26 April Friday

സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ബിജെപിയിലെന്ന്‌ വ്യാജപ്രചാരണം; കോൺഗ്രസ്‌ നുണപ്രചാരണത്തെ പൊളിച്ച്‌ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ബിജെപിയിലെന്ന്‌ കോൺഗ്രസ്‌, സംഘ്‌പരിവാർ സെല്ലുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ നുണപ്രചാരണം നടത്തുകയാണ്‌. ഒരു പ്രസംഗത്തിൽ തെറ്റുവന്ന ഭാഗം അടർത്തിയെടുത്താണ്‌ ഈ പ്രചാരണം നടത്തുന്നത്‌. ലോകസഭ ഇലക്ഷനിൽ കേരളത്തിൽ തോൽവി ഉറപ്പാക്കിയ  കോൺഗ്രസ് പാർട്ടിയുടെ കള്ള  പ്രചാരണത്തിന് മറുപടിയായി ദീപക്‌ പച്ചയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

മഹാരാഷ്ട്ര സി.പി.എം സംസ്ഥാന  സെക്രട്ടറിയെപ്പറ്റി കേരളത്തിൽ  കോൺഗ്രസ്സ് നുണപ്രചരണം

" ഇന്നലെവരെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന  സഖാവ് സരസയ്യ ആദം ഇന്ന് ബി.ജെ.പി യിൽ "

ഈയൊരു തലക്കെട്ടോടെ ഒരു പോസ്റ്റർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെയും മുംബൈയിലെയും നിരവധി  മലയാളി സഖാക്കൾ അയച്ചു സത്യമാണോ എന്ന് തിരക്കിയിരുന്നു. പോസ്റ്ററിന്റെ കേന്ദ്രം കോൺഗ്രസ് പാർട്ടിയാണ്. അവരുടെ ദാരിദ്യം അതിൽ കാണാനും ഉണ്ട്. മിനിമം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ  പേരെങ്കിലും  ഗൂഗ്‌ളിൽ നോക്കി തെറ്റാതെ എഴുതാമായിരുന്നു ലോക സഭ ഇലക്ഷനിൽ കേരളത്തിൽ തോൽവി ഉറപ്പാക്കിയ  കോൺഗ്രസ് പാർട്ടിയുടെ കള്ള  പ്രചാരണത്തിന് മറുപടിയായിട്ടാണ് ഈ  കുറിപ്പ്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും മുൻ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യാതൊരു സങ്കോചവും കൂടാതെ ബി.ജെ.പി യിൽ ചേരുന്നതിന്റെ ജാള്യത മറക്കാനാണ് ഇങ്ങനെയൊരു പെരും നുണ കേരളത്തിലെ കൊണ്ഗ്രെസ്സ് പാർട്ടി പ്രവർത്തകർ അഴിച്ചു വിട്ടിരിക്കുന്നത്. ഈ നുണയ്ക്കൊന്നും ഹിന്ദുത്വ രാഷ്ട്രീയത്തെ ആത്മാവിലേക്ക് ആവാഹിച്ച കൊണ്ഗ്രെസ്സ് പാർട്ടിയെ രക്ഷിക്കാനാവില്ല.

സോലാപുരിലെ ഗോദാവരി പാരുലേക്കർ ഭവനപദ്ധതി

സോലാപുരിലെ ഗോദാവരി പാരുലേക്കർ ഭവനപദ്ധതി



മൂന്നു തവണ എം.എൽ.എ യും നിലവിലെ സി.പി ഐ.എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സ. ആദം മാസ്റ്റർക്കെതിരെ (നരസയ്യ ആദം ) സി.പി.ഐ.എം കേന്ദ്രകമ്മറ്റി അച്ചടക്ക നടപടി എടുത്തിരുന്നു. ആ നടപടി വ്യക്തമാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി ഇറക്കിയ പത്രക്കുറിപ്പിലെ ഭാഗം  ഇങ്ങനെയാണ്

"The Central Committee of the CPI(M) decided to suspend CC member and its Maharashtra secretary, Comrade Narasayya Adam, from the Central Committee for three months.  This is a consequence of his speech at a public event in Solapur in the presence of the Prime Minister and state Chief Minister which hurt the Party’s image"

സോലാപ്പൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത്  നടന്ന ഒരു പരിപാടിയിൽ നടത്തിയ ഒരു പ്രസംഗത്തിലെ പിഴവിനാണ് മൂന്നു മാസത്തേക്ക് കേന്ദ്ര കമ്മറ്റിയിൽ നിന്നും ആദം മാസ്റ്ററെ സസ്പെൻഡ് ചെയ്തത്. തനിക്ക് പറ്റിയ പിഴവ് മനസ്സിലാക്കി പാർട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നാണ് ആദം മാസ്റ്റർ നടപടിയോട് പ്രതികരിച്ചത്.

നിങ്ങളൊന്നു ആലോചിക്കൂ, വാക്ക് കൊണ്ട് ഏതെങ്കിലും വിധത്തിൽ   സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കുന്നവർക്കെതിരെ AICC നടപടിയെടുക്കാൻ തുടങ്ങിയാൽ കേരള പ്രദേശ് കൊണ്ഗ്രെസ്സ് കമ്മറ്റികാർ എല്ലാം സസ്പെൻഷനും വാങ്ങി വീട്ടിലിരിക്കേണ്ടി വരും.

