28 March Thursday

"മത്സ്യബന്ധന' വിവാദം; ആസൂത്രിതമായ ഗൂഢാലോചനയിൽ രണ്ട്‌ സിവിൽ സർവ്വീസ്‌ മസ്‌തിഷ്‌ക്കങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 26, 2021

പ്രതിപക്ഷ നേതാവിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും , ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറിയും

പ്രതിപക്ഷ നേതാവിന് എല്ലാ വിവരങ്ങളും നൽകി , അദ്ദേഹത്തെ ആയുധമണിയച്ച ശേഷം , ബോട്ട് നിർമ്മാണക്കരാറിനെ , കടൽ വില്പന ആക്കിയതിനു പിന്നിൽ പ്രവർത്തിച്ചത് രണ്ട് സിവിൽ സർവ്വീസ് മസ്‌തിഷ്‌ക്കങ്ങളാണെന്ന് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് ന്യായമായും സംശയിക്കാം. മേഘനാഥിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ആഴക്കടൽ "മത്സ്യബന്ധന' വിവാദത്തിൽ വളരെ ആസൂത്രിതമായ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി എന്ന തലക്കെട്ടു തന്നെ Pre - Planned ആയിട്ടുള്ള ഒരു പച്ചക്കള്ളമാണ്. KSINC എം.ഡി പ്രശാന്ത് നായർ IAS അമേരിക്കൻകമ്പനിയുമായി ഒപ്പുവച്ചത്, മത്സ്യ ബന്ധന യാനങ്ങൾ നിർമിക്കാനുള്ള ധാരണാ പത്രമാണ്.

ഇന്നലെ ചില ചാനലുകൾ, " കടൽ വിറ്റത് '' മുഖ്യമന്ത്രിയുടെ ആഫീസിൻ്റെ അറിവോടെയാണെന്ന് വരുത്താൻ പ്രശാന്ത് നായർ IAS ൻ്റെ  പുറത്തുവിട്ട   വാട്സാപ്പ് ചാറ്റിൽ തന്നെ യാനങ്ങളുണ്ടാക്കാൻ 1200 കോടിയുടെ " Work order " ലഭിച്ചു എന്നാണ് പറയുന്നത്. അതായത് ധാരണാപത്രം ഒപ്പിടുന്നതിനു മുൻപു തന്നെ എല്ലാ കാര്യങ്ങളും പ്രശാന്ത് തീരുമാനിച്ചിരുന്നു എന്ന് വ്യക്തം.

പ്രതിപക്ഷ നേതാവിന് എല്ലാ വിവരങ്ങളും നൽകി , അദ്ദേഹത്തെ ആയുധമണിയച്ച ശേഷം , ബോട്ട് നിർമ്മാണക്കരാറിനെ , കടൽ വില്പന ആക്കിയതിനു പിന്നിൽ പ്രവർത്തിച്ചത് രണ്ട് സിവിൽ സർവ്വീസ് മസ്‌തിഷ്‌ക്കങ്ങളാണെന്ന് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് ന്യായമായും സംശയിക്കാം. ധാരണാപത്രം KSINC ക്കു വേണ്ടി ഒപ്പിട്ട പ്രശാന്ത് നായർ IAS , രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു . പ്രശാന്തിൻ്റെ ഉറ്റ സുഹൃത്ത് ഡോ. കെ. അമ്പാടി IIS ( IAS അല്ല , ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസ് ) ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ പ്രൈവറ്റ് സെക്രട്ടറി.

