗ്രൂപ്പ്)

സുമേഷ് കാവിപ്പട: നമസ്‌തേ ബന്ധു ജനങ്ങളേ.

വല്യമ്മ: ശുഭ ദിനം സുമേഷ് മോനേ.

സുമേഷ് കാവിപ്പട: : നമസ്‌തേ വല്യമ്മ .

വല്യമ്മ: ഈ ദിനം ശുഭ ചിന്തയോടെ തുടങ്ങാം. പ്രഷര്‍ കുക്കറില്‍ നാലു വിസില്‍ ആവുമ്പോള്‍ ഉരുളക്കിഴങ്ങ് വേവും : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

സുമേഷ് കാവിപ്പട: പെന്‍സില്‍ വാലിയയിലും നമോ തരംഗം. പെന്‍സില്‍വാലിയ വെള്ളപ്പൊക്കത്തില്‍ നമോ രൂപം തെളിഞ്ഞു വരുന്നു. വീഡിയോ കാണാം

കേശവന്‍ മാമന്‍ : പെപ്‌സിയില്‍ എയിഡ്‌സ് രോഗിയുടെ രക്തം കലര്‍ന്നു. ഇനി പെപ്‌സി കുടിക്കരുത്. മാക്‌സിമം ഷെയര്‍

സുമേഷ് കാവിപ്പട: ബ്രേക്കിംഗ് ന്യൂസ്, ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി

ഗായത്രി അമ്മായി: അങ്ങനെയാണെങ്കില്‍ ഇനി നമുക്കെല്ലാം ഒരുമിച്ച് പോകാല്ലോ.

പ്രസാദേട്ടന്‍ നമോ : സുപ്രീം കോടതി വിധി മാനിക്കുന്നു. ശ്രീധരന്‍ പിള്ളാജി

സുമേഷ് കാവിപ്പട :

പ്രസാദേട്ടന്‍ നമോ: വിധിയെ മാനിക്കുന്നു. സംഘം

സുമേഷ് കാവിപ്പട :????

സുമേഷ് കാവിപ്പട : വിധി നടപ്പിലാക്കും എന്ന് പിണറായി.

അച്ഛന്‍ : അതു കൊള്ളാല്ലോ. അപ്പോള്‍ നമ്മളെല്ലാം ഇക്കുറി ഒരു മിനി ബസ് ബുക്ക് ചെയ്ത് മലക്ക് പോകാം

മാമന്‍ യു എസ് എ : അതെങ്ങനെ ശരിയാവും? പഴയ ആചാരങ്ങള്‍ മാറ്റാന്‍ പറ്റുമോ?

അച്ഛന്‍ : പഴയ ആചാരങ്ങള്‍ മാറ്റിയതു കൊണ്ടല്ലെ നിനക്കും ഗായത്രിക്കുമൊക്കെ കടല്‍ കടന്ന് അമേരിക്കക്ക് പോകാന്‍ പറ്റിയത് സതേീഷേ .

ചെറിയച്ചന്‍: കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്കാര്‍ക്കും ശബരിമലയില്‍ പോകാന്‍ തോന്നില്ല.

പ്രിയച്ചേചി: സത്യം പറയാല്ലോ, എനിക്ക് പോകണം എന്നുണ്ട്.

വല്യമ്മ : വല്യ പരിഷ്‌ക്കാരികള്‍, അതൊന്നും പറ്റില്ല. അശുദ്ധിയാവും.

സുമേഷ് കാവിപ്പട : ശബരിമലയിലെ യുവതി പ്രവേശനം എതിര്‍ക്കും : ശ്രീധരന്‍ പിള്ള

പ്രിയച്ചേചി : ഇദ്ദേഹമല്ലേ കോടതി വിധി മാനിക്കും എന്നു അല്‍പം മുന്‍പ് പറഞ്ഞത് ?

പ്രസാദേട്ടന്‍ നമോ : പിള്ളാജി ഹിന്ദു താല്‍പര്യം മുന്‍ നിര്‍ത്തി നിലപാട് മാറ്റിയതാണു.

സുമേഷ് കാവിപ്പട: നമ്മള്‍ ഹിന്ദുക്കള്‍ ഒരു അപകടത്തില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

പ്രസാദേട്ടന്‍ നമോ : വൈകുന്നേരത്തെ നാമ ജപത്തില്‍ പങ്കെടുക്കുമല്ലോ, സുമേഷ് കുട്ടന്‍ പറഞ്ഞതു പോലെ ഇനിയുള്ള കാലം നമ്മള്‍ ഒന്നിച്ച് നില്‍ക്കണം.

