19 April Friday

'ഒരു തറക്കല്ലിട്ട് ചാണ്ടി സേർ പുഷ്പം പോലെ പരിഹരിച്ച പ്രശ്നത്തെ പാലം പണിത് സങ്കീർണമാക്കുകയായിരുന്നു പിണറായി വിജയന്‍'...കെ ജി ബിജു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

"18 മാസം കൊണ്ടു പാലം തീർക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച ശേഷമാണു സംസ്ഥാന സർക്കാർ വൈറ്റില മേൽപാലം കമ്മിഷൻ ചെയ്യുന്നത്".
എങ്ങനെയുണ്ട്...? ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പാലം പണിത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച സർക്കാരിനെ ഒരു നിമിഷം വെച്ചുകൊണ്ടിരിക്കാമോ?  അങ്ങനെ വായനക്കാരൻ സംശയിക്കുന്ന തരത്തിലേയ്ക്കു വേണം വാചകഘടന
...

മലയാള മനോരമയുടെ കുത്തിത്തിരിപ്പ് വാര്‍ത്തയെ പറ്റി കെ ജി ബിജു ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്


വന്തിട്ടേൻഡാ... ഉമ്മനോരമ വന്തിട്ടേൻഡാ.....

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ ക്രെഡിറ്റ് കാർഡിൽ ഉമ്മൻചാണ്ടിയുടെ പേര് എവിടെയായിരിക്കും മനോരമ ഫിറ്റു ചെയ്യുക എന്ന ആകാംക്ഷയ്ക്കു വിരാമമായി.
90 ശതമാനം പണിയും സേറിന്റെ കാലത്തു പൂർത്തിയായതാണ് എന്നതായിരുന്നല്ലോ സ്ഥിരം വായ്ത്താരി. ഇക്കാര്യത്തിൽ അങ്ങനെയെഴുതാനുള്ള ധൈര്യം സാക്ഷാൽ ജി. ജോ. പുത്തേഴത്തിനു പോലുമില്ല.  ഇനിയഥവാ ധൈര്യം കാണിച്ചാലോ... ചീഫ് എഡിറ്റേഴ്സ് ട്രോഫി പിടിച്ചുവാങ്ങി, സാക്ഷാൽ മാമ്മൻമാത്യു സ്വന്തം കൈ കൊണ്ട് പുത്തേഴത്തു സാറിന്റെ  തലയ്ക്കടിയ്ക്കും.

അപ്പോപ്പിന്നെ എന്താണ് വഴി.... ബ്യൂറോയിലും ഡെസ്കിലും തലകളൊരുപാടു പുകഞ്ഞു. ചുരുളുകളെല്ലാം കോട്ടയത്ത് ക്രോഡീകരിക്കാൻ പ്രത്യേക സംവിധാനവുമേർപ്പെടുത്തി.
സാക്ഷാൽ ബ്രഹ്മാവിന് ആയുസിനു പഞ്ഞം വന്നാലും ചാണ്ടി സേറിനുള്ള പിആർ ഐഡിയകൾക്ക് മനോരമയ്ക്ക് പഞ്ഞമില്ല. തലക്കെട്ടിൽത്തന്നെ പിണറായി വിജയനെ ഉമ്മൻചാണ്ടി പിന്നിലാക്കി. "2 തറക്കല്ലിട്ട പാലം; ആദ്യം ഉമ്മൻചാണ്ടിയും പിന്നീട് പിണറായി വിജയനും". ആദ്യം ഉമ്മൻചാണ്ടി... അതാണ് ടാഗ് ലൈൻ.

ഇനി ലീഡിൽ എങ്ങനെ ചാണ്ടി സേറിനെ ആദ്യം പ്രതിഷ്ഠിക്കാം? കുത്തിത്തിരിപ്പിൽ സ്പെഷ്യലൈസ് ചെയ്ത് മനോരമയിൽ സബ് എഡിറ്റർ ട്രെയിനിയാകാനിറങ്ങുന്നവരെല്ലാം മനപ്പാഠമാക്കി വിശകലനം ചെയ്യേണ്ട വാചകമാണ് ലീഡിൽ.