ഈ രണ്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും അടുത്ത സുഹൃത്തുക്കൾ മാത്രമല്ല ചലച്ചിത്ര മേഖലയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നവർ കൂടിയാണ്. പ്രശാന്തും - അമ്പാടിയും ചേർന്ന് തിരക്കഥയെഴുതിയ ,മോഹൻലാൽ നായകനായി നിശ്ചയിച്ച ഒരു പൊളിറ്റിക്കൽ ത്രില്ലർ നടക്കാതെ പോയത് സംവിധായകനായി നിശ്ചയിച്ചിരുന്ന ഐ.വി. ശശിയുടെ വിയോഗം കാരണമാണ്. ആ സിനിമ വീണ്ടും തുടങ്ങാനുള്ള സംയുക്ത ശ്രമത്തിനിടയിൽ ഇരുവരും ചേർന്ന് ചെന്നിത്തലയ്ക്കു വേണ്ടിയെഴുതിയ തിരക്കഥയാണ് " പിണറായിയുടെ അറബിക്കടൽ വില്പന " .

പ്രതിപക്ഷ നേതാവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായ അമ്പാടി.

പലരും ധരിച്ചിരിക്കുന്നത് ഇദ്ദേഹം IAS ഓഫീസർ ആണെന്നാണ്. ഇൻഡ്യൻ ഇൻഫർമേഷൻ സർവീസിൽ വാർത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരിക്കെ , ഉമ്മൻ ചാണ്ടിസാർ മുൻകയ്യെടുത്ത് കഴിഞ്ഞ UDF സർക്കാരിൻ്റെ കാലത്ത് , കെ.ബാബു കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് വകുപ്പിൽ , തീരദേശ വികസന കോർപ്പറേഷൻ എം.ഡിയായി അമ്പാടിയെ ഡപ്യൂട്ടേഷനിൽ നിയമിച്ചു. പിന്നീട് ആ തസ്തികയിൽ സ്ഥിരപ്പെടുത്തി. കഴിഞ്ഞ സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗത്തിൽ പാസാക്കിയ 900 ൽപ്പരം തീരുമാനങ്ങളിൽ ഒന്ന് ഡോ. അമ്പാടിയെ IIS ൽ നിന്ന് IAS ലേയ്ക്ക് കാഡർ മാറ്റി നൽകാനുള്ളതായിരുന്നു.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിനാണെന്നിരിക്കെയാണ് ഇത്തരമൊരു വഴിവിട്ട നീക്കം UDF നടത്തിയത്. തുടർന്ന് LDF സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യം റദ്ദുചെയ്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഈ കാഡർമാറ്റം. എന്നാൽ തീരദേശ വികസന കോർപ്പറേഷനിൽ സ്ഥിരപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന് സംസ്ഥാന സർക്കാരിൽ തന്നെ പോസ്റ്റിംഗ് കൊടുത്തേ മതിയാവൂ എന്നതിനാൽ  , ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് ഡയറക്റ്ററായി നിയമിക്കുകയായിരുന്നു.

പിന്നീട് അവസരം ലഭിച്ചപ്പോൾ , ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ സർക്കാരിൽ, ചാനലുകൾക്കുള്ള പരസ്യനിരക്ക് പരിഷ്ക്കരിക്കാൻ നിയോഗിക്കപ്പെട്ട അമ്പാടിയാണ് അവർക്ക് വൻ നിരക്ക് നിശ്ചയിച്ചു നൽകിയത്. അക്കാരണം കൊണ്ടു തന്നെ മാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ദൃശ്യമാദ്ധ്യമങ്ങളിൽ അമ്പാടിക്ക് നല്ല സ്വാധീനമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് പ്രശാന്ത് - അമ്പാടി സഖ്യത്തിൻ്റെ തിരക്കഥ ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസായി പുറത്തു വരുന്നത്. ഈ രണ്ടു പേരുടേയും മൊബൈൽ കോൾ ലിസ്റ്റും ടവർ ലൊക്കേഷനും അന്വേഷിച്ചാൽ തന്നെ മുഴുവൻ ഗൂഢാലോചനയും പുറത്തുവരും.

കള്ള വാർത്തയുണ്ടാക്കാൻ പദവി ദുരുപയോഗപ്പെടുത്തിയ രണ്ടു പേരെയും മാറ്റി നിർത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.

ഫോട്ടോ : പ്രതിപക്ഷ നേതാവിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും , ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top