പ്രിയച്ചേചി: ഞാനില്ല. പ്രസാദേട്ടന്‍ തനിച്ച് പോയാല്‍ മതി

സുമേഷ് കാവിപ്പട : സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് അപകടം. അമേരിക്കയിലെ ഡോക്റ്ററുടെ വീഡിയോ കാണാം

പ്രിയച്ചേചി: ഇതൊക്കെ ഉള്ളതാണോ? എനിക്ക് അവര്‍ പറയുന്നത് ശരിയാണു എന്നു തോന്നുന്നില്ല.

വല്യമ്മ : ഇത്രയും പഠിച്ച ഡോക്റ്റര്‍ പറയുന്നത് വിശ്വസിച്ചൂടേ?

സന്ദീപ് കമ്മി : അവരു പറയുന്നത് പൊട്ടത്തരമാണു എന്നു ഫെയിസ്ബുക്കില്‍ ഡോ. നെല്‍സന്‍ ജോസഫ് എഴുതിയിട്ടുണ്ട്.

സുമേഷ് കാവിപ്പട: ഓ, കമ്മികള്‍ ഓരൊന്നും പിടിച്ച് ഇറങ്ങിത്തുടങ്ങി. കമ്മി, സുഡാപ്പി, പാതിരിമാര്‍ക്ക് ഹിന്ദുക്കളുടെ ആചാരം നശിച്ച് പോകുന്നത് പ്രശ്‌നമല്ലല്ലോ.

അച്ഛന്‍ : ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. പണ്ടും അവിടെ സ്ത്രീകള്‍ പോയിരുന്നതാണല്ലോ.

സുമേഷ് കാവിപ്പട: എന്നിട്ടെന്തായി അച്ഛാ? പ്രളയം വന്നില്ലേ? സുനാമി വന്നില്ലേ?

അച്ഛന്‍ : എണീറ്റ് പോടാ..

കേശവന്‍ മാമന്‍ : അഞ്ച് തലയുള്ള രാജവെമ്പാലയുടെ അപൂര്‍വ്വ ചിത്രം കാണുക

സന്ദീപ് കമ്മി : അത് ഫോട്ടോ ഷോപ്പാ, കേശവന്‍ മാമാ..

പ്രിയച്ചേചി : ??????

പ്രസാദേട്ടന്‍ നമോ : ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ സംഘം എത്തുന്നു.

സുമേഷ് കാവിപ്പട: സംഘം ഡാ...????

സന്ദീപ് കമ്മി: ശബരിമലയിലെ യുവതീ പ്രവേശനം പ്രശ്‌നമല്ലെന്ന് ശ്രീധരന്‍ പിള്ള. വീഡിയോ കാണാം.

പ്രസാദേട്ടന്‍ നമോ : പിള്ളാജിക്ക് പിന്നേം തെറ്റു പറ്റിക്കാണും.

സുമേഷ് കാവിപ്പട : പിള്ളാജി ഇപ്പോള്‍ വീണ്ടും അത് തിരുത്തിയല്ലോ

അച്ഛന്‍ : ഓരോ ദിവസവും ഓരോ അഭിപ്രായമാണോ?

സുമേഷ് കാവിപ്പട : അച്ഛന്‍ കമ്മികളെ പോലെ സംസാരിക്കരുത്. പിണറായി സര്‍ക്കാരിന്റെ അന്ത്യം അടുത്തു.

അച്ഛന്‍ : കേന്ദ്ര സര്‍ക്കാറിനു ഓര്‍ഡിനന്‍സ് ഇറക്കിക്കൂടെ?

സുമേഷ് കാവിപ്പട: ശോഭാജി പറഞ്ഞതു കേട്ടില്ലേ, ശബരിമല കറന്റ് ലിസ്റ്റിലാണു പിണറായി സര്‍ക്കാരല്ലേ കറന്റ് നല്‍കുന്നത്. പിണറായി പറയാതെ മോഡിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.

പ്രിയച്ചേചി : കറന്റ് ലിസ്റ്റല്ല, കണ്‍കറന്റ് ലിസ്റ്റ്. വെറുതെ മണ്ടത്തരം പറയരുത്.

സുമേഷ് കാവിപ്പട: ചേച്ചി ഈയിടെയായി ഫെമിനിച്ചിയാവാന്‍ നടക്കുകയാണോ?

കേശവന്‍ മാമന്‍ : നാളെ രാത്രി കോസ്മിക് രശ്മികള്‍ ഭൂമിയിലെത്തുന്നു. സംശയമുള്ളവര്‍ ബി ബി സി വെച്ചു നോക്കു. ഇത് നാസയില്‍ നിന്നുള്ള അറിയിപ്പ്.

അച്ചന്‍ : സുമേഷേ, ഞാന്‍ അമ്മയേയും പ്രിയയേയും കൊണ്ട് വനിതാ മതിലിനു പോകുന്നു. വീടിന്റെ ചാവി ഷൂ റാക്കിന്റെ അടിയിലുണ്ട്

സന്ദീപ് കമ്മി : ????

ഗായത്രി അമ്മായി: ????സെല്‍ഫി ഇടണേ.

