25 April Thursday

ബിജെപിക്കെതിരെ ജനങ്ങള്‍ തയ്യാറെടുത്തിരിക്കുന്നു;പുതിയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുകയാണ് മതേതരവാദികളുടെയും പുരോഗമനവാദികളുടെയും കടമ: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018

കൊച്ചി > ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപിക്കേറ്റ തോല്‍വി നല്‍കുന്ന പാഠം ചെറുതല്ല, ഇതില്‍ തന്നെ ഗൊരഖ്പൂരിലെ തോല്‍വി  ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പെഴുതിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഉത്തരപ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍, ബിഹാറിലെ അരാരിയ എന്നീ ലോക്സഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളായി ഉത്തരേന്ത്യയില്‍ നടക്കുന്ന മിക്ക ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി തന്നെയാണ്.

പക്ഷേ ഗോരഖ്പൂരിലെ തോല്‍വി വളരെ ശ്രദ്ധേയമാണ്. ഹിന്ദുത്വവാദ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഗോരഖ്പൂര്‍. ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ അഞ്ചു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച മണ്ഡലം. അതിനു മുമ്പ് രണ്ടു തവണ അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥ്. ഗോരഖ്നാഥ് മഠത്തിന്റെ അധിപതിമാരാണ് പതിറ്റാണ്ടുകളായി ഇവിടെ നിന്ന് വിജയിക്കുന്നത്. മതവും രാഷ്ട്രീയവുമായി കണിശമായി തുന്നിച്ചേര്‍ത്തിരുന്ന ഇവിടെ പുരോഹിതര്‍ തന്നെ 1991 മുതല്‍ രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തിരിക്കുകയായിരുന്നു. അതിനാണിന്ന് തിരിച്ചടി ഏറ്റിരിക്കുന്നത്.

ഈ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ കേവലമായ പരാജയം കൊണ്ടല്ല ശ്രദ്ധേയമാകുന്നത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചു നിന്നാലും ഇല്ലെങ്കിലും ജനങ്ങള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാനുറച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ടിക്കും കൂടി 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 4ലക്ഷത്തി ചില്വാനം വോട്ടാണ് ആകെ കിട്ടിയത്. ഇപ്പോള്‍ ഒറ്റ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചപ്പോള്‍ അത് നാലരലക്ഷത്തിലേറെ ആയിരിക്കുന്നു. ബിജെപിയുടെ വോട്ടില്‍ ഒരു ലക്ഷത്തോളം കുറവും വന്നിരിക്കുന്നു. ബിഹാറിലെ അരാരിയയിലാകട്ടെ കഴിഞ്ഞ തവണ ആര്‍ജെഡിയും ജെഡിയുവും ബിജെപിയുമായുള്ള ത്രികോണ മത്സരത്തിലാണ് ആര്‍ജെഡി ജയിച്ചത്. ഇത്തവണ ജെഡിയു ബിജെപിയുടെ ഒപ്പം ചേര്‍ന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവില്ല. അതീഖ് അഹമ്മദ് ഖാന്‍ എന്ന കുറ്റവാളി രാഷ്ട്രീയക്കാരനെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മത്സരിപ്പിച്ചിരുന്നു. അയാള്‍ക്ക് അമ്പതിനായിരത്തോളം വോട്ടും കിട്ടി. എന്നിട്ടും ബിജെപി വിജയിച്ചില്ല.

ഈ ബിജെപി പരാജയങ്ങളില്‍ കോണ്‍ഗ്രസിന് ഒരു പങ്കും വഹിക്കാനായില്ല എന്നതും കാണണം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മണ്ഡലമായിരുന്നു അലഹബാദിനോട് ചേര്‍ന്നു കിടക്കുന്ന ഫുല്‍പൂര്‍. ഇവിടെയും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടിയില്ല. ഇരുപതിനായിരത്തില്‍ താഴെ വോട്ടാണ് കിട്ടിയത്.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിലും ഇതേ ജനകീയ പ്രതിഷേധം കാണാമായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ ആണ് മാര്‍ച്ച് നടത്തിയതെങ്കിലും മുംബൈ മഹാനഗരത്തിലടക്കം ജനങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കാന്‍ മുന്നോട്ടിറങ്ങുകയായിരുന്നു. ഇന്ത്യയിലെ പുതിയൊരു രാഷ്ട്രീയമാണ് ഇവിടെ കാണാനാവുന്നത്. ജനങ്ങള്‍ ബിജെപിക്കെതിരെ തയ്യാറെടുത്തിരിക്കുകയാണ്. ഈ പുതിയ രാഷ്ട്രീയത്തിനൊപ്പം നില്ക്കുകയാണ് മതേതരവാദികളുടെയും പുരോഗമനവാദികളുടെയും കടമ.






ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top