ദാ, കണ്ടോളൂ... "വൈറ്റിലയിൽ മേൽപാലത്തിന് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമാണം നടന്നില്ല".
ഇതര ഭരണാധികാരികളിൽ നിന്ന് ചാണ്ടി സേറിനെ വേറിട്ടു നിർത്തുന്ന യുഎസ്‌പിയിലേയ്ക്കാണ് വായനക്കാരുടെ ശ്രദ്ധയെ നയിക്കുന്നത്. പദ്ധതിയ്ക്കു പണമില്ലെങ്കിൽ തിരുമണ്ടന്മാരായ ഭരണാധികാരികൾ പണമെങ്ങനെ ഉണ്ടാക്കാം എന്ന ആലോചനയ്ക്കു പിന്നാലെ പാഞ്ഞു സമയം കളയും.

ചാണ്ടിസാറോ... തറക്കല്ലിടാൻ ഖജനാവിൽ പണമുണ്ടോ എന്നു നോക്കും. ഇല്ലെങ്കിൽ റബ്ബറോ കുരുമുളകോ വിറ്റോ കടംവാങ്ങിയോ ആയത് സംഘടിപ്പിക്കും.
എന്താണ് കാരണം....

ഒരു പദ്ധതിയിലെ ഏറ്റവും സങ്കീർണമായ കടമ്പയാണ് തറക്കല്ലിടൽ. അത് ചാണ്ടി സേറിനറിയാം. കല്ലിനുവേണ്ട മാർബിളോ ഗ്രാനൈറ്റോ സംഘടിപ്പിക്കണം. അതാകട്ടെ, രാജസ്ഥാനിൽ നിന്ന് വരുത്തണം. അതിന്റെ വലിപ്പം നിശ്ചയിക്കാനുള്ള വിദഗ്ധരെ കണ്ടെത്തണം. അധ്യക്ഷനെയും ആശംസാപ്രസംഗകരെയും നിശ്ചയിക്കണം.
പ്രോട്ടോക്കോൾ പ്രകാരം അവരുടെ ക്രമം നിശ്ചയിക്കണം. ഏതു ഫോണ്ടിൽ ഏതു വലിപ്പത്തിൽ പേരുകൾ ആലേഖനം ചെയ്യണമെന്ന് തീരുമാനിക്കണം. ഉദ്ഘാടകന്റെയും അധ്യക്ഷന്റെയും പേരുകൾ ഒരേ വലിപ്പത്തിൽ മതിയോ എന്ന പ്രഹേളികയ്ക്ക് ഉത്തരമുണ്ടാക്കണം. കുറഞ്ഞ ചെലവിൽ പ്രിന്റെടുത്തു തരുന്ന ഡിസൈനറെ തീരുമാനിക്കണം.
ഫോട്ടോഷോപ്പിലാണോ കോറൽ ഡ്രോയിലാണോ ഡിസൈൻ തയ്യാറാക്കേണ്ടത് എന്ന് തീരുമാനിക്കണം. കല്ല് സ്ഥാപിക്കുന്നതിന് കൃത്യമായ ചേരുവയിൽ കോൺക്രീറ്റ് മിക്സ് തയ്യാറാക്കിയിട്ടുണ്ട് എന്നുറപ്പു വരുത്തണം. ഇത്തരത്തിൽ അതിസങ്കീർണമായ ഒരു പ്രക്രിയയുടെ ഫലശ്രുതിയാണ് നാം കാണുന്ന തറക്കല്ല്. തറക്കല്ലു നന്നായാൽ തൊണ്ണൂറു ശതമാനവുമായി എന്നാണ് പദ്ധതികളെക്കുറിച്ചുള്ള ചാണ്ടി സേറിന്റെ കൺസെപ്റ്റു തന്നെ.

ജേണലിസം പഠിക്കുന്നവർക്ക് കാര്യം മനസിലായല്ലോ. വാർത്തയുടെ ആംഗിൾ എങ്ങനെ നിശ്ചയിക്കണം, ഏറ്റവും ലളിതമായി അത് കൺവേ ചെയ്യുന്ന തലക്കെട്ടും ലീഡും എങ്ങനെ എഴുതണം എന്നു ബോധ്യമായല്ലോ. പക്ഷേ, പാഠം ഇവിടെ തീർന്നു എന്നു കരുതരുത്. ചില മർമ്മങ്ങൾ വേറെയുമുണ്ട്. സോദാഹരണം പറഞ്ഞു തരാം. ലീഡ് ഒന്നുകൂടി വായിക്കൂ...