പ്രസാദേട്ടന്‍ നമോ : ഇതൊന്നും അത്ര നല്ലതിനല്ല. മതില്‍ പൊളിയും.

സുമേഷ് കാവിപ്പട : അച്ഛനില്‍ നിന്ന് ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല.

അച്ഛന്‍ : ഒന്നു പോട അവിടുന്ന്. കുത്തിത്തിരുപ്പുണ്ടാക്കി നാടു കത്തിക്കാന്‍ ഞങ്ങളില്ല.

ചെറിയച്ചന്‍ : ബിന്ദുവും പോയിട്ടുണ്ട്. കലികാലം അത്ര തന്നെ.

കേശവന്‍ മാമന്‍ : ഭീമസേനന്റെ കൂറ്റന്‍ ഗദ കണ്ടെടുത്തു. ചിത്രം കാണാം.

പ്രിയച്ചേചി : ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശനം നടത്തിയെന്ന് ഏഷ്യാനെറ്റ്.

സുമേഷ് കാവിപ്പട : ഞാന്‍ വിശ്വസിക്കില്ല. സംഘത്തിന്റെ കാവലില്‍ പിണറായിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ജനം ടി വിയില്‍ വരട്ടേ.

പ്രസാദേട്ടന്‍ നമോ : കുട്ടാ... ആചാര ലംഘനം നടന്നു എന്നാണു ജനം ടി വിയും പറയുന്നത്.

സുമേഷ് കാവിപ്പട : അപ്പോള്‍ സംഘം?

പ്രസാദേട്ടന്‍ നമോ : സംഘം മതിലിന്റെ പടം എടുക്കാന്‍ പോയിട്ടുണ്ടാവും.

സുമേഷ് കാവിപ്പട : നാളെ ഹര്‍ത്താല്‍. ഞാനും ഇറങ്ങുന്നു പ്രതിഷേധിക്കാന്‍. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. പ്രസാദേട്ടന്‍ വരൂ..

അച്ഛന്‍ : അടിപിടി ഉണ്ടാക്കി സ്റ്റേഷനില്‍ കയറിയാല്‍ ഇറക്കാന്‍ ഞാന്‍ വരില്ല, പറഞ്ഞേക്കാം

സുമേഷ് കാവിപ്പട : മറാത്ത വീര സിംഹം ശിവജിയുടെ പിന്‍ മുറക്കാരായ ഹിന്ദുക്കളാണു നമ്മള്‍. അച്ഛന്‍ നിരീശ്വരവാദികളായ കമ്മികളുടെ കൂടെ നടക്ക്.

കേശവന്‍ മാമന്‍ : കാന്‍സറിനെ പ്രതിരോധിക്കാന്‍ ചക്ക. മരുന്നു ലോബിക്കു വേണ്ടി ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ മറച്ചു പിടിക്കുന്നു.

അച്ഛന്‍ :പ്രസാദേ, സുമേഷ് വിളിച്ചിരുന്നോ? രാവിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പോയിട്ട് ഇതു വരെ വന്നില്ല.

പ്രസാദേട്ടന്‍ നമോ: എന്റെ ബൈക്കും എടുത്താ പോയത്. ഞാന്‍ വിളിച്ചിട്ട് കിട്ടിയില്ല.

സുമേഷ് കാവിപ്പട : പ്രസാദേട്ടാ, ബൈക്ക് സ്റ്റേഷനിലാണു. ഹര്‍ത്താലിനു പോയവരെ നാട്ടാരു വളഞ്ഞ് തല്ലി.ചേട്ടന്‍ പോയി ബൈക്ക് ഒന്നു എടുക്കുമോ? ഞാന്‍ കൂട്ടുകാരന്റെ വീട്ടിലുണ്ട്. പുറത്തിറങ്ങാന്‍ പറ്റില്ല.

പ്രസാദേട്ടന്‍ നമോ: പോടാ.. എന്നിട്ട് വേണം എന്നെ പിടിച്ച് അകത്തിടാന്‍. ബൈക്കും കൊണ്ട് ഇങ്ങട് വന്നാല്‍ മതി.

സുമേഷ് കാവിപ്പട : അങ്ങനെ പറയല്ലേ പ്രസാദേട്ടാ..

അച്ഛന്‍ : പ്രസാദിന്റെ ബൈക്ക് കൊടുത്തിട്ട് വീട്ടില്‍ കയറിയാല്‍ മതി. അവന്റെ ഒരു കാവിപ്പട..

കേശവന്‍ മാമന്‍ : വാട്ട്‌സ് അപ്പിന്റെ എറ്റവും പുതിയ ഫീച്ചര്‍. ഇനി നിങ്ങള്‍ Exit Group അടിച്ചാലും ഗൂപ്പില്‍ നിന്ന് പോകില്ല.

സുമേഷ് കാവിപ്പട left the group

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top