19 April Friday

അമേരിക്കൻ കമ്പനിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം?; മുഖ്യ വിഷയം പ്രളയവും ശബരിമലയുമാണെന്ന്‌ എങ്ങനെ കണ്ടെത്തി?

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

മനോജ്‌ കുമാർ

മനോജ്‌ കുമാർ

മുഖ്യ വിഷയം പ്രളയവും ശബരിമലയുമാണെന്നു എങ്ങനെ കണ്ടെത്തി? കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള സർവ്വേ ആണിത്. ഇതിനു കൃത്യമായ ഗുണഭോക്താവുണ്ട് . സമാനമാണ് മനോരമ സർവേയും. കോര്പറേറ്റ് കമ്പനികളുടെ മാർക്കറ്റിങ് കമ്പിനി ആയ കാർവി എങ്ങനെ തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്നു. കെ മനോജ്‌ കുമാറിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

ഒരമേരിക്കാൻ കമ്പനിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം? ഒരു മാർക്കറ്റിംഗ് കമ്പിനി എന്തിനാണ് തിരഞ്ഞെടുപ്പ് സർവേയുടെ ഭാഗമാകുന്നത്‌? എങ്ങനെയാണു അവർ സാമ്പിളുകൾ ഉണ്ടാക്കിയത്? എന്ത് മെതഡോളജി ആണ് സർവെയ്‌ക്കുപയോഗിച്ചതു? എന്ത് ചോദ്യങ്ങളാണ് ചോദിച്ചത്? ഇരുപതു മണ്ഡലങ്ങളിലും ആരൊക്കെ ജയിക്കും എന്ന് പറയാൻ സിഫോളജിയിലെ ഏതു ശാസ്ത്രമാണ് പിന്തുടർന്നത്? മാതൃഭൂമി ഉത്തരം പറയേണ്ടതുണ്ട്? ഇത് പണം മുടക്കിയുള്ള പ്രചാരണമായി മാത്രം കാണരുത്. രാജ്യ സുരക്ഷയുടെ കാര്യം കൂടിയാണ്. ഇത് നിശബ്ദമായി കണ്ടോണ്ടിരുന്ന സർക്കാരുകളും ഉത്തരം പറയണം.

അന്തർദേശീയ നിയമങ്ങൾ അനുസരിച്ചു സാമ്പിളുകൾ അടക്കമുള്ള എല്ലാ രേഖകളും സൂക്ഷിച്ചുവയ്ക്കുകയും അന്വേഷണങ്ങൾക്ക് ലഭ്യമാക്കുകയും വേണം. സിഎസ്‌ഡിഎസ് മാത്രമാണ് തങ്ങളുടെ സർവേയുടെ നടപടി ക്രമങ്ങൾ പുറത്തു പറഞ്ഞിട്ടുള്ളത്. അതനുസരിച്ചു ഒരു മണ്ഡലത്തിൽ നൂറു സാമ്പിളുകളാണ് എടുത്തിട്ടുള്ളത്. സിഫോളജി എന്ന തെരഞ്ഞെടുപ്പ് പ്രവചന രീതിക്കു ചില ശാസ്ത്രിയ രീതികൾ ഉണ്ട്. റാൻഡം സാമ്പിളുകളാണെങ്കിൽ പല ഗ്രൂപ്പുകളായി ആണ് തിരഞ്ഞെടുക്കുക. ആൺ, പെൺ, ചെറുപ്പക്കാർ, പാവപ്പെട്ടവർ, ഇടത്തരക്കാർ, പണക്കാർ, വിദ്യാഭ്യാസമുള്ളവർ, പെൻഷൻ വാങ്ങുന്നവർ, കർഷകർ, തൊഴിൽ, മതം ജാതി എന്നിങ്ങനെ നിരവധി ഉപതിരിവുകൾ ഉണ്ടാവും.

സാമ്പിൾ വളരെ കുറവാണെങ്കിലും അവരോടു ചോദിക്കുന്ന ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനമായി പറയുന്ന വിഷയം തൊഴിലില്ലായ്മയാണ്. ഇത് പല സർവേകളിലും പറയുന്നുണ്ട്. കാർഷിക പ്രശ്നങ്ങൾ, നോട്ടുനിരോധനം, എണ്ണ വില, ഫുൽവാമ, കോര്പറേറ്റ് ഇടപെടൽ, അഴിമതി എന്നിങ്ങനെ ഉള്ള വിഷയങ്ങളേക്കുറിച്ചു എന്താണ് ചോദ്യാവലിയിൽ ഉണ്ടായിരുന്നത്? ദേശീയ പ്രശ്നങ്ങളോട് എന്ത് സമീപനമാണുണ്ടായിരുന്നത് ? എന്റെ അന്വേഷണത്തിലും ആ ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞതനുസരിച്ചും ഒരു ലോകസഭ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലാണ് സർവ്വേ നടത്തിയതെന്നാണ്. അങ്ങനെ എങ്കിൽ ആ മണ്ഡലത്തെ ഏതു മാനദണ്ഡം ഉപയോഗിച്ചാണ് കണ്ടെത്തിയത്. രാഷ്ട്രീയമായി അങ്ങോട്ടും ഇങ്ങോട്ടും ഓരോ തിരഞ്ഞെടുപ്പിലും ആടിക്കൊണ്ടിരിക്കുന്ന മണ്ഡലത്തിലെ ബൂത്തുകൾ കണ്ടെത്തിവേണം സാമ്പിൾ ഉണ്ടാക്കാൻ. അതിലൂടാണ് സ്വിങ് എന്ന് ഇവർ പറയുന്ന രീതിയിലേക്ക് വരുന്നത്. കൃത്യമായ ഫോര്മുലയിലുടെ വേണം പ്രൊജക്ഷൻ ഉണ്ടാക്കാൻ. മുഖ്യ വിഷയം പ്രളയവും ശബരിമലയുമാണെന്നു എങ്ങനെ കണ്ടെത്തി? കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള സർവ്വേ ആണിത്. ഇതിനു കൃത്യമായ ഗുണഭോക്താവുണ്ട് . സമാനമാണ് മനോരമ സർവേയും. കോര്പറേറ്റ് കമ്പനികളുടെ മാർക്കറ്റിങ് കമ്പിനി ആയ കാർവി എങ്ങനെ തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്നു.

