26 April Friday

ഒരു പാർക്കിങ് ടിക്കറ്റ് ഒഴിവാക്കാൻ ഒരു രാജ്യം (പുനർ)സ്ഥാപിച്ച കഥ

ദീപക് രാജുUpdated: Wednesday Oct 30, 2019

ദീപക് രാജു

ദീപക് രാജു

ണിപ്പൂരിന് ചിലര്‍ ഒരു പുതിയ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തില്‍, പാർക്കിങ് നിയമം തെറ്റിച്ചതിന് അറസ്റ്റിലായ വ്യക്തി ഒരു രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കിയ ചരിത്രം വിവരിക്കുകയാണ് ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്ന ദീപക് രാജു.

ലണ്ടനിൽ ഒരു സംഭവം നടന്നിട്ടുണ്ട്. മണിപ്പൂരിൽനിന്ന് ലണ്ടനിലേക്ക് രാഷ്ട്രീയ അഭയാർത്ഥികളായി കുടിയേറിയ ചിലർ മണിപ്പൂരിന് ഒരു പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 1946-ഇൽ ബ്രിട്ടീഷ് രാജാവിന്റെ ഒരു ഉത്തരവ് വഴി മണിപ്പൂറും ഇന്ത്യയും വേറെ വേറെ കോളനികളായെന്നും, 1947-ഇൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മണിപ്പൂർ ഒരു സ്വതന്ത്ര രാജ്യമായെന്നും, തുടർന്ന് ഇന്ത്യ മണിപ്പൂരിനെ ഭരിക്കുന്നത് നിയമ വിരുദ്ധമായാണെന്നുമാണ് അവരുടെ വാദം. ദലൈ ലാമ ഇന്ത്യയിൽനിന്ന് ടിബറ്റിന്റെ "നാടുകടത്തപ്പെട്ട സർക്കാർ" ഭരിക്കുന്നതുപോലെ അവരാണ് മണിപ്പൂരിന്റെ യഥാർത്ഥ സർക്കാർ എന്നാണ് അവരുടെ അവകാശ വാദം.

അന്താരാഷ്ട്ര നിയമം കൈകാര്യം ചെയ്യുന്നവർക്ക് വളരെ താത്പര്യമുള്ള വിഷയമാണ് ഇത്. അന്താരാഷ്ട്ര നിയമത്തിൽ ഒരു രാജ്യം എന്നതിന് ഒരു നിർവചനമുണ്ട്. രാജ്യങ്ങൾക്ക് അന്താരാഷ്‌ട്ര നിയമത്തിൽ പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. അതുകൊണ്ട്, ഒരു രാജ്യമാണ് എന്നവകാശപ്പെടുന്നവർ പൊതുവെ രാജ്യമാണ് എന്ന് തെളിയിക്കാനുള്ള പല വഴികളും നോക്കും. പൊതുവേ, ഒരു പ്രദേശത്തിന്റെ ഭരണം കയ്യിലുള്ളവർ ആ ശ്രമത്തിൽ കുറെയൊക്കെ വിജയിക്കും, "നാടുകടത്തപ്പെട്ട സർക്കാരുകൾ" പരാജയപ്പെടും.

അത്തരം മറ്റൊരു രസകരമായ ശ്രമത്തിന്റെ കഥയാണിത്.

അമേരിക്കയിലെ ഒരു സംസ്ഥാനമാണ് ഹവായ്. 1893 വരെ രാജഭരണമായിരുന്ന ഹവായ് ആ വർഷം ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി. 1897-ഇൽ ആ റിപ്പബ്ലിക്ക് അമേരിക്കയുമായി ലയിക്കാനുള്ള കരാർ ഒപ്പുവച്ചു. 1898-ഇൽ ഹവായ് അമേരിക്കയുടെ ഭാഗമായി. ഇതൊക്കെ സംഭവിക്കുമ്പോൾ, പുറത്താക്കപ്പെട്ട അവസാനത്തെ ഹവായ് രാജ്ഞി താനാണ് ഹവായ്‌യുടെ യഥാർത്ഥ ഭരണാധികാരി എന്നും, തന്നെ പുറത്താക്കിയ റിപ്പബ്ലിക് നിയമ വിരുദ്ധമാണെന്നും, അതുകൊണ്ട് തന്നെ കരാറിന് സാധുത ഇല്ലെന്നും വാദിച്ചുകൊണ്ടിരുന്നു. രാജ്ഞിയുടെ കാലശേഷം പഴയ രാജഭരണത്തിന്റെ അവകാശങ്ങൾ കയ്യാളുന്നു എന്ന അവകാശ വാദവുമായി പലരും വന്നു.

