06 February Monday

കോവിഡ് കാലത്ത്‌ ക്ളിനിക്കിലെത്തിയ അതിഥി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021

എം ടി വാസുദേവൻ നായർക്കൊപ്പം ഡോ. ശങ്കർ മഹാദേവൻ


‘‘വാസുവേട്ടൻ എഴുന്നേറ്റ് ഒ പി യിൽ വന്നു ഇരുന്നു. സിസ്റ്റർ മകളെ വിളിക്കാൻ പോയി. റൂമിൽ ഞാനും വാസുവേട്ടനും മാത്രം. മലയാള സാഹിത്യം കണ്ട ഏറ്റവും അതുല്യ പ്രതിഭ, മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിർമ്മാല്യത്തിന്റെ സംവിധായകൻ - എന്റെ മുന്നിൽ’’... കോവിഡ്‌ കാലത്ത്‌ തന്റെ ക്ലിനിക്കിലെത്തിയ എം ടി വാസുദേവൻ നായരെ കുറിച്ച്‌ ഡോ. ശങ്കർ മഹാദേവൻ

പോസ്‌റ്റ്‌ ചുവടെ
കോവിഡ് എന്ന മഹാമാരി നാടും നഗരവും വിറപ്പിച്ച് അതിന്റെ രണ്ടാം വരവ് അറിയിച്ച ഒരു ദിവസം. പൊതുവേ ക്ളീനിക്കിലേക്ക് രോഗികൾ വരുന്നതു കുറവാണ്. പകൽ സമയം വായിച്ചും എന്തെങ്കിലും കുത്തി കുറിച്ചും ഇരിക്കുകയാണ് പതിവ്. ഇടയ്ക്ക് രോഗികൾ വരുമ്പോൾ പരിശോധിക്കും. കോഴിക്കോട് ജില്ലയിൽ ആണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളതു. ഒന്നാം വരവിനേക്കാൾ രണ്ടാം വരവിനു തീവ്രത അധികമാണ്.

 അങ്ങനെയിരിക്കെ രാവിലെ സുഹ്യത്തായ രാജീവ് ഡോക്ടർ എന്നെ വിളിക്കുന്നു. വാക്കുകളിൽ വല്ലാത്ത പരിഭ്രമം. ഇതിനു മുൻപും രോഗികളെ റെഫർ ചെയ്യാറുള്ളതാണ്, എന്നാൽ ഇന്നു തപ്പിതടഞ്ഞാണ് വർത്തമാനം പറയുന്നതു. ഞാൻ കുറച്ചു കഴിഞ്ഞു എം ടി സാറിനെ അങ്ങോട്ട് അയക്കുന്നുണ്ട്, സാറിനു കേൾവി കുറവ് ഉണ്ട്, ഞാൻ പരിശോധിച്ചു, രണ്ട് ചെവിയിലും ചെപ്പി കല്ല് പോലെ ഉറഞ്ഞു അടഞ്ഞുകിടക്കുന്നു. ഞാൻ ചോദിച്ചു ആര് എം.ടി വാസുദേവൻ നായർ സാറോ? അതെ എന്ന മറുപടി എനിക്ക് അത്ര വിശ്വാസയോഗ്യമായില്ല. അത് മനസ്സിലാക്കിയ രാജീവ് ഡോക്ടർ പറഞ്ഞു എന്റെ മോളെ എം ടി സാറിന്റെ മോൾ നൃത്തം പഠിപ്പിക്കുന്നുണ്ട്, അങ്ങനെയാണ് എനിക്ക് പരിചയം. ഞാൻ പറഞ്ഞു പതിനൊന്നു മണിക്ക് വന്നോട്ടെ. താനും ആ സമയത്ത് എത്താം എന്ന് രാജീവ് ഡോക്ടറും പറഞ്ഞു.ഒന്നും രണ്ടുമായി രോഗികൾ വന്നും പോയും കൊണ്ടിരുന്നു. ഇതിനിടയിൽ എന്റെ സ്കൂളിൽ പഠിച്ച സുഹൃത്ത് സുബ്രമണ്യൻ ബോംബെയിൽ നിന്നും വിളിച്ചു. കോവിഡ് ബാധിച്ച് വീട്ടിൽ കിടപ്പിലാണെന്നും ഓക്സിജന്റെ അളവു ചില സമയങ്ങളിൽ കുറയുന്നുണ്ടെന്നും പറഞ്ഞു. ഞാൻ അവനോട് സ്‌റ്റിറോയ്ഡ്സ് തുടങ്ങാൻ നിർദേശിച്ചു. വൈകുന്നേരം വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു.

