26 April Friday

'നിലവിളിക്കുന്ന കുഞ്ഞുമായി ഡോക്‌ടറോട്‌ തർക്കിച്ചിട്ടും ചികിത്സിച്ചില്ല, മാഹി ഇന്ത്യയുടെ ഭാഗമല്ലേ?'; കേരളത്തിലുള്ളവർക്ക്‌ ചികിത്സ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധക്കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019

പ്രജിത്ത്‌

പ്രജിത്ത്‌

കൊച്ചി > പട്ടികടിയേറ്റ വിദ്യാർത്ഥിക്ക്‌ ചികിത്സ നിഷേധിച്ച മാഹി ഗവ. ആശുപത്രിക്കെതിരെ പ്രതിഷേധം. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കെ അനിൽകുമാറിന്റെ മകൻ അവിനാഷിനാണ്‌ ദുരനുഭവം ഉണ്ടായത്‌. ഇത്‌ ആദ്യത്തെ സംഭവമല്ലെന്നും മാഹി ആശുപത്രിക്കും ഭരണാധികാരികൾക്കും കേരളത്തിലുള്ളവരോട്‌ തൊട്ടുകൂടായ്‌മയാണെന്നും ന്യൂ മാഹി സ്വദേശി പ്രജിത്ത്‌ കുമാർ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. ചികിത്സ നിഷേധിക്കുന്നത് നിയമപരമായും മാനുഷികമായും അതിനെല്ലാം ഉപരി ഒരു ഇന്ത്യൻ പൗരന്റെ റൈറ്റാണ് എന്നൊക്കെ പറഞ്ഞിട്ടും ചികിത്സിക്കാനോ ഇൻജക്ഷൻ നൽകുവാനോ ഡോക്‌ടർ മിഥുൻ തയ്യാറായില്ലെന്നും പോസ്‌റ്റിൽ പറയുന്നു.

പ്രജിത്ത്‌ കുമാറിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി ഇന്ത്യയുടെ ഭാഗമാണോ?, അതല്ല ഭാഗമാണെങ്കിൽ കേരളം എന്ന സംസ്ഥാനത്തെ മാഹിയിലെ ഭരണാധികാരികൾ ഇന്ത്യയുടെ ഭാഗമായി കാണുന്നുണ്ടോ എന്നതാണ് ഇപ്പോഴുള്ള സംശയം. മാഹി ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് ഇത്തരം സംശയം ആദ്യമായല്ല ഉണ്ടാകുന്നത്. ഏറെക്കാലമായി ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് അപകടകരമായ പ്രാദേശികവാദം നിലനിന്നിരുന്ന ഒരു പ്രദേശമാണ് മയ്യഴി. ആകെ ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ കേരളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മാഹി ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ശത്രുതാപരമായ നിലപാടായിരുന്നു കേരളത്തിലെ ജനങ്ങളോട് നാളിതുവരെ ചെയ്‌തുപോന്നിരുന്നത്.

ഏറെ ജനപ്രീതിയുള്ള ഡോ. രാമചന്ദ്രൻ മാസ്റ്റർ Dr V Ramachandran MLA ജനപ്രതിനിധിയായതിനുശേഷം അതിന് അറുതി വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. നിർഭാഗ്യവശാൽ രാമചന്ദ്രൻ മാസ്റ്ററോട് രാഷ്‌ട്രീയ പകയുള്ള പോണ്ടിച്ചേരി ഭരണാധികാരികളും, മാസ്റ്ററുടെ താൽപര്യ സംരക്ഷകരെന്ന വ്യാജേന അദ്ദേഹത്തോടൊപ്പം ചേർന്ന ചിലരും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന് കോടാലി കൈയായി മാറുന്നു എന്നാണ് സംശയിക്കേണ്ടത്.