യൂ എസ് തെരഞ്ഞെടുപ്പിൽ ഉപയോഗിയ്ക്കുന്ന സാംപ്ലിങ് രീതി ശാസ്ത്രമാണ് നീൽസൺ ഉപയോഗിച്ചത്.മുൻപു നടന്ന സർവ്വേകളുടെ ശരാശരി കണക്കിലെടുത്തു .കച്ചി കൂനയിൽ നിന്ന് ഏതാനും തുമ്പുകൾ എടുത്തു ഉണങ്ങിയോ എന്ന് നോക്കുംപോലെ (straw polling ) 20 പാർലമെന്റ് മണ്ഡലങ്ങളിലെയും വോട്ടർമാരെ കൂട്ടിക്കുഴച്ചു ഒറ്റ യൂണിറ്റ് ആയി എടുത്തു. അതിൽ നിന്ന് 5103 പേരെ തെരഞ്ഞെടുത്തു. അവരിൽ നിന്നാണ് അഭിപ്രായം ആരാഞ്ഞത് .കേരള സർക്കാരിനെയും കേന്ദ്ര സർക്കാരിനേയും വിലയിരുത്താനാണ് ഈ സർവേയെങ്കിൽ അത് ന്യായീകരിക്കാവുന്നതാണ്. എന്നാൽ ഇതേ ഡാറ്റ തന്നെ വോട്ടിംഗ് തീരുമാനത്തിന്റെ നിഗമനത്തിനും ഉപയോഗിച്ചത് ന്യായീകരിക്കാവുന്നതല്ല.Logically ഇത് fallacy എന്ന് വിശേഷിപ്പിയ്ക്കാവുന്ന മിഥ്യാബോധം ഉണ്ടാക്കുന്നു. പൂച്ചയ്ക്ക് നാലു കാലുണ്ട്,പശുവിനു നാലു കാലുണ്ട് പശു മൃഗമാണ് പൂച്ചയും മൃഗമാണ് , നാലു കാലുള്ളതെല്ലാം മൃഗങ്ങളാണ്. കാട്ടിലിനു നാലു കാലുണ്ട് അത് കൊണ്ട് കട്ടിലും മൃഗമാണെന്നു പറയുന്ന ലോജിക് ആണ് എ സി നീൽസൺ മാതൃഭൂമിയ്ക്കു വേണ്ടി ഉപയോഗിച്ചിരിയ്ക്കുന്നതു. ലളിതമായി പറഞ്ഞാൽ ഒരു ഉത്തരം നേരത്തെ കണ്ടെത്തി അതിനു തക്കവണ്ണം ഡേറ്റയെ വ്യാഖ്യാനിക്കുക എന്ന രീതി.

സ്ട്രറ്റിഫൈഡ് റാൻഡം സെലെക്ഷൻ ആണ് സാധാരണയായി തെരഞ്ഞെടുപ്പ് സർവ്വേ കളിൽ ഉപയോഗിയ്ക്കുക.രീതിശാസ്ത്രം തെറ്റാണെങ്കിലും ഉത്തരം ശരിയാക്കാൻ പ്രചാരണത്തിന് തയ്യാറാക്കിയതാണ് നീൽസൺ സർവ്വേ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. സിഫോളജിയിൽ ഇവർക്ക് യാതൊരു ഡൊമൈൻ പരിചയവും ഇല്ല. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കലാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് നേരെ നടത്തിയ വെല്ലുവിളിയാണ്. ഇത്തരത്തിൽ അഭിപ്രായ സർവ്വേ കണക്കാക്കി മുഴുവൻ സീറ്റുകളുടെയും വിധി പറയുന്ന ആദ്യത്തെ സർവ്വേ ആയിരിക്കും. ഇത് ഇനി അനുവദിച്ചാൽ നമ്മുടെ തിരഞ്ഞെടുപ്പ് തന്നെ ഇത്തരം കോര്പറേറ്റ് താൽപര്യക്കാർ അട്ടിമറിക്കും. നിയമ നടപടികളിലേക്ക് പോകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top