20 April Saturday

മാക്‌‌സ് വോണ്‍ സിഡോ: അനിശ്ചിതത്വങ്ങളുടെ സ്വീഡിഷ് കണ്ണുകള്‍

അമല്‍ ദാസ്‌Updated: Wednesday Mar 11, 2020

സ്വീഡനിലെ മാലോ (Malo) നഗരത്തില്‍ ഇങ്മര്‍ ബെര്‍ഗ്മാനൊരു നാടകകമ്പനി ഉണ്ടായിരുന്നു. തന്റെ രണ്ടു കൊല്ലത്തെ അഭിനയപഠനം കഴിഞ്ഞ് മാക്‌സ് വോണ്‍ സിഡോ (Max Von Sydow) 1956 ല്‍ ചെന്നെത്തുന്നത് ഈ മുനിസിപ്പല്‍ തിയേറ്റര്‍ ഗ്രൂപ്പിലേക്കാണ്. ബെര്‍ഗ്മാന്റെ മറ്റ് പ്രമുഖരായ സഹപ്രവര്‍ത്തകരും ഈ ഗ്രൂപ്പിലന്നുണ്ട്. ഗുണ്ണാര്‍ ബോണ്‍സ്ട്രാന്‍ഡ് (Gunnar Bjornstrand), ഇന്‍ഗ്രിഡ് തൂലിന്‍ (Ingrid Thulin), ബിബി ആന്‍ഡേഴ്സോണ്‍ (Bibi Andersosn), ഗുണ്ണെല്‍ ലിന്‍ഡ്ബ്ലോമ് (Gunnel Lindblom) അങ്ങനെ ബെര്‍ഗ്മാന്‍ യൂണിവേഴ്‌സിനെ യാഥാര്‍ഥ്യമാക്കിയ പല ഇതിഹാസ നടീനടന്മാര്‍...

അവരുടെ ഇടയില്‍ നിന്നാണ് മെലിഞ്ഞു നീണ്ട ഈ ബ്ലോണ്ട് മനുഷ്യനെ ബെര്‍ഗ്മാന്‍ തന്റെ ആള്‍ട്ടര്‍ ഈഗോ ആയി  തെരഞ്ഞെടുക്കുന്നത്. സെവന്‍ത് സീല്‍ (Seventh Seal) 57 ലിറങ്ങുമ്പോള്‍ മുഖ്യകഥാപാത്രമായ അന്റോണിയസ് ബ്ലോക്ക് (Antonius Block) ആയി സിഡോ വരുന്നു. കുരിശു യുദ്ധം കഴിഞ്ഞു നാട്ടിലെത്തുന്ന നൈറ്റ് (Knight) ആണു ബ്ലോക്ക്. നാടു മുഴുവന്‍ ദുരിതവും പ്‌ളേഗും ബാധിച്ചു, മരണം അന്തരീക്ഷത്തില്‍ കട്ട പിടിച്ചു നില്‍ക്കുന്നു. ഈ ദുരിതങ്ങളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാതെ മൗനം പാലിക്കുന്ന തന്റെ ദൈവത്തെ, അതിന്റെ വിശുദ്ധരൂപങ്ങളെ, തത്വങ്ങളെ അയാള്‍ സംശയിച്ചു തുടങ്ങുകയാണ്. അയാള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല! ഒരുനാള്‍ അയാള്‍ക്ക് മുന്നില്‍ മരണം ഒരു കറുത്ത തുണിക്കഷണത്തിനറ്റം പോലെ പ്രത്യക്ഷപ്പെടുകയാണ്. അല്പം അമ്പരന്നുവെങ്കിലും ബ്ലോക്ക് വളരെയധികം അവധാനതയോടെ മരണത്തെ ഒരു ചെസ്സ് കളിക്ക് ക്ഷണിക്കുന്നു. കളി ജയിക്കുകയാണെങ്കില്‍ തനിക്കൊരിത്തിരി സമയം കൂടെ വേണം...

പിന്നീട് നടന്നതൊക്കെ സിനിമയുടെ ചരിത്രത്തിലെ തന്നെ മൈല്‍സ്റ്റോണ്‍ ഇവെന്റ്സാണ്. ഇനി വരുന്ന തലമുറകളും കണ്ട് അതിശയിക്കാന്‍ പോകുന്ന തത്വചിന്ത!

