13 June Thursday

'വാക്കുകളിലെയും വരികളിലെയും അജണ്ടയിലാണ് യഥാര്‍ത്ഥ വിഷം കിടക്കുന്നത്; ഭയപ്പെടണം മാതൃഭൂമിയെ'

സുനില്‍ കുമാര്‍Updated: Monday Aug 19, 2019

ഭയപ്പെടണം മാതൃഭൂമിയെ
കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതശരീരം പോത്തുകല്ല് മസ്ജിദില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഏറ്റവും മാതൃകാപരമായ കാഴ്ച കേരളം കാണുമ്പോള്‍ സംഘപരിവാരത്തിന് വേണ്ടി ഇന്നത്തെ മാതൃഭൂമിയില്‍ എത്ര സമര്‍ത്ഥമായാണ് ഇവര്‍ വാര്‍ത്ത മെനഞ്ഞെടുത്തത് എന്ന് ഒന്ന് നോക്ക്യേ.

'മൃതദേഹം കുളിപ്പിക്കുവാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മസ്ജീദില്‍ ഉണ്ട് ''
ഇന്നലെവരെ ഏതെങ്കിലും പത്രത്തില്‍ നിങ്ങള്‍ ഈ വാര്‍ത്ത കണ്ടിരുന്നുവോ? എന്താണ് ഇന്ന് ഇതിങ്ങനെ പൊട്ടി മുളച്ചത്?അതാണ് മാതൃഭൂമി.മ്യതദേഹമല്ല ഇവിടെ കുളിപ്പിക്കുന്നത്.ഈ പത്രം സേവാഭാരതിയെയാണ് കുളിപ്പിക്കുന്നത്. എന്നിട്ട് പൗഡറും അത്തറും തേച്ച് മലയാളിയുടെ മസ്‌തിഷക്കത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ്.

കവളപ്പാറയിലുള്ള സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുകയാണ് ഞാന്‍ .ആദ്യത്തെ രണ്ട് ദിവസവും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മസ്ജിദില്‍ പോസ്റ്റ്മാര്‍ട്ടം എന്ന വാര്‍ത്ത വന്ന ഉടനെ പളളിക്കാര് അതങ്ങ് മുഴുവനായും കൊണ്ടു പോകണ്ട എന്ന് നിശ്ചയിച്ച് വെള്ളം ഇറങ്ങുമ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യം പോലെ വന്നവരായിരുന്നു ഇവര്‍.പക്ഷെ മാത്യഭൂമി വാര്‍ത്ത പോയ പോക്ക് നോക്കണേ.സംഘപരിവാരത്തിന്റെ അടുപ്പില്‍ 'മീശ ' പറിച്ചെടുത്ത് കത്തിച്ചതും, കമല്‍റാം സജീവിനെ നുറുക്കി ഹൈന്ദവ ഫാ സിസത്തിന്റെ വറവ് ചട്ടിയില്‍ വറുത്ത് പുറം തളളിയതും ദേശീയ പാരമ്പര്യമുള്ള പത്രത്തിന്റെ നിരുപദ്രവകരമായ നേരംമ്പോക്കുകള്‍ മാത്രം. വാക്കുകളിലെയും വരികളിലെയും അജണ്ടയിലാണ് യഥാര്‍ത്ഥ വിഷം കിടക്കുന്നത്.

നമുക്ക് വിഷയത്തിലേക്ക് വരാം.കവളപ്പാറ തിരച്ചില്‍ നടത്താന്‍ സേവാഭാരതി ഉണ്ടായിരുന്നില്ലേ? വാര്‍ത്തകളില്‍ കാണാത്തത് കൊണ്ട് ചോദിക്കുന്നതാണ്.

