29 March Friday

രണ്ടു തെരഞ്ഞെടുപ്പുകള്‍, രണ്ടു കൊലപാതകങ്ങള്‍, രണ്ടു മാധ്യമപ്രതികരണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020

സിപിഐ എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടാലോ അക്രമത്തിനിരയായാലോ മുഖം തിരിക്കുന്ന മാധ്യമ ശൈലി എക്കാലവും വിമര്‍ശിക്കപ്പെടാറുണ്ട്. ഒടുവില്‍ കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ എം പ്രവര്‍ത്തകനായ മണിലാലിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും മാധ്യമങ്ങള്‍ പതിവ് തെറ്റിച്ചില്ല. കൊല്ലപ്പെട്ടയാള്‍ക്കോ കൊലപാതകികള്‍ക്കോ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് ഇക്കൂട്ടരുടെ ശ്രമം. കൊലപാതകികള്‍ ആരുമായും വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നും കൊലയ്‌ക്ക് കാരണം രാഷ്ട്രീയം തന്നെയാണെന്നും മണിലാലിന്റെ കുടുംബവും നാട്ടുകാരും പറഞ്ഞിട്ടും നിഷ്പക്ഷരെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അവയൊന്നും കണ്ട മട്ടില്ല. ഇതുപോലൊരു തെരഞ്ഞെടുപ്പ് സമയത്താണ് കെവിന്‍വധം സംഭവിക്കുന്നത്. എന്നാല്‍ ആ കൊലപാതകത്തെ രാഷ്ട്രീയപരമായി ദുരുപയോഗിച്ച ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് സമയങ്ങളും, രണ്ട് കൊലപാതകങ്ങളും, രണ്ട് മാധ്യമപ്രതികരണങ്ങളും എങ്ങനെയാണെന്ന് വ്യക്തമാക്കി സജീഷ് നാരായണ്‍ എഴുതിയ കുറിപ്പ് ചുവടെ.

നിര്‍ണായകമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ ഒരു കൊലപാതകം നടക്കുന്നു. കൊലയ്‌ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നു. കുറ്റാന്വേഷണവാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഷെര്‍ലക് ഹോംസുമാരാകുന്ന നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെയായിരിക്കും ഈ കൊലപാതകത്തെ സമീപിക്കുക എന്ന് ആലോചിക്കുക.

കുറ്റാരോപിതരില്‍ രാഷ്ട്രീയബന്ധങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ സ്വാഭാവികമായും അത് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടും. തെരഞ്ഞെടുപ്പുമുഖത്തായതു കാരണം ആരോപിതകക്ഷിയുടെ വിശദീകരണം തേടും. ദുരൂഹതകളില്‍ വ്യക്തത വരുത്താന്‍ ഇരയുടെയും പ്രതികളുടെയും ബന്ധപ്പെട്ടവരുടെ അരികിലേക്ക് ഓബി വാനുകള്‍ കുതിച്ചെത്തും. യുദ്ധസജ്ജമായ ചാനല്‍പ്പടയുടെ ചോദ്യശരങ്ങളില്‍ ആരോപിതര്‍ ചോരവാര്‍ന്നു ഞരങ്ങും. ഇരയുടെ നോവാര്‍ന്ന മുറിവില്‍ സാന്ത്വനത്തിന്റെ ലേപം പുരണ്ട വാക്കുകള്‍ മൈക്കിന്‍തൊണ്ടയിലൂടുതിരും ഈ പാറ്റേണ്‍ എല്ലായിടത്തും ഒരേപോലെ പ്രയോഗവല്‍ക്കരിക്കാന്‍, ധാര്‍മികതയുടെ മൊത്തംഭാരവും പേറിനടക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് ചില 'സാങ്കേതികതടസ്സങ്ങള്‍' ഉണ്ട്.

രണ്ടുദാഹരണങ്ങള്‍.
രണ്ടു തെരഞ്ഞെടുപ്പുകള്‍.
രണ്ടു കൊലപാതകങ്ങള്‍.
രണ്ടു മാധ്യമപ്രതികരണങ്ങള്‍.

ഒന്ന്:
2018 മെയ് 28ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അന്നേ ദിവസം രാവിലെ കേരളമുണര്‍ന്നത് ഒരു കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. കോട്ടയം തെന്മല ചാലിയക്കര പുഴയില്‍ കെവിന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെടുക്കുന്നു. ബ്രെക്കിങ് ന്യുസും ലൈവ് റിപ്പോര്‍ട്ടിങ്ങും ഒക്കെയായി ചാനല്‍പട യുദ്ധസന്നദ്ധം.