27 ആം വയസ്സിലാണ് സിഡോ സെവന്‍ത് സീലില്‍ അഭിനയിക്കുന്നത്. മരണവും ദുരിതവും മതഭ്രാന്തും കണ്ടു മനംമടുത്ത ബ്ലോക്കിന്റെ കണ്ണുകളിലൊരു വികാരശൂന്യതയുണ്ട്. ശബ്ദത്തില്‍ വല്ലാത്തൊരു ദുഃഖമുണ്ട്. നടപ്പിലൊരു താളമില്ലായ്മയുണ്ട്. ദൈവത്തിന്റെ കുറ്റകരമായ മൗനത്തെ സിഡോ തന്റെ നോട്ടങ്ങളിലൂടെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. പതിഞ്ഞ താളത്തിലുള്ള വികാരമാറ്റങ്ങളിലൂടെ ബ്ലോക്ക് ദൈവത്തെക്കാള്‍ എന്‍ലാര്‍ജ് ചെയ്ത ചോദ്യചിഹ്നമായി. സിനിമയിലെ സിഡോയുടെ പെര്‍ഫോമന്‍സിനെ പറ്റി ബെര്‍ഗ്മാന്‍ പറഞ്ഞത് 'He could produce emotions with it's all nuances os you could just grasp' എന്നാണ്.
പിന്നീട് വന്ന തന്റെ ആറു സിനിമകളിലും സിഡോയുടെ കൂടെ ബെര്‍ഗ്മാന്‍ കൊളാബൊറേറ്റ് ചെയ്തു. വൈല്‍ഡ് സ്‌ട്രോബറീസ് ( Wild Strawberries, 1957), മജീഷ്യന്‍ (Magician, 1958) ഒക്കെ അതില്‍ ചിലത് മാത്രം.

അറുപതില്‍ വന്ന ദി വിര്‍ജിന്‍ സ്പ്രിങ് (The Virgin Spring, 1960)ല്‍  മധ്യകാലപരിസരത്തില്‍ സിഡോ പിന്നെയുമെത്തി. തന്റെ മകളെ റേപ് ചെയ്ത് കൊന്നവരോട് ക്രൂരമായി പ്രതികാരം വീട്ടുന്ന ഒരു മധ്യകാല കത്തോലിക്കനായി സിഡോ നിറഞ്ഞാടുകയാണ് സിനിമയില്‍. അതേ പോലെ 61 ല്‍ വന്ന ത്രൂ ദി ഗ്ലാസ് ഡാര്‍ക്ലി (Through the Glass Darkly, 1961) യില്‍ മാക്‌സ് വോണ്‍ സിഡോ, അനുദിനം ഉന്മാദത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന തന്റെ ഭാര്യയെ കുറിച്ച് ശങ്കിക്കുന്ന ഒരു മോഡേണ്‍ ഭര്‍ത്താവാണ്. തന്റെ എഴുത്തുകാരനായ അമ്മായിയച്ഛന്‍ അവരുടെ ജീവിതത്തോട് കാണിക്കുന്ന അകല്‍ച്ചയോട് അയാള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. താന്‍ പെട്ട്‌പോയിരിക്കുന്ന ജീവിതാവസ്ഥയോട് പൊരുതാതെ  അയാള്‍ക് വേറെ മാര്‍ഗമില്ല താനും. തന്റെ ആള്‍ട്ടര്‍ ഈഗോകളിലൊന്നായി, സിഡോയെ ബെര്‍ഗ്മാന്‍ സിനിമകളില്‍ പ്രതിഷ്ഠിച്ചു തുടങ്ങുന്നത് ഇവിടം മുതലാണ്. ബെര്‍ഗ്മാന്റെ ഈ ഒരു കഥാപാത്രം എപ്പോഴും നിരാശയിലാണ്. തന്റെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നുമില്ല, ഇവയ്‌ക്കൊന്നും തന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയുന്നുമില്ല. ഈ അനശ്വരമായ നരേറ്റിവ് ട്രോപ് തന്നെ ബെര്‍ഗ്മാന്‍ സൃഷ്ടിച്ചെടുക്കുന്നത് സിഡോവിലൂടെയാണ്. അയാളുടെ മുഖത്തെ മ്ലാനതയിലൂടെയാണ്.