"വൈറ്റിലയിൽ മേൽപാലത്തിന് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമാണം നടന്നില്ല". "പണമില്ലാതിരുന്നാൽ" എന്നൊരു പ്രയോഗം കണ്ടല്ലോ.
ശ്രദ്ധിക്കൂ. ഇതൊരു വല്ലാത്ത കെണിയാണ്.
ആ വാക്കില്ലാതെ വാചകം ഒന്നു തിരുത്തിയെഴുതി നോക്കൂ. "വൈറ്റിലയിൽ മേൽപാലത്തിന് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല". ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണക്കുന്നില്ലേ. ചാണ്ടി സേറിന്റെ എന്തോ കുഴപ്പം കൊണ്ടാണ് പണി നടക്കാത്തത് എന്ന ധ്വനി വരും. അതൊഴിവാക്കാനാണ് "പണമില്ലാതിരുന്നതിനാൽ" എന്ന ടിപ്പണി ചേർത്തത്. പക്ഷേ, അതിലൊരു കെണിയുണ്ട്.

പിണറായി വിജയൻ വന്നപ്പോൾ പണമെങ്ങനെ ഉണ്ടായി എന്ന് വിഡ്ഢികളായ ചില വായനക്കാർ ആലോചിക്കും. തേങ്ങ വിറ്റാണോ, പാക്കു വിറ്റാണോ, റബ്ബർ ഷീറ്റു വിറ്റാണോ, വിരമിച്ച ഏമാനിൽ നിന്ന് കൈവായ്പ വാങ്ങിയാണോ എന്നൊക്കെ സംശയം നീളും. അതിന് അവസരം കൊടുക്കരുത്. അങ്ങനെ വേണം വാർത്തയുടെ തുടർന്നുള്ള ഭാഗം കൈകാര്യം ചെയ്യേണ്ടത്.

അതെങ്ങനെ വേണം? ആദ്യത്തെ പാരഗ്രാഫിലെ അവസാന രണ്ടു വാചകങ്ങൾ അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ശ്രദ്ധിച്ചു പഠിക്കൂ...
"18 മാസം കൊണ്ടു പാലം തീർക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച ശേഷമാണു സംസ്ഥാന സർക്കാർ വൈറ്റില മേൽപാലം കമ്മിഷൻ ചെയ്യുന്നത്".

എങ്ങനെയുണ്ട്...? ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പാലം പണിത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച സർക്കാരിനെ ഒരു നിമിഷം വെച്ചുകൊണ്ടിരിക്കാമോ?  അങ്ങനെ വായനക്കാരൻ സംശയിക്കുന്ന തരത്തിലേയ്ക്കു വേണം വാചകഘടന. ഒരു തറക്കല്ലിട്ട് ചാണ്ടി സേർ പുഷ്പം പോലെ പരിഹരിച്ച പ്രശ്നത്തെ പാലം പണിത് സങ്കീർണമാക്കുകയായിരുന്നു പിണറായി വിജയൻ സർക്കാർ ചെയ്തത്. അക്ഷന്തവ്യമായ അപരാധം.

കൊച്ചിക്കാരുടെ ക്ഷമ നശിക്കാനും വി ഫോർ കൊച്ചി ഉണ്ടാക്കാനും വേറെ കാരണം അന്വേഷിച്ചു പോകേണ്ട കാര്യമുണ്ടോ?
നന്ദിനിക്കുട്ടി തൻ പുഞ്ചിരിയുള്ളപ്പോ, വാനത്തൊരമ്പിളി വേറേ വേണോ എന്ന് യൂസഫലി കേച്ചേരി.
കണ്ടത്തിൽ ഫാമിലി മനോരമ നടത്തുന്നതുകൊണ്ട്, ചാണ്ടി സേറിന് നോട്ടീസ് വേറെ അടിക്കണോ എന്ന് ജനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top