പണ്ടൊക്കെ കേരളീയർ മാഹിയിൽ ചികിത്സ തേടാൻ വരുമ്പോൾ ഓ.പി ടിക്കറ്റിൽ പേരും സ്ഥലവും കുറിക്കുന്നതിനൊപ്പം കേരളീയനാണ് എങ്കിൽ ടിക്കറ്റിന്റെ ഒരു കോണിൽ' K' എന്നും അല്ലെങ്കിൽ 'P' എന്നും ഒരു റൗണ്ട് ഇട്ട് അടയാളപ്പെടുത്തും. ഡോക്‌ടറെ കണ്ടതിന് ശേഷം മരുന്നിനായി ഫാർമസിയിൽ എത്തിയാൽ 'K' ക്കാരന് മരുന്ന് ലഭിക്കുക പ്രയാസകരമാകും. മിക്കതും പുറമേ നിന്നും വാങ്ങേണ്ടി വരും. ഇങ്ങനെ പല വിധത്തിലുള്ള തൊട്ടുകൂടായ്‌മയും കേരളാകാരോട് മാഹി ഭരണാധികാരികൾ കാലങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്നതാണ്.

ഇപ്പോൾ ഏറ്റവും ഒടുവിലായി ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗവുമായ കെ അനിൽകുമാറിന്റെ Anil Kumar New Mahe മകൻ അവിനാഷിനാണ് ചികിത്സ നിഷേധിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് മാഹിയിലെ തന്നെ ചാലക്കര എക്‌സൽ സ്‌കൂളിലെ അവിനാഷിനെ പട്ടികടിക്കുന്നത്. പട്ടിയുടെ കടിയേറ്റ് നിലവിളിക്കുന്ന കുട്ടിയെയും കൂട്ടി അനിൽകുമാറും നാട്ടുകാരും തൊട്ടടുത്ത ആശുപത്രിയായ മാഹി ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. കാഷ്വാലിറ്റിയിൽനിന്നും നഴ്‌സ്‌ പ്രാഥമിക പരിശോധന നടത്തുകയും തുടർന്ന് വിദഗ്‌ദ പരിശോധനക്കും ഇൻജക്ഷൻ എടുക്കവാനുമായി ഡോക്‌ടറെ സമീപിച്ചപ്പോഴാണ് രോഗിയുടെ പേരും ഊരും ചോദിച്ച് 'കേരളക്കാർക്ക് ഇവിടെ ഇതിനുള്ള മരുന്നില്ല' എന്ന് ഡോക്‌ടർ മിഥുൻ പറയുന്നത് !!
നിലവിളിക്കുന്ന കുഞ്ഞുമായി അനിൽകുമാർ ഡോക്‌ടറുമായി ഏറെ തർക്കിക്കേണ്ടി വന്നു.

ചികിത്സ നിഷേധിക്കുന്നത് നിയമപരമായും മാനുഷികമായും അതിനെല്ലാം ഉപരി ഒരു ഇന്ത്യൻ പൗരന്റെ റൈറ്റാണ് എന്നൊക്കെ പറഞ്ഞിട്ടും ചികിത്സിക്കാനോ ഇൻജക്ഷൻ നൽകുവാനോ ഡോക്‌ടർ മിഥുൻ തയ്യാറായില്ല. മാഹിക്കാരനല്ല എന്ന സാങ്കേതികത്വം പറയുമ്പോൾ തന്നെ അനിൽകുമാറിന്റെ സഹോദരി പോണ്ടിച്ചേരി ജിഗ്മർ മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സാണെന്നും, മറ്റൊരു സഹോദരി മാഹി സ്വദേശിയാണെന്നും, പട്ടി കടിയേറ്റ മകൻ പഠിക്കുന്നത് മാഹിയിലാണെന്നും, കടിച്ച പട്ടി മാഹി അതിർത്ഥിയിൽ നിന്നാണ് കടിച്ചെതെന്നും പറഞ്ഞതൊന്നും ആ ഡോക്‌ടർ പറയുന്ന സാങ്കേതികത്വം മറികടക്കുന്നതായില്ല. ( സാങ്കേതികത്വത്തിന് ഒരു ന്യായീകരണമില്ലെങ്കിലും).