കാലം കടന്നു പോയി. 1990 കളുടെ അവസാനം പോൾ ലാർസൺ എന്ന ഹവായ്ക്കാരനെ പാർക്കിങ് നിയമം തെറ്റിച്ചതിന് ഹവായ് സംസ്ഥാനത്തിന്റെ പോലീസ് ഫൈൻ അടിച്ചു. അദ്ദേഹം ഫൈൻ കൊടുത്തില്ല. അവസാനം ജയിലുമായി.

ജയിലിൽ കിടന്ന് ലാർസൺ ഒരു കേസ് കൊടുത്തു, ഹവായ് സംസ്ഥാനത്തിനോ അമേരിക്കക്കോ എതിരെയല്ല, ഹവായ് എന്ന സ്വതന്ത്ര രാജ്യത്തിനെതിരെ. ഹവായ് എന്ന സ്വതന്ത്ര രാജ്യത്ത് തൻ്റെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നും തന്നെ അതിൽനിന്ന് രക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ഹവായ് ചെയ്യുന്നില്ല എന്നും, ഹവായ് അമേരിക്കൻ നിയമം അനുസരിക്കുന്നത് അന്താരാഷ്‌ട്ര നിയമത്തിനെതിരാണെന്നും ഒക്കെ ലാർസൺ കാച്ചി.

കേസിന്റെ നോട്ടീസ് കിട്ടിയ രാജപക്ഷക്കാർ സുവർണാവസരം കണ്ടു. കേസ് തോറ്റാലും ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിനെക്കൊണ്ട് തങ്ങളൊരു സ്വതന്ത്ര രാജ്യമാണെന്ന് പറയിക്കാനുള്ള ഒരു അവസരമാണിത്. "ഹവായ് രാജ്യം" കേസ് ആർബിട്രേഷന് വിടാൻ സമ്മതിച്ചു.

അന്താരാഷ്ട്ര നിയമത്തിൽ പുലികളായിരുന്ന മൂന്ന് പേരെ കക്ഷികൾ സംയുക്തമായി ജഡ്ജിമാരായി നിയമിച്ചു. ഒരാൾ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ മുൻ ജഡ്ജി. മറ്റൊരാൾ ഇപ്പോൾ അതേ കോടതിയിലെ ജഡ്ജി (എൻ്റെ പ്രൊഫസർ ആയിരുന്നു). മൂന്നാമൻ പ്രഗത്ഭനായ വക്കീൽ.

ജഡ്ജിമാർ പുലിവാല് പിടിച്ചു, ഒരു പാർക്കിങ് ടിക്കറ്റാണ് അടിസ്ഥാന പ്രശ്നം. പക്ഷേ ആ പ്രശ്നം തീർക്കണമെങ്കിൽ ആദ്യം ഹവായ് സ്വതന്ത്ര രാജ്യമാണോ അതോ അമേരിക്കയുടെ ഭാഗമാണോ എന്ന പഴയ പ്രശ്നം പരിഹരിക്കണം.

അവസാനം ജഡ്ജിമാർ കേസ് തള്ളി. കാരണം, കേസ് ആർബിട്രേഷന് വിടാനുള്ള ഉടമ്പടിയിൽ അമേരിക്ക കക്ഷി ആയിരുന്നില്ല. ഒരു രാജ്യത്തിന്റെ ഭാഗം കേൾക്കാതെ ആ രാജ്യത്തിന്റെ അവകാശങ്ങളെ ബാധിക്കുന്ന വിധികൾ പുറപ്പെടുവിക്കരുത് എന്ന് അന്താരാഷ്ട്ര നിയമമുണ്ട്. അന്താരാഷ്ട്ര കോടതികളുടെ അധികാരം കക്ഷികളുടെ സമ്മതത്തിൽനിന്നാണ് വരുന്നത്, അതുകൊണ്ട്, ആർബിട്രേഷനിൽ പങ്കെടുത്ത് സ്വന്തം ഭാഗം വിശദീകരിക്കാൻ അമേരിക്കയെ നിര്ബന്ധിക്കാനും നിർവാഹമില്ല. അതുകൊണ്ട്, കേസ് തള്ളി.

അങ്ങനെ, കേസിലെ രണ്ടു കക്ഷികളും തോറ്റു. ലാർസണ് പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല.

മണിപ്പൂർ സർക്കാരിന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top