ആണവായുധ സ്‌ഫോടനങ്ങളിലൂടെ ലോകം കത്തിത്തീരുമെന്ന് സ്ഥിരമായി സ്വപ്നം കാണുന്ന കര്‍ഷകനായി സിഡോ വിന്റര്‍ ലൈറ്റില്‍ (Winter Light, 62) വരുന്നുണ്ട്. തന്റെ കൊച്ചു നിരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ അയാള്‍ ബോണ്‍സ്ട്രാന്‍ഡിന്റെ അച്ഛന്‍  കഥാപാത്രത്തെ കാണാന്‍ വരുന്ന രംഗങ്ങള്‍ അത്യധികം വേദനാജനകമാണ്.

കുറേക്കൂടി താരത്തിളക്കമുള്ള ഹോളിവുഡ് കരിയര്‍ ആണ് സിഡോക്കുണ്ടായിരുന്നത്. ആദ്യ ജെയിംസ് ബോണ്ട് ചിത്രം ഡോക്ടര്‍ നോ (Dr.No, 1962) യില്‍ ബോണ്ട് ആയി അഭിനയിക്കാന്‍ വന്ന ഓഫര്‍ അദ്ദേഹം നിരസിക്കുകയുണ്ടായി (രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മറ്റൊരു ബോണ്ട് സിനിമയായ നെവര്‍ സെ നെവര്‍ (Never Say Never, 1983) ഇല്‍ പ്രധാനവില്ലനായി സിഡോ എത്തിയെന്നുള്ളത് മറ്റൊരു കാര്യം). ജോര്‍ജ് സ്റ്റീവന്‍സ് (George Stevens) സംവിധാനം ചെയ്ത ദി ഗ്രെറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ് (The Greatest Story ever told, 1965) ലൂടെയാണ് സിഡോ ഹോളിവുഡിലെത്തുന്നത്. ക്രിസ്തുവായി അദ്ദേഹം ഗംഭീരപ്രകടനം നടത്തിയെങ്കിലും സിനിമ പരാജയപ്പെട്ടു.
ഈയൊരു സമയത്തും ബെര്‍ഗ്മാനുമൊത്ത് സിനിമകള്‍ ചെയ്യാന്‍ സിഡോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹൗര്‍ ഓഫ് ദി വുള്‍ഫ് (Hour of the Wolf, 1968), ഷെയിം (Shame, 68), ദി പാഷന്‍ ഓഫ് അന്ന (The Passion ഓഫ് Anna, 69), ബെര്‍ഗ്മാന്റെ ആദ്യ ഇംഗ്ലീഷ് ചിത്രം ദി ടച്ച് (The Touch, 1970) അങ്ങനെ ഒരുപാട് സിനിമകളിലൂടെ ലോകസിനിമയില്‍ സിഡോ തന്നെ അടയാളപ്പെടുത്തി.

യാന്‍ ട്രോഎല്‍ (Jan Troel) ന്റെ എമിഗ്രന്റ്സ് (Emigrants, 1971), അതിന്റെ സീക്വല്‍ ദി ന്യൂ ലാന്‍ഡ് (The New Land, 1972) തുടങ്ങിയ ചിത്രങ്ങളില്‍,  മറ്റൊരു ബെര്‍ഗ്മാന്‍ താരം ലിവ് ഉള്‍മാന്‍ (Liv Ullmann) ന്റെ കൂടെ സിഡോ  അമേരിക്കയിലെ കുടിയേറ്റ കര്‍ഷകജീവിതത്തിന്റെ ദുരിതങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുകയുണ്ടായി. ഹോളിവുഡ് ഇന്‍ഡസ്ട്രിലോകത്ത് സിഡോയെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു വില്യം ഫ്രയ്ഡ്കിന്റെ William Friedkin) എക്സോര്‍സിസ്റ്റ് (The Exorcist, 1973). സിനിമയിലെ എക്സോര്‍സിസ്റ്റ് കഥാപാത്രം ഫാദര്‍ മെറീനിനെ സിഡോ അനശ്വരമാക്കി.

