27 March Monday

മോഷ്‌ടിച്ചാല്‍ തല്ലിക്കൊല്ലണമെന്ന് ആഹ്വാനം, കടുത്ത വംശീയാധിക്ഷേപവും; മധുവിനെതിരെ പോസ്റ്റുകളിട്ട 'ഫാന്‍ ഫൈറ്റ് ക്ലബ്' പൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 24, 2018

കൊച്ചി > അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിനെ  അധിക്ഷേപിച്ച് ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്‌‌‌‌‌‌‌‌‌‌ബുക്ക് ഗ്രൂപ്പ്. മധുവിനെതിരെയും ആദിവാസികള്‍ക്കെതിരെയും നിരവധി പോസ്റ്റുകളാണ് ഗ്രൂപ്പില്‍ വന്നിരുന്നത്. മധുവിനെ തല്ലിക്കൊന്ന സംഭവത്തെ ഗ്രൂപ്പ് ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

'മോഷ്‌ടിച്ചാല്‍ ആരായാലും തല്ല് കിട്ടും, കൊല്ലണം എന്ന് കരുതിയല്ല ആരും തല്ലുന്നത്. തല്ല് കൊള്ളാന്‍ ശേഷിയില്ല എന്ന് മനസിലാക്കാന്‍ ഡോക്‌‌‌‌ടര്‍മാരൊന്നുമല്ല തല്ലുന്നത്. പിന്നെ കള്ളനെ പിടിക്കുന്നത് നേരിട്ട് കണ്ടാല്‍ ആരായാലും സെല്‍ഫി എടുക്കും'ഇങ്ങനെയൊക്കെയാണ് ഗ്രൂപ്പിലെ അംഗമായ സുമേഷ് സോമന്‍ എന്നയാള്‍ സംഭവത്തെ ന്യായീകരിച്ചത്. നടി പ്രിയ വാര്യരുടെയും മധുവിന്റെയും ചിത്രം ഉള്‍പ്പെടുത്തിയും ക്രൂരമായ അവഹേളനം നടത്തിയിട്ടുണ്ട്.

നേരത്തെയും ഈ ഗ്രൂപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വയനാട്ടുകാരെ പ്രാകൃതരായും തൃശൂരിനെ മൃഗരതിക്കാരായും അവതരിപ്പിച്ചുള്ള ട്രോളുകളാണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ണൂരുകാരെ മുഴുവന്‍ ക്വട്ടേഷന്‍ സംഘങ്ങളായും കോഴിക്കോടുള്ളവരെ സ്വവര്‍ഗരതിക്കാരായും ഗ്രൂപ്പ് അംഗങ്ങള്‍ ചിത്രീകരിക്കുന്നു.

സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌‌‌ത് വികൃതമാക്കി ചിത്രീകരിക്കുന്നതും ഇവരുടെ പതിവാണ്. സംവിധായകന്‍ ഒമര്‍ ലുലു, അവതാരകന്‍ സാബുമോന്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പില്‍ സജീവമാണെന്നും ആരോപണമുണ്ട്. ഒരു സിനിമാ ഗ്രൂപ്പില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിച്ചതിന് ഒമര്‍ ലുലുവിനെ പുറത്താക്കിയിരുന്നു. ഫാന്‍ ഫൈറ്റ് ക്ലബ്ബ് ആണെന്ന് കരുതിയാണ് ഇത്തരം കമന്റ് ഇട്ടതെന്നായിരുന്നു അന്ന് ഒമര്‍ലുലുവിന്റെ വിശദീകരണം.



കടുത്ത പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഗ്രൂപ്പും പേജും ഇപ്പോള്‍ പൂട്ടിയിട്ടുണ്ട്. 65000ലേറെ അംഗങ്ങള്‍ എഫ്എഫ്‌സി ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. പോസ്റ്റ് ഇടുന്നതിലേറെയും ഫേക്ക് ഐഡികളിലൂടെയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top