മൃതശരീരം സംഘപരിവാര്‍ നേതാക്കള്‍ ഏറ്റുവാങ്ങി എന്നാണ് മാത്യഭൂമി പറയുന്നത്.ഹൈന്ദവന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടത് ഹൈന്ദവ സംഘടനകള്‍ ആണെന്ന് സ്ഥാപിച്ചെടുക്കലാണോ ഈ വരിയുടെ പിറകിലുള്ള ലക്ഷ്യം. സംശയിക്കണ്ട പുതിയ സാഹചര്യത്തില്‍ അതുതന്നെയാണ്. നമുക്ക് മനസ്സിലാവാന്‍ ഇത്തിരി കാലം കൂടി എടുക്കും എന്നേയുള്ളൂ. അപ്പോഴേക്കും മാതൃഭൂമിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടാവും.

മരിച്ച് പോയവരുടെ കുടുംബങ്ങള്‍ ആരും വന്നില്ലെ മ്യതദേഹം ഏറ്റുവാങ്ങാന്‍, അവസാനമായി ആചാരപ്രകാരം പേരിനെങ്കിലും മരണാനന്തര ചടങ്ങ് നടത്താന്‍? വന്നു എന്നും ,ചെയ്യാവുന്ന കര്‍മങ്ങള്‍ ചെയ്തു എന്നുമാണ് ഇന്നലെ വരെയുള്ള പത്രങ്ങളിലും ചാനലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കിയത്.പിന്നെ മാത്യഭൂമി എന്തിന് ഇങ്ങനെ എഴുതുന്നു?

പോസ്റ്റ് മോര്‍ട്ടത്തിനെത്തുന്ന മൃതദേഹങ്ങള്‍ മസ്ജിദിനകത്ത് കുളിപ്പിക്കുന്നത് സേവാഭാരതി പ്രവര്‍ത്തകരെന്ന് മാതൃഭൂമി തലവാചകമിട്ട് പറയുന്നു. ആദ്യത്തെ രണ്ട് ദിവസം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അത് ചെയ്ത കാര്യം ഞാന്‍ മുകളില്‍ സൂചിപ്പിച്ചു.രണ്ട് ദിവസം തൊട്ട് ഏഴ് ദിവസം വരെ വെള്ളത്തിനും മണ്ണിനും അടിയില്‍ പെട്ട് അഴുകിയ ഈ ശരീരങ്ങള്‍ എങ്ങിനെ കുളിപ്പിച്ചു എന്നാണ് പറയുന്നത്? സാമാന്യയുക്തിയെങ്കിലും വേണ്ടേ വാര്‍ത്തക്ക് സൃഷ്ടിച്ചെടുക്കുന്ന വരികള്‍ക്ക് .

അതാണ് മനസ്സിലാക്കേണ്ടത്.മ്യതശരീരമല്ല കുളിപ്പിക്കുന്നത് ,മാത്യഭൂമി സേവാഭാരതിയെയാണ് കുളിപ്പിച്ച് ദുര്‍ഗന്ധം മാറ്റി നമ്മുടെ മുന്നില്‍ അവതരിപ്പിച്ച് കൊണ്ടുവരുന്നത് .

ഒന്നുറപ്പാണ് അമിത് ഷായുടെ ഹൈന്ദവ ഫാസിസത്തെ കേരളത്തില്‍ പ്രതിഷ്ഠിക്കുന്നത് വരെ വരികളില്‍ ഒളിപ്പിച്ച് വായനക്കാരന്റെ മസ്‌തിഷ്‌ക്കത്തിലേക്ക് അവന്‍ പോലും അറിയാതെ സംഘപരിവാര അജണ്ടകള്‍ മാത്യഭൂമി ചുട്ടെടുത്ത് നമ്മുടെ തീന്‍മേശകളില്‍ വിളമ്പിക്കൊണ്ടേയിരിക്കും. ഫാസിസത്തിന്റെ ആള്‍ക്കൂട്ടമനശാസത്രം അവര്‍ക്ക് അറിയും പോലെ വേറെ ആര്‍ക്കും അറിയില്ല.
ഭയപ്പെടണം മാത്യഭൂമിയെ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top