08 December Friday

'തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്'; പ്രതിപക്ഷ നാടകങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ്

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

കൊച്ചി > കൊറോണ പ്രതിരോധസമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ്. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അലവിക്കുട്ടിയാണ് നടൊരുമിച്ച് നിൽക്കേണ്ട ഘട്ടത്തെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ മികവിനെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയിരിക്കുന്നത്. കോവിഡിനെ നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച് നിൽക്കുമ്പോൾ കേരളം വളരെ സമർത്ഥമായി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടതെന്നും അലവിക്കുട്ടി തന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്‌‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം


ഇത് രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണ്.

ദിവസങ്ങൾക്ക് മുമ്പ് ഞാനിട്ടൊരു പോസ്റ്റ് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പശ്ചാതലത്തിലാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്. ഒരു ദുരന്തമുഖത്ത് രാഷ്ട്രീയക്കാർ പുലർത്തേണ്ട മിനിമം മര്യാദകളെ കുറിച്ചും സർക്കാറിന്റെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഐക്യദാർഡ്യവും അതിനെ തുരങ്കം വെയ്ക്കുന്നതിലുള്ള വിയോജിപ്പുമൊക്കെയായിരുന്നു ആ പോസ്റ്റിന്റെ കാതൽ. അങ്ങനെയൊക്കെ പോസ്റ്റിടുന്നത് മഹാ അപരാധമാണെന്നും കടുത്ത അച്ചടക്കലംഘനമാണെന്നും എന്തുകൊണ്ടോ എനിക്കിപ്പോഴും ബോദ്ധ്യപ്പെടുന്നില്ല. ഞാൻ പങ്കുവെച്ചത് കേവലം എന്റേതായ അഭിപ്രായമല്ല, അതീ നാട്ടിലെ മനുഷ്യരുടെയാകെ ഉള്ളിലെ ആശങ്കയും ആകുലതകളുമായിരുന്നു. രാഷ്ട്രീയമെന്നാൽ സകലമനുഷ്യരുടേയും ആകുലതകൾക്കൊപ്പം നിൽക്കലാണല്ലോ. അതൊരു തെറ്റാണെന്ന് തോനുന്നില്ല. അതുകൊണ്ട് ആരോടും ക്ഷമ ചോദിക്കുന്നില്ല. എത്ര തന്നെ വേട്ടയാടിയാലും പറഞ്ഞതിൽ നിന്ന് ഒരിഞ്ചും പിന്നാക്കം പോകുന്നുമില്ല.

സ്പാനിഷ് ഫ്‌ലൂവും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും വസൂരിയും കോളറയുമടക്കം മനുഷ്യകുലം പലപ്പോഴായി നേരിട്ട മഹാദുരന്തങ്ങളുണ്ടായിരുന്നു. അക്കാലങ്ങളിൽ പോലും ലോകമിങ്ങനെ നിശ്ചലമായി കിടന്നിട്ടില്ല. അത്രത്തോളം പടർന്നുകയറുന്നൊരു മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഈ കൊച്ചുകേരളം വളരെ സമർത്ഥമായി നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപൊട്ടിച്ച്, ഗവണ്മെന്റിനൊപ്പം കൈമെയ് മറന്ന് നിൽക്കേണ്ട സമയത്തും വിവാദങ്ങളുമായ് പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്. ഇത് രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട് ഏത് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്?

നാടിന്റെ പൊതുവായ പ്രശ്‌നം ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടലാണ്. അതിനെ തുരങ്കം വെച്ച് ഈ നാടൊരു ദുരന്തഭൂമിയാക്കിയിട്ട്, നോക്കൂ... ഭരണം മോശമാണ് എന്ന് വിമർശിക്കാനല്ല... പകരം, ഒറ്റക്കെട്ടായ് നിന്ന് കൊറോണയെ അതിജീവിച്ച് നിവർന്നുനിന്നിട്ട്, നോക്കൂ... എന്റെ നാടൊരു സ്വർഗ്ഗമാണെന്ന് ലോകത്തോട് വിളിച്ച് പറയാനാണെനിക്കിഷ്ടം. അതിനെല്ലാം ശേഷം നമുക്ക് വിവാദങ്ങളുണ്ടാക്കാം... വിമർശിക്കാം... രാഷ്ട്രീയമായി അങ്കം വെട്ടാം.

ഏതൊരു രാഷ്ട്രീയക്കാരനും സാഹചര്യങ്ങൾക്കൊത്ത് പക്വതയോടെ പെരുമാറേണ്ടതുണ്ട്. വിവേകത്തോടെ പെരുമാറിയില്ലെങ്കിലും കുറഞ്ഞത് മനുഷ്യത്വത്തോടെയെങ്കിലും പെരുമാറണമല്ലോ. ജനം അതാഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്കൊപ്പം പാർട്ടിയുണ്ടെന്ന് പത്രക്കുറിപ്പ് ഇറക്കിയാൽ പോരല്ലോ. ജനങ്ങൾക്ക് അത് തോന്നുക കൂടി വേണം.

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തണമെന്ന നെഹ്രുവിയൻ ആശയം ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു പീഡയുറുമ്പിനും വരുത്തരുതെന്ന നാരായണഗുരുവിന്റെ ചിന്തയും എന്നെ ആകർഷിച്ചിട്ടുണ്ട്. അച്ചടലംഘനങ്ങളുടെ വാറോലകൾ കൊണ്ട് എത്ര ഭയപ്പെടുത്തിയാലും ആ മൂല്യങ്ങളുപേക്ഷിക്കില്ലെന്നാണ് നിലപാട്. ഒന്നിനുവേണ്ടിയും ആർക്കുമുന്നിലും അത് അടിയറവ് വെയ്ക്കുകയുമില്ല.

അവസാനശ്വാസത്തിലും ദുരിതമനുഭവിക്കുന്ന സകലജീവജാലങ്ങളോടും ഞാൻ ചേർന്ന് നിൽക്കും. അതാണെന്റെ രാഷ്‌ട്രീയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top