കൃത്യം പതിനൊന്നു മണിക്ക് എം ടി സാർ മോളുടെയും സഹായിയുടെയും കൂടെ ക്ളിനിക്കിലെത്തി. സി സി ടി വിയിൽ കണ്ട ഞാൻ ഉടൻ ക്യാബിനിലേക്ക് കൊണ്ടുവരാൻ റിസപ്ഷനിൽ വിളിച്ചു പറഞ്ഞു. അദ്ദേഹം നടന്നു വന്നപ്പോൾ ഞാൻ എഴുനേറ്റു നിന്ന് കൈ കൂപ്പി തൊഴുതു. പെട്ടെന്നു എന്റെ മനസ്സിൽ ഞാൻ എങ്ങനെ എം ടി വാസുദേവൻ നായർ എന്ന മഹാപ്രതിഭയെ അഭിസംബോധന ചെയ്യും എന്ന ചിന്ത ഉടലെടുത്തു. ഞാൻ ചോദിച്ചു വാസുവേട്ടാ, സുഖമാണോ? എന്തോ അങ്ങനെ വിളിക്കുവാൻ ആണ് എനിക്ക് തോന്നിയത്. അദ്ദേഹം തല ആട്ടി. ഞാൻ ചോദിച്ചു, ചെവിയിൽ എന്താ ബുദ്ധിമുട്ട്? മകളാണ് ഉത്തരം പറഞ്ഞതു. ചെവി കേൾക്കുന്നതു പെട്ടെന്നു കുറഞ്ഞു, രാജീവ് ഡോക്ടർ വന്നു നോക്കി, ഡോക്ടർ ആണ് ചെപ്പി എടുക്കാൻ പറഞ്ഞത്. ഞാൻ പറഞ്ഞു ഡോക്ടർ എന്നെ വിളിച്ചു എല്ലാം പറഞ്ഞിരിക്കുന്നു.

സിസ്റ്ററെ വിളിച്ചു വാസുവേട്ടനെ കിടത്താൻ പറഞ്ഞു. വാസുവേട്ടനു വേദന ഉണ്ടായാലോ, ഇനി എടുക്കുന്ന സമയത്ത് ചെറിയ മുറിവോ മറ്റോ സംഭവിച്ചാലോ, ഇത്തരം ചിന്തകൾ മനസ്സിൽ കടന്നു കൂടി. എന്നാൽ എന്റെ മുന്നിൽ ഇരിക്കുന്നതു ഒരു രോഗി ആണെന്നും, ഞാൻ ഒരു ഡോക്ടർ ആണെന്നും ഉള്ള ബോധം ഉടൻ ഉൾകൊണ്ടു. വലതു ചെവിയിലെ ചെപ്പി വേഗം എടുക്കാൻ സാധിച്ചു. ഇടതു ചെവിയിലേതു വളരെ ഉറച്ചു കിടക്കുന്നതു കൊണ്ട് എടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും പൂർണ്ണമായി കിട്ടി. ഞാൻ ചോദിച്ചു വാസുവേട്ടാ വേദനിച്ചോ? വാസുവേട്ടൻ പറഞ്ഞു ഒട്ടും വേദന ഉണ്ടായില്ല. എനിക്ക് ആശ്വാസമായി.

വാസുവേട്ടൻ എഴുന്നേറ്റ് ഒ പി യിൽ വന്നു ഇരുന്നു. സിസ്റ്റർ മകളെ വിളിക്കാൻ പോയി. റൂമിൽ ഞാനും വാസുവേട്ടനും മാത്രം. മലയാള സാഹിത്യം കണ്ട ഏറ്റവും അതുല്യ പ്രതിഭ, മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിർമ്മാല്യത്തിന്റെ സംവിധായകൻ - എന്റെ മുന്നിൽ. ഞങ്ങൾ രണ്ട് പേർ മാത്രം അല്ല ആ റൂമിൽ ഉണ്ടായിരുന്നതു, വാസുവേട്ടന്റെ തൂലികയിൽ നിന്നും പിറന്ന അനേകം കഥാപാത്രങ്ങൾ .... ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും, നാല് കെട്ടിലെ അപ്പുണിയും, രണ്ടാമൂഴത്തിലെ ഭീമനും, അമൃതം ഗമയിലെ ഡോ. ഹരിദാസും, വടക്കൻ വീരഗാഥയിലെ ചന്തുവും അങ്ങനെ എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ ഞങ്ങൾക്ക് ചുറ്റും  നിൽപ്പുണ്ടായിരുന്നു. തങ്ങളിൽ ആരാണ് മികച്ചത് എന്ന തർക്കം നടക്കുകയാണോ എന്നു ഞാൻ സംശയിച്ചു.

