20 April Saturday

ആ ആത്മഹത്യാക്കുറിപ്പ് കിട്ടിയിരുന്നില്ലെങ്കിലോ ?...എ കെ രമേശ്‌ എഴുതുന്നു

എ കെ രമേശ്‌Updated: Thursday May 16, 2019

എ കെ രമേശ്‌

എ കെ രമേശ്‌

ഒരു ബാങ്ക് മാനേജരുടെ നേരെ മാത്രം മുഴുവൻ കുറ്റവും ആരോപിക്കുന്നവർ മറക്കുന്നത്, അവർ വെറും ഇരകളാണെന്ന കാര്യമാണ്. തീരുമാനങ്ങൾ മുകളിൽ നിന്ന് വരുന്നു. വൻകിടക്കാരുടെ ഭീമൻ വായ്പകൾ കിട്ടാക്കടമായി മാറുമ്പോൾ, അവരുടെ രാഷ്ട്രീയ സ്വാധീനം കാരണം അവർക്ക് നേരെ ചെറുവിരൽ അനക്കാനാവാത്ത കോർപറേറ്റ് ഓഫീസ്, തങ്ങൾക്ക് കീഴിലുള്ള ശാഖകളിലെ ചെറിയ കിട്ടാക്കട ങ്ങളുടെ നേരെ തിരിയുന്നു...മാരായമുട്ടത്തെ ഇരട്ടമരണത്തിന്റെ പശ്ചാത്തലത്തില്‍ എ കെ രമേശ്‌ എഴുതുന്നു.

ആ ആത്മഹത്യാക്കുറിപ്പ് അന്നു തന്നെ തൽപരകക്ഷികൾ പിഴുത് മാറ്റിയിരുന്നെങ്കിലോ?

ആ മാനേജരെ കൈയ്യാമം വെച്ചു കൊണ്ടുപോവുമ്പോൾ കക്ഷിരാഷ്ട്രീയാതീതമായി അവരെ കൈയ്യേറ്റം ചെയ്യാൻ ജനം ഇരമ്പിയെത്തിയേനേ.
ഒച്ച വെച്ചവരെ കുറ്റം പറഞ്ഞു കൂടാ. സ്വാഭാവികമാണത്. വൻകിടക്കാരുടെ കോടികൾ എഴുതിത്തള്ളുന്ന ബാങ്കുകൾ സാധാരണക്കാർക്ക് നേരെ ജപ്തി നടപടികളുമായി പോവുന്നത് എതിർക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ ആ എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരമാക്കി ഇമ്മാതിരി സന്ദർഭങ്ങളെ ഉപയോഗപ്പെടുത്തിയാൽ തീരുന്നതാണോ നമ്മുടെ പൗരധർമ്മം? ഇടതുപക്ഷ ബോധം ?

ബാങ്ക് ഓഫീസർമാരും ജീവനക്കാരും ഒന്നടങ്കം ബാങ്കിങ്ങ് നയത്തിലെ തിരിച്ചിടലിനെതിരെ പോരാടിയ പല സന്ദർഭങ്ങളിലും അതിലേക്ക് ഒന്നെത്തി നോക്കുക കൂടി ചെയ്യാത്ത ഒട്ടേറെ പൊതുപ്രവർത്തകർ നെയ്യാറ്റിൻകര പ്രശ്നത്തിൽ ബാങ്ക് മാനേജരുടെ ചോരക്ക് വേണ്ടി ദാഹിച്ചു. ഉടൻ പിരിച്ചുവിട്ടുകിട്ടിയാൽ അപ്പോൾ കത്തിത്തീരുമായിരുന്നു പലരുടെയും രോഷം. ഇനി അടുത്ത ആത്മഹത്യക്ക് കാണാം എന്നും പറഞ്ഞ് ചിറിയും തുടച്ചു പിരിയാൻ അതു മതി.

പക്ഷേ അപ്പോൾ, ഇതിനൊക്കെ വഴിവെച്ച നയങ്ങൾ, അതേപടി തുടരും.വ്യവസ്ഥ കണ്ണിറുക്കി ചിരിക്കും.

ഒരു ബാങ്ക് മാനേജരുടെ നേരെ മാത്രം മുഴുവൻ കുറ്റവും ആരോപിക്കുന്നവർ മറക്കുന്നത്, അവർ വെറും ഇരകളാണെന്ന കാര്യമാണ്. തീരുമാനങ്ങൾ മുകളിൽ നിന്ന് വരുന്നു. വൻകിടക്കാരുടെ ഭീമൻ വായ്പകൾ കിട്ടാക്കടമായി മാറുമ്പോൾ, അവരുടെ രാഷ്ട്രീയ സ്വാധീനം കാരണം അവർക്ക് നേരെ ചെറുവിരൽ അനക്കാനാവാത്ത കോർപറേറ്റ് ഓഫീസ്, തങ്ങൾക്ക് കീഴിലുള്ള ശാഖകളിലെ ചെറിയ കിട്ടാക്കട ങ്ങളുടെ നേരെ തിരിയുന്നു. നിലവിലുള്ള നിയമങ്ങൾ, വ്യവസ്ഥ തന്നെയും അവർക്കെതിരാണ്. സ്വാഭാവികമായും ആ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാൻ, കേസ് കൊടുക്കാൻ, വിധി നടപ്പിലാക്കിയെടുക്കാൻ ബാദ്ധ്യസ്ഥരാണ് കീഴ്ജീവനക്കാർ. അവരിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ഇതിന് നീങ്ങുന്നത്.

വിദ്യാഭ്യാസ വായ്പ കിട്ടാതെ കുട്ടി ആത്മഹത്യ ചെയ്താലും നമുക്ക് ബാങ്ക് മാനേജരുടെ കഴുത്തിന് പിടിക്കാം. എന്തുകൊണ്ട് സാധാരണക്കാർക്ക് പഠിക്കാനാവുന്നില്ല എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം തേടാൻ തൽക്കാലം നമുക്ക് നേരമില്ല. ജിഡിപിയുടെ എത്ര ശതമാനം വിദ്യാഭ്യാസത്തിന് നീക്കി വെച്ചു എന്ന് നാം അറിയേണ്ടതില്ല. വായ്പയെടുക്കാതെ കുട്ടികൾക്ക് പഠിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്ന നയങ്ങളെക്കുറിച്ച് നമ്മളിൽ പലരും അജ്ഞരാണ്. എളുപ്പം മാനേജരുടെ കൊങ്ങക്ക് പിടിക്കലാണ്.

പത്താമത്തെ കർഷകൻ ആത്മഹത്യ ചെയ്തപ്പോൾ ഇന്ത്യാവിഷ്നിൽ ഒരു ചർച്ചക്ക് വിളിച്ചിരുന്നു. നാളെ കുട്ടികൾ നടത്താനിടയുള്ള ആത്മഹത്യകൾ ഇപ്പോൾ കർഷകർ പ്രീ പോൺ ചെയ്തതാണ് എന്ന് അന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്. പണി കിട്ടാതെ. കടം വീട്ടാനാവാതെ യുവാവ് ആത്മഹത്യ ചെയ്താലും നമുക്ക് ഒരു ബാങ്ക് മാനേജരുടെ കൊങ്ങ കണ്ടെത്താം, കയറിപ്പിടിക്കാം.

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡണ്ടാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top