20 April Saturday

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയിലിരുന്ന് സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി നിർത്താതെ സംസാരിച്ചിട്ടുണ്ടാവുമോ?

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂർ നിർത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ? നല്ല മഴ പുറത്ത് പെയ്യുമ്പോൾ കുറച്ച് സഹോദരന്മാർ വച്ചൊഴിച്ചു തന്ന നല്ല കടുപ്പമുള്ള കാപ്പിയും കുടിച്ച് തെല്ലും സങ്കോചമില്ലാതെ...വിസ്പർ എന്നുമാത്രം ഉത്തരമുണ്ടായിരുന്ന ഒരു വിഷയത്തെ പറ്റി ഇങ്ങനെ ഉറക്കെ ചർച്ച ചെയ്തിട്ടുണ്ടാവുമോ? ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളുടെ തുടർച്ചയാണ്. ഇല്ലെങ്കിൽ ഞങ്ങളിന്ന് രചിച്ചത് ചരിത്രമാണ്.

റിഷ്‌നാ രാജിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌:

സഫ്ദർ ഹാശ്മി വനിതാ വേദി നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെ സഹായത്തോടെ ഡോ. അപർണ കൃഷ്ണനെയും, കൗൺസിലർ ജെ ശ്വേതയെയും വായനശാലയിലേക്ക് ക്ഷണിച്ചത് നമ്മുടെ കൊച്ചുഗ്രാമത്തിലെ സാധാരണക്കാരായ സ്ത്രീകളോട് പാഡുകൾ കൾക്കപ്പുറം പരിസ്ഥിതി സൗഹൃദമായ, സ്ത്രീ സൗഹൃദമായ, വിഷമതകൾ ലഘുവായ ഒരാർത്തവകാലത്തേക്കുള്ള പുതിയ ഉൽപന്നത്തെ പരിചയപ്പെടുത്താനാണ്.



സാധാരണ ഒരു വീട്ടമ്മയുടെ രാവിലെ പത്ത് മണി എത്രമാത്രം സംഭവബഹുലമായിരിക്കുമെന്ന നല്ല ബോധ്യമുള്ളതിനാൽ ഒരു പത്ത് മുപ്പത് പേർ വന്നു കിട്ടിയാൽ തന്നെ കുശാലയെന്ന് ധരിച്ചു കയറി ചെന്ന സംഘാടകരെ അതിശയിപ്പിച്ച ആൾക്കൂട്ടം ... കുക്കർ വിസിലുകളുടെ അസ്വസ്ഥമാക്കുന്ന ശബ്ദത്തെ മറന്ന്, സോപ്പുരച്ച് വച്ച തുണി ക്കെട്ടുകളെ മറന്ന് ഒന്നര മണി വരെ നമ്മളെല്ലാവരും കേട്ടിരുന്നത് ആർത്തവകാലത്തെ തൊണ്ണൂറു ശതമാനം പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരുന്നു.

കാഞ്ഞങ്ങാട്ടുകാരിയായ,കണ്ണൂർ ജനറൽ ആശുപത്രിയിലെ ഡോ. അപർണ  തുടങ്ങിയത് പത്ത് പെറ്റാലും പെണ്ണിന് അവസാനിക്കാത്ത അജ്ഞാത കേന്ദ്രമായി തുടരുന്ന ഗുഹ്യഭാഗത്തെ ശാസ്ത്രീയമായി പരിചയപ്പെടുത്തി യായിരുന്നു. സചിത്രവിവരണത്തോടെ, പ്രത്യുൽപാദന ശാരീരിക ഘടനയും ആർത്തവകാലത്തെ ഘടനാ മാറ്റങ്ങളും തുടങ്ങി ജീവശാസ്ത്രപരമായ സംശയങ്ങളെല്ലാം ദൂരീകരിച്ച് അവസാനിച്ച അത്ര ദീർഘമല്ലാത്ത സംഭാഷണം. ഡോക്ടർ ആർത്തവ കപ്പ് എന്ന ഉൽപന്നത്തിന്റെ  പേരിൽ നാം ധരിച്ചുവശായ അബദ്ധ ധാരണകളിൽ നിന്ന് സൂക്ഷ്മമായ അറിവുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.