തുടർന്ന് കുട്ടിയുമായി തലശ്ശേരി ആശുപത്രിയിൽ എത്തുകയും ചികിത്സ തേടുകയുമാണ് ഉണ്ടായത്. തലശ്ശേരിയിലെ ഡോക്‌ടർ പരിശോധിക്കുന്നതിനിടയ്‌ക്ക്‌ മാഹിയിൽ പോയതും ചികിത്സ നിഷേധിച്ചതും മനസിലാക്കുകയും, ഈയടുത്ത കാലത്തായി നിരവധി ഈസ്റ്റ് പള്ളൂർ (മാഹി തന്നെ) സ്വദേശികൾക്ക് പട്ടി കടിച്ചതിനെ തുടർന്ന്‌ തലശ്ശേരി ആശുപത്രിൽ ചികിത്സ നൽകിയ കാര്യവും അദ്ദേഹം പറയുകയുണ്ടായി.

പാക്കിസ്ഥാനിലെ പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയശസ്‌ത്രക്രിയ നടത്തിയ വാർത്ത കേൾക്കുമ്പോൾ മനുഷ്യസ്നേഹത്തിന്റെ കണ്ണുനീർ നനവ് പറ്റിയ ഇന്ത്യക്കാരന്റെ മുന്നിലാണ് മനുഷ്യത്വം മരവിച്ച ഒരു ഡോക്‌ടറുടെയും അധികാരികളുടെയും വാർത്തയെത്തുന്നത് !. ഇത് ഏതൊരു മനുഷ്യനും ലജ്ജയോടെയെ കാണാനാകൂ. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ - നിയമപരമായി നൽകപ്പെടേണ്ട ചികിത്സയ്‌ക്ക്‌ മാഹി‐ കേരള അതിർത്തി നിശ്ചയിക്കുന്ന മാഹിയിലെ ഡോക്‌ടർമാരെയും ഭരണാധികാരികളെയും മാഹിയിലെ യുവജന പ്രസ്ഥാനങ്ങൾ, രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ വിശിഷ്യാ സാദാ ജനങ്ങൾ തന്നെ തിരുത്തേണ്ടതുണ്ട്.

മാഹി എന്ന ചക്കച്ചെത്തുപോലുള്ള ഭൂമിയിലെ മനുഷ്യർക്ക് ഒരു കടുത്ത പനി വന്നാൽ eപാലും കേരളത്തിലെ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്, മാത്രമല്ല രോഗം മൂർച്ഛിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാൽ ഒരു കേരളീയനും നിങ്ങളുടെ ആധാർ കാർഡ് പരിശോധിക്കില്ല, അതിന്റെ ഭാഗമായി ചികിത്സയും നിഷേധിക്കപ്പെടില്ല.

ചികിത്സയ്‌ക്കുപോലും അതിര് നിർണ്ണയിക്കുന്നവരേ... മയ്യഴിയുടെ വിമോചന പോരാട്ടത്തിൽ ജീവൻ നൽകേണ്ടിവന്ന രണ്ടേ രണ്ടു പേരും ജന്മം കൊണ്ട് കേരളിയരായിരുന്നു എന്ന ചിരിത്രം നിങ്ങൾ മറക്കരുത്.
മലയാളികൾ നെഞ്ചേറ്റിയ മയ്യഴിയുടെ കഥാകാരാ മുകുന്ദേട്ടാ.. Maniyambath Mukundan അതിരുകളില്ലാതെ നിങ്ങളെ നെഞ്ചേറ്റിയവരാണ് കേരളീയർ, നിങ്ങളെ അംഗികരിക്കുന്നതിൽ കേരളീയന് അതിരുകൾ വിഷയമായിരുന്നില്ല. മാഹി ആശുപത്രിയിൽ നടക്കുന്ന ഇത്തരം കാടത്തത്തിനെതിരെ നിങ്ങളെപ്പോലുള്ള മനുഷ്യസ്‌നേഹികൾ രംഗത്തുവരണം. ഇത് തുടർന്ന് കൂടാ...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top