20 April Saturday

മംഗളത്തില്‍നിന്ന് ഒരു മാധ്യമപ്രവര്‍ത്തകകൂടി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017

തിരുവനന്തപുരം > ചാനല്‍ റേറ്റിങ് കൂട്ടാന്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ലൈംഗികവിഷയങ്ങള്‍ക്കിരയാക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു മാധ്യമപ്രവര്‍ത്തക കൂടി മംഗളം ചാനലില്‍നിന്ന് രാജിവച്ചു. അല്‍നീമ അഷ്റഫ് ആണ് ബുധനാഴ്ച രാജിക്കത്ത് നല്‍കിയത്. സ്ത്രീപദവിയെ അപമാനിക്കുകയും സ്ത്രീകളെ ലൈംഗികവിഷയങ്ങള്‍ക്ക് ഇരയാക്കുകയുംചെയ്യുന്ന ചാനല്‍ മാനേജ്മെന്റിന്റെ ക്രൂരചൂഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് അല്‍നീമ  ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പ്രമുഖരെ തേന്‍കെണി(ഹണിട്രാപ്)യില്‍ കുടുക്കാന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിനും ലൈംഗികചേഷ്ടകള്‍ കാട്ടി പ്രലോഭിപ്പിക്കുന്നതിനും മാനേജ്മെന്റ് പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന 'ദേശാഭിമാനി' വാര്‍ത്ത പൂര്‍ണമായും ശരിവയ്ക്കുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ മേയിലാണ് മംഗളത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് അല്‍നീമ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. "ആ ഘട്ടത്തില്‍ത്തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു 'അന്വേഷണസംഘം' രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിര്‍ദേശിച്ചിരുന്നു. അതിന് തയ്യാറല്ലെന്ന് അറിയിച്ചു. സംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍ എന്റെ പ്രതീക്ഷയിലെ മാധ്യമപ്രവര്‍ത്തനം അല്ല എന്ന് തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദവാര്‍ത്ത ചാനല്‍ പുറത്തുവിട്ടപ്പോഴാണ് താനും അറിഞ്ഞത്. വലിയ ചാനല്‍ബ്രേക്കിങ് ഉണ്ടാകുമെന്ന് സൂചന തന്നിരുന്നെങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത ആണെന്ന് അറിയില്ലായിരുന്നു. തുടക്കത്തില്‍ അന്വേഷണടീം രൂപീകരണസമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോഴാണ് ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്. മനസ്സില്‍ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരി, എന്ത് പരാതി പറയാനാണ് ഗതാഗതമന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയുംപോലെ തനിക്കും അറിയാന്‍ ആഗ്രഹമുണ്ട്.

ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെയും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയുംചെയ്യുന്ന സാഹചര്യം ഉണ്ട്. അത് സങ്കടകരമാണ്. പഠിക്കുമ്പോഴും ജോലിചെയ്ത് തുടങ്ങിയപ്പോഴും മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ ഏതായാലും ഇവിടെ ഇപ്പോള്‍ നടക്കുന്നത് അല്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഇന്നലെ വരെ മംഗളത്തില്‍ ജോലി ചെയ്ത ഞാന്‍ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ഇത്രക്കു തരം താഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നേയില്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഞാന്‍ മംഗളത്തില്‍ ജോയിന്‍ ചെയ്തത്.ആ ഘട്ടത്തില്‍ തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഞാന്‍ അതിന് തയ്യാര്‍ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങള്‍ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനം അല്ല എന്ന് അപ്പോള്‍ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത, ചാനല്‍ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാല്‍ വലിയ ചാനല്‍ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തില്‍ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോള്‍ ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് transport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങള്‍ കൂടി എന്റെ ഉള്ളില്‍ ഉണ്ട്.

ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.

ഞാന്‍ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കല്‍പങ്ങള്‍ ഏതായാലും ഇവിടെ ഇപ്പോള്‍ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാര്‍ത്ഥ journalism ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവര്‍ക്കും നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top