ദുരഭിമാനക്കൊലപാതകഗണത്തിലെ ആദ്യ സംഭവം കേരളത്തില്‍ നടന്നിരിക്കുന്നു. വാര്‍ത്തകള്‍ ആവിധം ഉയരവേ പൊടുന്നനെ ചാനലുകള്‍ക്കൊരു ഡിവൈഎഫ്‌ഐക്കാരന്റെ പേര് വീണുകിട്ടുന്നു! പിന്നെ വാര്‍ത്തയുടെ ഡയമെന്‍ഷന്‍ വേറെ ലവലിലാവുന്നു!
കെവിന്റെ നവവധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനായ നിയാസ് ആണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത്. ബന്ധുക്കള്‍ സംഘം ചേര്‍ന്നുനടത്തിയ ഒരു കൃത്യത്തില്‍ ബന്ധുത്വം കൊണ്ട് മാത്രം പങ്കാളിയായ നിയാസിന്റെ കക്ഷിരാഷ്ട്രീയം ഈ സംഭവത്തില്‍ പൊടുന്നനെ ഏറ്റവും സ്‌തോഭജനകമായ വാര്‍ത്തയായി മണിക്കൂറുകള്‍ക്കകം മാറി. കൊലയില്‍ ഡിവൈഎഫ്‌ഐക്ക് പങ്കെന്ന തരത്തില്‍ അസംബന്ധവാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു തെരഞ്ഞെടുപ്പ് പകല്‍ മുഴുവന്‍. ഭര്‍ത്താവിന്റെ 'ബ്രൂട്ടല്‍' കൊലപാതകത്തെ കുറിച്ച് രണ്ടുവാക്ക് പ്രതികരിക്കാന്‍ വിറങ്ങലിച്ചു കിടക്കുന്ന ഭാര്യയെ മൈക്കിനു മുന്നിലേക്ക് ക്ഷണിക്കുന്ന ചാനല്‍ ആക്ടിവിസ്റ്റുകളെ വരെ നാമന്നു വാപൊളിച്ചു കണ്ടു!

കുറ്റകൃത്യത്തിന്റെ പ്രഭവകേന്ദ്രമായ വധൂസഹോദരന്‍ ഷാനുചാക്കോ വിദേശവാസത്തിനു തൊട്ടുമുന്‍പ് വരെ യുത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവായിരുന്നു. പിതാവും അതേ രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന ആള്‍. ഈ ബന്ധുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം, വാഹനം ഓടിച്ചിരുന്ന ആളുടെ സംഘടനയുടെ പേരിലേക്ക് ചാര്‍ത്തിക്കൊടുക്കുന്ന വിചിത്രമായ വാര്‍ത്താവിന്യാസരീതി അമ്പരപ്പിക്കുന്നതായിരുന്നു! ഡിവൈഎഫ്‌ഐക്ക് വിശദീകരണപത്രക്കുറിപ്പിറക്കേണ്ടിവന്നു! വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം ഉറക്കെ പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്ന അഭ്യാസം! 'ഡിവൈഎഫ്‌ഐ നടത്തിയ ഈ കൊടുംക്രൂരത' വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പ്രവര്‍ത്തകര്‍ കേബിള്‍ മുറിച്ചുകളഞ്ഞെന്ന് കേഴുന്ന റിപ്പോര്‍ട്ടര്‍മാരെവരെ നമ്മളന്നു കണ്ടു!

ചാനല്‍വിലാപങ്ങള്‍ക്കൊക്കെ ഇങ്ങൊടുവില്‍ 2019 ആഗസ്റ്റില്‍ കോടതി പ്രതികളെ ശിക്ഷിച്ചു. സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സഹോദരിയെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കൊണ്ട് ഷാനുചാക്കോ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകം എന്ന് കോടതി കണ്ടെത്തി. 'യൂത്ത്‌കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ഇരട്ട ജീവപര്യന്തം' എന്ന് തലക്കെട്ടിടാതിരിക്കാന്‍ മാത്രം ജാഗ്രതയും കൈയടക്കവും നമ്മുടെ മാധ്യമങ്ങള്‍ അന്ന് കാണിച്ചതില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടവര്‍!

രണ്ട്:
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒരുദിനമകലെ കേരളം. കൊല്ലം മണ്‍റോ തുരുത്തില്‍ മണിലാല്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍, കെ സുരേന്ദ്രന്‍ മാലയിട്ടു സ്വീകരിച്ച ബിജെപി പ്രവര്‍ത്തകനാല്‍ തെരഞ്ഞെടുപ്പ് ബൂത്തിനടുത്തുവെച്ചു കൊല്ലപ്പെടുന്നു.
'ഹോം സ്റ്റേ ഉടമയായ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചെന്ന' നാലുവരി വാര്‍ത്തയില്‍ സംഗതി തീരുന്നു.

കാറോടിച്ചവന്റെ രാഷ്ട്രീയം വെച്ച് ബ്രൂട്ടല്‍ കൊലയുടെ ബ്രെക്കിങ് സ്‌ക്രോളുകള്‍ കോലുകൊണ്ടു വായില്‍കുത്തി നിര്‍മ്മിച്ചവര്‍ക്ക്, മണിലാലിന്റെ നെഞ്ചത്ത് കത്തി കയറ്റിയ അശോകന്റെ രാഷ്ട്രീയം പ്രസക്തമേയാവുന്നില്ല! പ്രയോരിറ്റികള്‍! പ്രിവില്ലേജുകള്‍
ഈ കൊലപാതകം രാഷ്ട്രീയമാണെന്ന് നിങ്ങളെങ്ങിനെയാണ് റഹിം നിഗമനത്തിലെത്തിയതെന്ന ആത്മാര്‍ത്ഥസംശയം ഉറക്കെ ചോദിച്ചുകൊണ്ട് 'നിശാ'ചര്‍ച്ചകളില്‍ അവതാര 'പുരുഷോത്തമന്മാര്‍' വെഞ്ഞാറമ്മൂട് വന്നപോലെ ഇന്ന് വരാതിരിക്കും എന്ന് പ്രത്യാശിക്കാം!

 

നിർണായകമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ ഒരു കൊലപാതകം നടക്കുന്നു. കൊലയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങൾ...

Posted by Sajeesh Narayan on Monday, 7 December 2020

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top