 
മെനസ്ട്രുവൽ കപ്പുകളെ കുറിച്ച് ദീർഘകാല ഗവേഷണം നടത്തിയ ശ്വേത കപ്പിന്റെ ഉപയോഗം, അതുണ്ടാക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ എത്ര രസകരമായാണ് ' അവതരിപ്പിച്ചത്! സംശയങ്ങളും കൂട്ടിച്ചേർക്കലുകളും കൊണ്ട് സജീവമായ സദസ് ഇത്തരമൊരു ഉദ്യമത്തിന്റെ പൂർണ വിജയത്തിന്റെ വിളംബരമായിരുന്നു.

‌തുണിയിൽ നിന്നുപോലും മാറി ചിന്തിക്കാൻ തുടങ്ങിയിട്ടില്ലാത്ത അമ്മമാർ മുതൽ തൊട്ടടുത്ത വയസുകളിൽ ആർത്തവത്തെ പ്രതീക്ഷിച്ചിരിക്കുന്നവർ വരെയുണ്ടായിരുന്നു സദസിൽ. തൊട്ടു നോക്കിയും പുറകിലൊളെ നോക്കിയുറപ്പിക്കാനേൽപ്പിച്ചും ഒരു 50 മില്ലി രക്തത്തെ നാമെല്ലാവരും എത്രമാത്രം ഭയന്നിരുന്നു? ഒരു യാത്രയിൽ, ഉറക്കത്തിൽ, ഓഫീസിൽ, സ്കൂളിൽ ഏഴു ദിവസം നമ്മെ പിന്തുരുന്ന ഒരു വേവലാതിക്ക് ശാശ്വതമായ ഒരു പരിഹാരമായി.ഒരിറ്റു പോലും മാലിന്യമുണ്ടാക്കാത്ത, പണച്ചിലവു കുറഞ്ഞ ആർത്തവ കപ്പുകളെ  എന്തേ പോയ വർഷങ്ങളിലൊന്നും തിരിച്ചറിഞ്ഞില്ലെന്ന് നിരാശപ്പെട്ടവരായിരുന്നു, മിക്കവാറും കേൾവിക്കാർ.

'സൃഷ്ടി'യെന്ന യാത്രാ സംഘത്തിന്റെ സംഘാടകർ കൂടിയായ അവതാരകരുടെ യാത്രകളിലെ സ്വാനു ഭവങ്ങളാണ് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കിയത്. കപ്പുമായി ബന്ധപ്പെട്ട നൂറു ശതമാനം ചോദ്യങ്ങൾക്കും ഉത്തരങ്ങൾ വിശദീകരിക്കപ്പെട്ട ചർച്ച ഒരു പുതുതുടക്കത്തിന്റെ നാന്ദി തന്നെയാണ്. പരിപാടിക്കിടെ ഞങ്ങളുടെ നവമാധ്യമ പോസ്റ്റുകൾ കണ്ട് എത്തിയ മാതൃഭൂമി ഷീ ന്യൂസ് സംഘത്തിലൂടെ ഈ ഓണം കേറാമൂലയിലെ പുതുചിന്തകൾ ലോകം കേൾക്കുക തന്നെ ചെയ്യും.

 ലോകമൊരുപാട് മാറുമ്പോൾ ആർത്തവകാലത്തെ സ്വാതന്ത്ര്യമാഘോഷിക്കാൻ ഒരുങ്ങുന്നവരോട് കന്യാചർമ്മത്തിന്റെ കപട ന്യായം നിരത്തുവരെ മാറ്റി നിർത്തി ആ ഏഴു ദിവസം നമ്മളാഘോഷിക്കുകയല്ല, പക്ഷേ, സ്വസ്ഥരായിരിക്കുക തന്നെ ചെയ്യും. പാഡിന്റെ ചൊറിച്ചിലില്ലാത്ത, രക്തക്കറയെ ഭയക്കാത്ത ഒരാർത്തവകാലത്തെ, പുസ്തകങ്ങളുടെ നടുവിലിരുന്ന് പ്രഖ്യാപിക്കുമ്പോൾ വല്ലാത്തൊരു ഊർജ്ജ്മുണ്ടാവുന്നുണ്ട് നമുക്കെല്ലാവർക്കും....

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top