കൊച്ചി > മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം വി നികേഷ് കുമാര്‍. ചാനലിനെതിരെ മാനനഷ്ട കേസിന് പോകുമെന്ന സുധാകരന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി നികേഷ് പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരന്റെ വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ വിശദമായ മറുപടി അപ്പോള്‍ നല്‍കും. നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഒളിവിലാണെന്ന് സ്ഥിരീകരിച്ചത് പൊലീസ് ആണെന്നും നികേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എം വി രാഘവനെ സംരക്ഷിച്ചത് താനായതു കൊണ്ടും, അദ്ദേഹവുമായുള്ള ബന്ധത്തിന്റെ പേരിലുമാണ് മകന്‍ നികേഷ് കുമാറിനെതിരെ ഇതുവരെ സംസാരിക്കാതിരുന്നത് എന്ന സുധാകരന്റെ വാദത്തിനും നികേഷ് മറുപടി നല്‍കി. 'ഒരിക്കല്‍ ടി വിയിലും താങ്കള്‍ ഇത് പറഞ്ഞു. 'ഞാന്‍ ആണ് എം വി രാഘവനെ സംരക്ഷിച്ചത്' എന്ന്. എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ? അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല. തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാന്‍ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം.'- നികേഷ് ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എം വി നികേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് - പൂര്‍ണരൂപം
മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത് .
ഒന്ന് : മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന് . ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ. മറുപടി അപ്പോള്‍ നല്‍കാം. വിശദമായി പറയാനുള്ള കാര്യം അതിലുണ്ട്. മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും.
രണ്ട് : ടോണി ചമ്മണി ഒളിവില്‍ എന്ന 'വ്യാജ വാര്‍ത്ത' നല്‍കിയതിന്. ഈ വാര്‍ത്ത നല്‍കിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോര്‍ട്ടറാണ്. ഇക്കാര്യം പൊലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നല്‍കുന്ന വിശദീകരണം. പ്രതികളെ തിരയുന്ന കാര്യത്തില്‍ പൊലീസ് അല്ലേ സോഴ്‌സ്. സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയില്‍ ഞങ്ങള്‍ കാണിക്കുന്നുണ്ട്.
ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്‌നേഹത്തിന്റെ കാര്യം. ഒരിക്കല്‍ ടി വിയിലും താങ്കള്‍ ഇത് പറഞ്ഞു. 'ഞാന്‍ ആണ് എം വി രാഘവനെ സംരക്ഷിച്ചത്' എന്ന്. എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ?
അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല.
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാന്‍ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം.
മറുപടി പ്രതീക്ഷിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..