16 April Tuesday

'ആളും ആരവവും അപ്പുറത്തായിരുന്നു; പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഫിദലിനൊപ്പംനിന്നു'- മലയാള സിനിമ പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2016

ക്യൂബന്‍ വിപ്ളവ നായകന്‍ ഫിദല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ മലയാള സിനിമയിലെ പ്രമുഖര്‍ അനുശോചിച്ചു. 'ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൌഹൃദങ്ങളും. പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം'.. നടി മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. നടന്‍ മമ്മൂട്ടി, സംവിധായകരായ ആഷിഖ് അബു, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മഞ്ജു വാര്യര്‍: ' ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദല്‍ കാസ്ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൌഹൃദങ്ങളും. പക്ഷേ ‘മനുഷ്യന്‍ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം...ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക....വിട, പ്രിയ ഫിദല്‍..'

ഇതിനിടെ, മഞ്ജു വാര്യരുടെ ഫിദല്‍ അനുസ്മരണത്തിലെ വാചകങ്ങള്‍ ദിലീപിനുള്ള മറുപടിയാണെന്ന വ്യാഖ്യാനം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. എന്നാല്‍, പോസ്റ്റില്‍ കടന്നുകൂടിയ വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിക്കഴിഞ്ഞു. 2006ല്‍ പുറത്തിറങ്ങിയ 'മൈ ലൈഫ്' എന്ന പുസ്തകം ചെറുപ്പകാലത്ത് എങ്ങനെ മഞ്ജു വായിക്കും എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. മഞ്ജുവിന്റെ മകളുടെ ചെറുപ്പകാലത്താണ് പുസ്തകം പുറത്തിറങ്ങിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹത്തിനുശേഷമുള്ള മഞ്ജു വാര്യരുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഫിദല്‍ അനുസ്മരണം.

ബി ഉണ്ണികൃഷ്ണന്‍: 'ഫിദല്‍ കാസ്ട്രോ മരണം കൊണ്ട്‌ ഇല്ലാതാവുന്ന ഒരു വ്യക്തിയല്ല. ആ പേര്‌ ഒരു അടയാളവും, ചിഹ്നവും, പ്രതീകവുമാണ്‌. മാനവികത, സോഷ്യലിസം, ചെറുത്ത് നില്‍പ്പ്‌, ഇടതുപക്ഷ നൈതികത, ചെറുതിന്റെ 'വലിപ്പം'...അങ്ങനെ എന്തെല്ലാം പ്രമേയങ്ങളാണ്‌ ഫിദല്‍ കാസ്ട്രോ എന്ന പേരിലൂടെ സംവേദനം ചെയ്യപ്പെടുന്നത്‌. മരണം ബാധിക്കാത്ത ആ പേരിന്‌ ചുവപ്പന്‍ അഭിവാദ്യങ്ങള്‍'.

ആഷിക് അബു, തന്റെ ഫേസ്‌ബുക്ക് കവര്‍ ചിത്രമായി ഫിദലും ചെ യും ഉള്‍പ്പെടുന്ന പടമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടി 'വിപ്ളവ നായകന് ആദരാഞ്ജലികള്‍' എന്ന കുറിപ്പോടെ ഫിദലിന്റെ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top