ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിലും ഭാരത് എന്ന് എഴുതുമ്പോൾ ഭരണഘടനാ നിർമാണസഭയുടെ കാലത്ത് തള്ളിക്കളയപ്പെട്ട ആർഎസ്എസ് വാദം വീണ്ടും ഉയർത്തുകയാണ്. ഭാരത് എന്ന് പേര് മാറ്റണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു, അതിനാൽ രാജ്യത്തിൻറെ പേര് മാറ്റി എന്ന് സർക്കാരിന് തീരുമാനിക്കാനാവുന്നത്ര ലളിതമല്ല കാര്യങ്ങൾ. ഇന്ത്യ എന്നതിന് ഭാരതം എന്നും പേരുണ്ട് എന്ന് ഇന്ന് അംഗീകരിച്ചു വരുന്ന രീതി തുടരുക തന്നെ വേണം. അതിദീർഘകാലത്തെ നമ്മുടെ ചരിത്രത്തിൻറെ ഭാഗമാണ് ഇന്ത്യ എന്ന പേര്... സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എഴുതുന്നു
വ്യാജവിവാദങ്ങളുണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കെട്ടുറപ്പിന്റെയും ഐക്യത്തിന്റെ തന്നെയും വിധി നിർണയിക്കാൻ പോകുന്ന ഈ വേളയിൽ പൊള്ളയായ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ നീറുന്നപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നോക്കുകയാണ് ഈ സർക്കാർ.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതായിരുന്നു ആദ്യമുയർത്തിയ ആകാശകുസുമം. ഇന്ത്യപോലെ സങ്കീർണതകളുള്ള ഒരു രാജ്യത്ത് ഇത് ഒട്ടും അഭികാമ്യമല്ല എന്നു മാത്രമല്ല പ്രായോഗികവുമല്ല എന്ന് നരേന്ദ്ര മോദി സർക്കാരിന് അറിയാഞ്ഞിട്ടല്ല. കുറച്ച് നാളത്തേക്ക് കുറച്ചുപേർ ഇതും ചർച്ച ചെയ്‌തു നടന്നുകൊള്ളുമല്ലോ എന്നാണ് അവർ കരുതുന്നത്. മറിച്ച് മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇവർ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്‌തിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.
അതുപോലെ ഒരു പൊയ് വെടിയാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കി മാറ്റാം എന്നത്. ഇന്ത്യ അഥവാ ഭാരതം എന്ന് നമ്മുടെ ഭരണഘടന തന്നെ രാഷ്ട്രത്തിൻറെ പേര് നിശ്ചയിച്ചിരിക്കുന്നു. ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. സിപിഐഎമ്മിന്റെ പേര് തന്നെ ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലും ഭാരത് കീ കമ്യൂണിസ്റ്റ് പാർടി (മാർക്സ് വാദി) എന്നാണെഴുതാറ്. ഭാകാപ (മാ) എന്ന് ചുരുക്കപ്പേര്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പൊതുവേ ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നു.
പക്ഷേ, ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിലും ഭാരത് എന്ന് എഴുതുമ്പോൾ ഭരണഘടനാ നിർമാണസഭയുടെ കാലത്ത് തള്ളിക്കളയപ്പെട്ട ആർഎസ്എസ് വാദം വീണ്ടും ഉയർത്തുകയാണ്. ഭാരത് എന്ന് പേര് മാറ്റണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു, അതിനാൽ രാജ്യത്തിൻറെ പേര് മാറ്റി എന്ന് സർക്കാരിന് തീരുമാനിക്കാനാവുന്നത്ര ലളിതമല്ല കാര്യങ്ങൾ. ഇന്ത്യ എന്നതിന് ഭാരതം എന്നും പേരുണ്ട് എന്ന് ഇന്ന് അംഗീകരിച്ചു വരുന്ന രീതി തുടരുക തന്നെ വേണം. അതിദീർഘകാലത്തെ നമ്മുടെ ചരിത്രത്തിൻറെ ഭാഗമാണ് ഇന്ത്യ എന്ന പേര്.
ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന, ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാൻ കൂട്ടുനില്ക്കുന്ന, കീഴ് ജാതികളെ അടിച്ചമർത്തുന്ന, സ്ത്രീകളെ അടിച്ചമർത്തുകയും പുറകോട്ടുവലിക്കുകയും ചെയ്യുന്ന ഒരു പിന്തിരിപ്പൻ സർക്കാരാണ് ഇന്ത്യയിൽ ഇന്നുള്ളത്. അദാനിയുടെയും അംബാനിയുടെയും മറ്റു ചില കുത്തകമുതലാളിമാരുടെയും താല്പര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഈ സർക്കാർ മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ ഇടവരുത്തുകയാണ്. ഇവയൊക്കെയാണ് വരുന്ന തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നങ്ങൾ. വർഗ്ഗീയഫാസിസവും. അല്ലാതെ പേര് ഭാരതം എന്നാക്കണോ എന്നതല്ല. മോദി കൊണ്ടുവരുന്ന മറ്റു വീൺവാക്കുകളും അല്ല. അദാനിക്കും അംബാനിക്കും വേണ്ടി പ്രവർത്തിക്കുന്ന വർഗ്ഗീയസർക്കാരോ ഇന്ത്യക്കാർക്ക് വേണ്ട മതേതര സർക്കാരോ എന്നതാണ് ചോദ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..