കതകു തുറന്നു, വാസുവേട്ടന്റെ മകൾ അകത്തേക്ക് വന്നു. ഞാൻ ചോദിച്ചു വാസുവേട്ടാ ഇപ്പോൾ കേൾക്കുന്നില്ലേ? ഉണ്ട് എന്ന അർത്ഥത്തിൽ വാസുവേട്ടൻ തല കുലുക്കി. വാസുവേട്ടൻ എന്നെ നോക്കി ചിരിച്ചോ? അതാ എനിക്ക് തോന്നിയതാണോ? പോകാനായി എഴുന്നേറ്റു, മടിച്ചിട്ടാണെങ്കിലും, രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു, ഒരു ഫോട്ടോ എടുത്തോട്ടെ, അതിനെന്താ എടുത്തോളൂ എന്നായി അദ്ദേഹം. മാസ്ക് മാറ്റണോ എന്നായി അദ്ദേഹം, ഞാൻ തടുത്തു, ഈ കോവിഡ് കാലത്ത് മാസ്ക് മാറ്റി ഫോട്ടോ എടുക്കുന്നത് റിസ്ക് ആണ്, അതിനാൽ അതു വേണ്ടെന്നു ഞാൻ തീർത്തു പറഞ്ഞു. എന്റെ ക്യാമറയിലും ഡോ.രാജീവിന്റെ മൊബൈലിലുമായി ചിത്രങ്ങൾ പതിഞ്ഞു. ഡോ. രാജീവിനെയും എന്റെ കൂടെ ജോലി ചെയ്യുന്ന ഡോ. രശ്മിയെയും ഞാൻ കൂടെ കൂട്ടി വീണ്ടും ഫോട്ടോ എടുത്തു.

വാസുവേട്ടൻ അധികം സംസാരിച്ചില്ല. പ്രായം തളർത്തിയിരിക്കുന്നു. ആശുപത്രിയിൽ അധികനേരം തങ്ങണ്ട എന്നുള്ളതു കൊണ്ടു തന്നെ വാസുവേട്ടൻ യാത്ര പറഞ്ഞിറങ്ങി. ഞാൻ കൈകൾ കൂപ്പി തല കുനിച്ചു അദ്ദേഹത്തിനു മുന്നിൽ നിന്നു. അദ്ദേഹത്തിന്റെ കൈകൾ ഒന്നു തൊടണം എന്നു ആഗ്രഹിച്ചിരുന്നു, എന്നാൽ കോവിഡ് കാലം അതിനും വിഘാതം നിന്നു. അദ്ദേഹത്തെ യാത്ര അയച്ചതിനു ശേഷം ഞാൻ എന്റെ കസേരയിൽ ഇരുന്നു. ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഇങ്ങനെയാണ് നിനച്ചിരിക്കാതെ കടന്നുവരും. കുട്ടിക്കാലം മുതൽ മനസ്സിൽ വെച്ച് ആരാധിച്ചിരുന്ന വ്യക്തി നിനച്ചിരിക്കാതെ ഒരു നാൾ കൺമുന്നിൽ വന്നു നിൽക്കുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു വികാരം - അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. കൊടിയ വേനലിൽ ചെയ്യുന്ന കുളിർ മഴ പോലെയായിരുന്നു ഈ ദുരിത കാലത്ത് ശങ്കേർസ് ഇ എൻ ടി സെന്ററിലേക്കുള്ള വാസുവേട്ടന്റെ സന്ദർശനം.

വൈകുന്നേരം ഞാൻ സുബ്രമണ്യനെ വിളിച്ചു. സുബ്രു പറഞ്ഞു " ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ട്, ഓക്സിജന്റെ അളവ് കൂടി വരുന്നുണ്ട്." അഞ്ച് ദിവസം കൂടി ആ മരുന്നുകൾ തുടരാൻ പറഞ്ഞു. സുബ്രുവും, ഭാര്യയും മക്കളും എല്ലാവരും വീട്ടിൽ കോവിഡ് പോസിറ്റിവ് ആണ്. ഇങ്ങനെ അനേകായിരം കുടുംബംഗളെ കോവിഡ് തകർത്തിരിക്കുന്നു. ലോകം മുഴുവൻ കോവിഡ് ഭീതി പരത്തിയിരിക്കുന്നു.

അസുരവിത്തിലെ ചില വരികൾ ഓർമ്മ വന്നു "പടിയിറങ്ങി നടന്നു. കവുങ്ങിന്‍കുറ്റികള്‍കൊണ്ടുള്ള പിടി പിടിച്ചു നിന്ന് ഇരുട്ടില്‍ കാറ്റുലഞ്ഞുനില്ക്കുന്ന പടിവട്ടത്തെ വയലുകള്‍ക്കപ്പുറത്തെ നരച്ച ഇരുട്ടിലേക്കു നോക്കിക്കൊണ്ട് ആലോചിച്ചു: ഇറങ്ങി നടന്നാലോ? പാതവക്കത്തു കറുത്ത കൂടാരങ്ങള്‍പോലെ നില്ക്കുന്ന മുരടിച്ച മരങ്ങള്‍ക്കിടയിലൂടെ പുഴക്കരയില്‍ അണച്ചു നിര്‍ത്തിയ കൊപ്പരവഞ്ചിയുടെ വെളിച്ചം കണ്ടു."

ഈ ഇരുട്ടിനപ്പുറം ഒരു വെളിച്ചം വരും എന്ന പ്രതീക്ഷയോടെ കോവിഡ് കാലം മാറി മനുഷ്യനു നല്ല കാലം വരും എന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയോടെ .....

ഡോ. ശങ്കർ മഹാദേവൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top