20 April Saturday

സംഘി പ്രചാരണത്തിനെതിരെ ആയുധമായ ആ 'ഫോൺ വിളി' പിറന്നത് സാബുവിന്റെ പേജിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

കൊച്ചി> സാബു അത്രയൊന്നും പ്രതീക്ഷിച്ചില്ല. പക്ഷെ പോസ്റ്റ് കൈവിട്ടുപോയി. സ്വന്തം ഫേസ്‌ബുക്ക് വാളിൽ അധികം ശ്രദ്ധിയ്ക്കപ്പെടാതെയിരുന്ന പോസ്റ്റ്  ഒരു സുഹൃത്ത്ന്റെ വാളിലെത്തിയപ്പോൾ മൂവായിരം ലൈക്കും രണ്ടായിരം ഷെയറും കടന്നു. പിന്നെ ഊരും പേരുമില്ലാതെ വാട്സാപ്പിലും ഫേസ്‌ബുക്ക് പേജുകളിലുമായി ആയിരങ്ങളിലേക്ക്

കേരളത്തെ അവഹേളിയ്ക്കുന്ന സംഘപരിവാറിന്റെ നുണക്കൂനകൾക്കെതിരായ ഓൺലൈൻ പ്രതിരോധത്തിൽ മുഖ്യ ആയുധമായ ആ സാങ്കൽപ്പിക ഫോൺ സംഭാഷണം പിറന്നത് പാലാ സ്വദേശിയും  കർഷകനും ഇടതുപക്ഷ സഹയാത്രികനുമായ സാബു തോമസിന്റെ ഫേസ്‌ബുക്ക് വാളിൽ.

യുപിയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ യുവാവിനെ അമ്മ വിളിക്കുന്നതായാണ് സംഭാഷണം. കേരളം ശാന്തസുന്ദരമായ സ്ഥലമാണെന്നും ഇവിടുത്തെ ആര്‍ക്കാര്‍ വളരെ നല്ലവരാണെന്നും. കേരളത്തിനെതിരായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് അമ്മയുടെ ആശങ്കകള്‍ക്ക് മറുപടിയായി കാര്യകാരണ സഹിതം യുവാവ് പറയുന്നതായാണ് എഴുത്ത്.

പോസ്റ്റിനെപ്പറ്റിയുള്ള വാർത്ത ഇവിടെ വായിക്കാം

പോസ്റ്റ് എഴുതാനിടയായ ഉത്തർപ്രദേശ് പരിചയത്തെപ്പറ്റി സാബു മറ്റൊരു പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ സാമൂഹ്യ വികസന സൂചിക പരിശോധിച്ചാല്‍ കേരളം ഒന്നാമതാണെന്ന് തൊണ്ണൂറ്റൊമ്പത് ശതമാനം ആള്‍ക്കാര്‍ക്കും യോജിപ്പാണെന്നാണ് കരുതുന്നത് .
അത് ആരുടെ ശ്രമഫലമാണെന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളു .

അധികം യാത്രകളൊന്നും പോയിട്ടില്ല , യാത്രകള്‍ ഇഷ്ടമാണെങ്കിലും .
നാല് മാസം മുമ്പാണ് യു പിയിലെ അലഹബാദിലേയ്ക്ക് ഒരു യാത്ര തരപ്പെട്ടത് . മരുമകന്‍ കൊച്ചിന് അവിടുത്തെ പ്രശസ്തമായ ഇര്‍വിംഗ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഒരിന്റര്‍വ്യൂ .
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് .
കേരളത്തിലാണെങ്കില്‍ മെറിറ്റില്‍ ഒന്നാമതെത്തിയാലും ഇരുപത്തഞ്ച് ലക്ഷം കുറഞ്ഞത് കൊടുക്കേണ്ട പോസ്റ്റാണ് .
അവനാ ജോലി കിട്ടി .
പത്ത് പൈസ കൊടുക്കാതെ .
മെറിറ്റിന്റെ അടിസ്ഥാനത്തില്‍ .
കേരള സഭയും അവിടുത്തെ സഭയും തമ്മിലുള്ള വ്യത്യാസം പറയാനാണ് ഇത് പറഞ്ഞത് .

പറയാനുള്ളത് മറ്റ് ചില കാര്യങ്ങളാണ് .