ഇനി, എന്താണ് ആദം മാസ്റ്റർക്ക് പറ്റിയ പിഴവ്

CPIM ന്റെയും  CITU  യുടെയും  ശക്തി കേന്ദ്രമായ  സോലാപൂരിൽ  ശക്തമായ സമരത്തിന്റെ ഭാഗമായി   ചേരികളിൽ താമസിക്കുന്ന ബീഡി തൊഴിലാളികൾക്കായി 2001 മുതൽ പാർപ്പിട നിർമ്മാണ  പദ്ധതി തുടങ്ങിയത്.
അതിന്റെ  ആദ്യ ഘട്ടമെന്ന  നിലയിൽ 10000 വീടുകളുടെ താക്കോൽ  ദാനം  2006 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്  നിർവഹിച്ചത്. മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗോദാവരി പരുലേക്കരുടെ പേരിലായിരുന്നു ആദ്യ പദ്ധതി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തൊഴിലാളികളുടെയും  തുല്യ  പങ്കിലാണ് പദ്ധതി  നടപ്പാക്കിയത് ( 33 % each )  . ഇതിന് നേതൃത്വം കൊടുത്തത് അന്ന് സിപിഎം MLA  ആയിരുന്ന ആദം മാസ്റ്റർ  ആയിരുന്നു.

ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സ.  മീനാക്ഷി സോനെയുടെ പേരിലുള്ള  രണ്ടാം ഘട്ടത്തിൽ  5100 വീടുകൾ  നിർമ്മാണം  പൂർത്തിയാക്കിയത്  2015 ലായിരുന്നു. CITU യുടെ ഈ പ്രവർത്തനത്തിന് അന്തർദേശീയ പുരസ്കാരങ്ങൾ  പോലും ലഭിക്കുകയുണ്ടായി.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 2021 ഓട്  കൂടി  30000 വീടുകൾ  എന്നതാണ് മൂന്നാം  ഘട്ട  പദ്ധതി. സി.പി.എമ്മിന്റെയും CITU   പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലുകളുടെ  ഫലമായി  മൂന്നാം ഘട്ട പദ്ധതിയും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അനുവദിച്ചു. ഇതിന്റെ  ഉദ്ഘാടനം  2019 ജനുവരിയിൽ പ്രധാനമന്ത്രിയാണ്  നിർവഹിച്ചത്. അവരത്  PMAY  യുടെ  പരസ്യമാക്കി. ആ  വേദിയിലാണ് സ. ആദം മാസ്റ്റർ വൈകിയാണെങ്കിലും  പദ്ധതി പാസ്സാക്കിയതിൽ  ബി.ജെ.പി സർക്കാരിന് നന്ദി പറഞ്ഞത്. ഈ നന്ദി പറച്ചിൽ സംഘപരിവാർ പ്രവർത്തകർ  സി.പി.എമ്മിനെ അപകീത്തിപ്പെടുത്താൻ  വ്യാപകമായി  ഉപയോഗിച്ചു.
 തൊഴിലാളികളുടെ സമര ഫലമായി  നേരത്തെ പല സർക്കാരുകളും  അനുവദിച്ച  പദ്ധതിയുടെ  തുടർച്ചയെന്ന നിലയിൽ  അനുവദിച്ച പദ്ധതിക്ക്  ബി.ജെ.പി സർക്കാരിന്  ഒട്ടുമേ  അർഹതയില്ലാത്ത ക്രെഡിറ്റ്  ലഭിക്കുമാറ് പ്രസംഗിച്ചതാണ്  ആദം മാസ്റ്ററിനു പറ്റിയ പിഴവ്. അതിനാലാണ് പാർട്ടി  നടപടി  എടുത്തത്.

സോലാപൂരിൽ CITU  പ്രവർത്തകർ നടത്തിവരുന്ന ഹൗസിങ് സൊസൈറ്റി മോഡലുകൾ ലോകം തന്നെ മാതൃകയാക്കുന്നതാണ്. സുഹൃത്തും നേരത്തെ മുംബൈ  TISS  ലും   ഇപ്പോൾ National Law School of India University, Bangalore ലെയും പ്രൊഫസറായി ജോലിചെയ്യുന്ന  അപരാജിത ഭക്ഷി ഈ പ്രവർത്തനത്തെ കുറിച്ചു നടത്തിയ പഠനങ്ങളിൽ ഇതിന്റെ  വിശദാശങ്ങൾ ഉണ്ട്.

അഖിലേന്ത്യാ തലത്തിൽ പോട്ടെ, കേരളത്തിൽ മോദിയെ വാനോളം പുകഴ്ത്തിയ എം.പി കെ.വി തോമസ്സിനെതിരെയും, തനിക്ക് തോന്നിയാൽ  ബി.ജെ.പി യിൽ ചേരുന്നു പറഞ്ഞ കണ്ണൂരിലെ റണ്ണറപ്പ്  എം.പി  കെ.സുധാകരനെയും ഒരു മണിക്കൂറിലേക്കെങ്കിലും സസ്പെൻഡ് ചെയ്യാൻ കൊണ്ഗ്രെസ്സ് പാർട്ടിക്ക് ത്രാണിയുണ്ടോ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top