നേരത്തെ പറഞ്ഞപോലെ തീര്‍ത്തും സരസവും ലഘുവായതുമായ അഭിനയമുഹൂര്‍ത്തങ്ങളാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള ഹോളിവുഡ് ജീവിതത്തില്‍ കൂടുതലും. മെഴ്‌സിലെസ് ഇന്‍ ഫ്‌ലാഷ് ഗോര്‍ഡന്‍ (Merciless in Flash Gordon,  1980), കിങ് ഓസ്‌റിക് ഇന്‍ കോനന്‍ ദി ബാര്‍ബേറിയന്‍ (King Osric in Conan the Barbarian, 1982) പോലുള്ള നിലവാരമില്ലാത്ത കോമഡികള്‍ പോലും ചെയ്യുന്ന നിലയിലേക്ക് താണു.

അടുത്തകാലത്ത് സിഡോ ചെയ്തു ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം മാര്‍ട്ടിന്‍ സ്‌കോഴ്സെസെ (Martin Scorsese)യുടെ ദി ഷട്ടര്‍ ഐലന്‍ഡ് (The Shutter Island, 2010) ലെ ജര്‍മന്‍ സൈക്കാട്രിസ്റ്റിന്റേതാണ്. ഡി കാപ്രിയോയുടെ മുഖ്യകഥാപാത്രത്തെ കുതന്ത്രങ്ങളിലൂടെ വീഴ്ത്താന്‍ നോക്കുന്ന ഡോക്ടര്‍ ജെറെമിയാ നായ്‌റിങ് ആയി സിഡോ നമ്മെയൊക്ക ഭയപ്പെടുത്തി. അവസാനകാലത്തും അഭിനയരംഗത്ത് വളരെ ആക്റ്റീവ് ആയിരുന്നു അദ്ദേഹം. സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് എവെയ്‌കെന്‍സ് (Star Wars: The Force Awakens, 2015), ഗെയിം ഓഫ് ത്രോണ്‍സ് ന്റെ ആറാം സീസണിലെ ത്രീ ഐഡ് റെയ്വെനില്‍ ഒക്കെ  അദ്ദേഹം തന്റെ ഭാഗങ്ങള്‍ അവിസ്മരണീയമാക്കി. ഡാനിഷ് ഡയറക്ടര്‍ തോമസ് വിന്റര്‍ബെര്‍ഗ് (Thomas Vinterberg)ന്റെ Kursk ആണ് അദ്ദേഹമഭിനയിച്ച അവസാന സിനിമ.

Prolific.

57 ല്‍ തുടങ്ങി 2018 വരെ നീണ്ടു നിന്ന ആ കരിയറിനെ അഭിസംബോധന ചെയ്യാന്‍ ഈ വാക്കാവും നല്ലത്.ചെയ്ത റോളുകളുടെ വൈവിധ്യവും, അവയെ എക്‌സിക്യുട്ട് ചെയ്ത ഭാഷകളും നോക്കിയാല്‍, സിഡോ സമ്മാനിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ വളരെ വ്യതിരിക്തമായിരുന്നുവെന്ന് കാണാം. അഭൗമമായ എന്തോ എന്ന് ആ കഥാപാത്രങ്ങളെ പൊതിഞ്ഞു നിക്കുന്നുണ്ട്. ഒരു കാലത്തിന്റെ ഭാരമേറിയ കുറെ ശേഷിപ്പുകള്‍ പോലെ അവയദ്ദേഹത്തിന്റെ മുഖത്ത് കല്ലിച്ചു കിടക്കുന്നുമുണ്ട്. ബെര്‍ഗ്മാന്റെ ത്രൂ ദി ഗ്ലാസ് ഡാര്‍ക്ലിയിലെ ഒരു രംഗത്തില്‍ നിന്നും നമുക്കിത് പിടിച്ചെടുക്കാം.
'There's no room for emotion in your void.
And you lack common decency.
You know how to express yourself, you always have the right words...
There's only one phenomenon you haven't the slightest clue about. Life...!' 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top