ഞങ്ങളവിടെ താമസിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു മിഷനറി പുരോഹിതനൊപ്പമാണ് . കേരളത്തിലെ ഏത് വലിയ കോളേജിനോടും കിടപിടിക്കുന്ന കോളേജും ,
നാലായിരവും അയ്യായിരവും കുട്ടികള്‍ പഠിക്കുന്ന അതിഗംഭീര റെസിഡന്‍ഷ്യല്‍ സ്കൂളുകളും കണ്ട് അന്തംവിട്ട ഞാന്‍ അച്ചനോട് ചോദിച്ചു ....
'ഇത്രേം വലിയ മിഷനറി സ്ക്കൂളുകളും കോളേജുകളുമുണ്ടായിട്ടും യു പി എന്തുകൊണ്ടാണ് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഇപ്പോഴും പിന്നോക്കം നില്ക്കുന്നത് ?
കേരളത്തിലൊക്കെ സമ്പൂര്‍ണ്ണ സാക്ഷരതയും വിദയാഭ്യാസവുമൊക്കെ സാധ്യമായത് മുഖ്യമായും മിഷനറിമാരുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് പറയുന്നു .'
' അവിടെ അതിനുള്ള ഗ്രൗണ്ട് സപ്പോര്‍ട്ട് ഉണ്ടായിരുന്നെടോ .
ഇവിടെയതില്ല ! '
'എന്ന് വെച്ചാല്‍ ? '
'എന്ന് വെച്ചാല്‍ ,
അവിടെ ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടേയും അക്കാലത്തെ കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുണ്ടായ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അയിത്തത്തിനും ജാതി വിവേചനത്തിനും എതിരെ പോരാടി .
ദളിതുകള്‍ക്കും പിന്നോക്കക്കാര്‍ക്കും സ്ക്കൂളില്‍ പോയി പഠിക്കാനുള്ള സാഹചര്യമുണ്ടായി .
ഇവിടെ ഇപ്പോഴും ജാതീയമായ വിവേചനങ്ങള്‍ നിലനില്ക്കുന്നു .
പട്ടണങ്ങളില്‍ പണക്കാരുടേയും ഉയര്‍ന്ന ജാതിക്കാരുടേയും മക്കളൊക്കെ പഠിക്കുന്നു . ഗ്രാമങ്ങളുടെ സ്ഥിതി ദയനീയം .
നമ്മളവിടെ ചെന്ന് ആദിവാസികള്‍ക്കും ദളിതുകള്‍ക്കും അക്ഷരാഭ്യാസം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ,
മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ഓടിക്കുന്നു .
ജന്മികളുടെ വയലില്‍ കൂലിയില്ലാതെ പണിയെടുക്കാന്‍ അടിമകള്‍ വേണമല്ലോ .'
ഞാനച്ചനെ മനസ്സില്‍ തൊഴുതു .
ചരിത്ര ബോധമുള്ള അച്ചന്മാരുമുണ്ട് !
' അപ്പോള്‍ കേരളത്തിന് ഇന്നുണ്ടായിരിക്കുന്ന പുരോഗതിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പങ്കൊന്നുമില്ലെന്നാണോ ?'
എന്റെ സംശയം തീര്‍ന്നില്ല .
അച്ചന്‍ കണ്ണാടിയ്ക്ക് മുകളിലൂടെ എന്നെ തുറിച്ച് നോക്കി .
' താന്‍ കമ്മ്യൂണിസ്റ്റാണോ ?'
' അങ്ങിനെയൊന്നുമില്ല !
കൊറേശ്ശെ '
അവിടുന്ന് ഇറക്കി വിട്ടെങ്കില്‍
നമ്മള്‍ അന്യ നാട്ടില്‍ വഴിയാധാരം !
' താനെന്തിനാടോ പരുങ്ങുന്നത് . കമ്മ്യൂണിസ്റ്റെന്ന് അഭിമാനത്തോടെ പറയെടോ .
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ , കേരളമിപ്പോഴും ഇവിടുത്തേത് പോലെ ജന്മിത്വ വ്യവസ്ഥയില്‍ കിടന്നേനെ .
നമ്മളൊക്കെ ഇപ്പോഴും അടിയാന്മാരായി തന്നെ കഴിഞ്ഞേനെ ? '
'ലാല്‍ സലാം അച്ചോ ! '
'അത്രേം വേണ്ട ....
എന്റെ കയ്യില്‍ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ മാത്രമേയുള്ളു .
ആട്ടെ എപ്പഴാ മടക്കം ? '
'ആ ത്രിവേണീ സംഗമം കൂടി കണ്ട് നാളെ മടങ്ങിയ്ക്കോളാം അച്ചോ '
'നിങ്ങളുടെ കാര്യമൊക്കെ നടന്നതല്ലേ . സംഗമം കണ്ട് ഇന്ന് തന്നെ മടങ്ങാമല്ലോ !
നിനക്ക് നാട്ടില്‍ ചെന്ന് റബ്ബര്‍ വെട്ടാനുള്ളതല്ലേ ? '
ഇന്ന് തന്നെ മടങ്ങാമച്ചോ !

 

സാബുവിന്റെ പോസ്റ്റുകള്‍ താഴെ:
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top